മുക്ക് പ്രകൃതിയില്‍നിന്നുതന്നെ തുടങ്ങാം. ഇരുപതാണ്ടുകള്‍ പ്രകൃതിയോട് എങ്ങനെയൊക്കെ ഇടപെട്ടു. സമീപകാലത്തെ ഏറ്റവും വലിയ രണ്ട് പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച നമ്മുടെ നാട്ടിലുണ്ട് അതിനാവോളം ഉദാഹരണങ്ങള്‍. കേരളത്തിന്റെ എല്ലാ മാറ്റങ്ങള്‍ക്കും സാക്ഷിയാണ് സഹ്യപര്‍വതം.  മനുഷ്യന്റെ ദുര തന്റെ നെഞ്ച്  പിളര്‍ന്ന കഥ സഹ്യന്‍ പറയുന്നു. അനു എബ്രഹാം പകര്‍ത്തിയെഴുതുന്നു.

വെള്ളം

ഈ നൂറ്റാണ്ട് പിറന്നതോടെയാണ് നിങ്ങളെന്നെ മാറ്റിയത്. കൊക്കക്കോളയ്ക്ക് പാലക്കാട്ടെ പ്ലാച്ചിമടയില്‍ ജലചൂഷണത്തിന് അനുമതി കൊടുത്തായിരുന്നു തുടക്കം. മണ്ണിനെ മറക്കാത്ത മനുഷ്യരുടെ പോരാട്ടമാണ് പിന്നെ കണ്ടത്. കൊക്കക്കോളയ്ക്ക് നാലുവര്‍ഷത്തിനകം കെട്ടുകെട്ടേണ്ടിവന്നു. സമരത്തിനു നേതൃത്വംകൊടുത്ത മയിലമ്മയുള്‍പ്പെടെയുള്ളവരെ ഞാന്‍ മറന്നിട്ടില്ല.

പുഴ

അന്നുമിന്നും എന്നെ ഏറ്റവും വേദനിപ്പിക്കുന്നത് മണലൂറ്റാണ്. എന്നില്‍നിന്നൊഴുകുന്ന പുഴകളുടെ സ്വഭാവംത്തന്നെ മാറ്റിമറിച്ച കൊള്ള. 56 ലക്ഷം ക്യുബിക് മീറ്റര്‍ മണലാണ് എന്റെ നദികളില്‍നിന്ന് ഒരുവര്‍ഷം നിങ്ങള്‍ വാരിയെടുത്തിരുന്നത്. 2001-ല്‍ കേരളസര്‍ക്കാര്‍ മണല്‍വാരല്‍ നിരോധനനിയമം കൊണ്ടുവന്നത് എന്റെ ഓര്‍മയിലുണ്ട്. പക്ഷേ രണ്ടുപതിറ്റാണ്ടായിട്ടും മണല്‍ക്കൊള്ളയ്ക്കു മാറ്റമില്ല.

ഖനനം

വര്‍ഷം 2005. വികസനരോഗം എന്നെ മുറിവേല്‍പ്പിച്ചുതുടങ്ങി. ശരീരമാസകലം മുറിവുപോലെ പാറമടകള്‍. ടിപ്പറുകളും മണ്ണുമാന്തിയന്ത്രങ്ങളും ആ വ്രണങ്ങളില്‍ കയറിയിറങ്ങാന്‍ തുടങ്ങി. 5707 കരിങ്കല്‍ ക്വാറികളാണ് അക്കാലത്തെന്റെ ശരീരത്തിലുണ്ടായിരുന്നത്. എന്റെ മക്കളില്‍ ഏറ്റവും ദുര്‍ബലനായ വയനാടിനെയാണ് അവര്‍ കൂടുതല്‍ കീഴടക്കിയത്. പിന്നീടുള്ള 13 വര്‍ഷത്തിനിടെ വയനാട്ടില്‍മാത്രം തുടങ്ങിയത് 3641 കരിങ്കല്‍ ക്വാറികളാണ്.

