ബാല്യം

കുട്ടപ്പായി ആദ്യം കാണുന്ന വാഹനം അച്ഛന്റെ ബജാജ് ചേതക്കാണ്. എന്നും രാവിലെ ചെരിച്ചുനിര്‍ത്തി ആഞ്ഞുചവിട്ടി സ്റ്റാര്‍ട്ടാക്കുന്ന ആ സ്‌കൂട്ടറായിരുന്നു അധികദിവസവും കണി. എന്നാല്‍, അടുത്തവീട്ടിലെ ചേട്ടന്റെ യമഹ ആര്‍.എക്‌സ്. 100 ആയിരുന്നു കുട്ടപ്പായിയുടെ സ്വപ്നം. പടാപടാ പൊട്ടിച്ചു പറക്കുന്ന ആ ചേട്ടനെ എല്ലാ ചുള്ളന്‍മാരുടെയും അസൂയക്കണ്ണുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ കുട്ടപ്പായിയും.

ചെമ്മണ്ണും വരണ്ടുണങ്ങി പേരിന് ടാറുകൊണ്ട് തലോടിയ റോഡുകള്‍ മിക്കവാറും വിജനമായിരുന്നു. അതില്‍ ഇടയ്ക്ക് പടക്കംപൊട്ടിക്കുന്ന ശബ്ദവുമായി ജാവയും യെസ്ഡിയുമൊക്കെ കടന്നുപോകും. കിക്കര്‍ മുന്നോട്ടിട്ട് ഗിയറാക്കി മാറ്റി യെസ്ഡിയെ മെരുക്കുന്ന ചേട്ടന്‍മാര്‍ കാമ്പസുകളില്‍ മദിക്കുന്നത് അന്നേ നോക്കിനിന്നിട്ടുണ്ട്. ബെല്‍ബോട്ടം പാന്റ്സും ലാമ്പ്രട്ടയും അന്നത്തെ താരങ്ങളിലൊന്ന്. കാറുകളിലാകട്ടെ സുന്ദരി പ്രീമിയര്‍ പത്മിനിയായിരുന്നു. ആ സൗമ്യത, സൗന്ദര്യം... അത് കണ്ടിട്ടുള്ളത് പനിപിടിച്ച് സൂചിവെക്കാനായി അച്ഛന്‍ കൊണ്ടുപോയ ഡോക്ടറുടെ വീട്ടിലാണ്. തൊട്ടും തലോടിയും കുറേനേരം അന്നേ നോട്ടമിട്ടതാണ്. പിന്നീട്, അച്ഛന്റെയും അമ്മയുടെയും കൂടെ ഓലക്കിടയിലൂടെ നൂല്‍വെളിച്ചം മുഖത്തുവീണിരുന്ന ടാക്കീസിലിരുന്നും കണ്ടിട്ടുണ്ട്. മമ്മൂട്ടിയും കുട്ടിയും പെട്ടിയും പിന്നെ പത്മിനിയും.അന്നും കുട്ടപ്പായി നോക്കിയത് പത്മിനിയെ മാത്രമായിരുന്നു.

അന്നത്തെ രാജാവായിരുന്നു അംബാസഡര്‍. ആ തലയെടുപ്പ് ഒന്ന് വേറെത്തന്നെയാണ്. ഒരിക്കല്‍ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനായി ഒന്ന് കയറിയിട്ടുണ്ട്. ആരാധനയായിരുന്നു ആ ഡ്രൈവര്‍മാമനോട്. ഇടതുകൈകൊണ്ട് ഗിയര്‍ വലിച്ചിടുമ്പോള്‍ മാമന്റെ മുഖത്തെ ഭാവം ഒന്നു കാണേണ്ടതു തന്നെയാണ്.

