യോഗശാസ്ത്രം ഇന്ത്യയിൽ നിലവിൽ വന്നിട്ട് നൂറ്റാണ്ടുകളായി. ആയുർവേദംപോലെ ഒരു ചികിത്സാശാസ്ത്രമായിട്ടല്ല യോഗം നിലനിന്നിരുന്നത്. യോഗശാസ്ത്രം എന്നുപറയുന്നതിനെക്കാൾ ‘യോഗദർശനം’ എന്നു പറയുന്നതാകും കൂടുതൽ ശരി. ദർശനം എന്നാൽ കാഴ്ചപ്പാട് എന്നർഥം. ലോകത്തെ വ്യത്യസ്തമായ തലങ്ങളിൽനിന്നു നോക്കിക്കാണാൻ പണ്ടുമുതൽതന്നെ ശ്രമങ്ങൾ ഉണ്ടായതായി കാണാം.

അങ്ങനെയാണ് പല ദർശനങ്ങളും രൂപപ്പെട്ടുവന്നത്. സാംഖ്യം, ന്യായം, വൈശേഷികം, പൂർവമീമാംസ, ഉത്തരമീമാംസ തുടങ്ങിയവയും യോഗവും ചേർന്ന് ഇവയെ ഷഡ്ദർശനങ്ങൾ എന്നുപറയുന്നു. ജീവിതത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും ലോകത്തെക്കുറിച്ചുമൊക്കെ ഒട്ടേറെ ചിന്തകൾ മനുഷ്യൻ ഉണ്ടായകാലം മുതൽതന്നെ ആവിർഭവിച്ചിട്ടുള്ളതാണ്. അടുക്കും ചിട്ടയോടുംകൂടി കാര്യകാരണസഹിതം വസ്തുനിഷ്ഠമായി പറയുമ്പോഴാണ് അവയ്ക്ക് ശാസ്ത്രസംജ്ഞ കൈവരുന്നത്. അത്തരത്തിലാണ് യോഗത്തെ യോഗശാസ്ത്രം എന്നു പറയുന്നത്.

പുസ്തകം വാങ്ങാം

ആധുനികകാലത്ത് സയൻസിനെ നിർവചിക്കുമ്പോൾ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. പൗരാണികകാലത്തെ ശാസ്ത്രങ്ങളെ നിർവചിക്കുമ്പോൾ അന്നത്തെക്കാലത്ത് ലഭ്യമായ മാനദണ്ഡങ്ങൾക്കനുസരിച്ചുതന്നെയാണ് ഈ പ്രക്രിയ നടന്നുവന്നിരുന്നത്. മാത്രവുമല്ല, അക്കാലത്ത് നിലനിന്നിരുന്ന ശാസ്ത്രങ്ങൾക്കൊക്കെ നിയതമായ ഒരു ദാർശനികതലവും ഉണ്ടായിരുന്നു.