കൈയേറ്റം

എനിക്കേറ്റവും പ്രതീക്ഷപകര്‍ന്ന വര്‍ഷമായിരുന്നു 2007. മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അയച്ചതായിരുന്നു കെ. സുരേഷ് കുമാര്‍, ഋഷിരാജ് സിങ്, രാജുനാരായണ സ്വാമി എന്നീ മൂന്നു പൂച്ചകളെ. മേയ് 13 മുതല്‍ ജൂണ്‍ ഏഴുവരെയുള്ള ദൗത്യത്തില്‍ 91 അനധികൃത കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തി. 11,350 ഏക്കര്‍ തിരിച്ചുപിടിച്ചു. എന്നാല്‍, എതിര്‍ശബ്ദമുയര്‍ന്നതോടെ എന്നെ രക്ഷിക്കാനുള്ള ആ ദൗത്യത്തിന് മരണമണി മുഴങ്ങി.

കാട്

2011-ന്റെ ഓര്‍മകള്‍ എന്നിലിപ്പോഴും നടുക്കമുണ്ടാക്കുന്നു. എനിക്കുപുറമെ, എന്റെ രണ്ടുമക്കളും ഗുരുതര രോഗത്തിന്റെ പിടിയിലായിത്തുടങ്ങിയവര്‍ഷം. എന്റെ മക്കളില്‍ ഏറ്റവും സമ്പന്നയായിരുന്നു ഇടുക്കി. കഴിഞ്ഞ എട്ടുവര്‍ഷംകൊണ്ടവള്‍ ആകെ മാറി. 2011-ല്‍ 3920 ചതുരശ്രകിലോമീറ്റര്‍ വനം അവള്‍ക്കുണ്ടായിരുന്നു. അത് ചുരുങ്ങിച്ചുരുങ്ങി 3139 ചതുരശ്രകിലോമീറ്ററായി. 20.13 ശതമാനം വനഭൂമി അവള്‍ക്ക് നഷ്ടപ്പെട്ടു. വയനാടിന്റെ പക്കലുണ്ടായിരുന്ന 11 ശതമാനംവനം കൈയേറ്റക്കാര്‍ തട്ടിയെടുത്തു.

ചൂട്

ഇതിനിടയിലെപ്പോേഴാ ശരീരത്തിന്റെ കുളിര്‍മ എനിക്ക് നഷ്ടപ്പെട്ടിരുന്നു. 2016-ല്‍ കേരളത്തിലാദ്യമായി താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. കൊല്ലത്തെ പുനലൂരിലും പാലക്കാട്ടുമായിരുന്നു അത്. എന്നും തണുപ്പനായിരുന്ന വയനാട്ടില്‍ 10 വര്‍ഷംമുമ്പ് കൂടിയ താപനില 25.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ഇത് ഇപ്പോള്‍ 36-നു മുകളിലായി. പതിവില്ലാത്തവിധം എനിക്ക് ചുട്ടുപൊള്ളാന്‍ തുടങ്ങി.

തീ

എന്നെ തീവിഴുങ്ങിയ വര്‍ഷമായിരുന്നു 2017. എനിക്കു നഷ്ടമായത് 1717 ഹെക്ടര്‍ കാടാണ്. മനുഷ്യന്‍ നിലത്തിട്ട തീപ്പൊരിയും കൊടുംചൂടും എന്റെ വനങ്ങളെ തീപ്പിടിപ്പിച്ചു. ആ പൊള്ളലിന്റെ വടുക്കള്‍ വയനാട് മുത്തങ്ങ വന്യജീവിസങ്കേതത്തിലൂടെ പോയാല്‍ നിങ്ങള്‍ക്കിപ്പോഴും കാണാം.

പ്രളയം

മഹാപ്രളയത്തിന്റെ വര്‍ഷം. എന്നോടും പ്രകൃതിയോടും ചെയ്തതിനൊക്കെ പ്രകൃതി അതേ നാണയത്തില്‍ തിരിച്ചടിച്ചു. 2018 ഓഗസ്റ്റ് 12 മുതല്‍ മഴ കോരിച്ചൊരിഞ്ഞു. ആ മഴയെ ഞാന്‍ നെഞ്ചേറ്റുവാങ്ങിയേനെ. പക്ഷേ, മണ്ണെടുത്തും വനം നശിപ്പിച്ചും നിങ്ങളെന്റെ നെഞ്ചകം തകര്‍ത്തിരുന്നു. അധികംവന്ന മഴയെ എന്റെ പുഴകള്‍ സുരക്ഷിതമായി കടലിലെത്തിച്ചേനെ. പക്ഷേ അവയുടെ ഞരമ്പുകള്‍ നിങ്ങള്‍ അറുത്തുകളഞ്ഞിരുന്നു. പ്രളയം തടുത്തുനിര്‍ത്താനാകാതെ വന്നപ്പോള്‍ നഷ്ടമായത് 250 മനുഷ്യജീവനാണ്.

