യോഗയെ ആത്മീയവും ശാരീരികവുമായ സൗഖ്യത്തിനുള്ള ഉപാധിയാക്കി മാറ്റുകയാണ് പീറ്റർ തിരുതനത്തിൽ (43) എന്ന വൈദികൻ. എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കീഴിൽ പൊന്നുരുന്നി സഹൃദയയിൽ പ്രവർത്തിക്കുന്ന നൈവേദ്യ ആയുർവേദാസ്പത്രിയിലെ യോഗാചാര്യനാണ് പീറ്ററച്ചൻ.
ബെംഗളൂരുവിലെ എസ്-വ്യാസ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗയിൽ ഉയർന്ന റാങ്കോടെ എം.എസ്സി. ബിരുദം നേടിയ ശേഷമാണ് അച്ചൻ തന്റെ കർമരംഗത്തേക്കിറങ്ങുന്നത്. പുണെയിലെ പ്രശസ്തമായ കൈവല്യധാമ കേന്ദ്രത്തിൽ നിന്ന് യോഗയിൽ ഡിപ്ലോമ നേടിയ ശേഷമാണ് എം.എസ്സി.ക്ക് ചേർന്നത്.
മഞ്ഞപ്രയിലെ കർഷക കുടുംബത്തിൽ പിറന്നതുകൊണ്ട് മണ്ണും പ്രകൃതിയും എന്നും പ്രിയപ്പെട്ടതായിരുന്നു എന്ന് അച്ചൻ പറയുന്നു. വൈദികനാകാനുള്ള പരിശീലനകാലത്ത് ഒരുവർഷം ഗുജറാത്തിലായിരുന്നു. അവിടെ പരിചയപ്പെട്ട ഈശോസഭാംഗമായ സ്വാമി ശുഭാനന്ദ എന്ന സ്പാനിഷ് വൈദികന്റെ സ്വാധീനമാണ് ഭാരതീയമായ ആത്മീയാനുഷ്ഠാനങ്ങളിലേക്ക് പീറ്ററച്ചനെ നയിച്ചത്.
14 വർഷം ഒറ്റയ്ക്ക് ഗുജറാത്തിലെ വനത്തിൽ ധ്യാനനിരതനായി കഴിഞ്ഞ ശേഷമാണ് ദീക്ഷ സ്വീകരിച്ച് അദ്ദേഹം സ്വാമി ശുഭാനന്ദയായത്. പിന്നാക്ക മേഖലയിലെ കുട്ടികൾക്കായി അനേകം സ്ഥാപനങ്ങൾ പടുത്തുയർത്തിയ സ്വാമി സംസ്കൃതത്തിലും മറ്റ് ഇന്ത്യൻ ഭാഷകളിലും അഗാധ പാണ്ഡിത്യം നേടിയിരുന്നു. സ്വാമിക്കൊപ്പം നടത്തിയ വനയാത്രകളും തപസ്സുകളും പുതിയ ഉൾക്കാഴ്ചകൾ പകർന്നെന്ന് പീറ്ററച്ചൻ പറയുന്നു.
വനത്തിൽ കരടികളും മറ്റും മുറ്റത്തു വന്ന് പോകുന്ന പർണശാലയിൽ എല്ലാ ഭയങ്ങളും വിട്ടൊഴിഞ്ഞ് ദൈവസന്നിധിയിൽ ചെലവഴിച്ച നേരങ്ങളിൽ ഭാരതീയ ആത്മീയചര്യകളുടെ പൊരുൾ പീറ്ററച്ചന് തെളിഞ്ഞുകിട്ടി. അവിടെ ശീലിച്ചു തുടങ്ങിയ യോഗയുടെ പാഠങ്ങൾ പിന്നീട് ശാസ്ത്രീയമായി അഭ്യസിച്ചപ്പോൾ ഇതിന് മനുഷ്യനെ അടിമുടി മാറ്റാനുള്ള അപാരമായ ശക്തിവിശേഷമുണ്ടെന്ന് പീറ്ററച്ചൻ തിരിച്ചറിഞ്ഞു.
ദൈവത്തെ പരിചയപ്പെടുത്താനും പ്രഘോഷിക്കാനും ദൈവീക സൗഖ്യം പകരാനും യോഗയെ ഉപാധിയാക്കുകയാണ് തന്റെ നിയോഗമെന്ന് ഈ വൈദികൻ തിരിച്ചറിഞ്ഞു. എറണാകുളം-അങ്കമാലി അതിരൂപത അതിനുവേണ്ട പിന്തുണയും നൽകിയതോടെയാണ് പൊന്നുരുന്നിയിൽ യോഗ കേന്ദ്രം യാഥാർത്ഥ്യമായത്.
