അര്‍ബുദ ചികിത്സ മുന്നേറ്റത്തിന്റെ വഴിയില്‍  

അര്‍ബുദത്തിനുള്ള മരുന്നുചികിത്സയിലും ശസ്ത്രക്രിയയിലും റേഡിയേഷനിലുമുണ്ടായ മുന്നേറ്റങ്ങള്‍ രോഗികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും പകരുന്നു. 2018-ല്‍ അര്‍ബുദത്തിനെതിരായ എട്ട് പുതിയ മരുന്നുകള്‍ക്ക് അമേരിക്കന്‍ ഭക്ഷ്യ- മരുന്ന് നിയന്ത്രണ ഏജന്‍സി അംഗീകാരം നല്‍കി. 2019-ല്‍ പുതിയവ അടക്കം 42 എണ്ണത്തിനും. അര്‍ബുദ കോശങ്ങളെ മാത്രം നശിപ്പിക്കാനും സാധാരണ കോശങ്ങളെ സംരക്ഷിക്കാനും വകതിരിവുള്ള മരുന്നുകളാണ് പലതും.

കീമോതെറാപ്പിക്കുപുറമേ രോഗപ്രതിരോധ വ്യവസ്ഥയിലെ ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ഇമ്യൂണോ തെറാപ്പി, ടാര്‍ഗറ്റഡ് തെറാപ്പി, ഹോര്‍മോണല്‍ തെറാപ്പി എന്നീ ചികത്സകളും ഇന്നുണ്ട്. ചില സ്തനാര്‍ബുദത്തിന് കീമോ ഒഴിവാക്കാനാകുന്നു. രോഗം ബാധിച്ച അവയവം മാത്രം ശസ്ത്രക്രിയയിലൂടെ മാറ്റാനും സാധിക്കുന്നു.റേഡിയേഷനിലും മാറ്റംവന്നു. ഒരുഭാഗം മുഴുവന്‍ റേഡിയേഷന്‍ നല്‍കുന്ന രീതി മാറി. സൂക്ഷ്മതലത്തില്‍ റേഡിയേഷന്‍ നല്‍കുന്നതിലേക്ക് വളര്‍ന്നു.

നാലാം സ്റ്റേജിലെത്തിയ ശ്വാസകോശ, കരള്‍, കിഡ്നി കാന്‍സറൊക്കെ ഗുളികമാത്രം കഴിച്ച് നിയന്ത്രിക്കാന്‍ സാധിക്കും. അബുദ കോശങ്ങളെ പ്രത്യേകരീതിയില്‍ കരിച്ചുകളയുന്ന റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍, പ്രതിരോധ സംവിധാനത്തിലെ വെളുത്ത രക്തകോശങ്ങളെ   വേര്‍തിരിച്ച് ലാബില്‍ മാറ്റിയെടുത്ത് ശരീരത്തിലെത്തിച്ച്  അര്‍ബുദത്തെ നേരിടുന്ന ' കാര്‍ ടി  സെല്‍ തെറാപ്പി' എന്നിവയാണ് അര്‍ബുദ രോഗികള്‍ക്ക് പ്രതീക്ഷയേകുന്ന പുതിയ ചികിത്സാരീതികള്‍.

നിര്‍മിതബുദ്ധി ആരോഗ്യരംഗത്ത്

രോഗനിര്‍ണയത്തിലും ചികിത്സയിലും രേഖകളുടെ സൂക്ഷിപ്പിനുമെല്ലാം ഡോക്ടറെ സഹായിക്കുന്ന നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സോഫ്റ്റ്വേറുകള്‍ രംഗത്തെത്തി. ഐ.ബി.എം. നിര്‍മിച്ച 'വാട്സണ്‍' എന്ന സംവിധാനം രോഗികളുടെ മെഡിക്കല്‍ രേഖകള്‍ സ്വയംപരിശോധിക്കുകയും അനുയോജ്യമായ ചികിത്സാരീതികള്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുകയും ചെയ്യും.  ചര്‍മം പരിശോധിച്ച് ചര്‍മാര്‍ബുദം കണ്ടെത്തുക, എക്സ്‌റേ പരിശോധിച്ച് രോഗനിര്‍ണയം നടത്തുക, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സസൂക്ഷ്മം നിരീക്ഷിക്കുക എന്നിവയും വന്നു.

