കുടുംബത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധിയാണ് അമേയ. അവളുടെ യോഗാഭ്യാസത്തിൽ നിന്നുതന്നെ കുടുംബത്തെ ക്കുറിച്ച് അറിയാം. ചിട്ടയായ പരിശീലനത്തിലൂടെ മാത്രം സാധ്യമാകുന്ന ഏറ്റവും ശ്രമകരമായ അഭ്യാസം പോലും നിഷ്‌പ്രയാസം വഴങ്ങുന്ന കൊച്ചുമിടുക്കിയെ മാത്രമല്ല യോഗദിനത്തിൽ പരിചയപ്പെടേണ്ടത്. കൃത്യമായ യോഗ പരിശീലനത്തിലൂടെ ഇന്നും കൂട്ടുകുടുംബമായി സ്നേഹത്തോടും സന്തോഷത്തോടും കഴിയുന്ന തൃപ്പൂണിത്തുറ എരൂരിലെ യോഗാചാര്യന്മാരുടെ കുടുംബത്തെ കൂടിയാണ്.

ശരീരത്തിന് ആരോഗ്യവും മനസ്സിന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ജീവിതചര്യയാണ് അമേയ മുതൽ മുത്തശ്ശനായ സുബ്രഹ്മണ്യൻ വരെയുള്ള പതിനഞ്ചംഗ കുടുംബത്തിന് യോഗ. സുബ്രഹ്മണ്യന്റെ മക്കൾ ശ്രീകാന്ത്, അയ്യപ്പൻ, രാജേന്ദ്രൻ എന്നീ യോഗാചാര്യന്മാർ ഇതിനോടകം ആറായിരത്തിലേറെ പേർക്ക് യോഗ പാഠങ്ങൾ പറഞ്ഞുകൊടുത്തിട്ടുണ്ട്. രാജേന്ദ്രനിൽ നിന്ന് യോഗയിലൂടെ ആരോഗ്യജീവിതം തിരിച്ചുപിടിച്ച വിദേശികളും സ്വദേശികളും ആയിരക്കണക്കിനാണ്. ഒരു കുടുംബം ലാഭേച്ഛ കൂടാതെ യോഗപാഠങ്ങൾ പകർന്നു നൽകുമ്പോൾ ശാന്തിയും സമാധാനവും കൂടുതൽ കുടുംബങ്ങൾക്ക് കരുത്തായി മാറുകയാണ്.

യോഗാചാര്യരായ ടി.ജി. ചിദംബരം, ഗോവിന്ദൻ നായർ, കനക സുബ്ബുരത്നം എന്നിവരിലൂടെയാണ് ഇവർ മൂവരും യോഗ അഭ്യസിച്ചത്. ഇളയ സഹോദരനായ രാജേന്ദ്രൻ പക്ഷെ തുടർന്നും യോഗപാഠങ്ങൾ സ്വായത്തമാക്കി. ശിവാനന്ദാശ്രമം, ബോംബെ സ്കൂൾ ഓഫ് യോഗ, ഡോ. ജെ. ജയലക്ഷ്മി എന്നിവരിൽ നിന്നായി തുടർന്നും യോഗ അഭ്യസിച്ചു. തുടർന്ന് രണ്ട് വർഷം ഓൾ കേരള യോഗ അസോസിയേഷന്റെ സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തി.

കോളേജ് പഠനം കഴിഞ്ഞ് ശ്രീകാന്താണ് യോഗദർശൻ എന്ന യോഗ പഠന ക്ലാസ് തുടങ്ങിയത്. 20 വയസ്സ് പിന്നിട്ട ഈ സംരംഭത്തിൽ അന്നു മുതൽ തന്നെ സഹോദരങ്ങളായ അയ്യപ്പനും രാജേന്ദ്രനും അംഗങ്ങളായി. ഇന്ന് ശ്രീരാമകൃഷ്ണ മഠം, റീജണൽ സ്പോർട്‌സ് സെന്റർ എന്നിവിടങ്ങളിൽ കൂടാതെ വീട്ടിലും യോഗ പഠന കേന്ദ്രമുണ്ട്. മൂന്ന് മാസത്തെ കോഴ്‌സാണ് സ്വദേശികൾക്ക് പ്രധാനമായും നൽകുന്നത്. ജീവിതശൈലീ രോഗങ്ങൾക്ക് ഉചിതമായ പാഠങ്ങൾ പകർന്നു നൽകി, ഭാരം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും വിധമാണ് ഇവിടത്തെ ക്ലാസുകൾ. ഈ സഹോദരങ്ങൾക്കൊപ്പം അച്ഛൻ സുബ്രഹ്മണ്യനും അമ്മ രാജേശ്വരിയും യോഗ അഭ്യസിച്ചു.

