shahul hameedമേളയുടെ ഇടയ്ക്ക് വേറൊരു മേളെയോ എന്ന് തോന്നും  മാതൃഭൂമി മലബാര്‍ ഭക്ഷ്യമേളയിലെ ക്ലാസ്സിക് സ്റ്റാളില്‍ എത്തുമ്പോള്‍. ഭക്ഷ്യമേളയിലെ ഏറ്റവും വലിയ സ്റ്റാളും ഏറ്റവും കൂടുതല്‍ ആളുകള്‍ അണിയറിയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാളും ക്ലാസിക് സ്റ്റാളാണ്. 

കോഴിക്കോട് പുതിയറ ജയില്‍റോഡില്‍ പതിനഞ്ച് വര്‍ഷത്തോളമായി ക്ലാസിക് കേറ്ററിംഗ് സര്‍വ്വീസ് നടത്തുന്ന ഷാഹുല്‍ ഹമീദാണ് ക്ലാസിക് സ്റ്റാളിലെ കപ്പിത്താന്‍. മാതൃഭൂമി ഭക്ഷ്യമേളയുടെ ആരംഭം മുതല്‍ ഷാഹുല്‍ ഹമീദും സംഘവും രുചിമേളമൊരുക്കി ഒപ്പമുണ്ട്. ഇക്കുറിയും പതിവ് തെറ്റിച്ചില്ല. വടക്കൂന്ന് തലശ്ശേരി ബിരിയാണിയും തെക്കൂന്ന് ആലപ്പുഴ മപ്പാസും കൂട്ടിമുട്ടുന്ന ഷാഹുലിന്റെ ക്ലാസ്സിക് സ്റ്റാളില്‍ മലബാറിന്റെ തനതു പലഹാരങ്ങളും കൂടി ചേരുമ്പോള്‍ ഇതിലേതു വേണം എന്ന കണ്‍ഫ്യൂഷനാണ് സന്ദര്‍ശകര്‍ക്ക്.  

തലശ്ശേരി സ്‌പെഷ്യല്‍ അപ്പങ്ങളായ നെയ്പത്തിരി, അരി ഒറോട്ടി, തേങ്ങാപത്തിരി എന്നവിയ്‌ക്കൊപ്പം ആലപ്പുഴ സ്‌പെഷഷ്യല്‍ മപ്പാസ് ചിക്കന്‍ കറി ചേര്‍ത്തൊന്ന് കഴിക്കുമ്പോള്‍ ഭക്ഷണത്തിന് ദേശാന്തരമില്ലെന്ന് നമ്മള്‍ തിരിച്ചറിയും. 

തലശ്ശേരി ബിരിയാണിയും തേങ്ങപത്തരിയും ചിക്കന്‍ മപ്പാസും ഇറച്ചി പുട്ടുമൊക്കെയാണ് ക്ലാസ്സിക് സ്റ്റാളില്‍ കൂടുതല്‍ ഡിമാന്‍ഡുള്ള വിഭവങ്ങള്‍. ഫെസ്റ്റിവല്‍ സ്‌പെഷ്യലായി ഇറക്കിയ കിഴി ബിരിയാണിക്കും നല്ല പ്രതികരണമാണുള്ളതെന്ന് ഷാഹുല്‍ പറയുന്നു. 

തലശ്ശേരിക്ക്  ബിരിയാണിയുടെ മണം പിടിച്ചു ക്ലാസിക് സ്റ്റാളിലേക്ക് കയറി ചെന്നാല്‍ ബിരിയാണി ചെമ്പിനടുത്ത് തവിയും പിടിച്ചു ജാഗ്രതയോടെ നില്‍ക്കുന്ന ലത്തുക്കയെ കാണാം. ലത്തുക്ക എന്ന വിളിക്കുന്ന ഈ ലത്തീഫാണ്  കോഴിക്കോട്ടുകാരെ അവരുടെ മണ്ണില്‍ തലശ്ശേരി ബിരിയാണി കൊടുത്ത് വയറു നിറയ്ക്കുന്നത്. സുഗന്ധദ്രവ്യങ്ങളുടെ മണം പിടിച്ച ബിരിയാണി എടുത്തു മാറ്റി, പൊരിച്ചെടുത്ത് പിന്നെ മസാല തേച്ചു ബിരിയാണി ചെമ്പിലിട്ട് പാകം ചെയ്ത കോഴികക്ഷണങ്ങള്‍ ലത്തുക്ക തവിയാല്‍ കോരിയെടുക്കുന്നത് കണ്ടാല്‍ തന്നെ വായിലേക്കൊരു കല്ലായി പുഴ ഒഴുക്കിയെത്തുമെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

lathukka