ഞാനിപ്പോള്‍ ചെറുപ്പമല്ലെ, എന്റെ ഹാര്‍ട്ടിന് എന്ത് പ്രശ്‌നമുണ്ടാകാനാ എന്ന വിശ്വാസത്തില്‍ നാല്‍പ്പത് വയസ്സ് കഴിഞ്ഞ് മതി കോളസ്‌ട്രോളും ഷുഗറും എല്ലാം പരിശോധിക്കുന്നത്  എന്ന  ധാരണയാണ് മിക്ക യുവാക്കള്‍ക്കും. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.  

കുറച്ച് കാലം മുമ്പ് വരെ ഹൃദയാഘാതം വന്ന് മരിക്കുന്നവരുടെ പ്രായം 35 വയസ്സിന് മുകളിലായിരുന്നു. വിരളമായി മാത്രമെ യുവാക്കളില്‍ ഹൃദയാഘാതം ഒരു വില്ലനായി വന്നിരുന്നുളളൂ. എന്നാല്‍ ഇന്ന് യുവാക്കളിലെ ഹൃദയാഘാതം കൂടിവരുന്നതായാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പഠനങ്ങള്‍ പ്രകാരം 18നും 30നും ഇടയില്‍ പ്രായമുളളവരിലും ഹാര്‍ട്ട് അറ്റാക്ക് പിടിമുറുക്കി തുടങ്ങി. അമിതമായ ടെന്‍ഷന്‍, വ്യായാമത്തിന്റെ അഭാവം, ഫാസ്റ്റ് ഫുഡ് തുടങ്ങി യുവാക്കളിലെ ഹൃദയാഘാതത്തിന് കാരണങ്ങളേറെയാണ്..... 

അമിതമായ ഉത്കണ്ഠ
ഉത്കണഠ ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ മിതമായ അളവില്‍ ഉത്പാദിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്ന ടെന്‍ഷന്‍ ഈ ഹോര്‍മോണുകള്‍ അമിതമായി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുകയും ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും.

ഇതോടൊപ്പം തന്നെ അമിതമായ ടെന്‍ഷന്‍ രക്തത്തിലെ ശ്വേതരക്താണുക്കളുടെ അളവ് കൂടാന്‍ കാരണമാവുകയും ഇത് രക്തധമനികളുടെ ചുവരില്‍ അടിഞ്ഞുകൂടി സിരകളിലൂടെയുളള രക്തത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് പെട്ടെന്നുളള ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. ഒരു പരിധി കഴിഞ്ഞാല്‍ ടെന്‍ഷന്‍ വ്യക്തികളുടെ സ്വഭാവത്തെയും സാരമായി ബാധിച്ചു തുടങ്ങും. 

ദുശ്ശീലങ്ങളോട് വിടപറയുക
തിരക്കിട്ട ജീവിതത്തിനിടയില്‍ ടെന്‍ഷനെ അതിജീവിക്കാനായി യുവാക്കള്‍ മിക്കവാറും ആശ്രയിക്കുന്നത് പുകവലിയോ മദ്യപാനമോ ഫാസ്റ്റ്ഫുഡ് പോലുളള ഭക്ഷണമോ ആയിരിക്കും. ഇത് ഹൃദയാരോഗ്യത്തെ തകര്‍ക്കുന്നു.

കൊലയാളി ഫാസ്റ്റ് ഫുഡ്
എന്ത് കഴിക്കുന്ന എത്ര കഴിക്കുന്നു എന്നീ രണ്ട് ചോദ്യങ്ങള്‍ക്കുളള ഉത്തരമാണ് യുവാക്കളുടെ ഭക്ഷണരീതി വിലയിരുത്താനുളള എളുപ്പമാര്‍ഗം.
യുവാക്കളിലേറെയും മണിക്കൂറുകളോളം കമ്പ്യൂട്ടറിന് മുന്നില്‍ ചിലവഴിക്കുന്നതിനാലും ജോലിക്കിടെ ലഭിക്കുന്ന ഇടവേളകള്‍ കുറവായതിനാലും സമയം ലാഭിക്കാനായി ഫാസ്റ്റ് ഫുഡിനേയാണ് മിക്ക യുവാക്കളും ആശ്രയിക്കാറ്. ഇത്തരത്തില്‍ അമിതമായ കലോറിയുളള ഭക്ഷണവും വ്യായാമമില്ലാതെ ഏറെ നേരമുളള ഇരിപ്പും യുവാക്കളുടെ കൊളസ്‌ട്രോള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നു. 

പൊണ്ണത്തടി
തെറ്റായ ഭക്ഷണരീതിയോടൊപ്പം വ്യായാമത്തിന്റെ അഭാവവും ടെന്‍ഷനും കൂടി ചേരുന്നത് പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകുന്നു.ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സൃഷ്ടിക്കുന്നതിനും കൊളസ്‌ട്രോള്‍ വര്‍ധിക്കാനും കാരണമാകുന്നു.

രാത്രി കാലങ്ങളില്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന മിക്ക യുവാക്കളും പകലുറക്കത്തെ ആശ്രയിക്കുന്നവരാണ്. ഇത് ശരീരത്തിലെ ഹോര്‍മോണ്‍ സന്തുലനാവസ്ഥയെ തകര്‍ക്കുകയും പൊണ്ണത്തടിയിലേക്ക് നയിക്കുകയും  ചെയ്യുന്നു. 

വേണം കൃത്യമായ മെഡിക്കല്‍ ചെക്കപ്പ്
ജീവിതശൈലി മാറിയതോടെ യുവാക്കളിലും വളരെ നേരത്തെ തന്നെ കൊളസ്‌ട്രോളും ഷുഗറും ബാധിച്ചു തുടങ്ങിയതിനാല്‍ ഇരുപത്തിയഞ്ച് വയസ്സ് മുതല്‍ക്കു തന്നെ ആരംഭിക്കുന്ന മെഡിക്കല്‍ ചെക്കപ്പുകള്‍ ഹൃദയത്തിന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതില്‍ ഒരു മുഖ്യപങ്ക്് വഹിക്കുന്നു.