ശ്രീകാന്തിനൊപ്പം ഭാര്യ വിജയലക്ഷ്മിയും യോഗ പരിശീലിപ്പിക്കുന്നുണ്ട്. ഇവരുടെ മക്കൾ അർജുൻ കൃഷ്ണയും വാൻഷി കൃഷ്ണയും യോഗ സ്വായത്തമാക്കിയിട്ടുണ്ട്. അയ്യപ്പന്റെ ഭാര്യ ശോഭനയും മകൻ കല്യാൺ കൃഷ്ണയും രാജേന്ദ്രന്റെ ഭാര്യ നിത്യയും യോഗ ദിനചര്യയായി കൊണ്ടുനടക്കുന്നു. അച്ഛന്റെ യോഗയോടുള്ള ആത്മാർത്ഥമായ സ്നേഹം അതേപടി കൊണ്ടുനടക്കുന്നയാളാണ് കുടുംബത്തിലെ  ഇളയ അംഗം അമേയ. ഇവരുടെ സഹോദരി ഇന്ദിരയും മക്കളും ഇപ്പോൾ യോഗ അഭ്യാസിക്കുന്നുണ്ട്.

ആയിരത്തിലധികം വിദേശികളെ ഇതിനോടകം രാജേന്ദ്രൻ യോഗ അഭ്യസിപ്പിച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്നും ഇസ്രയേലിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും നിരവധി പേർ നേരിട്ട് തൃപ്പൂണിത്തുറ എരൂരിലെ വസതിയിലെത്തിയിട്ടുണ്ട്. എൽ.എസ്.ജി. കമ്പനിയുടെ സി.ഇ.ഒ. ഗ്യാരി ആർ. മർകോം ഇന്ന് ഈ കുടുംബത്തിലെ അംഗമാണ്. ഇസ്രയേലിലെ റീഡ്മാൻ കോളേജിന്റെ ഉടമയായ സാലി റീഡ്മാനും ഈ കുടുംബം വളരെ വേണ്ടപ്പെട്ടതാണ്. തന്റെ നാട്ടുകാരെ യോഗ അഭ്യസിപ്പിക്കുന്നതിന് ഇസ്രയേലിലെ പല നഗരങ്ങളിലും രാജേന്ദ്രൻ യോഗ ക്ലാസെടുക്കാൻ ചെന്നിട്ടുണ്ട്. ഇവരെ കൂടാതെ ജസ്റ്റിസ് ടി.ആർ. രാമചന്ദ്രൻ നായർ, പ്രൊഫ. എം.കെ. സാനു, മുൻ എം.പി. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവരും ഇവരുടെ ശിഷ്യഗണത്തിൽ ഉണ്ട്.

എന്നാൽ യോഗയിൽ നിന്ന് ജീവിതോപാധി തേടുകയെന്ന ലക്ഷ്യം ഈ സഹോദരങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ ഇല്ല. അച്ഛന്റെ വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ആരോഗ്യജീവിതം എന്ന ലക്ഷ്യം മുൻനിർത്തി ജൈവ പച്ചക്കറി സ്റ്റാളും പുതുക്കുളങ്ങര ക്ഷേത്രത്തിന് സമീപം ഇവർ ആരംഭിച്ചിട്ടുണ്ട്. 2000 രൂപയാണ് മൂന്ന് മാസത്തെ കോഴ്‌സിന് ഇവർ ഈടാക്കുന്നത്. ശ്രീരാമകൃഷ്ണ മഠത്തിൽ ഞായറാഴ്ചയും വീട്ടിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും റീജണൽ സ്പോർട്‌സ് സെന്ററിൽ വ്യാഴാഴ്ചയും ആണ് ക്ലാസ്. യോഗ, രാജ്യത്തിന്‌ അന്താരാഷ്ട്ര തലത്തിൽ അഭിമാനാർഹമായ സ്ഥാനം നൽകുന്ന വ്യായാമ മുറയാണെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. ഏറ്റവും അനുയോജ്യമായ കാലത്താണ് യോഗയ്ക്ക് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ലഭിച്ചിരിക്കുന്നത്. മതപരമായി അതിനെ കാണാതെ സംസ്കാരത്തിന്റെ ഭാഗമായി കണ്ട് പരിശീലിക്കണമെന്നും അതിലൂടെ ആരോഗ്യപരവും സന്തോഷകരവുമായ ജീവിതം സാധ്യമാകുമെന്നും ഇദ്ദേഹം ഉറപ്പിച്ചു പറയുന്നു.
kirangangadharan21@gmail.com 

yoga