അവയവങ്ങള്‍ പുനഃസൃഷ്ടിക്കാം

തകരാറിലായ നാഡികളും രക്തക്കുഴലുകളും മറ്റും പുനഃസൃഷ്ടിക്കാനുള്ള സംവിധാനം അമേരിക്കയിലെ ഒഹായോ സര്‍വകലാശാലയും വെക്സ്നര്‍ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് കണ്ടെത്തി. ടിഷ്യൂ നാനോട്രാന്‍സ്ഫെക്ഷന്‍ എന്നാണിതിന് പേര്. ചര്‍മത്തിലെ വിത്തുകോശങ്ങളില്‍ നിന്ന് അവയവങ്ങള്‍/ ശരീരകലകള്‍ സൃഷ്ടിച്ചെടുക്കുകയാണ് ചെയ്യുന്നത്. അപകടങ്ങള്‍, പക്ഷാഘാതം തുടങ്ങിയവ കൊണ്ടുണ്ടാകുന്ന ശാരീരികമായ വൈഷമ്യങ്ങള്‍ പരിഹരിക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ.

എയ്ഡ്സ് നിയന്ത്രണവിധേയമാകുന്നു

ഈ നൂറ്റാണ്ടില്‍ ഭീതിവിതച്ച രോഗമാണ് എയ്ഡ്സ് എങ്കിലും ഫലപ്രദമായ പല മരുന്നുകളും വന്നുതുടങ്ങി. അതുവഴി എയ്ഡ്സ് രോഗിയുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 40 മുതല്‍ 50 വരെ വര്‍ഷം ദീര്‍ഘിപ്പിക്കാന്‍ സാധിക്കുന്നു. രോഗം പൂര്‍ണമായി ഭേദമാക്കാനുള്ള സംവിധാനങ്ങള്‍ ഇന്നും അകലെയാണെങ്കിലും പ്രമേഹംപോലെ രോഗം ഫലപ്രദമായി നിയന്ത്രിക്കാനുള്ള മരുന്നുകള്‍ വന്നതും ബോധവത്കരണം മൂലം രോഗപ്പകര്‍ച്ച കുറഞ്ഞതും എയ്ഡ്സ് വെല്ലുവിളിയുടെ ശക്തി കുറച്ചിട്ടുണ്ട്. 

പുതിയ ആന്റിബയോട്ടിക്കുകള്‍

രോഗാണുക്കള്‍ ആന്റിബയോട്ടിക്കുകള്‍ക്കെതിരേ പ്രതിരോധംനേടുകയും പല ആന്റിബയോട്ടിക്കുകളും ഉപയോഗശൂന്യമാവുകയും ചെയ്തത് പ്രധാന വെല്ലുവിളിയായി. ഇതുതടയാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തുന്നതിന് ഗവേഷണങ്ങള്‍ നടക്കുന്നു. ടീക്സോബാക്ടിന്‍ അടക്കം ഒട്ടേറെ പുതിയ ആന്റിബയോട്ടിക്കുകള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഗവേഷകര്‍ കണ്ടെത്തി. മണ്ണില്‍ വളരുന്ന എലഫ്തേരിയ ടെരെ എന്ന ബാക്ടീരിയയില്‍നിന്നാണ് ടീക്സോബാക്ടിന്‍ വേര്‍തിരിച്ചെടുത്തത്.

ശുദ്ധവായു കുപ്പിയില്‍

കുടിവെള്ളം പോലെ ഓക്സിജനും കുപ്പിയിലെത്തി. പരിസ്ഥിതി മലിനീകരണം ഉയര്‍ന്ന തോതിലുള്ള ഡല്‍ഹിയിലാണ് വിവിധ കമ്പനികള്‍ കുപ്പിയിലടച്ച ഓക്സിജന്‍ വിപണിയില്‍ എത്തിച്ചത്. നിശ്ചിത തുക നല്‍കിയാല്‍ ശുദ്ധവായു നല്‍കുന്ന ഓക്സിജന്‍ പാര്‍ലറുകളും ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

രോഗനിര്‍ണയത്തിന് പെറ്റ്സ്‌കാന്‍

റേഡിയോ ആക്ടീവ് മരുന്നുകള്‍ അനുയോജ്യമായ അളവില്‍ സിരകളിലേക്ക് കടത്തി നിശ്ചിതസമയത്തിനുശേഷം സ്‌കാന്‍ ചെയ്യുന്ന രീതിയാണ് പെറ്റ് സ്‌കാനിങ് (Postiron emission tomography). അര്‍ബുദം, ഹൃദയരോഗങ്ങള്‍, മസ്തിഷ്‌കരോഗങ്ങള്‍ എന്നിവയുടെ രോഗനിര്‍ണയത്തിന് ഉപയോഗിക്കുന്നു. രോഗഘട്ടം, വളര്‍ച്ചാസ്വഭാവം എന്നിവ തിരിച്ചറിയാന്‍ സഹായിക്കും.

പ്രമേഹം അറിയാന്‍ സി.ജി.എം.

