ഗുജറാത്ത് കലാപം-2002

 ഫെബ്രുവരി 27-ന് അയോധ്യയില്‍നിന്നുള്ള കര്‍സേവകര്‍ സഞ്ചരിച്ച സബര്‍മതി എക്‌സ്പ്രസ് ഗുജറാത്തിലെ ഗോധ്രയില്‍ ആക്രമിക്കപ്പെട്ടു. തീവണ്ടിക്കുള്ളില്‍ 58 കര്‍സേവകര്‍ ചുട്ടെരിക്കപ്പെട്ടു. (നാട്ടുകാരായ മുസ്ലിങ്ങളുമായുണ്ടായ തര്‍ക്കം അക്രമാസക്തമായതാണെന്നും ആസൂത്രിതമായ തീവെപ്പായിരുന്നെന്നും വാദങ്ങളുണ്ട്. ഗൂഢാലോചനാവാദം കോടതി അംഗീകരിച്ചു. 31 പ്രതികളില്‍ 11 പേരെ വധശിക്ഷയ്ക്കുവിധിച്ചു).

ഇതിനുപിന്നാലെ ഗുജറാത്ത് കലാപം എന്നറിയപ്പെട്ട കൂട്ടക്കൊല അരങ്ങേറി. മുസ്ലിങ്ങള്‍ക്കുനേരെ സംസ്ഥാനത്തുടനീളം ആക്രമണം. സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടെന്ന് അനൗദ്യോഗികകണക്ക്. സര്‍ക്കാര്‍ കണക്കില്‍ കൊല്ലപ്പെട്ടത് 790 മുസ്ലിങ്ങളും 254 ഹിന്ദുക്കളും.

നരേന്ദ്രമോദിയായിരുന്നു അന്ന് ഗുജറാത്ത് മുഖ്യമന്ത്രി. മോദിസര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന വംശഹത്യയെന്ന് കലാപത്തെ മാധ്യമങ്ങളും പ്രതിപക്ഷവും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിലയിരുത്തി. മായ കോട്‌നാനി എന്ന വനിതാമന്ത്രിയെ 28 വര്‍ത്തെ തടവിന് വിചാരണക്കോടതി ശിക്ഷിച്ചു. എന്നാല്‍, ഹൈക്കോടതി വെറുതേവിട്ടു. മോദിസര്‍ക്കാരിന് കലാപത്തില്‍ നേരിട്ട് പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനായില്ല.ഇന്ത്യയില്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനും ബാബരി മസ്ജിദ് തകര്‍ക്കലിനുംശേഷം
ആഴത്തില്‍ സാമുദായിക സ്പര്‍ധയുംവിദ്വേഷവും വളര്‍ന്നത് ഗുജറാത്ത് കലാപത്തോടെയാണ്.

 ഇന്ത്യയുടെ രൂപമാറ്റം

'പുതിയ ഇന്ത്യ'യുടെ ഉദയത്തിനുകാരണമായ ആശയങ്ങളും മനോഭാവങ്ങളും വ്യക്തികളും ചുവടുറപ്പിച്ചുതുടങ്ങിയത് ഗുജറാത്ത് കലാപത്തോടെയായിരുന്നു. നരേന്ദ്രമോദിക്ക് പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും ആത്യന്തികമായി അതെല്ലാം അദ്ദേഹത്തിന് ഗുണമായി. ഒരു ബ്രാന്‍ഡായി മാറാനും രാജ്യമെങ്ങും ആരാധകരുള്ള നേതാവായി മാറാനും ഇത് സഹായിച്ചു.

2014-ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പ് എല്‍.കെ. അദ്വാനിയെ ഒഴിവാക്കി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി.ജെ.പി. അദ്ദേഹത്തെ പ്രഖ്യാപിച്ചു. ഹിന്ദുദേശീയതയുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ഇക്കാലത്തുതന്നെ.

തൊഴിലുറപ്പുപദ്ധതി- 2005

മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി. എ. സര്‍ക്കാരാണ് ഗ്രാമീണമേഖലയില്‍ തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പുനിയമം കൊണ്ടുവന്നത്. 2006-ല്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി (എം.എന്‍.ആര്‍.ഇ.ജി.എസ്.) 200 ഗ്രാമങ്ങളില്‍ നടപ്പാക്കി. പിന്നീട് രാജ്യമൊട്ടാകെ വ്യാപിപ്പിച്ചു.


ഒറ്റനോട്ടത്തില്‍

കുടുംബത്തിലെ ഒരാള്‍ക്ക് വര്‍ഷത്തില്‍ 100 ദിവസമെങ്കിലും തൊഴില്‍ആറുവര്‍ഷം പിന്നിട്ടപ്പോഴേക്കും 32 ശതമാനം ദാരിദ്ര്യം കുറയ്ക്കാന്‍ സാധിച്ചെന്ന് കണക്ക്. അതായത്, 1.4 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്ന് മുക്തരാക്കാനായി
80 ശതമാനം ഗുണഭോക്താക്കളും സ്ത്രീകള്‍

 വിവരാവകാശനിയമം

2005 ഒക്ടോബര്‍ 12-നാണ് വിവരാവകാശനിയമം പ്രാബല്യത്തില്‍വന്നത്. ഭരണത്തിലെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പുവരുത്തുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ധനസഹായം നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ ഏതൊരു ഇന്ത്യന്‍ പൗരനും കിട്ടും.  