Bikes


പിന്നീടാണ് മാരുതിയുടെ വരവ്. ഹൈസ്‌കൂള്‍ കാലത്താണ് മാരുതി എന്ന കുഞ്ഞന്‍കാറിനെ കാണുന്നത്. ജപ്പാനിലെ സുസുക്കിയുമായി ചേര്‍ന്ന് സാധാരണക്കാരനു വേണ്ടുന്ന കാറുണ്ടാക്കാനാണ് മാരുതി തുടങ്ങിയതെന്നൊക്കെ അന്ന് കുട്ടപ്പായി പത്രത്തില്‍ വായിച്ചിരുന്നു. എന്നാല്‍, നാട്ടില്‍ കാണാന്‍ കുറച്ചുകാലം പിടിച്ചു. ഇളം നീലനിറത്തിലൊരു കുഞ്ഞന്‍ കാര്‍. കാണാനൊക്കെ ചന്തമുണ്ട്. മാരുതി 800 എന്ന് പിന്നിലെഴുതി വെച്ചിട്ടുണ്ട്. അതായിരുന്നു പിന്നീട് സ്റ്റാറ്റസ് സിംബല്‍.
 
കൗമാരം

കുണ്ടനിടവഴികള്‍ ടാറിട്ട റോഡുകളായി രൂപാന്തരപ്പെട്ടു. വാഹനങ്ങളിലും മാറ്റമായി. മാരുതിയുടെ അപ്രമാദിത്വമായിരുന്നു അവിടെ. പണ്ടുകണ്ട പലതും അപ്രത്യക്ഷമായി പകരം പുതിയവ വന്നു. ആഗോളീകരണമായിരുന്നു അതിനു പിന്നിലെന്ന് കുട്ടപ്പായി പത്രം വായിച്ച് മനസ്സിലാക്കി. പണ്ട് പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ കണ്ട വണ്ടികളില്‍ പലതും മുന്നിലൂടെ ഓടിപ്പോകുന്നത് അവന്‍ കാണുന്നുണ്ടായിരുന്നു. അതേസമയം, ആരാധിച്ച പലതും തിരശ്ശീലയ്ക്കു പിന്നിലേക്കു മറയുന്നതും കണ്ടു. അപ്പോള്‍ മാരുതി ഓള്‍ട്ടോയുടെ പിന്നിലായിരുന്നു നാട്ടുകാര്‍.

അംബാസഡറും കോണ്ടസയും മറ്റും കിടന്ന വലിയ വീടുകളുടെ പോര്‍ച്ചുകളില്‍ മാരുതിക്കാറുകള്‍ വിരാജിച്ചു. 21-ാം നൂറ്റാണ്ടിലേക്കുള്ള ആഘോഷത്തിലായിരുന്നു ലോകം. കുട്ടപ്പായിയും കൂട്ടുകാരും ഇവിടെ ഇങ്ങ് കോഴിക്കോട്ടും പൊളിച്ചടുക്കുകയായിരുന്നു. കടപ്പുറത്ത് ആഘോഷത്തിനെത്തുന്നവരുടെ വണ്ടിയെണ്ണി കുട്ടപ്പായി ഇരുന്നു. കൊറിയയില്‍നിന്ന് ഹ്യുണ്ടായ്, ജപ്പാനില്‍നിന്ന് ടൊയോട്ട എന്നിങ്ങനെയുള്ള ലോഗോകള്‍ ഒട്ടിച്ച വിദേശികള്‍ അവിടവിടെ കണ്ടു.

ഇവയ്ക്കിടയിലാണ് മലപ്പുറത്തുനിന്നുള്ള ആ ജീപ്പിനെ കണ്ടത്. കല്യാണത്തിനും മരണത്തിനും എന്നുവേണ്ട, ആളുകൂടുന്നിടത്തെല്ലാം മുന്നിലുണ്ടായിരുന്നു ആ വമ്പന്‍. അതിന്റെ പിന്നില്‍ത്തൂങ്ങിയുള്ള യാത്രയ്ക്ക് കുട്ടപ്പായിയും പലപ്പോഴും കൊതിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ കൂട്ടത്തിലെല്ലാവര്‍ക്കും ബൈക്കായി. തനിക്കുമാത്രം ഒന്നുമില്ല. ആ സമയത്താണ് കുഞ്ചാക്കോ ബോബന്‍ പ്രേമിച്ചുവിലസിയ 'നിറം' റിലീസാകുന്നത്. ഡേവിസണ്‍ തിയേറ്ററില്‍നിന്ന് മറ്റൊരാള്‍കൂടി കുട്ടപ്പായിയുടെ കൂടെക്കൂടി. ഇന്ത്യയും ജപ്പാനും കൈകോര്‍ത്ത ഹീറോ ഹോണ്ടയുടെ സി.ബി.സെഡ്.