തുടര്‍ച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണം (സി.ജി.എം.) ഈ രംഗത്തെ പ്രധാന നേട്ടമാണ്. ചര്‍മത്തിനടിയില്‍ സ്ഥാപിക്കുന്ന സെന്‍സര്‍ ആണിത്. പഞ്ചസാരയുടെ അളവിലെ ഏറ്റക്കുറച്ചിലുകള്‍ കൃത്യമായി രേഖപ്പെടുത്തി ഷുഗര്‍നില മനസ്സിലാക്കാന്‍ കഴിയും. മരുന്നിന്റെ അളവ് കുറയ്ക്കണോ വേണ്ടയോ എന്നെല്ലാം തീരുമാനിക്കാം.

ശസ്ത്രക്രിയ ചെയ്യാന്‍ റോബോട്ടുകള്‍

ശസ്ത്രക്രിയകള്‍ കൂടുതല്‍ കൃത്യവും സുരക്ഷിതവുമാക്കി മാറ്റാന്‍ റോബോട്ടുകളെ ഉപയോഗിച്ചുതുടങ്ങി. പ്രത്യേക പരിശീലനം നേടിയ സര്‍ജന്‍, റോബോട്ടിന്റെ സഹായത്തോടെ ശസ്ത്രക്രിയ ചെയ്യും. വേദന, മുറിവ്, രക്തസ്രാവം, സമയം എന്നിവയെല്ലാം കുറയുമെന്നതാണ് റോബോട്ടിക് ശസ്ത്രക്രിയയുടെ നേട്ടങ്ങള്‍. അര്‍ബുദം , യൂറോളജി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഇതുവഴി ചെയ്യാന്‍ കഴിയും.  ശരീരത്തിനുള്ളിലെ ത്രിമാന ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാലും അതിസൂക്ഷ്മ ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്നതിനാലും ഏറ്റവും സങ്കീര്‍ണമായ ഇടങ്ങളിലെ അര്‍ബുദ മുഴകളെപ്പോലും റോബോട്ടിക് സര്‍ജറിയിലൂടെ നീക്കം ചെയ്യാനാകും. കേരളത്തില്‍ പല പ്രമുഖ ആശുപത്രികളും റോബോട്ടിക് ശസ്ത്രക്രിയയുണ്ട്. കീ ഹോള്‍ ശസ്ത്രക്രിയ ചെയ്യാനുള്ള ഉപകരണങ്ങള്‍ കൂടുതല്‍ വികസിച്ചതും എന്‍ഡോസ്‌കോപ്പിക് ഉപകരണങ്ങള്‍ മെച്ചപ്പെട്ടതും ശസ്ത്രക്രിയയ്ക്ക് സഹായകമായി.

കൃത്രിമ ടി സെല്ലുകള്‍

പ്രതിരോധസംവിധാനത്തിലെ പ്രധാനികളായ ടി സെല്ലുകള്‍ എന്ന ടി ലിംഫോസൈറ്റുകളെ കൃത്രിമമായി വികസിപ്പിച്ചിരിക്കുന്നതില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ വിജയിച്ചു. ഭാവിയില്‍ അര്‍ബുദത്തി നും ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ക്കുമുള്ള ഫലപ്രദമായ ചികിത്സ വികസിപ്പിക്കാന്‍ ഇത് സഹായകമാകും. ഔഷധങ്ങള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്ന മരുന്നുവാഹകരായി കൃത്രിമ ടി സെല്ലുകളെ ഉപയോഗപ്പെടുത്താം. പ്രതിരോധ കോശങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച്് ആഴത്തില്‍ മനസ്സിലാക്കാന്‍ ഇതുവഴി കഴിയും.

വാക്സിന്‍ വിജയഗാഥ

പോളിയോ വാക്‌സിനേഷന്‍ വഴി ഇന്ത്യയില്‍ 2014-ല്‍ പോളിയോരോഗം തുടച്ചുനീക്കാനായി.  ലോകത്തെ നടുക്കിയ എബോള, നിപ എന്നിവയ്‌ക്കെതിരായ വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിലും വലിയ പുരോഗതി നേടി. മലേറിയയുടെ പകര്‍ച്ച പൂര്‍ണമായും തടയുന്ന ട്രാന്‍സ്മിഷന്‍ ബ്ലോക്കിങ് വാക്സിന്‍ ന്യൂയോര്‍ക്കിലെ ബഫല്ലോ സര്‍വകലാശാലയിലെ ഗവേഷകര്‍ 2018 നവംബറില്‍ വികസിപ്പിച്ചു. ഡെങ്കിപ്പനിക്കെതിരയുള്ള വാക്സിനും അംഗീകാരം നേടി. എബോള രോഗത്തിനെതിരേ രണ്ടരവര്‍ഷംവരെ രോഗപ്രതിരോധം നല്‍കാന്‍ സാധിക്കുന്ന വാക്സിനുകള്‍ വികസിപ്പിക്കാന്‍ ഓക്സ്ഫഡ്  ജന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ക്ക് 2018-ല്‍ സാധിച്ചു.

