സ്വപ്നം കണ്ട കരിയര്‍ മേഖലയില്‍ എത്തിച്ചേരുക എന്നതിലും വലിയ ഭാഗ്യം ജീവിതത്തില്‍ ലഭിക്കാനില്ല. പലപ്പോഴും ചുരുക്കം ചില വ്യക്തികള്‍ക്ക് മാത്രമേ അതിനു സാധിക്കാറുള്ളു. 1960കളില്‍ ജനിച്ച ഞങ്ങളുടെ തലമുറയെ സംബന്ധിച്ചിടത്തോളം കരിയറും മറ്റും വലിയ ചര്‍ച്ചാവിഷയമായിരുന്നില്ല. അതിജീവനമായിരുന്നു പ്രധാന പ്രശ്‌നം. അതുകൊണ്ട് ഭൂരിഭാഗം പേരും കിട്ടുന്ന ജോലിക്ക് പോയവരായിരുന്നു. അങ്ങനെ വളരെ അപ്രതീക്ഷിതമായാണ് ഞാന്‍ അധ്യാപകനായത്. പക്ഷെ അധ്യാപന ജീവിതം പൂര്‍ണ സംതൃപ്തി നല്‍കിയ ഒരു കരിയര്‍ തന്നെയായിരുന്നു. 

ഇന്നത്തെ കാലഘട്ടത്തിലെ കരിയര്‍ സാധ്യതകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. തൊഴില്‍ അവസരങ്ങളുടെ എണ്ണവും വൈവിധ്യവും ദിനംപ്രതി വര്‍ധിച്ചു വരുന്നു.  ഒരു വ്യക്തി എന്ന നിലയില്‍ ഓരോ തൊഴിലും എല്ലാവര്‍ക്കും യോജിച്ചെന്നു വരില്ല. അതേപോലെ തന്നെ അതിജീവനം എന്നതിലുപരി കൂടുതല്‍ ഗുണമേന്മയുള്ള കരുത്തുറ്റ പൊതുസമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത വളരെ വലുതാണ്. ഓരോരുത്തര്‍ക്കും അവര്‍ക്കുചിതമായ കരിയര്‍ ചെയ്യാന്‍ കഴിയുമ്പോള്‍ സമൂഹവും രാഷ്ട്രവും കൂടുതല്‍ കരുത്തുറ്റതാവുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ പങ്കു വഹിക്കാന്‍ സാധിക്കും. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വലിയ തുക ചിലവഴിക്കുക എന്നതില്‍ ഒതുങ്ങി നില്‍ക്കുന്നില്ല മാതാപിതാക്കളുടെ കടമ.

കുട്ടികളുടെ കഴിവുകള്‍ കണ്ടെത്താനും അതിനനുസരിച്ചുള്ള അവസരങ്ങള്‍ അവര്‍ക്ക് പരിചയപ്പെടുത്താനും മാതാപിതാക്കള്‍ മുന്‍കയ്യെടുക്കേണ്ടതുണ്ട്. കുട്ടികളില്‍ ഒരു നല്ല സ്വപ്നം രൂപപ്പെടുത്തിയെടുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്. എന്നാല്‍ അതിനനുസൃതമായ അറിവ് ഭൂരിപക്ഷം മിഡില്‍ ക്ലാസ് രക്ഷിതാക്കള്‍ക്കും ഉണ്ടായെന്നു വരില്ല. കുട്ടികളുടെ അഭിരുചി കണ്ടെത്താനുതകുന്ന ശാസ്ത്രീയ രീതികളും ഇന്ന് അപൂര്‍വം. അഭിരുചിക്കനുസരിച്ചു വിദ്യാര്‍ത്ഥികളില്‍ സ്വപ്നം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ തന്നെ അത് നമ്മുടെ രാജ്യത്തിന് വലിയ സംഭാവന ആയിരിക്കും. 

പലപ്പോഴും ഒരു വിദ്യാര്‍ഥി ഒരു ബിരുദം കഴിയുന്നതോടെ മാത്രമാണ് തന്റെ യഥാര്‍ഥ കരിയര്‍ മേഖല തിരിച്ചറിയുന്നത്. ആ കരിയര്‍ സ്വപ്നം പലപ്പോഴും തന്റെ ബിരുദ കോഴ്‌സില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കാം. അത്തരം സാഹചര്യങ്ങളില്‍ വിദ്യാര്‍ഥിയുടെ ജീവിതത്തിലെ വിലപ്പെട്ട ഒരു കാലഘട്ടം തന്നെ നഷ്ടപ്പെട്ടിരിക്കാം. ഇത് മാതാപിതാക്കളിലുണ്ടാക്കുന്ന സാമ്പത്തികബാധ്യതയും വളരെ വലുതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും പലരും അതിന്റെ പിന്നാലെ പോകാറില്ല എന്നതാണ് യാഥാര്‍ഥ്യം. ഇതിനു കണ്ടെത്താവുന്ന പരിഹാരം അഭിരുചിയ്ക്കനുസരിച്ചുള്ള ഒരു കരിയര്‍ സ്വപ്നം ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. 

നയ നിര്‍മാതാക്കള്‍, അദ്ധ്യാപകര്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. വിദ്യാഭ്യാസ ബജറ്റിനായി മാറ്റിവെക്കുന്ന തുകയില്‍ കുട്ടികളുടെ അഭിരുചി കണ്ടെത്താനുതകുന്ന പദ്ധതികള്‍ക്കും സ്ഥാനം ലഭിക്കണം. നമ്മുടെ പാഠ്യപദ്ധതിയില്‍ തന്നെ മറ്റു വിഷയങ്ങളോടൊപ്പം ഇതിനും പ്രാധാന്യം നല്‍കണം. ഇത് കുട്ടികളില്‍ അവരുടെ കഴിവുകളെക്കുറിച്ചു നല്ല അവബോധമുണ്ടാക്കാന്‍ സഹായകമാകും. ഇതിനോടൊപ്പം മാതാപിതാക്കളും അധ്യാപകരും ഈ മേഖലയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണം. വിദ്യാഭ്യാസത്തിന്റെ അന്തിമമായ ലക്ഷ്യം നല്ല പൗരന്മാരെ സൃഷ്ടിക്കുക എന്നതായിരിക്കണം. കരിയര്‍ രൂപപ്പെടുത്തുന്നതിലും അഭിരുചി കണ്ടെത്തുന്നതിലും വിദ്യാര്‍ഥികളെ സഹായിക്കാന്‍ കഴിഞ്ഞാല്‍ വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നമുക്ക് കഴിഞ്ഞേക്കാം. ഏറ്റവും കൂടുതല്‍ യുവാക്കളും വിദ്യാര്‍ഥികളും ഉള്ള ഭാരതത്തില്‍ ഈ മേഖലയില്‍ നടത്തുന്ന നിക്ഷേപം രാജ്യത്തെ വികസനത്തിന്റെ പാതയില്‍ ഒരുപാട് മുന്നോട്ട് നയിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

(കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് അവിട്ടനല്ലൂര്‍ സ്വദേശിയായ റിട്ടയേഡ് അധ്യാപകനാണ് ലേഖകന്‍)

Content Highlights: Realising Aptitude in Early Stage May Help Children to Pursue Their Dream Career