ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍തേടി നടത്തിയ പല ഗവേഷണങ്ങളും വ്യക്തമായ ഉത്തരം കിട്ടാതെയാണ് അവസാനിച്ചിട്ടുള്ളത്. ഏതാണ്ട് അമ്പതു വര്‍ഷമായി ഹൃദ്രോഗ കാരണങ്ങള്‍ തിരഞ്ഞുള്ള പഠന പരിപാടികള്‍ തുടങ്ങിയിട്ട്. അടിസ്ഥാനപരമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള പല അപകടഘടകങ്ങളുടെയും പ്രസക്തി മിക്കപ്പോഴും അവ്യക്തത ഉണ്ടാക്കുന്നുണ്ട്. ഉദാഹരണത്തിന്, വര്‍ധിച്ച കൊളസ്‌ട്രോള്‍ ഒരു മുഖ്യവില്ലനായി കരുതപ്പെട്ടിരിക്കെ, രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് സാധാരണ നിലയിലോ കുറഞ്ഞോ കാണപ്പെടുന്ന എത്രയെത്ര രോഗികള്‍ക്കാണ് (40-50 ശതമാനം) ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകുന്നത്. അതുപോലെ പ്രമേഹം, രക്തസമ്മര്‍ദം, പുകവലി, അമിതവണ്ണം തുടങ്ങിയവയില്ലാത്ത പല രോഗികള്‍ക്കും ഹൃദയാഘാതമുണ്ടാകുന്നതായി കാണുന്നു. ഈ അവസരത്തിലാണ് ഹൃദ്രോഗശാസ്ത്രത്തില്‍ നിരവധി വിരോധാഭാസങ്ങള്‍ നിര്‍വചിക്കപ്പെട്ടത്.


കണക്കിലേറെ പൂരിത കൊഴുപ്പ് കഴിച്ചിട്ടും ഫ്രഞ്ചുകാര്‍ക്ക് ഹൃദ്രോഗ സാധ്യത കുറഞ്ഞുകാണുന്നു. ധാരാളമായി പുകവലിച്ചിട്ടും ഇറ്റലിക്കാര്‍ക്ക് ഹൃദ്രോഗസാധ്യത കൂടുതലായി കാണുന്നില്ല. അയര്‍ലന്‍ഡുകാര്‍ക്ക് ഉയര്‍ന്ന ഹൃദ്രോഗസാധ്യതയുണ്ടായിട്ടും അപകടഘടകങ്ങളുടെ കാര്യമായ വര്‍ധന കാണുന്നില്ല. കൊഴുപ്പുള്ള ആഹാരം കുറച്ചിട്ടും നഗരവാസികള്‍ക്ക് ഗ്രാമീണരെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത വര്‍ധിച്ചുകാണുന്നു എന്നതാണ് ഇന്ത്യയിലെ സ്ഥിതി. പ്രത്യക്ഷത്തില്‍ വിപരീതമായി തോന്നുന്ന ഈ പ്രതിഭാസങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് ഹൃദ്രോഗത്തിന് വഴിമരുന്നാകുന്ന പല അജ്ഞാത ഘടകങ്ങളിലേക്കുമാണ്.കഴിഞ്ഞ അഞ്ച് ദശകങ്ങളായി വര്‍ധിച്ചുവരുന്ന ഹൃദ്രോഗസാധ്യതയും ഹൃദ്രോഗാനന്തര മരണസംഖ്യയും ലോകജനതയ്ക്കു ഭീഷണിയാണ്. ഹാര്‍ട്ട്അറ്റാക്കിന് മുന്നോടിയായി നടക്കുന്ന ഹൃദയധമനികളിലെ ജരിതാവസ്ഥയും വീക്കവും ഇന്ന് ഏറെ ചര്‍ച്ചകള്‍ക്ക് വിഷയമാകുന്നു. ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന ആപത്ഘടകങ്ങളുടെ അതിപ്രസരത്തിനുപരിയായി ജരിതകമായ കൊറോണറി ധമനികളില്‍ പെട്ടെന്നുണ്ടാകുന്ന വീക്കം ഹൃദയാഘാതത്തിന്റെ മുഖ്യ കാരണങ്ങളായി ഇന്ന് പരിഗണിക്കപ്പെടുന്നു. അങ്ങനെയാണ് സി. റിയാക്ടീവ് പ്രോട്ടീന്‍ (സി.ആര്‍.പി.) എന്നറിയപ്പെടുന്ന മാംസ്യ ഘടകത്തിന്റെ പ്രസക്തി വെളിച്ചത്തായത്. 3745 ഹൃദ്രോഗികളെ ഉള്‍പ്പെടുത്തി രണ്ടുവര്‍ഷത്തോളം പ്രൊഫ. പോള്‍ റിഡ്കര്‍ നടത്തിയ ഗവേഷണ നിരീക്ഷണങ്ങള്‍ 'ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസി'നില്‍ പ്രകാശിതമായതോടെ ഹൃദ്രോഗ ചികിത്സാരംഗത്തും സി.ആര്‍.പി. ഏറെ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി സ്റ്റാറ്റിന്‍ ഗുളികകള്‍ കൊടുത്ത രോഗികളില്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നതുകൂടാതെ സി.ആര്‍.പി.യുടെ തോതും സാരമായി കുറയുന്നതായി കണ്ടു. സി.ആര്‍.പി. രക്തത്തില്‍ കുറയുന്നത് ഹൃദ്രോഗതീവ്രത നിയന്ത്രിക്കാനുതകുമെന്ന് തെളിഞ്ഞു. ഹൃദ്രോഗ കാഠിന്യത്തിന്റെ ഈ നിയന്ത്രണമാകട്ടെ, കൊളസ്‌ട്രോളിന്റെ തോത് ക്രമീകരിക്കാന്‍ പറ്റാത്ത രോഗികളില്‍ പോലും നിരീക്ഷിക്കാന്‍ സാധിച്ചു. സി.ആര്‍.പി.യുടെ അളവ് ഒരു മില്ലിഗ്രാം ആയി കുറഞ്ഞപ്പോള്‍ ഹാര്‍ട്ട്അറ്റാക്കിന്റെ തോത് അത്ഭുതകരമാംവണ്ണം താഴുന്നതായി കണ്ടു.ഹൃദയപേശികളുടെ സുഗമമായ സ്പന്ദന പ്രക്രിയയ്ക്ക് രക്തമെത്തിച്ചുകൊടുക്കുന്ന കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും മറ്റും അടിഞ്ഞുകൂടി കാലാന്തരത്തില്‍ ഉള്‍വ്യാസം കുറയുകയും രക്തപര്യയനം തടസ്സപ്പെടുകയും ചെയ്യുന്നു. ധമനികളിലെ നിക്ഷേപങ്ങള്‍ വളര്‍ന്നുവലുതായി വലിയ 'പ്ലാക്ക്' ഉണ്ടായി അതുമൂലം രക്തക്കുഴല്‍ പൂര്‍ണമായി അടഞ്ഞ് ഹാര്‍ട്ട്അറ്റാക്ക് ഉണ്ടാകാമെങ്കിലും ഇത്തരത്തിലുണ്ടാകുന്നതിനേക്കാള്‍ ചെറിയ 'പ്ലാക്ക്' ഉള്ളവരിലാണ് ഹൃദയാഘാതത്തിന്റെ തോത് കൂടുതലായി കാണുന്നത്. ബാഹ്യപ്രേരണകളാല്‍ കൊറോണറി ധമനികളിലെ കൊഴുപ്പുനിക്ഷേപം നീരുവന്ന് വിങ്ങിപ്പൊട്ടുന്നു. തുടര്‍ന്ന് അവിടെ രക്തക്കട്ട ഉണ്ടാകുകയും അത് ധമനിയെ പൂര്‍ണമായി അടയ്ക്കുകയും ചെയ്യുന്നു.