കുട്ടിപ്പാട്ടിന്റെ താളത്തില്‍ രുചിയുടെ ഉത്സവമേളം

കോഴിക്കോട്: കാതില്‍ കുട്ടികളുടെ പാട്ടിന്റെ താളം. നാവില്‍ രുചിയുടെ ഉത്സവമേളം. ചുറ്റിലും നിരവധി നിറങ്ങള്‍. കാറ്റില്‍ വറുക്കുന്നതിന്റേയും പൊരിക്കുന്നതിന്റേയും വ്യത്യസ്തമായ ഗന്ധങ്ങള്‍. ഇടയില്‍ ചോദ്യങ്ങള്‍, അവയ്ക്ക് ഉത്തരം പറഞ്ഞാല്‍ അപ്പോള്‍ത്തന്നെ സമ്മാനങ്ങള്‍... അത് വെറുമൊരു ഭക്ഷ്യമേള മാത്രമാകാതിരിക്കാന്‍ ഇവയെല്ലാം ധാരാളം മതിയായിരുന്നു. കോഴിക്കോട്ട് നടക്കുന്ന പാരിസണ്‍സ് ലിബര്‍ട്ടിമാതൃഭൂമി ഭക്ഷ്യമേള സംഗീതത്തിന്റെയും രുചിയുടെയും ഗന്ധങ്ങളുടെയും അപൂര്‍വ സിംഫണിയാവുകയാണ്.

ഭക്ഷ്യമേള ഒരുദിവസം കൂടി നീട്ടി

food festivalകോഴിക്കോട്: പാരിസണ്‍സ് ലിബര്‍ട്ടിമാതൃഭൂമി ഭക്ഷ്യമേള ഫിബ്രവരി ഒന്നിലേക്കുകൂടി നീട്ടി.ജനത്തിരക്കും നഗരത്തില്‍ 31ന് ആരംഭിക്കാനിരിക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവലും കണക്കിലെടുത്താണ് രുചിമേള ഒരു ദിവസം കൂടി നീട്ടിയത്. 


മിനി ബൈപ്പാസില്‍ കെ.പി. ചന്ദ്രന്‍ റോഡിലാണ് ഭക്ഷ്യമേള നടക്കുന്നത്. വൈകുന്നേരം 5 മുതലാണ് മേള ആരംഭിക്കുക. എല്ലാ ദിവസവും കലാ സന്ധ്യകളുമുണ്ട്.

ശനിയാഴ്ച വൈകുന്നേരവും വലിയ ഒഴുക്കായിരുന്നു ഭക്ഷ്യ നഗരിയിലേക്ക്. കുടുംബങ്ങളായിരുന്നു കൂടുതലും എത്തിയിരുന്നത്. അമ്പതോളം കുട്ടികളാണ് ഭക്ഷണത്തിന്റെ ഉത്സവപ്പന്തലില്‍ പാടാനായി എത്തിയത്. അവര്‍ മലയാളത്തിലെ അപൂര്‍വ ഗാനങ്ങള്‍ പാടി. അത് കേട്ടുകൊണ്ട് ജനങ്ങള്‍ ഉണ്ണിയപ്പം മുതല്‍ ഉപ്പുമാങ്ങവരെയും കുഞ്ഞിക്കലത്തപ്പം മുതല്‍ കിഴി ബിരിയാണിവരെയുമുള്ള വിവിധങ്ങളായ ഭക്ഷണങ്ങള്‍ രുചിച്ചു. പാരിസണ്‍സ് ലിബര്‍ട്ടിയുടെ പ്രത്യേകസ്റ്റാളില്‍ കേക്കുണ്ടാക്കുന്നതില്‍ പരിശീലനം നല്‍കി ഭക്ഷ്യമേളയെ ഒരു പരിശീലനക്കളരികൂടിയാക്കി. വെള്ളിയാഴ്ച പൊറാട്ടയുണ്ടാക്കാനാണ് ഇവര്‍ പരിശീലനം നല്‍കിയത്.

image 1രാത്രി വളര്‍ന്നതോടെയാണ് ഭക്ഷണപ്രിയരുടെ ഒഴുക്കും കൂടിയത്. പിറ്റേന്ന് ഞായറാഴ്ചയുടെ അവധി ദിവസമായതിനാല്‍ കുടുംബങ്ങള്‍ കൂടുതല്‍ സമയം ഭക്ഷണം രുചിച്ചും പാട്ടുകേട്ടും നഗരിയില്‍ ചെലവഴിച്ചു. 'മൊയ്തീന്‍കാന്റെ തീക്കടയി'ല്‍ ശനിയാഴ്ച വലിയ തിരക്കായിരുന്നു. പുതിയാപ്പിളച്ചിക്കനും കോഴികൂവലും  കുറുവ കാടയുമെല്ലാം ജനങ്ങള്‍ ആസ്വദിച്ചുകഴിച്ചു. ഇറാം മോട്ടോഴ്‌സ് സെല്‍ഫി മത്സരം സംഘടിപ്പിച്ചും നല്ല പാട്ടുപാടിയ കുട്ടികളെ തിരഞ്ഞുപിടിച്ചും സമ്മാനങ്ങള്‍ അപ്പപ്പോള്‍ വിതരണം ചെയ്തു.

 

ലൈവ് ഭക്ഷണ ശാലയ്ക്ക് മുന്നില്‍ ലൈവ് സമ്മാനദാനങ്ങള്‍. ഹോട്ടലുകളില്‍ അധികം രുചിക്കാന്‍ ലഭിക്കാത്ത ഷാഹുലിന്റെ കിഴി ബിരിയാണിക്കും ശനിയാഴ്ച നല്ല ആവശ്യക്കാരുണ്ടായിരുന്നു. സസ്യാഹാരപ്രിയര്‍ ദോശയില്‍ ശരണം പ്രാപിച്ചു. മധുരത്തിനായി ചന്തൂസിന്റെ പായസക്കടയിലേക്ക് പോയി. രാത്രി ഏറെ വൈകിയും കുടുംബങ്ങള്‍ ഭക്ഷ്യമേളയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഉറക്കമില്ലാതെ ഹോട്ടലുകള്‍ തുറന്നിരിക്കുന്ന കോഴിക്കോടിന്റെ ഹൃദയത്തില്‍ പാരിസണ്‍സ് ലിബര്‍ട്ടിമാതൃഭൂമി ഭക്ഷ്യമേള രുചിയുടെ രാത്രികള്‍ തുറന്നിട്ടുകഴിഞ്ഞു.