രുപതാം നൂറ്റാണ്ടിനെ അതേപടി 21-ാം നൂറ്റാണ്ടിലേക്ക് വലിച്ചുനീട്ടാന്‍ കേരളരാഷ്ട്രീയത്തിനല്ലാതെ മറ്റൊന്നിനും കഴിഞ്ഞിട്ടില്ല. പോയ ഇരുപതാണ്ടത്തെ കേരളരാഷ്ട്രീയം വിജയകരമായി സാധിച്ചത് അതാണ്. നൂറ്റാണ്ട്  മാറിയത് കേരളരാഷ്ട്രീയം  അറിഞ്ഞമട്ടേയില്ല. പതിവ് രാഷ്ട്രീയശീലങ്ങള്‍ മാറാതെയും അതിലേറെ വഷളായും  തുടരുന്നു. കക്ഷികളുടെ ചേരിമാറ്റം, വ്യക്തികളുടെ പാര്‍ട്ടിമാറ്റം, പാര്‍ട്ടികളുടെ പിളര്‍പ്പ് , 51 വെട്ടേറ്റുവീണ ടി.പി.ചന്ദ്രശേഖരന് മുന്നിലും പിന്നിലുമായി ഒഴുകിയ ചോരപ്പുഴകള്‍, രക്തസാക്ഷികളുടെ എണ്ണംപറഞ്ഞ് സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും വാതുവെപ്പുകള്‍, വര്‍ഗീയധ്രുവീകരണം, മതതീവ്രവാദം, ലാവ്ലിന്‍, സോളാര്‍, ബാര്‍കോഴകേസുകള്‍, അസംഖ്യം സ്ത്രീപീഡനങ്ങള്‍, ശബരിമല യുവതീപ്രവേശവിധിയെത്തുടര്‍ന്നുണ്ടായ  പ്രതിഷേധങ്ങള്‍ ...ഓര്‍ക്കാന്‍ വേറെയെന്തെങ്കിലുമുണ്ടെങ്കില്‍ പറയുവിന്‍. പ്രളയം വന്നതുകൊണ്ട് നവകേരള നിര്‍മാണാശയമുണ്ടായി. വരുംദശകങ്ങളില്‍ നവകേരളം പണിതീരാവീടായി മാറാതിരിക്കട്ടെ.
ചുരുക്കിപ്പറഞ്ഞാല്‍ പുതിയ നൂറ്റാണ്ടുകൊണ്ടുവന്ന നല്ലമാറ്റങ്ങളെ കേരളരാഷ്ട്രീയം ചെറുത്തുനിന്നു. വര്‍ഗീയധ്രുവീകരണവും മതതീവ്രവാദവും പോലുള്ള ചീത്ത മാറ്റങ്ങളെ ആവോളം പങ്കിട്ട് അഭിമാനിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ എന്തെല്ലാം ആശയങ്ങളാണ് കേരളത്തെ ഉലച്ചും താലോലിച്ചും കടന്നുപോയത്! നവോത്ഥാനം മുതല്‍ യുക്തിവാദം വരെ. കമ്യൂണിസം മുതല്‍ നക്സലിസംവരെ. ആധുനികത മുതല്‍ ഉത്തരാധുനികതവരെ. ഭൂപരിഷ്‌കരണം മുതല്‍ ജനകീയാസൂത്രണം വരെ...ഈ നൂറ്റാണ്ടിലിന്നേവരെ പുതിയ ആശയങ്ങളൊന്നും  കേരളരാഷ്ട്രീയത്തെ തൊട്ടില്ല. ക്വാറികള്‍ക്ക് മുന്നില്‍ കവാത്തുമറക്കുന്ന ദുര്‍ബല കാല്പനിക പരിസ്ഥിതിവാദമല്ലാതെ.

എവിടെ സഹസ്രാബ്ദയുവത?

