എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം.


ബീഫ്, പോര്‍ക്ക്, മട്ടണ്‍ തുടങ്ങി, കൊഴുപ്പു കൂടിയ മാംസങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇറച്ചി കൂടിയേ കഴിയൂ എന്നുണ്ടെങ്കില്‍ കോഴി, താറാവ് തുടങ്ങിയ പക്ഷികളുടെ മാംസമാണ് നല്ലത്.


ഇറച്ചി വറുത്തു കഴിക്കരുത്, വേവിച്ച് കഴിച്ചാല്‍ മതിയാകും.


മത്തി തുടങ്ങിയ ചെറിയ മത്സ്യങ്ങളാണ് ആരോഗ്യത്തിനു നല്ലത്. കഴിവതും കറിവച്ചു മാത്രം കഴിക്കുക. വറുത്തും പൊരിച്ചും കഴിക്കാതിരിക്കുക.
ഊണിനോടൊപ്പം വേവിക്കാത്ത പച്ചക്കറി നിത്യവും കഴിക്കുക. വെള്ളരി, കക്കിരി, കാരറ്റ്, തക്കാളി, സവാള തുടങ്ങിയവ സാലഡായി ഉപയോഗിക്കാം.


ചോറിന്റെ അളവ് കുറച്ച്, വേവിക്കാത്ത പച്ചക്കറികളുടെ അളവ് കൂട്ടുക. മൊത്തത്തില്‍ അമിതഭക്ഷണം പാടില്ല.


ഉപ്പ് പരമാവധി കുറയ്ക്കുക. ഉപ്പിന് പ്രത്യേക ഔഷധഗുണങ്ങളൊന്നുമില്ല.


നാര് കൂടുതലുള്ള പയറുവര്‍ഗങ്ങള്‍, ക ടലവര്‍ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ശീലമാക്കുക. ഇവ വറുത്തോ തോരന്‍ വച്ചോ കഴിക്കുന്നതിനേക്കാള്‍ കറിവച്ചു കഴിക്കുന്നതാണ് നല്ലത്.


പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക. കീടനാശിനികളും രാസവളങ്ങളും ചേരാത്തവയായാല്‍ നന്ന്. ജ്യൂസാക്കി കഴിക്കാതെ, നേരിട്ടു തിന്നുന്നതാണ് നല്ലത്.
മുട്ടയുടെ മഞ്ഞക്കരു പരമാവധി ഒഴിവാക്കുക.


ടെലിവിഷന്‍ കാണുമ്പോഴും വായിക്കുമ്പോഴും ചിപ്‌സ്, കോണ്‍ തുടങ്ങിയ വറുത്തതും ഉപ്പുകൂടിയതുമായ വസ്തുക്കള്‍ കഴിക്കുന്ന ശീലം നിര്‍ത്തണം.


ഐസ്‌ക്രീം, ചോക്ലേറ്റ്, കേക്ക്, പേസ്റ്ററി തുടങ്ങിയവ വളരെയധികം കൊഴുപ്പു ചേര്‍ന്നവയാണ്. വയറ്റിനും ഇവ ദോഷം ചെയ്യും. ഇവ പാടേ ഒഴിവാക്കുകയാണ് ബുദ്ധി.


ഊണിനോടൊപ്പം എപ്പോഴും പപ്പടം വേണമെന്ന നിര്‍ബന്ധം ഒഴിവാക്കുക. കൂടിയേ കഴിയൂ എങ്കില്‍ പപ്പടം ചുട്ടുതിന്നാം. അപ്പോഴും ഉപ്പുകുറയില്ലെന്നോര്‍ക്കുക.
പാലും പാലുല്‍പ്പന്നങ്ങളും പരമാവധി കുറയ്ക്കുക. മോര് കൂട്ടാം.


ഹോട്ടല്‍ ഭക്ഷണം കഴിവതും ഒഴിവാക്കണം. അഥവാ വേണ്ടിവന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ കഴിക്കാതിരിക്കുക.


രാവിലെ ഭക്ഷണം കഴിച്ച് ഉച്ചയ്ക്കുമുമ്പ് വിശപ്പു തോന്നിയാല്‍ മറ്റന്തെങ്കിലും കഴിക്കാതെ ഒരു ഗ്ലാസ് വെള്ളം മാത്രം കുടിക്കുക. ഇടനേരങ്ങളില്‍ ചെറുഭക്ഷണങ്ങള്‍ കഴിക്കുന്ന ശീലം നന്നല്ല.


സദ്യക്കും പാര്‍ട്ടിക്കും പോകുംമുമ്പ് എന്തു കഴിക്കണം തുടങ്ങിയ കാര്യങ്ങളെപ്പറ്റി നേരത്തേ ആലോചിച്ചുറപ്പിക്കുകയും സ്വയം തയ്യാറെടുക്കുകയും വേണം. സദ്യ ഒരവസരമായിക്കണ്ട് വലിച്ചുവാരി കഴിക്കരുത്.


പ്രമേഹം വരാതെനോക്കുകയാണ് ഹൃദയത്തിനും നല്ലത്. വന്നുകഴിഞ്ഞാല്‍ കര്‍ശനമായി നിയന്ത്രിക്കുക.