Maruti 800
Image Courtesy: NDTV Car and Bike

അച്ഛന്റെ ൈകയുംകാലും പിടിച്ച് ഒരു വണ്ടിയൊപ്പിച്ചു. പിന്നീടുള്ള കുട്ടപ്പായിയുടെ ചെത്തിന് സി.ബി.സെഡും കൂട്ടായി. ടി.വി.യിലൊക്കെ കണ്ടിരുന്ന മിസ്തുബിഷിയുടെ ലാന്‍സറായിരുന്നു അന്ന് കോളേജ് കുമാരന്‍മാരുടെ കണ്ണിലുടക്കിയിരുന്ന മറ്റൊന്ന്. കടുംമഞ്ഞ പെയിന്റൊക്കെയടിച്ച് സൈലന്‍സറൊക്കെ മാറ്റി പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെ അവ പറന്നു.

വണ്ടിയെന്നത് ആഡംബരത്തിനുപരി ആവശ്യമായി മാറിത്തുടങ്ങിയിരുന്നു. 'ഫില്‍ ഇറ്റ്, ഷട്ട് ഇറ്റ്, ഫൊര്‍ഗെറ്റ് ഇറ്റ്' എന്ന് ഇടയ്ക്കിടെ പരസ്യങ്ങള്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. എവിടെ നോക്കിയാലും ഹീറോഹോണ്ടയുടെ സ്‌പ്ലെന്‍ഡര്‍ മാത്രം. വണ്ടി കൂടിയതുകൊണ്ടായിരിക്കും വിദേശത്തെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ യൂറോ വണ്ണിനു സമാനമായ നിയമം കൊണ്ടുവന്നു. അതോടെ അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ ആര്‍.എക്‌സ്. 100-ന്റെ പുളപ്പ് നിന്നു. ആര്‍.എക്‌സ്. 100 പരിപാടി അവസാനിപ്പിക്കുകയാണെന്ന് കുറച്ചു സങ്കടത്തോടെയാണ് കുട്ടപ്പായി ശ്രവിച്ചത്.

പിന്നാലെ, പ്രധാനനഗരങ്ങളിലൊക്കെ മലിനീകരണ നിയന്ത്രണ മാനദണ്ഡമായ ഭാരത് സ്റ്റേജ്- 2 എന്‍ജിന്‍ നിര്‍ബന്ധമാക്കി 2001-ല്‍ ഉത്തരവുവന്നു. അതോടെ വണ്ടിക്ക് വിലകൂടാന്‍ തുടങ്ങി. വണ്ടികള്‍ വലുതാവുന്നതായി കുട്ടപ്പായി മനസ്സിലാക്കിത്തുടങ്ങി. മാരുതി 800-ലും ദെയ്‌വു മാറ്റിസിലുമൊക്കെ തിരിഞ്ഞിരുന്ന ലോകം അവയെ പതുക്കെ മറന്നുതുടങ്ങി.

2003-ലായിരുന്നു അത്. കരിസ്മയെന്ന ഹീറോഹോണ്ടയുടെ പുതിയ ബൈക്ക് കണ്ട് കുട്ടപ്പായിയുടെ കണ്ണ് തള്ളിപ്പോയി. സൂപ്പര്‍ബൈക്ക് എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, ഇങ്ങനൊന്ന് ഇവിടെ ആദ്യമായിരുന്നു. യമഹയുടെ ലിബറോയും പിന്നാലെയെത്തി. ആ വര്‍ഷമായിരുന്നു  മാറ്റിസ്, സീലോ തുടങ്ങിയ സുന്ദരന്‍ മോഡലുകളെ ഇവിടെയെത്തിച്ച് ദെയ്വുവിന്റെ രാജ്യംവിടല്‍.

