പാരമ്പര്യഘടകങ്ങളുടെ സ്വാധീനം രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അവസ്ഥയ്ക്കു കാരണമായേക്കാം. ചെറുപ്രായത്തില്‍ തന്നെ ഒരു കുടുംബത്തിലെ ഒന്നിലേറെ വ്യക്തികളെ ഹൃദ്രോഗവും രക്തക്കുഴലിലെ അതിറോസ്‌ക്‌ളീറോസിസും ബാധിക്കുമ്പോള്‍, കാരണം പാരമ്പര്യമായിഉണ്ടായ അമിത കൊളസ്‌ട്രോള്‍നിലയായിരിക്കാം. ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഈ ഒരു സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമേ കണ്ടുവരാറുള്ളൂ. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അഞ്ഞൂറുപേരില്‍ ഒരാള്‍ക്ക് എന്നനിലയില്‍ ഈ ആരോഗ്യപ്രശ്‌നം കണ്ടുവരുന്നു.പാരമ്പര്യഘടകങ്ങളുടെ സ്വാധീനഫലമായി രക്തത്തിലെ വിവിധതരത്തിലുള്ള കൊഴുപ്പിന്റെ അളവുകള്‍ അധികരിക്കാമെങ്കിലും കൊളസ്‌ട്രോളിന്റെ ആധിക്യമാണ് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കു കാരണം.


രക്തത്തിലെ കൊളസ്‌ട്രോളിന് കോശങ്ങളിലെത്തി വിവിധ ശാരീരിക ധര്‍മങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍, കോശങ്ങളുടെ ഉപരിതലത്തിലുള്ള എല്‍.ഡി.എല്‍. റിസപ്റ്ററുകളുടെ സഹായം കൂടിയേതീരൂ. പരമ്പരാഗതമായി കൊളസ്‌ട്രോള്‍ കൂടിയവരില്‍ എല്‍.ഡി.എല്‍ റിസപ്റ്റര്‍ ജീനില്‍ ചില ജനിതക വൈകല്യങ്ങള്‍ ഉണ്ടാകുന്നതുമൂലം, റിസപ്റ്ററുകള്‍ തീര്‍ത്തും ഇല്ലാതെയാകുകയോ ഉള്ളവ പ്രവര്‍ത്തനരഹിതമാവുകയോ ചെയ്യുന്നു. അങ്ങനെ കോശങ്ങള്‍ക്ക് കൊളസ്‌ട്രോളിനെ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കാത്തതുമൂലം രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് അഞ്ചാറു മടങ്ങുവരെ കൂടുന്നു. ഇത് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.


രോഗലക്ഷണങ്ങളില്‍ ഏറ്റവും പ്രധാനം സന്ധികള്‍ക്കുചുറ്റും സ്‌നായുക്കളിലുമൊ ക്കെ കണ്ടുവരുന്ന കൊഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന മുഴകളാണ്. പ്രായമേറുന്തോറും മുഴകളുടെ എണ്ണവും കൂടുന്നു. മുപ്പതു വയസ് പ്രായമുള്ള രോഗികളില്‍ എഴുപതു ശതമാനത്തിനും ഈ മുഴകള്‍ കാണുന്നുവെങ്കില്‍, നാല്‍പ്പത് വയസ്സാകുമ്പോഴേക്കും തൊണ്ണൂറു ശതമാനത്തിനും രോഗലക്ഷണങ്ങള്‍ ഉ ണ്ടായേക്കാം. സാധാരണയായി ഇവപ്രത്യേകി ച്ച് ശാരീരിക അസ്വസ്ഥതകളൊന്നും ഉണ്ടാക്കാറില്ലെങ്കിലും അപൂര്‍വമായി സന്ധികള്‍ക്ക് നീരും വേദനയും അനുഭവപ്പെടുന്നു.കണ്ണിന്റെ മുമ്പിലത്തെ സുതാര്യപടലമായ കോര്‍ണിയയുടെ ചുറ്റുമായി കാണുന്ന വെളു ത്ത പാടുകള്‍ (ആര്‍ക്കസ്) കണ്ണിനു താഴെയും കണ്‍പോളകളിലും കാണുന്ന കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന മഞ്ഞപാടുകള്‍ ഇവയൊക്കെ മറ്റു ചില രോഗലക്ഷണങ്ങളാണ്.വളരെ ചെറുപ്രായത്തില്‍ തന്നെ രക്തക്കുഴലുകളില്‍ കൊഴുപ്പടിഞ്ഞുകൂടി അതിറോസ് ക്ലീറോസിസ് ഉണ്ടാകുന്നതുമൂലം, ഈ രോഗാവസ്ഥ ഉള്ളവരില്‍ ഹൃദ്രോഗസാധ്യത ചെറുപ്രായത്തില്‍ തന്നെ തുടങ്ങുന്നു. 30-40 വയസ്സാകുമ്പോള്‍ തന്നെ ഹൃദ്രോഗമുണ്ടായേക്കാം. രോഗമുള്ളവരില്‍ അമ്പതു വയസ്സാകുമ്പോഴേക്കും അമ്പതു ശതമാനത്തിനും അറുപതു വയസ്സാകുമ്പോഴേക്കും എണ്‍പത്തഞ്ചു ശതമാനത്തിനും ഒരിക്കലെങ്കിലും ഹൃദയാഘാതം ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.പാരമ്പര്യമായുള്ള കൊളസ്‌ട്രോളിന്റെ ആധിക്യം സംശയിക്കുന്ന സാഹചര്യങ്ങളില്‍ രോഗിയുടെ ബന്ധുക്കളേയും രക്തപരിശോധനയ്ക്കും ശരീരപരിശോധനയ്ക്കും വിധേയരാക്കേണ്ടതാണ്. രോഗനിര്‍ണയം നേരത്തേ നടത്തി ഉചിതമായ സമയത്തുതന്നെ ചികിത്സയാരംഭിക്കുവാന്‍ ഇതുസഹായിക്കും.ചികിത്സയില്‍ പ്രധാനം ഭക്ഷണനിയന്ത്രണവും ക്രമമായ വ്യായാമരീതികളുമാണ്. കൊഴുപ്പ് കൂടുതലായി അടങ്ങിയ പാല്‍, വെണ്ണ, നെയ്യ്, മാംസം ഇവയുടെ ഉപയോഗം നിയന്ത്രിക്കണം. മത്സ്യം, പ്രത്യേകിച്ചും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയ കടല്‍മത്സ്യങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍, പച്ചിലക്കറികള്‍ ഇവയും സ്വീകാര്യമായ ഭക്ഷണസാധനങ്ങളാണ്.പാരമ്പര്യമായി കൊളസ്‌ട്രോള്‍ കൂടിയവരില്‍ രോഗചികിത്സക്കായി മരുന്നുകളും ആവശ്യമായിവന്നേക്കാം. കൊളസ്‌ട്രോളിന്റെ വിസര്‍ജനം ത്വരിതപ്പെടുത്തുവാനായി കുടലില്‍ നടത്തുന്ന ബൈപ്പാസ് ശസ്ത്രക്രിയ, രോഗിയുടെ അമിതമായി കൊഴുപ്പടങ്ങിയ പ്ലാസ്മ ഒരു നിശ്ചിത കാലയളവില്‍ മാറ്റുന്ന ചികിത്സ ഇവയും അപൂര്‍വമായെങ്കിലും വേണ്ടിവന്നേക്കാം.