ഭക്ഷണപ്രേമികളായ കോഴിക്കോട്ടുകാര്‍ ആഘോഷമാക്കി മാറ്റിയ മാതൃഭൂമി ഫുഡ് ഫെസ്റ്റിവലില്‍ നിറഞ്ഞു നില്‍ക്കുന്നത് പരമ്പരാഗത മലബാറി ഭക്ഷണങ്ങളുടെ വൈവിധ്യമാണെങ്കിലും, രുചികരമായ സസ്യാഹാരങ്ങളും പാനീയങ്ങളും മേളയില്‍ ലഭ്യമാണ്. ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാണ് കോഴിക്കോട്ടുകാരനായ പ്രേംചന്ദിന്റെ ചന്തൂസ് പായസം സ്റ്റാള്‍. 

വിഭവസമൃദ്ധമായ സദ്യയും, നോണ്‍വെജ് ഭക്ഷണവും വിളമ്പുന്ന ചന്തൂസ് കാറ്ററിംഗിന്റെ ഉടമയാണ് പ്രേം ചന്ദ്, എന്നാല്‍ മാതൃഭൂമി ഫുഡ് ഫെസ്റ്റിവലില്‍ അദേഹം ശ്രദ്ധേയനാവുന്നത് തീര്‍ത്തും വ്യത്യസ്തവും രുചികരവുമായ പായസം വിളമ്പിയാണ്. കോഴിക്കോടന്‍ ഹല്‍വ പായസം, പൈനാപ്പിള്‍ പ്രഥമന്‍, മത്തന്‍ചക്കര പ്രഥമന്‍, തുടങ്ങിയവ കൂടാതെ കാരറ്റ് പായസം, ആപ്പിള്‍ പായസം, ഇളനീര്‍ ചില്‍ഡ് പായസം തുടങ്ങി ഇതുവരെ കാണത്തതും കേള്‍ക്കാത്തതുമായ പായസങ്ങള്‍ തേടിയാണ്   ഫുഡ്‌ഫെസ്റ്റിവല്‍ വേദിയിലെ ചന്തൂസ് സ്റ്റാളില്‍ ആള്‍ക്കൂട്ടം നിറയുന്നത്. 

മാര്‍ക്കറ്റിംഗിന് വേണ്ടി മാത്രം  വിഭവങ്ങള്‍ കണ്ടെത്തി വിളമ്പുക എന്നതിലപ്പുറം ഒരിക്കല്‍ നുണഞ്ഞാല്‍ പിന്നെ ആ രുചിക്ക് അടിമപ്പെടുന്നവിധമുള്ള സ്വാദാണ് ചന്തൂസ് സ്റ്റാളിലെ പായസങ്ങളുടെ പ്രത്യേകത. പായസങ്ങളില്‍ വ്യത്യസ്തത കണ്ടെത്താന്‍ ഒന്നരവര്‍ഷത്തോളമായി പരീക്ഷണങ്ങള്‍ നടത്തുന്ന പ്രേംചന്ദ്, താന്‍ കണ്ടെത്തിയതില്‍ ഏറ്റവും മികച്ച വിഭവങ്ങളുമായാണ് ഇതവണത്തെ മേളയ്ക്ക് എത്തിയിരിക്കുന്നത്. 

കുടിക്കുന്ന പോലെ അത്ര എളുപ്പമല്ല പായസം ഉണ്ടാക്കാന്‍ എന്ന് പ്രേംചന്ദ് പറയുന്നു. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ സമയമെടുത്താണ് ഒരോ പായസവും പ്രേംചന്ദ് പാകം ചെയ്യുന്നത് ചെറുതീയില്‍ നന്നായി ഇളക്കി കുറുക്കി എടുത്താണ് പായസം തയ്യാറാക്കുന്നത്. കോഴിക്കോടന്‍ ഹല്‍വ പായസം പോലുള്ള വിഭവങ്ങള്‍ തയ്യാറാക്കണമെങ്കില്‍ ഹല്‍വയും ഇതുപോലെ കുറുകി വരണം. പായസം നിര്‍ത്താതെ ഇളക്കാനും, ആദ്യാവസാനം ഒരേ ചൂടില്‍ പാകം ചെയ്യാനും ശ്രദ്ധിക്കണം പായസം ഉണ്ടാക്കുന്നതിന് പിറകിലെ പ്രയാസങ്ങള്‍ പ്രേംചന്ദ് വിശദീകരിക്കുന്നു. 

അടുക്കളയിലെ ഈ കഷ്ടപ്പാടുകളെല്ലാം പക്ഷേ പ്രേംചന്ദ് മറുന്നു പോവുന്നത് പായസപ്രേമികളുടെ അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുമ്പോഴാണ്. കഴിഞ്ഞ വര്‍ഷം മുതലാണ് മാതൃഭൂമി ഫുഡ് ഫെസ്റ്റിവലില്‍ പായസം ഉള്‍പ്പെടുത്തിയത്. അടംപ്രഥമന്‍ മാത്രം വിളമ്പി മേളയില്‍ അരങ്ങേറ്റം കുറിച്ച പ്രേംചന്ദിന് തന്റെ പായസത്തിന് കിട്ടിയ സ്വീകാര്യത വലിയ ആവേശമാണ് നല്‍കിയത് . കഴിഞ്ഞ ഒരു വര്‍ഷമായി  പായസങ്ങളില്‍ നിരവധി  പരീക്ഷണം നടത്തിയ പ്രേംചന്ദ് അതില്‍ ഏറ്റവും മികച്ച പായസങ്ങളുമായാണ് ഇക്കുറി മേളയ്ക്ക് എത്തിയിരിക്കുന്നത്. പായസത്തോടുള്ള പ്രേംചന്തിന്റെ പ്രണയത്തിനുള്ള സാക്ഷാത്കരമാണ്  ചന്തൂസ് പായസം സ്റ്റാളില്‍ ഇക്കുറി കാണുന്ന ആള്‍ക്കൂട്ടവും.