സാന്ദ്രതകുറഞ്ഞ എല്‍.ഡി.എല്‍. കൊളസ്‌ട്രോളിന്റെ ഓക്‌സീകരണ പ്രക്രിയയിലൂടെ സജീവമാകുന്ന ധമനികളുടെ വീക്കം രൂക്ഷമാകുമ്പോള്‍ അതിനെ 'റിപ്പയര്‍' ചെയ്യാനായി ശരീരത്തിന്റെ പ്രതിരോധ സംവിധാനം സൈറ്റോയിന്‍സ്, മാക്രോഫാജസ് കൂടാതെ മറ്റു 'യുദ്ധകോശങ്ങള്‍' എന്നിവയെ സ്ഥലത്തെത്തിക്കുന്നു. ഈ പ്രവര്‍ത്തനം നീണ്ടുനില്‍ക്കുമ്പോള്‍ ജരിതാവസ്ഥ വഷളാകുകയും 'പ്ലാക്ക്' വലുതാകുകയും ചെയ്യുന്നു. ഇത്തരത്തില്‍ ധമനികളെ ബാധിക്കുന്ന നീരുവീക്കത്തെ തിരിച്ചറിയാനും അളക്കാനും ഉതകുന്ന അടയാള തന്മാത്രയായ പ്രോട്ടീനാണ് സി.ആര്‍.പി. നീരുവീക്കത്തിന്റെ കാഠിന്യമനുസരിച്ച് സി.ആര്‍.പി. രക്തത്തില്‍ കൂടിയും കുറഞ്ഞുമിരിക്കും. ശരീരത്തില്‍ എവിടെയെങ്കിലും നീരുവീക്കമുണ്ടാകുമ്പോഴാണ് ഈ സവിശേഷ മാംസ്യ തന്മാത്രകളെ കരള്‍ ഉത്പാദിപ്പിക്കുന്നത്. പൊതുവെ പറഞ്ഞാല്‍ പ്രോട്ടീനുകള്‍ ജീവികളുടെ വളര്‍ച്ചയ്ക്കും തേയ്മാനം പരിഹരിക്കുന്നതിനും ആവശ്യമായ മുഖ്യ ആഹാരഘടകമാണ്. അമിനോ അമ്ലങ്ങള്‍കൊണ്ടാണ് പ്രോട്ടീനുകള്‍ നിര്‍മിച്ചിട്ടുള്ളത്.


18,000 ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ രക്തത്തിലെ ഉയര്‍ന്ന സി.ആര്‍.പി.യുടെ അളവ് ഹാര്‍ട്ട്അറ്റാക്കിന്റെ സാധ്യത മൂന്നിരട്ടിയായി വര്‍ധിപ്പിക്കുമെന്ന് കണ്ടുപിടിച്ചു. അതുപോലെ ആര്‍ത്തവ വിരാമത്തിനുശേഷമുള്ള സ്ത്രീകളെ ഉള്‍പ്പെടുത്തി മൂന്നുവര്‍ഷക്കാലത്തോളം നടത്തിയ പഠനത്തില്‍, വര്‍ധിച്ച സി.ആര്‍.പി.യുള്ള സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത നാലിരട്ടിയായി കണ്ടു. ഹൃദ്രോഗമോ മസ്തിഷ്‌കാഘാതമോ ഉണ്ടാക്കാനുള്ള സാധ്യതയും ഇക്കൂട്ടരില്‍ കൂടുതലായി കണ്ടു. അതുപോലെ ആന്‍ജിയോപ്ലാസ്റ്റിക്കുശേഷം കൊറോണറി ധമനി വീണ്ടും അടയാനുള്ള സാധ്യതയും സി.ആര്‍.പി. വര്‍ധിച്ചവരില്‍ അധികമായി കണ്ടു.