പ്രമേഹമുള്ളവര്‍ക്ക് ഹൃദ്രോഗലക്ഷണങ്ങളോ നെഞ്ചുവേദനയോ പ്രത്യക്ഷമായി അറിയണമെന്നില്ല. ഇടയ്ക്കിടെ ഹൃദ്രോഗസാധ്യത പരിശോധിപ്പിക്കണം.
പ്രമേഹരോഗികളില്‍ ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചില്‍, തികട്ടല്‍ പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഹൃദ്രോഗലക്ഷണമല്ലെന്ന് ഉറപ്പാക്കണം. പ്രമേഹരോഗികള്‍ കൃത്യമായി മരുന്നുകള്‍ കഴിക്കണം.


രക്തസമ്മര്‍ദം കൂടാതെ നോക്കണം. അതിനുള്ള ഭക്ഷണക്രമവും ജീവിതരീതിയും പാലിക്കണം. ബി.പി.യുള്ളവര്‍ ഇടയ്ക്കിടെ പരിശോധന നടത്തി ഹൃദ്രോഗസാധ്യതയില്ലെന്ന് ഉറപ്പാക്കണം.


പാരമ്പര്യമായി ഹൃദ്രോഗം, കൊളസ്‌ട്രോള്‍, ബി.പി., പ്രമേഹം തുടങ്ങിയവയുള്ളവര്‍ ചിട്ടയായ ജീവിതശൈലി ചെറുപ്പത്തിലേ ശീലിക്കണം.
വീട്ടിലും പറമ്പിലുമൊക്കെയുള്ള ചെറുജോലികളെങ്കിലും സ്വയം ചെയ്യുക. വീട്ടുജോലികളിലും മറ്റും കുട്ടികളെ നിര്‍ബന്ധമായും പങ്കെടുപ്പിച്ച്, മെയ്യനങ്ങുന്ന ശീലം ഉണ്ടാക്കിയെടുക്കുക.


ഓഫീസുകളിലും മറ്റും കോണിപ്പടി കയറിപ്പോകുകയെന്നത് ശീലമാക്കുക. ലിഫ്റ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക. ഇറങ്ങാന്‍ ലിഫ്റ്റ് വേണ്ട.
ഒരു കിലോമീറ്ററും മറ്റുമുള്ള ചെറിയ ദൂ രങ്ങള്‍ക്ക് ബസ്, ഓട്ടോ തുടങ്ങിയ വാഹനങ്ങളെ ആശ്രയിക്കാതിരിക്കുക. ഒന്നോ രണ്ടോ കിലോമീറ്റര്‍ മാത്രമേയുള്ളൂവെങ്കില്‍, കുട്ടികള്‍, സ്‌കൂളിലേക്ക് നടന്നുപോവുക ശീലമാക്കണം. 'അഞ്ചും പത്തും നാഴിക നടന്ന് പഠിച്ച' കാര്യം മുത്തച്ഛന്മാരും മറ്റും പറയുന്നത് കേള്‍ക്കാറില്ലേ. ചെറുപ്പത്തിലെ ഈ നടത്തം ജീവിതാന്ത്യം വരെ ആരോഗ്യത്തി നുമുതല്‍ക്കൂട്ടാണ്.


വീട്ടിലും ജോലിസ്ഥലത്തും വലിയ ജോലികളില്ലാത്തവര്‍ വ്യായാമത്തിനായി രാവിലെ, നിത്യം, അരമണിക്കൂറെങ്കിലും നടക്കണം.


ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടവേളകളില്‍ എഴുന്നേറ്റു നടക്കുന്നത് ശീലമാക്കണം.


അടുക്കളത്തോട്ടവും പൂന്തോട്ടവും സ്വയം നിര്‍മിക്കുകയും നന്നായി പരിപാലിക്കുകയും ചെയ്യുന്നത് നല്ലതാണ്.


അത്താഴത്തിനു ശേഷം കുടുംബാംഗങ്ങളോടൊപ്പം ചെറിയൊരു നടത്തം പതിവാക്കുക.


പുകവലി പാടേ ഉപേക്ഷിക്കുക. പുതുതലമുറയ്ക്ക്, ഈ ദുശ്ശീലം തുടങ്ങാനാകാത്തവിധം ബോധവല്‍ക്കരണം നല്‍കുക.


മദ്യപാനം ഒഴിവാക്കുക. മദ്യം, മറ്റു നിരവധി പ്രശ്‌നങ്ങള്‍ക്കു പുറമേ ഹൃദയാഘാതത്തിനും കാരണമാകും.


ശരീരഭാരം കൂടാതെ നോക്കണം. ഉയരത്തിനനുസരിച്ചുള്ള തൂക്കമേ ആകാവൂ.


രാത്രി നേരത്തേ കിടന്ന് അതിരാവിലെ ഉണരുന്നതാണ് നല്ലത്. അതിനു പറ്റാത്തവര്‍ വേണ്ടത്ര സ്വച്ഛമായ ഉറക്കം ഉറപ്പുവരുത്തണം. പകലുറങ്ങുന്നത് ഒഴിവാക്കണം.


മനസ്സിനും ശരീരത്തിനും ശാന്തത പകരുന്ന ധ്യാനം, യോഗാമുറകള്‍ തുടങ്ങിയവ ശീലിക്കുക. ഏകാഗ്രത കൂട്ടാം, രോഗങ്ങളകറ്റുകയും ചെയ്യാം. നിത്യവും അരമണിക്കൂര്‍ ഇതിനായി നീക്കിവെക്കാം.


അനാവശ്യമായ മദമാത്സര്യങ്ങളും പക, അസൂയ, വിദ്വേഷം തുടങ്ങിയ വിരുദ്ധവികാരങ്ങളും പിരിമുറുക്കം കൂട്ടുകയും ഹൃദ്രോഗസാധ്യതയേറ്റുകയും ചെയ്യും.