seesharsanamനസ്സിനും ശരീരത്തിനും ഒരേപോലെ ഗുണം ചെയ്യുന്ന ഒന്നാണ് യോഗ. സ്ത്രീകൾ പൊതുവേ ലാളിത്യമേറിയ യോഗാസനങ്ങളെയാണ് ഇഷ്ടപ്പെടുന്നത്. എന്നാൽ സ്ത്രീശരീരത്തിനെയും മനസ്സിനെയും ഒരുപോലെ സഹായിക്കുന്ന യോഗാസനമാണ് ശീർഷാസനം. വെറും തലകുത്തി നിൽക്കൽ അല്ല ശീർഷാസനമെന്നും സ്ത്രീകൾക്കും വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു യോഗാസനമാണ് ഇതെന്നുമുള്ള തിരിച്ചറിവാണ് ആദ്യം ആവശ്യം.

ഒരല്പം ശ്രദ്ധ നൽകിയാൽ കൃത്യമായ പരിശീലനം കൊണ്ട് വളരെ അനായാസം ചെയ്യാവുന്ന ഒന്നാണിത്. അതിനു വേണ്ടത് എനിക്ക് ചെയ്യാൻ സാധിക്കും എന്ന ദൃഢനിശ്ചയം മാത്രമാണ്. മനസ്സിന്റെ ശക്തിയാണ് ഇതിന് പ്രധാനമായും ആവശ്യം. ശീർഷാസനം നിത്യേന മൂന്ന്‌ മണിക്കൂർ പരിശീലിക്കുന്നവൻ കാലത്തെ കീഴടക്കും എന്നാണ് യോഗതത്ത്വ ഉപനിഷത്ത് പറയുന്നത്. യോഗാസനങ്ങളിലെ രാജാവ് എന്നാണ് ശീർഷാസനത്തിന്റെ വിളിപ്പേര്. മറ്റൊന്നും കൊണ്ടല്ല. മനുഷ്യശരീരത്തിന്റെ അടി തൊട്ട് മുടി വരെ എല്ലാ അവയവങ്ങൾക്കും ഓരോ കോശത്തിനും ഫലവത്താണ് ശീർഷാസനം. 

സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു ആസനമാണിത്. വേഗമേറിയ ഇന്നത്തെ കാലത്ത് ടെൻഷനും മാനസ്സിക സമ്മർദവും പിടിച്ചു നിർത്താനുള്ള ഒറ്റമൂലിക്കുള്ള അന്വേഷണത്തിലാണ് ഓരോരുത്തരും. അതിനൊരു ഉത്തരമാണ് ശീർഷാസനം.

വികാരങ്ങളെ നിയന്ത്രിച്ച് മനസ്സിനെ സന്തുലിതാവസ്ഥയിലെത്തിക്കാൻ ശീർഷാസനം സഹായിക്കുന്നുണ്ട്. ഓഫീസിനും വീടിനും കുട്ടികൾക്കും ഇടയിൽ ശ്വാസംകിട്ടാതെ ഓടുന്ന ഒരു ശരാശരി വനിതയ്ക്ക് പലപ്പോഴും ഉണ്ടാകുന്ന മാനസ്സിക പിരിമുറുക്കം ഇല്ലാതാക്കാനും മനസ്സിൽ പോസിറ്റീവ് ഊർജം നിറയ്ക്കാനും ഈ ആസനം സഹായിക്കും. സൗന്ദര്യ സംരക്ഷണത്തിലും മികച്ച ഫലമാണ് ശീർഷാസനം നൽകുന്നത്.