daewoo matiz
Image Courtesy: Team BHP

2004 ആയപ്പോഴാണ് ദുഃഖകരമായ ആ വാര്‍ത്ത കുട്ടപ്പായി കേള്‍ക്കുന്നത്. ക്വാളിസിന്റെ അവസാന മണി. എത്രപേരെ കുത്തിക്കൊള്ളിച്ചാലും സുഖയാത്രയായിരുന്നു ടൊയോട്ടയുടെ ക്വാളിസില്‍. കേരളത്തിലെവിടെ നോക്കിയാലും ക്വാളിസിനെ കണ്ട കാലമായിരുന്നു അത്. പെട്ടെന്നൊരു ദിവസം ഇല്ലാതാവുകയായിരുന്നു. അടുത്തവര്‍ഷം ക്വാളിസിനു ബദലായി ഇന്നോവ അവതരിപ്പിക്കപ്പെട്ടു. ഇന്ത്യന്‍ വിപണിയില്‍ വിപ്ളവം സൃഷ്ടിച്ച മാരുതി സ്വിഫ്റ്റിന്റെ വരവുകൂടിയുണ്ടായി ആ വര്‍ഷം.

ആ വര്‍ഷം കൊയ്ത്തായിരുന്നു. ഫ്രാന്‍സില്‍നിന്ന് റെനോ വന്നു. മഹീന്ദ്രയുമായി ചേര്‍ന്ന് ലോഗന്‍ എന്ന സെഡാനിറക്കി. മഹീന്ദ്രയുടെ സ്‌കോര്‍പിയോ വന്നു. ടാറ്റയുടെ പുളപ്പന്‍ സഫാരി ഡെക്കോറുമെത്തി. വര്‍ഷങ്ങള്‍ അതിദ്രുതം പായുകയായിരുന്നു. കുട്ടപ്പായിയും വളര്‍ന്നു. പഠനംകഴിഞ്ഞ് ജോലിക്കുള്ള തിരിച്ചിലിലായിരുന്നു. ഒരു ഭാഗത്ത് വണ്ടിഭ്രാന്തുമുണ്ട്. അതിനാല്‍ ആ വഴിക്കും കാര്യങ്ങള്‍ മുന്നോട്ടുപോകുന്നുണ്ട്.

Tata Nano

ആ സമയത്താണ് ചേതക്ക് വിറ്റ് അച്ഛന്‍ കാറു വാങ്ങുന്നത്. മാരുതിയുടെ ആദ്യ എല്‍.പി.ജി. വാഹനമായ വാഗണ്‍ ആര്‍ ഡ്യുവോയാണ് 2006-ല്‍ വാങ്ങിയത്. എന്നാല്‍. കുട്ടപ്പായിക്ക് അതിലൊന്നും താത്പര്യമുണ്ടായിരുന്നില്ല. കണ്ണ് അങ്ങ് മുകളിലായിരുന്നു. ആ വര്‍ഷമാണ് ബി.എം.ഡബ്ള്യു. ഇന്ത്യയിലേക്കു വന്നത്. അതിലായിരുന്നു കണ്ണ്. ജോലിയും കൂലിയുമില്ലാത്തതിനാല്‍ അധികം ആശങ്കപ്പെടാതെ പിന്‍വലിഞ്ഞു. എന്നാല്‍, കഠിനാധ്വാനത്തിനൊടുവില്‍ കുട്ടപ്പായിക്കു ജോലികിട്ടി. ഒരു കാര്‍ ഷോറൂമില്‍ എക്‌സിക്യുട്ടീവായി. ഇന്ത്യ അപ്പോള്‍ വാഹനവില്‍പ്പനയുടെ കാര്യത്തില്‍ ലോകത്തെ ഏഴാമത്തെ രാജ്യമായിരുന്നു. വര്‍ഷം 2009. ലോകത്തെ ഞെട്ടിച്ച് 'ഒരു ലക്ഷം രൂപയ്ക്ക് കാര്‍' എന്ന സാധാരണക്കാരന്റെ സ്വപ്നം സാാക്ഷാത്കരിച്ച് നാനോ ഇറങ്ങി. രാത്രിയും പകലും ക്യൂനിന്ന് ആള്‍ക്കാര്‍ ബുക്ക് ചെയ്യുന്നതുകണ്ട് കുട്ടപ്പായി അന്തിച്ചു.