രക്താതിമര്‍ദം, ദുര്‍മേദസ്സ്, പുകവലി, പ്രമേഹം, മെറ്റാബോളിക് സിന്‍ഡ്രോം, കുറഞ്ഞ 'നല്ല' എച്ച്.ഡി.എല്‍. കൊളസ്‌ട്രോള്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡുകള്‍, അണുബാധ, നീരുവീക്കം തുടങ്ങിയവ ഉള്ളവരിലും ഋതുവിരാമം കഴിഞ്ഞുള്ള സ്ത്രീകളിലും സി.ആര്‍.പി. അധികമായി കണ്ടുവരുന്നു. കൃത്യമായി വ്യായാമം ചെയ്യുന്നവരിലും അമിതവണ്ണമില്ലാത്തവരിലും സ്റ്റാറ്റിന്‍, ഫൈബ്രേറ്റ്, നിയാസിന്‍ തുടങ്ങിയ ഗുളികകള്‍ സേവിക്കുന്നവരിലും സി.ആര്‍.പി. കുറഞ്ഞുകാണുന്നു.സി.ആര്‍.പി. കുറയുമ്പോള്‍ ഹൃദ്രോഗ സാധ്യതയും സാരമായി കുറയുന്നു എന്നു തെളിയിച്ച ആദ്യത്തെ പഠനം 'ജൂപ്പിറ്റര്‍' ട്രയലാണ്. പ്രകടമായ ഹൃദ്രോഗമില്ലാത്ത, 'ചീത്ത' എല്‍.ഡി.എല്‍. കൊളസ്‌ട്രോള്‍ അധികരിച്ചിട്ടില്ലാത്ത, എന്നാല്‍ സി.ആര്‍.പി. കൂടുതലുള്ളവരെ 20 മില്ലിഗ്രാം റൊസുവാസ്റ്റാറ്റിന്‍ കൊണ്ടു ചികിത്സിച്ചു. ഫലം അത്ഭുതാവഹമായിരുന്നു. നെഞ്ചുവേദനയും ഹാര്‍ട്ട്അറ്റാക്കും സ്‌ട്രോക്കുമൊക്കെ ഉണ്ടാകാനുള്ള സാധ്യത 44 ശതമാനംവരെ കുറഞ്ഞു. അതായത് കൊളസ്‌ട്രോളിന്റെ അളവ് രക്തത്തില്‍ കൂടുതലില്ലാത്തവരിലും സി.ആര്‍.പി. കൂടുതലെങ്കില്‍ സ്റ്റാറ്റിന്‍കൊണ്ട് ചികിത്സിക്കുന്നത് ഉത്തമമെന്ന് തെളിഞ്ഞു.


റൊസുവാസ്റ്റാറ്റിന്‍ ചികിത്സകൊണ്ട് എല്‍.ഡി.എല്‍. 50 മില്ലിഗ്രാമില്‍ താഴെയാക്കാന്‍ സാധിച്ചപ്പോള്‍ ഹൃദ്രോഗസാധ്യത 65 ശതമാനവും അതേത്തുടര്‍ന്നുള്ള മരണസാധ്യത 46 ശതമാനവും കുറയുന്നതായി കണ്ടു. ജൂപ്പിറ്റര്‍ ട്രയലിന്റെ ഉപജ്ഞാതാവായ പ്രൊഫ. പോള്‍ റിഡ്കറുടെ അഭിപ്രായത്തില്‍ എല്‍.ഡി.എല്‍. കൊളസ്‌ട്രോളിനോടൊപ്പം സി.ആര്‍.പി.യും സാരമായി കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കാന്‍ സഹായിക്കും. സി.ആര്‍.പി. ഒരു മില്ലിഗ്രാമില്‍ താണാല്‍ ഏറ്റവും നല്ലത്, ഒന്നുമുതല്‍ മൂന്നു മില്ലി വരെ മിതമായ അപകട ലക്ഷണമാണ്. മൂന്നു മില്ലിഗ്രാമില്‍ അധികരിച്ചാല്‍ വര്‍ധിച്ച അപകടലക്ഷണമാണ്.