ചെറുപ്രായത്തിൽ തന്നെ ശീർഷാസനം ശീലിക്കുന്ന ഒരു പെൺകുട്ടിക്ക് 35 വയസ്സിന് ശേഷം വന്നേക്കാൻ സാധ്യതയുള്ള ഒരു പിടി രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ സാധിക്കും. കൃത്യമായ ശരീരഘടന കാത്തുസൂക്ഷിക്കുന്നതിലും കുടവയർ ഇല്ലാതാക്കുന്നതിലും ശീർഷാസനം വഹിക്കുന്ന പങ്ക് വളരെ കൂടുതലാണ്. ഹൃദയത്തിന്റെ മസിലുകൾക്ക് ബലമേകുകയും ഹൃദയ സ്പന്ദനം ക്രമത്തിലാക്കാനും ഈ യോഗാസനം സഹായകമാകുന്നു.

ശീർഷാസനത്തിൽ നിൽക്കുമ്പോൾ ശരീരത്തിലെ രക്തചംക്രമണം ശരിയായ രീതിയിൽ നടക്കുന്നു. ഇത് മസ്തിഷ്‌കത്തിനും നട്ടെല്ലിനും ശ്വാസസംബന്ധിയായ രോഗങ്ങളും ഇല്ലാതാക്കാൻ വളരെയേറെ ഗുണം ചെയ്യുന്നു. ശരിയായ രീതിയിലുള്ള രക്തചംക്രമണം നടക്കുന്നതിനാൽ പോഷകങ്ങൾ അടങ്ങിയ രക്തം നാഡീവ്യൂഹങ്ങളിലേക്ക് എത്തുന്നു. ദൈനംദിന ജീവിതത്തിൽ ഇത് നൽകുന്ന ഗുണങ്ങൾ വളരെ വലുതാണ്. ശരീരത്തിന് ഊർജം പകരുകയും ഓജസ്സുള്ള ശരീരവും മനസ്സും നൽകുകയും ചെയ്യുന്നു. ശീർഷാസനത്തിൽ രക്തം മുഖത്തേക്ക് എത്തുന്നതിനാൽ മുഖസൗന്ദര്യം വർദ്ധിക്കാൻ സഹായിക്കും. എന്നും നിലനിൽക്കുന്ന യുവത്വം പ്രദാനം ചെയ്യുന്നു ഈ യോഗമുറ. 

ശീർഷാസനം പരിശീലിക്കുന്ന ഒരു വ്യക്തിക്ക് ഇ.എൻ.ടി. ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. കണ്ണ്, ചെവി, തൊണ്ട, എന്നീ അവയവങ്ങൾക്ക് വേണ്ട ശ്രദ്ധ നൽകാൻ ഇത് സഹായിക്കും. പാട്ടുകാർക്ക് ശബ്ദം തെളിയാൻ ശീർഷാസനം നല്ലതാണ്. അധോഭാഗത്ത് കെട്ടിക്കിടക്കുന്ന അശുദ്ധരക്തം നീക്കം ചെയ്യുന്നതു വഴി ആർത്തവകാലത്ത് സ്ത്രീകൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാൻ ഗുണകരമാണ്. 

ഇന്ന് സ്ത്രീകൾക്കിടയിൽ വളരെ കൂടുതലായി കണ്ടു വരുന്ന പി.സി.ഒ.ഡി. രോഗവും തുടർന്നുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഇല്ലാതാക്കാൻ ഫലപ്രദമാണ് ശീർഷാസനം. കാഴ്ചശക്തിയും കേൾവിയും വർധിപ്പിച്ച്, നാഡീ ഞരമ്പുകൾ സംബന്ധിയായ പ്രശ്നങ്ങൾ ഇല്ലാതാക്കി ശരീരത്തിന് ആവശ്യമായ എല്ലാ ഗുണങ്ങളും പ്രദാനം ചെയ്യുന്നുണ്ട് ശീർഷാസനം. ഒരു ദിവസം കുറഞ്ഞത് 3 മിനിറ്റ് ശീർഷാസനം അഭ്യസിക്കുന്നത് ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യുന്നതാണ്. 

സ്മിത പിള്ള, യോഗ പരിശീലക,
ഫൈ പോയിന്റ്‌സ് യോഗ സ്റ്റുഡിയോ, എളമക്കര
ഫോൺ: 9539078138