കാലത്തിന്റെ ഡി.എന്‍.എ. നോക്കി തലമുറകളെ ഗണിക്കുന്ന രീതി പടിഞ്ഞാറുണ്ടായതാണ്. ഈ നൂറ്റാണ്ട് പിറന്നപ്പോള്‍ പ്രായപൂര്‍ത്തിയെത്തിയ തലമുറയെ മില്ലേനിയന്‍സ് എന്നവര്‍ വിളിച്ചു. 'വൈ'  ജനറേഷന്‍.  മൊഴിമാറ്റിയാല്‍ സഹസ്രാബ്ദയുവത. 1981-നും 1996-നും ഇടയില്‍ ജനിച്ചവര്‍. ഇപ്പോള്‍ നാല്‍പ്പതിന് താഴെയുള്ളവര്‍. കേരളരാഷ്ട്രീയത്തില്‍ മഷിയിട്ട് നോക്കിയാലേ അവരെ കാണാനാവൂ. ഈ തലമുറയില്‍പ്പെട്ട സ്ത്രീകളും ഇന്ന് രാജ്യങ്ങളെ നയിക്കുന്നു. രാജ്യത്ത് അവര്‍ രാഷ്ട്രീയതരംഗങ്ങള്‍ തീര്‍ക്കുന്നു. നമ്മുടെ മണ്ണില്‍ ഒരു കനയ്യകുമാര്‍ ഉണ്ടായില്ല. ചന്ദ്രശേഖര്‍ ആസാദ് രാവണും. ഇവിടത്തെ 'ഇസഡ്'  തലമുറപോലും (1990-നുശേഷം ജനിച്ചവര്‍) എസ്.എഫ്.ഐ.യുടെയോ കെ.എസ്.യുവിന്റെയോ കുടപിടിച്ചേ തെരുവിലറങ്ങാവൂവെന്ന അലിഖിതനിയമമുണ്ട്. പ്രളയം വന്നപ്പോഴാണ് രാഷ്ട്രീയക്കാരുടെ രക്ഷാകര്‍തൃത്വമില്ലാതെ അവര്‍ക്ക് സംഘടിക്കാനായത്. പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള സമരത്തില്‍ കേരളത്തിനുവെളിയില്‍ രാഷ്ട്രീയമലയാളിയുവത്വം കത്തിപ്പടരുന്നത് മാധ്യമങ്ങളിലെ വൈറല്‍ കാഴ്ചയാണ്.  മലയാളി യുവത്വത്തിന്റെ  അധ്വാനശേഷി തെളിയിക്കാന്‍ വിദേശത്തുപോകണമെന്ന് പറഞ്ഞപോലെ, രാഷ്ട്രീയ പ്രതികരണശേഷി തെളിയിക്കാനും കേരളം വിടേണ്ട അവസ്ഥയാണോ?

മത, ജാതി, വംശീയബോധങ്ങള്‍ രാഷ്ട്രീയത്തെ  ബ്ലാക്ക് മെയിലിങ്ങിന് വിധേയമാക്കിയതിനാല്‍ ആം ആദ്മി പാര്‍ട്ടി പോലുള്ള പരീക്ഷണംപോലും ഇവിടെ അസാധ്യമായി. 1957 -ല്‍ കേരള മുഖ്യമന്ത്രിയാകുമ്പോള്‍ ഇ.എ.എസിന്  പ്രായം 48. 1977-ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിയായത് 37-ാം വയസ്സില്‍. യുവാക്കള്‍ രാഷ്ട്രീയത്തിലെയും ഭരണത്തിലെയും നിര്‍ണായക പദവികളിലെത്തുന്നത് ഒരിക്കല്‍ക്കൂടി കാണാന്‍ കേരളം ഇനി എത്ര പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരും?

