രുപക്ഷേ പ്രീത ടെലികോം എന്‍ജിനീയര്‍ ആയിരുന്നില്ലെങ്കിലോ? കക്ഷി എന്തായാലും വെറുതെയിരിക്കാനൊന്നും പോകുന്നില്ല. നൃത്തത്തോടുള്ള കമ്പം പണ്ടേ തലയ്ക്കുപിടിച്ചിരുന്നു. മത്സരവേദികളില്‍ തകര്‍പ്പന്‍ പ്രകടനമൊക്കെ കാഴ്ചവെച്ച പ്രീത ജോലി കിട്ടി വര്‍ഷങ്ങള്‍ക്കുശേഷം മൂന്ന് വേദികളില്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. ഭരതനാട്യത്തില്‍ ഡിപ്ലോമയും ചെയ്തു. ഇതിനിടയിലാണ് സ്വന്തം നാടായ ഷൊര്‍ണൂരില്‍ ഒരു യോഗക്ലാസ് സംഘടിപ്പിച്ചാലോ എന്ന ആലോചനയുണ്ടായത്.

യോഗ സെന്റര്‍ തുടങ്ങാനുള്ള സ്ഥലവും കണ്ടെത്തി പത്രത്തില്‍ പരസ്യവും കൊടുത്തു. പരിശീലകനെയും കണ്ടെത്തി. പിന്നീടങ്ങോട്ട് കണ്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ഇവരെത്തേടിവരികയായാണ്. സ്വന്തം സ്ഥാപനത്തില്‍ പ്രീതയും ഒരു വിദ്യാര്‍ഥിയാണ്.

yoga
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

ശാരീരികവും മാനസികവും ബുദ്ധിപരവുമായ എല്ലാ ഉന്നമനവും ലക്ഷ്യംവെച്ചുകൊണ്ടാണ് ഇവിടെ യോഗ പരിശീലിപ്പിക്കുന്നത്. ചിട്ടയായ ഭക്ഷണക്രമത്തിലൂടെ ജീവിതശൈലി രോഗങ്ങളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നു. 

ഉദ്യോഗസ്ഥരും സ്ത്രീകളും കുട്ടികളും പ്രായമായവരുമെല്ലാം ഇവിടെ പഠിക്കുന്നുണ്ട്. ചിലര്‍ക്ക് എത്ര ശ്രമിച്ചാലും ഉറങ്ങാന്‍ പ്രയാസം. മറ്റുചിലര്‍ക്ക് ബൈക്ക് ഓടിക്കുമ്പോള്‍ കൈയില്‍ തരിപ്പ്. ചിലര്‍ക്ക് മുട്ടുവേദന. ഇനി ചിലര്‍ക്ക് മൈഗ്രേന്‍. ഞായറാഴ്ചകളില്‍ വൈകുന്നേരം അഞ്ചുമണിമുതല്‍ ആറുമണിവരെയുള്ള യോഗപരിശീലനംകൊണ്ട് ഇവരുടെയൊക്കെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായതായി പ്രീത പറയുന്നു.

യോഗയെ ഒരു കച്ചവടമാക്കി മാറ്റുകയല്ല പ്രീതയുടെ ലക്ഷ്യം. അതുകൊണ്ട്തന്നെ പൊതുജനങ്ങളിലൂടെ ശ്രദ്ധ ആകര്‍ഷിക്കാനായി വലിയ ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ല. സ്വന്തം മനസ്സില്‍ ഉദിച്ച ആശയമായിരുന്നു ഷൊര്‍ണൂരില്‍ ഒരു യോഗ പഠനകേന്ദ്രം ആരംഭിച്ചുകയെന്നത്. ഒറ്റപ്പാലത്ത് ബി.എസ്.എന്‍.എല്‍ ഓഫീസിലാണ് പ്രീത ജോലി ചെയ്യുന്നത്.

ശാരീരികമായി താന്‍ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകള്‍ യോഗയിലൂടെ മാറ്റാനായതായി ഇവര്‍ പറയുന്നു. 16ആഴ്ചകള്‍ നീണ്ട ക്ലാസ് ആണ് ഇവിടെ നടക്കുന്നത്. തൃശൂര്‍ പാമ്പാടിയിലെ നെഹ്‌റു കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് റിസര്‍ച്ച് സെന്ററിലെ യോഗ പരിശീലകനായ കെ.കെ കേശവന്‍കുട്ടിയാണ് എല്ലാ ഞായറാഴ്ചകളിലും ഇവിടെവന്ന് പരിശീലനം നല്‍കുന്നത്.

yoga
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

ദേഹം അനങ്ങാത്തതാണ് എല്ലാ രോഗങ്ങളുടെയും പ്രധാന കാരണമെന്ന് ഇദ്ദേഹം പറയുന്നു. ഇന്നത്തെ കുട്ടികള്‍ ശുദ്ധവായു ശ്വസിക്കുന്നില്ല, കളിക്കുന്നില്ല, മണ്ണിലൂടെ നടക്കുന്നില്ല. ആരോഗ്യമില്ലാത്ത ഒരു സമൂഹമായ നമുക്ക് മുന്നിലുള്ളതെന്ന് കേശവന്‍കുട്ടി ഓര്‍മിപ്പിക്കുന്നു.

''ആചരിച്ചുവരുന്ന ക്രിയകളാണ് യഥാര്‍ഥത്തില്‍ യോഗ. ശരിയായ രീതിയില്‍ ആചരിച്ചുകഴിഞ്ഞാല്‍ വളരെയധികം മാറ്റങ്ങള്‍വരും. വിദേശികള്‍ യോഗ അറിഞ്ഞ് അനുഷ്ഠിക്കുന്നവരാണ്. നമ്മള്‍ പൊതുവേ ഒരു അനുഷ്ഠാനമെന്ന നിലയില്‍ എങ്ങനെയെങ്കിലും ചെയ്തു തീര്‍ക്കണമെന്ന് മാത്രം ചിന്തിക്കുന്നവരാണ്'' കേശവന്‍കുട്ടി തന്റെ 26വര്‍ഷത്തെ അനുഭവത്തില്‍നിന്ന് സാക്ഷ്യപ്പെടുത്തുന്നു.

നമ്മള്‍ ഏതുനാട്ടിലായാലും പ്രത്യേകിച്ചൊരു ചെലവുമില്ലാതെ ജീവിതാവസാനംവരെ ചെയ്യാന്‍ കഴിയുന്നതാണ് യോഗയെന്ന് ഇവര്‍ നമുക്ക് പറഞ്ഞുതരുന്നു. സന്തോഷകരവും ആരോഗ്യപൂര്‍ണവുമായ ജീവിതത്തിന് യോഗ ഒരു അനിവാര്യഘടകമാണെന്നുതന്നെയാണ് ഇവിടെ വരുന്ന ഓരോരുത്തരും ഉറപ്പു പറയുന്നത്. നമ്മുടെ ജീവിതശൈലി ചിട്ടിപ്പെടുത്തുന്ന ടെക്‌നിക്കാണ് യോഗ. നമ്മുടെ ശ്രദ്ധ നമ്മളിലേക്കുതന്നെ തിരിച്ചുവിടുക. അതുവഴി സ്വന്തം ശരീരത്തേയും മനസിനെയും അറിയാന്‍ ശ്രമിക്കുക