യൗവനം

ഇത്തിരി തിളപ്പൊക്കെ കൂടിയിട്ടുണ്ട് കുട്ടപ്പായിക്ക്. ജോലിയായി, വീട്ടില്‍ കല്യാണാലോചനയൊക്കെ തുടങ്ങി. വണ്ടി മാറ്റാനൊക്കെ സമയമായെന്നൊരു തോന്നല്‍. 2013 ആയപ്പോള്‍ വൈദ്യുതകാറൊക്കെ എത്തിത്തുടങ്ങി. രാജ്യത്തെ ആദ്യ വൈദ്യുതകാറായ മഹീന്ദ്രയുടെ ഇ2ഒ ഇറങ്ങിയിട്ടുണ്ട്. അതിലേക്കു പോയാലോ എന്ന ചിന്തയായി. അതിനുപിന്നാലെയാണ് രാജ്യത്തെ ആദ്യ എ.എം.ടി. കാറായി മാരുതിയുടെ സെലേറിയോ വരുന്നത്.

വിവാഹാലോചന പൊടിപൊടിക്കാന്‍ തുടങ്ങി. എന്നാല്‍, അതിനുമുമ്പ് കാര്‍ വാങ്ങണമെന്ന ലക്ഷ്യത്തിന്റെ പിറകിലായിരുന്നു അയാള്‍. വാഹനക്കമ്പോളം അതിദ്രുതം വളരുകയായിരുന്നു. ഇന്ത്യ ലോകത്തെ നാലാമത്തെ വലിയ വാഹനവിപണിയായി. കച്ചവടം കൂടിയപ്പോള്‍ കുട്ടപ്പായിയുടെ ഫിനാഷ്യല്‍ സെറ്റപ്പും മുകളിലേക്കുയര്‍ന്നു. നിയമങ്ങള്‍ കര്‍ശനമാക്കിത്തുടങ്ങിയിരുന്നു. ഇരുചക്ര വാഹനങ്ങളില്‍ എപ്പോഴും ഹെഡ്‌ലാമ്പ് കത്തിനില്‍ക്കുന്ന സംവിധാനം നിര്‍ബന്ധമാക്കി. കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റ് നിര്‍ബന്ധമാക്കി. എല്ലാം ബി.എസ്. ഫോര്‍ നിലവാരത്തിലേക്കു മാറി.

ആ വര്‍ഷമാണ് ഇന്ത്യയിലെ ആദ്യത്തെ പൂര്‍ണ കണക്ടഡ് വാഹനമെന്നു പേരെടുത്ത് എം.ജി. മോട്ടോഴ്സ് എത്തിയത്. അതും ഹെക്ടര്‍ എന്ന എസ്.യു.വി.യുമായി. വൈദ്യുതവാഹനങ്ങളുടെ ആരംഭവും 2019-ലായിരുന്നു. ഹ്യുണ്ടായുടെ വൈദ്യുത എസ്.യു.വി.യായ കോനയും വന്നു. അങ്ങനെ ബാറ്ററിയുപയോഗിക്കുന്ന വൈദ്യുതവാഹനങ്ങളിലേക്കു മാറുന്ന കാഴ്ച 2020 ആകുമ്പോള്‍ കുട്ടപ്പായി കാണുന്നുണ്ടായിരുന്നു. എന്നാല്‍, കുട്ടപ്പായിയുടെ മനസ്സിലുണ്ടായിരുന്ന സ്വപ്നം അമേരിക്കനായിരുന്നു. ജീപ്പ് കോംപാസ്. അധിക ദിവസങ്ങളിലും ഉറക്കത്തില്‍ ഭാര്യയുമൊത്തൊരു ജീപ്പുയാത്ര കുട്ടപ്പായി നടത്തിക്കൊണ്ടിരുന്നു.

