കോഴിക്കോട്: ഭക്ഷ്യമേള ആറാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോരപ്പുഴ കടയില്‍ മീനുകളുടെ സമൃദ്ധിയാണ്. ഈസ്റ്റ്ഹില്‍ സ്വദേശിനിയായ ജിഷാ മഹേഷും ഭര്‍ത്താവ് മഹേഷും ചേര്‍ന്നൊരുക്കിയ സ്‌റ്റോളിലെ സ്‌പെഷ്യല്‍ വിഭവം ലൈവ് ഞെണ്ടാണ്.

കോരപ്പുഴയില്‍ നിന്ന് ജീവനോടെ വാങ്ങുന്ന ഞെണ്ടുകളെ കൊണ്ടുണ്ടാക്കുന്ന സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക് നല്ല ഡിമാന്‍ഡുണ്ട്. ഞെണ്ടിനെക്കൂടാതെ എരുന്ത്, കൂന്തള്‍, കരിമീന്‍ ഐക്കോറ, ചെമ്മീന്‍ അയല എന്നിവക്ക് പുറമെ നല്ല മുരു ഇറച്ചിയും ഇവിടെ ലഭിക്കും. കാണാന്‍ കടുക്കയുടേതിന് സമാനമാണ് മുരു ഇറച്ചി. ഒരു നല്ല ഭക്ഷ്യവിഭവമെന്നതിലുപരി മുരുവിറച്ചിക്ക് ഒട്ടനവധി ഗുണഗണങ്ങളുമുണ്ട്. പ്രതിരോധ ശക്തി കൂട്ടാനും മുറിവുകള്‍ എളുപ്പം ഉണങ്ങുന്നതിനും ശരീരത്തിലെ രക്ത ചംക്രമണം ഉയര്‍ത്തുന്നതിനും മുരു ഇറച്ചി നല്ലതാണ്. ഹൃദ്‌രോഗത്തിനെ തടയുന്നതിനും ലൈംഗിക ശേഷി വര്‍ധിപ്പിക്കുന്നതിനും മുരുവിറച്ചി ഗുണം ചെയ്യുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

 

മീന്‍ മുളകിട്ടതിന്റെ ലൈവ് രുചിയറിണമെങ്കില്‍ കോരപ്പുഴ കടയിലൊന്നു കയറിയാല്‍ മതി. നല്ല അയലയും മത്തിയുമെല്ലാം ഇവിടെ മുളകിട്ട് കലക്കന്‍ എരിവോടെ ലഭിക്കും. ഞെണ്ട് വറുത്തരച്ച കറിയാണ് ഇവിടത്തെ ഞെണ്ട് വിഭവങ്ങളില്‍ ഏറ്റവും ആകര്‍ഷകം. പൊരിച്ച ഐക്കോറയും മറ്റു വിഭവങ്ങളും നിരത്തി വെച്ചതു കണ്ടാല്‍ തന്നെ വായില്‍ കപ്പലോടും. ഹോട്ടല്‍ മേഖലയില്‍ ആവശ്യത്തിന് പ്രവര്‍ത്തി പരിചയമുള്ള മഹേഷ് മീനുകള്‍ വാങ്ങുന്ന കാര്യത്തില്‍ നല്‍കുന്ന ശ്രദ്ധ തന്നെയാണ് ഈ കടയുടെ രുചിക്ക് പിന്നിലെ രഹസ്യം

മീന്‍ വാങ്ങാന്‍ പോവുമ്പോള്‍ കഴിയുന്നതും ലൈവായ മീന്‍ തന്നെ വാങ്ങണമെന്ന് മഹേഷ്. ചൂണ്ട മീനുകള്‍ക്കും നല്ല രുചിയാണ്. പക്ഷെ കടപ്പുറത്ത് പോയി ഇതു വാങ്ങാന്‍ അത്യാവശ്യം പരിചയം തന്നെ വേണം. ചൂണ്ട മീനുകളുടെ വായില്‍ മിക്കപ്പോഴും അതിനെ കൊളുത്തിയ കൊക്ക ഉടക്കി നില്‍ക്കുന്നുണ്ടാവും അത് ഇളക്കിമാറ്റാനും മീനുകളുടെ പഴക്കം മനസ്സിലാക്കാനുമൊക്കെ അത്യാവശ്യം നല്ല പരിചയം തന്നെ വേണമെന്ന് മഹേഷ്. 

മാതൃഭൂമിയുടെ രുചി മേള നേരത്തെ നിശ്ചയിച്ച ദിവസങ്ങള്‍ കടന്ന് ഒരു ദിവസത്തേക്ക് കൂടി നീട്ടിയ ത്രില്ലിലാണ് മഹേഷ് ദമ്പതിമാര്‍. മിക്ക ദിവസങ്ങളിലും മേള തീരും മുമ്പ് തന്നെ വിഭവങ്ങള്‍ തീരുന്ന സ്ഥിതിയാണ്. അത്രക്കധികമുണ്ട് ആവശ്യക്കാര്‍. ചിക്കന്‍, ബീഫ് കൗണ്ടറുകളെക്കാള്‍ ഭക്ഷണ പ്രേമികളെ ആകര്‍ഷിക്കുകയാണ് ഈ മീന്‍ കട.