മരണം

എന്റെ ശരീരം പ്രതീക്ഷിച്ചതിലും ദുര്‍ബലമായെന്ന് ഞാന്‍ തിരിച്ചറിയുന്നു. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലുണ്ടായ കൊടുംമഴയില്‍ പിടിച്ചുനില്‍ക്കാനുള്ള ത്രാണി എനിക്കുണ്ടായില്ല. നിലമ്പൂര്‍ കവളപ്പാറയിലും വയനാട് പുത്തുമലയിലും ഞാന്‍ തകര്‍ന്നടിഞ്ഞു. നൂറുകണക്കിനു ജീവന്‍ നഷ്ടമായി. 

സുനാമി

2004 ഡിസംബര്‍ 26-നായിരുന്നു സുനാമി ദുരന്തം. കടല്‍ കരയിലേക്ക് കൊടുങ്കാറ്റുപോലെ കയറി. 14 രാജ്യങ്ങളിലെ രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവന്‍ നഷ്ടമായി. ഇന്‍ഡൊനീഷ്യയിലെ വടക്കന്‍ സുമാത്ര തീരത്ത് കടലിന്റെ അടിത്തട്ടിലുണ്ടായ വന്‍ ഭൂകമ്പം രാക്ഷസത്തിരമാലകളായി. ഇന്‍ഡൊനീഷ്യയില്‍ 1.68 ലക്ഷം പേരുടെ ജീവനെടുത്തു. ഇന്ത്യയി‚ല്‍ 18,000 പേര്‍ മരിച്ചു. കേരളത്തില്‍ 168 പേരും.

ആമസോണ്‍

ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ മുമ്പെങ്ങുമില്ലാത്തവിധം കത്തിയെരിഞ്ഞു. 2018-ലുണ്ടായ തീപ്പിടിത്തത്തെക്കാള്‍ 83 ശതമാനം കൂടുതലാണ് ഈ വര്‍ഷം കത്തിയത്. ജനുവരി -ഓഗസ്റ്റ് കാലയളവില്‍ ആമസോണ്‍ മേഖലയില്‍ 72,843-ലേറെ തീപ്പിടിത്തങ്ങളുണ്ടായി. വന നശീകരണത്തിന്റെ ഫലമാണ് തീപ്പിടിത്തമെന്നാരോപിച്ച് ബ്രസീലില്‍ സര്‍ക്കാരിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു.

ശ്വാസംകിട്ടാതെ

വായുമലിനീകരണം രൂക്ഷമായ 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്. അപകടകരമായതലത്തിലാണ് ഡല്‍ഹി. സ്ഥിതി രൂക്ഷമായതോടെ കഴിഞ്ഞ നവംബറില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാലയങ്ങള്‍ അടച്ചു.കേരളത്തിലും മാര്‍ച്ച്-ഏപ്രില്‍ സമയത്ത് വായു മലിനീകരണം കൂടുതലാണ്.

പിടിച്ചുനില്‍ക്കാന്‍ പറ്റാത്തവിധം ഞാനിപ്പോള്‍ തളര്‍ന്നിരിക്കുന്നു. മരണം കണ്‍മുന്നിലുണ്ട്. എത്രനാളത്തേക്ക് നീട്ടിക്കിട്ടുമെന്നതാണ് ചോദ്യം. അതിനുത്തരം തരേണ്ടത് നിങ്ങളാണ്...നിങ്ങള്‍മാത്രം.