ഒറ്റനോട്ടത്തില്‍

പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായ സര്‍ക്കാര്‍ രേഖകള്‍ കിട്ടാന്‍ തുടങ്ങി. ഇത് അഴിമതിയും സ്വജനപക്ഷപാതവും തടയാന്‍ സഹായിച്ചു
84 വിവരാവകാശപ്രവര്‍ത്തകര്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു. നിയമം അഴിമതിക്കാരെ എത്ര ഭയപ്പെടുത്തിയെന്നതിന് തെളിവ്.ലക്ഷക്കണക്കിന് അപേക്ഷകള്‍ ഇപ്പോഴും മറുപടികാത്തുകിടക്കുന്നുണ്ട്. ഇതാണ് പ്രധാന ന്യൂനത.

അഴിമതിവിരുദ്ധ പോരാട്ടം-2011

അഴിമതിക്കെതിരേ വലിയ ജനകീയ പ്രക്ഷോഭം. ഏപ്രില്‍ അഞ്ചിന് ജന്തര്‍മന്തറിലെ രാംലീല മൈതാനിയില്‍ സാമൂഹികപ്രവര്‍ത്തകന്‍ അണ്ണ ഹസാരെയുടെ നേതൃത്വത്തില്‍ ഗാന്ധിയന്‍ രീതിയില്‍ സമരം. ഇന്ത്യയെ സമരം പിടിച്ചുകുലുക്കി.
ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും നീതിന്യായസംവിധാനത്തെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു സത്യാഗ്രഹം. അരവിന്ദ് കെജ്രിവാള്‍, സ്വാമി അഗ്‌നിവേശ്, മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ബേദി എന്നിവര്‍ ഹസാരെയ്‌ക്കൊപ്പം നേതൃനിരയില്‍.കോണ്‍ഗ്രസിന്റെ പതനം തുടങ്ങിയത് ഈ സമരത്തോടെയാണ്. ഇതിനിടെ ആം ആദ്മി പാര്‍ട്ടിയും പിറന്നു. മുന്‍ ആദായനികുതി കമ്മിഷണര്‍ അരവിന്ദ് കെജ്രിവാള്‍, യോഗേന്ദ്രയാദവ്, അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ശാന്തിഭൂഷണ്‍ എന്നിവരായിരുന്നു നേതൃത്വത്തില്‍. 2013-ഡിസംബറില്‍ ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പില്‍ എ.എ.പി. 70-ല്‍ 28 സീറ്റുനേടി രണ്ടാമത്തെ വലിയ കക്ഷിയായി.  രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍.

 വിശുദ്ധ പശു-2014

പശുസംരക്ഷണത്തിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊലകളും ആക്രമണങ്ങളും അരങ്ങേറിയത് 2014-നുശേഷമാണ്.   പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍ക്ക് പശുക്കളെ കച്ചവടം ചെയ്യുന്നതും ഇറച്ചിയും തോലും വില്‍ക്കുന്നതും ഉപജീവനമാര്‍ഗമാക്കിയ മുസ്ലിം-ദളിത് വിഭാഗങ്ങളായിരുന്നു മുഖ്യമായും ഇരയായത്.

ഇന്ത്യ സ്‌പെന്‍ഡ് എന്ന വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2012 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പശുവിന്റെ പേരിലുണ്ടായ 120 അക്രമങ്ങളില്‍ മരിച്ചത് 45 പേരാണ്.  ഇതില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍(11) നടന്നത് ഉത്തര്‍പ്രദേശില്‍. ഇന്ത്യ സ്‌പെന്‍ഡ്‌സിന്റെ കണക്കനുസരിച്ച് 2012 മുതലുള്ള കാലയളവില്‍ പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലപാതകങ്ങളില്‍ ജീവന്‍ നഷ്ടമായവരില്‍ 96 ശതമാനം (28-ല്‍ 26 പേരും) മുസ്ലിങ്ങളാണ്.

ആളിക്കത്തി പൗരത്വം-2019

പൗരത്വനിയമ ഭേദഗതി 2019 ഡിസംബര്‍ 12-ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ പ്രാബല്യത്തിലായി. മൂന്ന് അയല്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ അഭയം തേടിയ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്കാനുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ച നിയമം മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ദേശീയ പൗരത്വപ്പട്ടികയുണ്ടാക്കുമെന്ന പ്രഖ്യാപനംകൂടി വന്നതോടെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധം. ജാമിയ മിലിയ, അലിഗഢ് അടക്കം ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തെരുവില്‍. പലയിടത്തും വെടിവെപ്പും അക്രമവും. നിലവിലുള്ള പൗരന്മാരെ നിയമവും പട്ടികയും ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചെങ്കിലും പ്രക്ഷോഭങ്ങള്‍ക്ക് അറുതി ഉണ്ടായിട്ടില്ല.

മറുനാട്ടുകാര്‍ തങ്ങളുടെ സാംസ്‌കാരിക തനിമയ്ക്കും ജീവിതോപാധികള്‍ക്കും ഭീഷണിയാകുമെന്ന ആശങ്ക വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളിലും കലാപാന്തരീക്ഷം സൃഷ്ടിച്ചു