യോഗയിൽ ശാസ്ത്രീയ പഠനം നടത്താനായത് വലിയ നേട്ടമായി അച്ചൻ കരുതുന്നു. ബെംഗളൂരുവിലെ എസ്-വ്യാസയിൽ പഠിക്കാനെത്തുന്നവരിൽ ഭൂരിപക്ഷവും വിദേശീയരാണ്. ഒരോ ആസനവും ശരീരത്തെയും മനസ്സിനെയും എങ്ങനെ സ്വാധീനിക്കുമെന്ന് ശാസ്ത്രീയമായി തന്നെ പഠിച്ച് ബോദ്ധ്യപ്പെട്ടു. അനാട്ടമിയും ഫിസിയോളജിയുമെല്ലാം കോഴ്സിന്റെ ഭാഗമാണ്.
യോഗയുടെ അടിസ്ഥാന തത്ത്വങ്ങൾ പരിശീലിപ്പിക്കുക, രോഗങ്ങൾ യോഗ തെറാപ്പിയിലൂടെ ഭേദപ്പെടുത്തുക, യോഗയുടെ സാദ്ധ്യതകൾ ആത്മീയ ജീവിതത്തിലേക്ക് കൂടി സന്നിവേശിപ്പിക്കുന്ന ഹെൽത്ത് റിട്രീറ്റുകൾ നടത്തുക എന്നിവയാണ് പീറ്ററച്ചൻ ഇപ്പോൾ ചെയ്യുന്നത്. കൂടാതെ യോഗയുടെ പിൻബലത്തിൽ സ്ട്രെസ് മാനേജ്മെന്റ് മേഖലയിലും സേവനം ചെയ്യുന്നു.
നംദിന ജീവിതത്തിൽ യോഗയുടെ മാർഗം സ്വീകരിച്ചാൽ ഒട്ടനവധി അസുഖങ്ങളും മാനസ്സിക സംഘർഷങ്ങളും ഒഴിവാക്കാനാകും. എങ്ങനെ ഇരിക്കണം, എങ്ങനെ നടക്കണം തുടങ്ങി ഭക്ഷണവും ഉറക്കവും പ്രാർത്ഥനയും വരെയുള്ള കാര്യങ്ങൾ യോഗയുമായി ബന്ധപ്പെടുത്തി നിർവഹിക്കാം. ഇതുവഴി മാനസ്സികമായ ഉല്ലാസവും ശാരീരികമായ ഉന്മേഷവും മാത്രമല്ല ആത്മീയ ഉണർവും കരഗതമാകും. ഇതിനുള്ള തിയറിയും പ്രാക്ടിക്കലും ടിപ്സുകളുമാണ് ഹെൽത്ത് റിട്രീറ്റിലും മറ്റും അച്ചൻ നൽകുന്നത്.
ഐ.ടി. കേന്ദ്രങ്ങളടക്കമുള്ള സ്ഥാപനങ്ങളിലും പള്ളികളിലും വിദ്യാഭ്യാസ സ്ഥപനങ്ങളിലും റസിഡന്റ്സ് അസോസിയേഷനുകളിലുമെല്ലാം 12 മണിക്കൂർ നീളുന്ന ഹെൽത്ത് റിട്രീറ്റ് അച്ചൻ ധാരാളമായി ചെയ്യുന്നുണ്ട്. ദിവസം രണ്ട് മണിക്കൂർ വീതം ആറ് ദിവസമായോ മൂന്ന് മണിക്കൂർ വീതം നാല് ദിവസമായോ ഇത് പൂർത്തിയാക്കാം. ആയിരക്കണക്കിനാളുകൾ അച്ചന് കീഴിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ശരീരത്തെയും മനസ്സിനെയും ചിട്ടപ്പെടുത്തിക്കൊണ്ട് മനുഷ്യ ജീവിതത്തിന് സ്വാസ്ഥ്യം പകരുകയാണ് യോഗ ചെയ്യുന്നത്. അതിനെ കേവലം ജിംനാസ്റ്റിക്സായി മാറ്റി കൈയടി നേടാനുള്ള ശ്രമം ശരിയല്ല. പ്രകൃതിയും മനുഷ്യനും ദൈവവും യോഗയിൽ സമന്വയിക്കപ്പെടുന്നു. ഇത് ദൈവത്തിങ്കലേക്ക് മനസ്സിനെ ഉയർത്താനുള്ള ഉപാധിയാണ്... അതിനാൽ ത്തന്നെ എല്ലാ മതസ്ഥർക്കും ഇത് പ്രയോജനപ്പെടുത്താമെന്നും പീറ്ററച്ചൻ പറയുന്നു.
( ഫാ. പീറ്ററിന്റെ ഫോൺ നമ്പർ: 8089263220)