1980കളില്‍ വയനാട്ടിലെ ഗ്രാമപ്രദേശമായ വെള്ളമുണ്ടയിലായിരുന്നു എന്റെ ഹൈസ്‌കൂള്‍ പഠനം. അന്ന് കരിയറിനേക്കുറിച്ച് വ്യക്തമായ ദിശാബോധവുമായി അവിടെ പഠിക്കുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. വലിയ ജോലിയെന്നതിലുപരിയായി അതിജീവനം തന്നെയായിരുന്നു ഞങ്ങളില്‍ മിക്കവരുടെയും പ്രധാന പ്രശ്‌നം. 

എസ്എസ്എല്‍സി പരീക്ഷയ്ക്ക് തോറ്റതോടെ പോലീസ് ഉദ്യോഗമെന്ന ചെറിയ ആഗ്രഹവും ഞാന്‍ ഉപേക്ഷിച്ചു. പിന്നീട് പല കൂലിപ്പണികളിലും ഏര്‍പ്പെട്ടു. അന്യസംസ്ഥാനങ്ങളില്‍ നിരവധി അവസരങ്ങള്‍ വന്നെങ്കിലും കുടുംബത്തെ പിരിഞ്ഞ് ഏറെനാള്‍ നില്‍ക്കാന്‍ നാട്ടുംപുറത്തുകാരനായ എനിക്ക് സാധ്യമായിരുന്നില്ല. വായനയോടുള്ള എന്റെ താത്പര്യം എല്ലാ കാലത്തും വിടാതെ കൂടെക്കൂട്ടി. ഒഴിവുവേളകളിലെല്ലാം കിട്ടുന്ന പുസ്തകങ്ങള്‍ വായിക്കുന്ന ശീലം ഇന്നും ഞാന്‍ പിന്തുടരുന്നുണ്ട്. 90കളുടെ പകുതിയോടെ സ്വന്തമായി ഓട്ടോറിക്ഷ വാങ്ങി. ആഗ്രഹിച്ചതോ അല്ലാത്തതോ, ഇന്ന് ഞാന്‍ ഇഷ്ടപ്പെടുന്ന ജോലി തന്നെയാണ് ഓട്ടോ ഡ്രൈവര്‍ എന്നത്.  

80കളില്‍നിന്നും 90കളില്‍നിന്നും കാലം ഏറെ മുന്നോട്ടുപോയി. ഇന്നത്തെ മക്കള്‍ക്ക് കരിയര്‍ സാധ്യതകള്‍ ഒന്നല്ല, ഒരായിരമാണ്. സ്വന്തം കഴിവുകളെ തിരിച്ചറിയുക എന്നതു മാത്രമാണ് അവര്‍ക്കു മുന്നിലുള്ള വെല്ലുവിളി. മക്കള്‍ ആഗ്രഹിക്കുന്ന കരിയറില്‍ എത്തിച്ചേരാന്‍ വഴികാട്ടികളാവുക എന്നതാണ് ഇന്ന് മാതാപിതാക്കള്‍ ചെയ്തുകൊടുക്കേണ്ട ഏറ്റവും വലിയ സഹായം. 

ജോലി സാധ്യതകള്‍ ഇന്ന് വിരല്‍തുമ്പില്‍ അറിയാനാകും. നന്നായി പരിശ്രമിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പുകളും സര്‍ക്കാരിന്റെ മറ്റ് സഹായ പദ്ധതികളിലൂടെയും വലിയ സാമ്പത്തികബാധ്യത വരുത്താതെതന്നെ ഉന്നതപഠനം പൂര്‍ത്തിയാക്കാനാകും. എന്നാല്‍ ചെയ്യുന്ന കോഴ്‌സിനെയും തിരഞ്ഞെടുക്കുന്ന കരിയര്‍ മേഖലയെയും വ്യക്തമായി മനസിലാക്കാനുള്ള വിവേകം പുതു തലമുറയിലെ കുട്ടികള്‍ കാണിക്കണമെന്നു മാത്രം.

(Edited Story)

Content Highlights: Choosing a Career: The Diffence Between 1980s and Present Day