പക്ഷങ്ങളുടെ നിറം മങ്ങുന്നു

മുന്നണികള്‍ തമ്മിലുള്ള വ്യത്യാസങ്ങളെല്ലാം പുതിയ നൂറ്റാണ്ടില്‍ ഇല്ലാതായി. നവമുതലാളിത്തത്തോടും ഉദാരീകരണത്തോടുമുള്ള ഇടതുപക്ഷത്തിന്റെ വിപ്രതിപത്തി മാഞ്ഞു. ചുവന്ന ഹൃദയങ്ങള്‍ യു.ഡി.എഫിലെത്തി. കെ.ആര്‍.ഗൗരിയമ്മയുടെ ജെ.എസ്.എസും ജനതാദളും യു.ഡി.എഫില്‍ വന്നുപോയി. ആര്‍.എസ്.പി. യു.ഡി.എഫിലെത്തി. സി.പി.എമ്മിലൂടെവന്ന് കോണ്‍ഗ്രസിലൂടെ കയറി ബി.ജെ.പി.യുടെ നേതാവാകുന്നതില്‍ അസ്പൃശ്യത ഇല്ലാതായി. കോണ്‍ഗ്രസില്‍ എ-ഐ ഗ്രൂപ്പുകളുടെ നേരിട്ടുള്ള വെട്ടിമലര്‍ത്തല്‍ അവസാനിച്ചെങ്കിലും അവ വിശാലഗ്രൂപ്പുകളായി നിഴല്‍ വളര്‍ത്തുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ ശതമാനം 2006-ലെ 4.75 ശതമാനത്തില്‍  നിന്ന് 2016-ലെ 15 -ല്‍ എത്തിയെങ്കിലും ഗ്രൂപ്പിസം ഗ്രസിച്ചതുകൊണ്ട് കേരളത്തിനുപുറത്തുണ്ടാക്കിയ നേട്ടങ്ങളുടെ അയലത്തെങ്ങുമെത്താന്‍ ഇവിടെ ബി.ജെ.പി.ക്ക് കഴിഞ്ഞിട്ടില്ല. നേമത്തുനിന്ന് ബി.ജെ.പി.യിലെ ആദ്യ എം.എല്‍.എ.യായി ഒ. രാജഗോപാല്‍ 2016-ല്‍ സഭയിലെത്തി. ബി.ജെ.പി.യെ ചെറുക്കാന്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും സാധിക്കുന്നതിനാല്‍ ഹിന്ദുത്വരാഷ്ട്രീയത്തിനു മുന്നില്‍ കേരളം ചെറുതല്ലാത്ത കോട്ടയായി തുടരുന്നു.

 സ്ത്രീയോ, കടക്ക് പുറത്ത്

1957-ല്‍ കേരളത്തിലെ ആദ്യനിയമസഭയില്‍ ആറു സ്ത്രീകള്‍ ഉണ്ടായിരുന്നു. 1996-ല്‍ അവര്‍ 13 ആയി. 2001-ല്‍ എട്ടായി ചുരുങ്ങി. രാജ്യത്താകെ വനിതാ എം.എല്‍.എ.മാരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നകാലമാണിത്.  എന്നിട്ടും സ്ത്രീശാക്തീകരണത്തില്‍ മുന്നിലുള്ള കേരളത്തില്‍ ഇപ്പോള്‍ വനിതാ എം.എല്‍എ.മാരുടെ എണ്ണം വെറും ഒമ്പതുമാത്രം. ഈ നൂറ്റാണ്ടില്‍ രാഷ്ട്രീയത്തിലുണ്ടായ  സ്ത്രീപക്ഷ മുന്നേറ്റത്തെയും കേരളം കൗശലപൂര്‍വം ചെറുത്തുനിന്നു.  