മനസ്സിനെ നിയന്ത്രിക്കണം എന്നു പറയുന്നത് എളുപ്പമാണ്. എന്നാൽ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ് അതിലെ ബുദ്ധിമുട്ടുകൾ ബോധ്യപ്പെടുക. ഓരോ നിയന്ത്രണത്തിൽനിന്നും കുതറിമാറാനുള്ള പ്രവണത മനസ്സ് തുടർന്നുകൊണ്ടേയിരിക്കും. മനസ്സിനെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കേണ്ടത് ശരീരത്തെയും ശരീരചലനങ്ങളെയും നിയന്ത്രിക്കുകവഴിയായിരിക്കണം എന്ന നിഗമനത്തിൽനിന്നാണ് യോഗാസനങ്ങൾ ആരംഭിച്ചിട്ടുണ്ടാവുക. ആസനങ്ങൾ കേവലം ശരീരചേഷ്ടകൾ മാത്രമായി മാറാതിരിക്കണമെങ്കിൽ അനുവർത്തിക്കേണ്ട ധാർമികവും സദാചാരപരവുമായ ചില ജീവിതചര്യകൾകൂടി പാലിക്കേണ്ടതുണ്ട്. ഈ ചര്യകളെ ‘യമം’, ‘നിയമം’ എന്നാണ് പറയുന്നത്.
മനസ്സിന്റെ ഭാവമാറ്റങ്ങൾ സൂക്ഷ്മമായി പ്രതിഫലിക്കുന്നത് ശ്വാസഗതിയിലായിരിക്കും. സംഘർഷങ്ങളും പിരിമുറുക്കങ്ങളും വിക്ഷോഭങ്ങളും സന്തോഷവും ശാന്തിയുമൊക്കെ ശ്വാസഗതിയിൽ ഉൾച്ചേർന്നിരിക്കുന്നു. ശ്വാസഗതിയെ നിയന്ത്രിക്കുകവഴി മനസ്സിനെ നിയന്ത്രിക്കാനുള്ള ശ്രമവും സ്വായത്തമാക്കാൻ കഴിയുമെന്ന തത്വമാണ് യോഗശാസ്ത്രത്തിലുള്ളത്. ഈയൊരു പ്രവർത്തനത്തെ ‘പ്രാണായാമം’ എന്നാണ് നിർവചിച്ചിരിക്കുന്നത്.

ചുരുക്കത്തിൽ യമം, നിയമം, ആസനം, പ്രാണായാമം എന്ന നാലുപാദങ്ങളും മനുഷ്യന്റെ ശാരീരികവും സാമൂഹികവുമായ ആരോഗ്യത്തെയാണ് ലക്ഷ്യമിടുന്നത്. സമ്പുഷ്ടമായ ഒരു ആരോഗ്യശീലം ഉണ്ടാക്കിയെടുക്കാനുള്ള സാധ്യതയാണ് യോഗത്തെ ഒരു ചികിത്സാശാസ്ത്രമെന്നരീതിയിൽ രൂപപ്പെടുത്തിയത്. ഇതോടൊപ്പംതന്നെ മനുഷ്യമനസ്സിനെ ഉയർന്ന തലങ്ങളിലേക്കു നയിക്കുന്ന പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ പരിശീലനങ്ങളും യോഗത്തിന്റെ ഭാഗമായിട്ടുള്ളതാണ്.

യോഗം പലരീതിയിൽ പ്രചരിച്ചുവരുന്നുണ്ട്. ഇന്ത്യയിൽ പല കേന്ദ്രങ്ങളിലും വ്യത്യസ്തമായ രീതിയിലാണ് യോഗം അഭ്യസിച്ചുവരുന്നത്. ‘അഭ്യാസം’ എന്ന വാക്കിന് ആവർത്തിച്ചു ചെയ്യുക എന്ന അർഥമുണ്ട്. എന്നാൽ യോഗത്തെ കേവലം ഒരു അഭ്യാസം എന്ന നിലയിലോ വ്യായാമമുറ എന്ന നിലയിലോ കാണുന്നത് ഉചിതമല്ല. ഓരോ രോഗത്തിനും ഉതകുന്ന ആസനങ്ങൾ, പ്രാണായാമം എന്നിവ തിരഞ്ഞെടുത്ത് ചിട്ടപ്പെടുത്തിയ പരിശീലനക്രമമാണ് വേണ്ടത്. അത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ പ്രതിഫലനമാണ് ഈ പുസ്തകം എന്നുവേണം കരുതുവാൻ.

(മാതൃഭൂമി ബുക്സ്‌ പ്രസിദ്ധീകരിക്കുന്ന 'രോഗശാന്തിക്ക്‌ യോഗ " എന്ന പുസ്തകത്തിന്റെ അവതാരിക)

പുസ്തകം വാങ്ങാം

ഡോ. സി.വി. ജയദേവൻ (പ്രൊഫസർ, കായചികിത്സാവിഭാഗം, വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളേജ്, കോട്ടയ്ക്കൽ)