ചിക്കന്‍പോക്‌സിനെതിരേ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍, ഗൊണേറിയ്‌ക്കെതിരേയുള്ള വാക്‌സിന്‍ എന്നിവ വിജയത്തിനടുത്താണ്. ജൈവായുധമായി ഉപയോഗിക്കാന്‍ സാധ്യതയുള്ള ആന്ത്രാക്സ്, പ്ലേഗ് എന്നീ രോഗങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരൊറ്റ വാക്സിന്‍ വാഷിങ്ടണിലെ ഗവേഷകര്‍ വികസിപ്പിച്ചു.  കുട്ടികളിലെ വയറിളക്കരോഗങ്ങള്‍ തടയാന്‍ ഫലപ്രദമായ റോട്ടാവൈറസ് വാക്സിന്‍ ഇന്ത്യയില്‍ വ്യാപകമായി നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമേ സ്തനം, അണ്ഡാശയം, ശ്വാസകോശം, വന്‍കുടല്‍, ആമാശയം എന്നിവയെയെല്ലാം ബാധിക്കുന്ന കാന്‍സറിനെതിരേ ഒറ്റ വാക്സിന്‍ എന്ന ആശയവും പ്രാവര്‍ത്തികമായി വരുകയാണ്. വാക്‌സിനുകള്‍ ഗുളികരൂപത്തേേിലക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകരിപ്പോള്‍.

ത്രിമാന പ്രിന്റിങ്

ശസ്ത്രക്രിയ ആസൂത്രണം ചെയ്യുന്നതിനും വിവിധ മോള്‍ഡുകളും കൃത്രിമ ശരീരഭാഗങ്ങളും നിര്‍മിക്കുന്നതിനും 3ഡി പ്രിന്റിങ് ഉപയോഗിച്ചുതുടങ്ങി. കൃത്യമായ അളവിലുള്ള കൃത്രിമ കൈകാലുകള്‍ പ്രിന്റ് ചെയ്തെടുക്കുന്നത് സാധാരണമായി. ശരീരത്തിനകത്ത് ഫിറ്റുചെയ്യാനുള്ള മെഡിക്കല്‍ ഇംപ്ലാന്റുകളും ത്രീഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മിക്കുന്നു. എല്ലുകളും തലയോട്ടിയുടെ ഭാഗങ്ങളുംവരെ ഇതില്‍പ്പെടും. ചെറുതും കൃത്യവുമായ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ പ്രിന്റ് ചെയ്തെടുക്കാവുന്ന സജ്ജീകരണങ്ങളുമെത്തി.

സ്മാര്‍ട്ടായി ഗ്ലൂക്കോമീറ്ററുകള്‍

ഗ്ലൂക്കോമീറ്റര്‍ മൊബൈല്‍ഫോണുമായി വയര്‍ലെസ്സായോ അല്ലാതെയോ ബന്ധിപ്പിച്ച് ഷുഗര്‍നില മനസ്സിലാക്കാം. സാധാരണ ഗ്ലൂക്കോമീറ്ററുകള്‍ക്കൊപ്പം ലഭിക്കുന്ന സ്ട്രിപ്പും ലാന്‍സെറ്റുകളുമെല്ലാം അടങ്ങിയതാണ് ഈ സംവിധാനം. സ്ട്രിപ്പ് ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസ് നില അളക്കും. അത് സ്മാര്‍ട്ട്ഫോണിലെ ആപ്പില്‍ ശേഖരിക്കും. ഉപയോഗിക്കുന്ന അത്രയും കാലത്തെ ഫലങ്ങള്‍ സൂക്ഷിച്ചുവെക്കാമെന്നതാണ് പ്രധാന നേട്ടം. ഡിജിറ്റല്‍ ഗ്ലൂക്കോമീറ്ററുകള്‍ തൊട്ടുമുമ്പുള്ള ഫലങ്ങള്‍ മാത്രമേ ശേഖരിച്ചുവെക്കൂ. ലാബ് പരിശോധനാഫലങ്ങളില്‍ നിന്ന് ചെറിയ മാറ്റങ്ങള്‍ കാണാമെങ്കിലും സ്മാര്‍ട്ട് ഗ്ലൂക്കോമീറ്ററുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.