1987-ല്‍ 'കേരംതിങ്ങും കേരളനാട് കെ.ആര്‍.ഗൗരി ഭരിക്കു'മെന്ന് മുദ്രാവാക്യമുയര്‍ന്നു.  1996-ല്‍ സുശീലാഗോപാലനും മുഖ്യമന്ത്രിയാകാനുള്ള അവസരമൊത്തുവന്നു. സി.പി.എമ്മിലെ ഗ്രൂപ്പ് താത്പര്യങ്ങള്‍ രണ്ടവസരങ്ങളെയും നശിപ്പിച്ചു.  ഈ നൂറ്റാണ്ടില്‍ ഇനി അങ്ങനെയൊരു സാധ്യതയെങ്കിലും തെളിയുമോ? അതിനുള്ള ലക്ഷണങ്ങള്‍ ചക്രവാളത്തില്‍പ്പോലുമില്ല. ഇന്ദിരാഗാന്ധിയുടെ പൈതൃകമുള്ള കോണ്‍ഗ്രസ് ഇവിടെയൊരു സ്ത്രീനേതാവുണ്ടാകുന്നതിനെപ്പറ്റി ദുഃസ്വപ്നംപോലും കണ്ടിരിക്കില്ല. ഗൗരിയമ്മയ്ക്കുശേഷം കേരളം കണ്ട ഏറ്റവും പ്രഗല്ഭയായ സ്ത്രീനേതാവ് ആദിവാസി ഗോത്രസഭയുടെ സി.കെ.ജാനുവായിരുന്നു. തങ്ങളുടെ തട്ടകത്തില്‍നിന്നല്ലാതെ ഉയര്‍ന്നുവന്ന ജാനുവിനെ ആരും ആഘോഷിച്ചില്ല. തദ്ദേശസ്ഥാപനങ്ങളിലെ സ്ത്രീപ്രാതിനിധ്യം അമ്പത് ശതമാനമാക്കി ഉയര്‍ത്തിയെങ്കിലും അതില്‍ അഞ്ചാംസ്ഥാനത്ത് ബിഹാറിനൊപ്പം തോള്‍ചേര്‍ന്ന് കിതയ്ക്കുകയാണ് കേരളം.

വെടിമുഴക്കത്തിന്റെ വസന്തം

ദളിത്, ആദിവാസി മുസ്ലിം പ്രശ്നങ്ങളെയും ദളിതരുടെയും ആദിവാസികളുടെയും ഭൂപ്രശ്‌നങ്ങളെയും അഭിമുഖീകരിക്കാനും മനസ്സിലാക്കാനും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഇപ്പോഴും മടി തന്നെ. അത്തരം ജീവല്‍പ്രശ്നങ്ങളൊക്കെ സ്വത്വവാദ രാഷ്ട്രീയത്തിന് വിട്ടുകൊടുത്ത് അവരുണ്ടാക്കുന്ന വോട്ടുബാങ്കിന്റെ പരോക്ഷഗുണം കൊയ്യുകയാണ് യു.ഡി.എഫും എല്‍.ഡി.എഫും. സ്വത്വരാഷ്ട്രീയത്തിന്റെ പേരില്‍ മതതീവ്രവാദ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിച്ചതും ഈ ദശകങ്ങളിലാണ്.

ഇവിടെനിന്ന് ഒരുകൂട്ടം യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തകരായി പോയപ്പോഴും മുഖ്യധാരാ പാര്‍ട്ടികള്‍ പതിവുപോലെ മൗനത്തിലായി.  1970-കളില്‍  വസന്തത്തിന്റെ ഇടിമുഴക്കം കേള്‍പ്പിക്കാനിറങ്ങിത്തിരിച്ച, തീവ്ര ഇടതുപക്ഷ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട മനുഷ്യര്‍ ഒഴുക്കിവിട്ട ആശയധാരകള്‍ കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ അടിമുടി ചലിപ്പിച്ചു. അങ്ങനെയുംകൂടിയാണ് കേരളത്തില്‍ ബുദ്ധിജീവികള്‍ ഉണ്ടായത്.