mg hector

കാലം മുന്നോട്ടൊഴുകിക്കൊണ്ടിരുന്നു. കുട്ടപ്പായിയുടെ മുടി വെളുത്തുതുടങ്ങി, പിന്നെ കൊഴിഞ്ഞു. കുടുംബവും പ്രാരബ്ധവും വലുതായി. വര്‍ഷം 2030. രണ്ട് കുട്ടികളുടെ അച്ഛനാണിപ്പോള്‍ കുട്ടപ്പായി. നല്ലനിലയിലാണ് കുടുംബം. താമസം ഇങ്ങ് കോഴിക്കോട്ടെ തരക്കേടില്ലാത്ത ഫ്ളാറ്റിലാണ്. 110-ാം നിലയിലാണ് കുട്ടപ്പായിയും ഭാര്യയും താമസം. കുട്ടികള്‍ നല്ലനിലയിലായി. ഒരാള്‍ അമേരിക്കയില്‍. രാവിലെ പോകും രാത്രിയാകുമ്പോള്‍ തിരിച്ചെത്തും. മാനാഞ്ചിറയ്ക്കടുത്തുള്ള ഹൈപ്പര്‍ലൂപ്പ് സ്റ്റേഷനില്‍നിന്ന് കയറിയാല്‍ രണ്ടു മണിക്കൂറിനുള്ളില്‍ വാഷിങ്ടണിലെത്താം. സുഖം... പെരുത്ത് സന്തോഷം..

അങ്ങനെയൊരു ദിവസം... പെരുമഴ. കുട്ടപ്പായിയും കുടുംബവും മിഠായിത്തെരുവിലെ ഷോപ്പിങ് കഴിഞ്ഞ് പുറത്തിറങ്ങി. മൊബൈല്‍ ഫോണെടുത്തു. അതില്‍, രണ്ടു കിലോമീറ്റര്‍ അകലെ പാര്‍ക്കിങ് സ്‌ളോട്ടിലുണ്ടായിരുന്ന കാറിനെ സ്റ്റാര്‍ട്ടാക്കി താന്‍ നില്‍ക്കുന്ന ലൊക്കേഷന്‍ അയച്ചുകൊടുത്തു. കാറിലെ എ.സി.യില്‍ ടെമ്പറേച്ചര്‍ സെറ്റ് ചെയ്തു. അഞ്ച് മിനിറ്റിനുള്ളില്‍ കാര്‍ മുന്നിലെത്തി. അതില്‍ കയറിയിരുന്ന് വീട്ടിലേക്കുള്ള ലൊക്കേഷന്‍ കൊടുത്തു. കാര്‍ മുന്നോട്ടുനീങ്ങി. മുന്നിലെ തടസ്സങ്ങളെയും വഴിയെയും കുറിച്ച് കാറിനുള്ളിലെ 'സുന്ദരിയുടെ ശബ്ദം' പറഞ്ഞുകൊടുക്കുന്നുണ്ടായിരുന്നു. `അല്‍പ്പം ടെന്‍ഷനുണ്ടല്ലോ, ഒരു പാട്ടു കേള്‍ക്കാം.' സുന്ദരി മൊഴിഞ്ഞു. പിന്നാലെ കുട്ടപ്പായിക്ക് ഇഷ്ടപ്പെട്ട പാട്ട് മൃദുശബ്ദത്തില്‍ കേട്ടുതുടങ്ങി. കാറിനുള്ളിലെ വെളിച്ചം പതുക്കെ ഇളം നീലയായി.

എന്താ എണീക്കുന്നില്ലേ... ആരോ വിളിക്കുന്നതു കേട്ടാണ് കുട്ടപ്പായി കണ്ണുതുറക്കുന്നത്. മുന്നില്‍  ചായയുമായി അമ്മ. അതുശരി, സ്വപ്നമായിരുന്നു. എന്താ.. ഇന്നല്ലേ കാര്‍ ഡെലിവറി.. വേഗം ചെന്ന് റെഡിയാവ്.. അമ്മ പറഞ്ഞു. എന്നും കാണുന്ന സ്വപ്നത്തിന്റെ തുടര്‍ച്ചയിലെന്നോണം കുട്ടപ്പായി എഴുന്നേറ്റു. നേരെ ജീപ്പ് ഷോറൂമിലെത്തി. പുത്തന്‍പുതിയ കറുത്ത ജീപ്പ് റാങ്ക്ളര്‍ കുട്ടപ്പായിയെ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റില്‍ കയറി ഡ്രൈവ് മോഡിലിട്ട് മെല്ലെ കാലമര്‍ത്തി... വണ്ടി മെല്ലെ നീങ്ങിത്തുടങ്ങി...