ഗെയിം ചെയ്ഞ്ചര്‍ ഗ്രെറ്റ ത്യുന്‍ബെ

greta

'പ്രകൃതിക്കു നീതി വേണം' എന്ന പ്ലക്കാഡുമേന്തി സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ സമരം തുടങ്ങി ലോകശ്രദ്ധയാകര്‍ഷിച്ച പതിനാറുകാരി. അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറന്തള്ളുന്നത് സ്വീഡന്‍ കുറയ്ക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ചകളില്‍ സ്‌കൂളില്‍ പോകാതെ യൂണിഫോമുമിട്ടാണ് സമരം. 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചര്‍' എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്. ലോകമെങ്ങുമുളള ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ഈ സമരത്തിന്റെ ഭാഗമായതോടെ െഗ്രറ്റയും 'ഫ്രൈഡേസ് ഫോര്‍ ഫ്യൂച്ചറും' പരിസ്ഥിതിക്കായുള്ള പോരാട്ടത്തില്‍ ചരിത്രം സൃഷ്ടിച്ചു.

പരിസ്ഥിതി: അന്നും ഇന്നും

environment

ആഗോള താപനം
ലോകം: 1999-ല്‍ 0.3 ഡിഗ്രി സെല്‍ഷ്യസ്. 2018-ല്‍ 0.8 ഡിഗ്രി സെല്‍ഷ്യസ്
ഇന്ത്യ: 1910-ലെക്കാള്‍ ശരാശരി താപനില 0.6 ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നു

വനനശീകരണം
ലോകം: 1999-ല്‍ വനവിസ്തൃതി 31.625 ശതമാനം. ഇപ്പോള്‍ 30.716 ശതമാനം
ഇന്ത്യ: 1,625,397 ഹെക്ടര്‍ വനം നശിച്ചു (2002-2018)

കാട്ടുതീ
ലോകം: 1999-ല്‍ നഷ്ടപ്പെട്ടത് 3.5 കോടി ഏക്കര്‍ വനം. 2019-ല്‍ അത് 6.5 കോടി ഏക്കര്‍
ഇന്ത്യ: 2003-'17 കാലഘട്ടത്തില്‍ കാട്ടുതീ 46 ശതമാനംകൂടി. 2015നും '17-നുമിടെ വര്‍ധിച്ചത് 125 ശതമാനം

ധ്രുവപ്രദേശങ്ങളിലെ മഞ്ഞുരുകല്‍
ആര്‍ട്ടിക് ധ്രുവം: 2000-ല്‍ 62.5 കോടി ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ മഞ്ഞുപാളികള്‍. 
2019-ല്‍ 43.9 കോടി ചതുരശ്രകിലോമീറ്ററായി. 
അന്റാര്‍ട്ടിക്കയിലും ഗ്രീന്‍ലാന്‍ഡിലും മഞ്ഞുപാളികളുടെ വ്യാപ്തം കുറഞ്ഞു

സമുദ്ര ജലനിരപ്പുയരല്‍
ലോകം: 40 മില്ലിമീറ്റര്‍ ഉയര്‍ന്നു (1999-2019)
ഇന്ത്യ: 6.1 മില്ലിമീറ്റര്‍ ഉയര്‍ന്നു (2003-2013)
കേരളം: വര്‍ഷം 3.7 മില്ലിമീറ്റര്‍ എന്ന നിരക്കില്‍ ഉയരുന്നു

അന്തരീക്ഷ മലിനീകരണം
ലോകം: അന്തരീക്ഷ മലിനീകരണം മൂലമുള്ള മരണസംഖ്യ 30 ശതമാനമായി ഉയര്‍ന്നു (2.2 ദശലക്ഷം-2.9 ദശലക്ഷം)

ഇ-മാലിന്യങ്ങള്‍
ലോകത്ത് കൂടുതല്‍ ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവയ്ക്ക് പിന്നില്‍ ഇന്ത്യ അഞ്ചാമത്.
ഏകദേശം 25 കോടി ടണ്‍ ഇ-മാലിന്യം ഇന്ത്യയില്‍ ഓരോവര്‍ഷവും വര്‍ധിക്കുന്നു.

(തയ്യാറാക്കിയത്:സി.ആര്‍ കൃഷ്ണകുമാര്‍)​

 

Content Highlights: world and environment a decade in review