ഈ ദശകങ്ങളില്‍ ബുദ്ധിജീവികളെയും പാര്‍ട്ടികള്‍ പകുത്തെടുത്തു. സ്വതന്ത്ര ബുദ്ധിജീവികള്‍ വംശനാശഭീഷണിയിലാണ്.
പോയനൂറ്റാണ്ടില്‍ നക്സലൈറ്റ് വര്‍ഗീസിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നതിന്  ഐ.ജി.യായിരുന്ന കെ. ലക്ഷ്മണ ഈ നൂറ്റാണ്ടില്‍ ജയിലിലായി.

പ്രായാധിക്യം കണക്കിലെടുത്ത് മൂന്നുവര്‍ഷത്തിനുശേഷം അദ്ദേഹത്തെ  മോചിപ്പിച്ചു. എന്നാലോ,  പുതിയ നൂറ്റാണ്ടിലെ രണ്ടാം ദശകം അവസാനിക്കുന്നത് വെടിമുഴക്കത്തിന്റെ വസന്തത്തിലാണ്. മൂന്നരവര്‍ഷത്തിനുളളില്‍ ഏഴുമാവോവാദികളെ കേരളപ്പോലീസ് വെടിവെച്ചുകൊന്നു. വിദ്യാര്‍ഥികളായ അലനും താഹയും 'നഗരമാവോവാദികള്‍' എന്ന പേരില്‍ ജയിലിലാണ്. ഗുണപാഠം ഇതാണ്.
തലമുറ വൈ ആയാലും ഇസഡ് ആയാലും ജാഗ്രതൈ! വരുംദശകങ്ങളിലും നിങ്ങള്‍ കേരള ബ്രാന്‍ഡ് അലസരാഷ്ട്രീയം തന്നെ കളിച്ചുകൊണ്ടിരിക്കുക. വ്യതിചലിക്കുന്നുവെങ്കില്‍ സൂക്ഷിച്ചുവേണം.

ദ്വന്ദ്വ യുദ്ധങ്ങള്‍

ആന്റണി-കരുണാകരന്‍

കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ കേരളരാഷ്ട്രീയം എന്നപേരില്‍ കാണികള്‍ വീക്ഷിച്ചുകൊണ്ടിരുന്നത് ദ്വന്ദ്വയുദ്ധങ്ങളായിരുന്നു.1970 -കളില്‍ത്തുടങ്ങിയ  കെ.കരുണാകരന്‍, എ.കെ.ആന്റണിപ്പോര് ഈ നൂറ്റാണ്ടിന്റെ ആദ്യംവരെത്തുടര്‍ന്നു. സ്വന്തം പാര്‍ട്ടിയുണ്ടാക്കി കരുണാകരന്‍ തളരുന്നതുവരെ അത് നീണ്ടു.  

വി.എസ്.-പിണറായി

20 കൊല്ലത്തില്‍ ഏതാണ്ട് 15 വര്‍ഷവും വെള്ളിത്തിരയില്‍ തകര്‍ത്തോടിയത് വി.എസ്.-പിണറായി ഗ്രൂപ്പുപോരിന്റെ മെഗാസീരിയലാണ്. അതുരണ്ടും അവസാനിച്ചു. ഇരുപതാണ്ടത്തെ രാഷ്ട്രീയക്കഥ പറഞ്ഞാല്‍ അതിന്റെ രസച്ചരട് വി.എസ്.അച്യുതാനന്ദന്റെ ഉയര്‍ച്ചയും തളര്‍ച്ചയുമായിരിക്കും. ആ മല്ലയുദ്ധം മറ്റുപല പാര്‍ട്ടികളുടേയും വിധി നിര്‍ണയിച്ചു. അക്കഥയിലും ഉപകഥകളിലും മലയാളിക്ക് പുതുമതോന്നില്ല. പറഞ്ഞുതീരാന്‍  നൂറ്റൊന്ന് രാവുകളെങ്കിലും വേണ്ടിവരും.