ഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യന്‍ കായികരംഗത്തെ സംബന്ധിച്ച് കലണ്ടറിലെ വെറും ദിവസങ്ങള്‍ മാത്രമായിരുന്നില്ല. ഫുട്‌ബോളിലും ബാഡ്മിന്റണിലും ഹോക്കിയിലും ഇന്ത്യ മുന്നേറ്റം നടത്തിയ വര്‍ഷമാണ് കഴിഞ്ഞു പോയത്. ഒരു ലോകകപ്പ് ഫുട്‌ബോളില്‍ ആദ്യമായി ഇന്ത്യ ഗോള്‍ കണ്ടെത്തിയതും ഫിഫ റാങ്കിങ്ങില്‍ നീണ്ട കാത്തിരിപ്പിന് ശേഷം 96-ാം റാങ്കിലെത്തിയും കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ കായിരംഗത്തെ നേട്ടങ്ങളാണ്. കിഡംബി ശ്രീകാന്തിലൂടെ ഇന്ത്യ ബാഡ്മിന്റണിലും വസന്തം തീര്‍ത്തപ്പോള്‍ കേരളത്തിനും അഭിമാനിക്കാവുന്ന നേട്ടമായി എച്ച്.എസ് പ്രണോയി അവിടെയുണ്ടായിരുന്നു. രഞ്ജി ക്രിക്കറ്റിന്റെ ക്വാര്‍ട്ടറെന്ന സ്വപ്‌നനേട്ടത്തില്‍ കേരളമെത്തിയതും കഴിഞ്ഞ വര്‍ഷമാണ്. ലോകഫുട്‌ബോളില്‍ മെസ്സിയെ പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബഹുമതികള്‍ വാരിക്കൂട്ടുന്നതിനും ഉസൈന്‍ ബോള്‍ട്ട് ട്രാക്കിനോട് വിട പറയുന്നതിനും കഴിഞ്ഞ വര്‍ഷം സാക്ഷിയായി. 

രഞ്ജിയില്‍ കേരളത്തിന്റെ കുതിപ്പ്

Kerala Cricket

വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം ക്വാര്‍ട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് ഘട്ടത്തില്‍ ജലജ് സക്‌സേനയുടെ ഓള്‍റൗണ്ട് മികവും സഞ്ജു വി സാംസണിന്റെ ബാറ്റിങ് കരുത്തുമാണ് കേരളത്തിന് തുണയായത്. ഒപ്പം സ്പിന്‍ ബൗളര്‍മാരുടെ പ്രകടനവും കേരളത്തിന്റെ സ്വപ്‌നക്കുതിപ്പില്‍ നിര്‍ണായകമായി. ഇതിന് പിന്നാലെ ബേസില്‍ തമ്പി ശ്രീലങ്കക്കെതിരായ പരമ്പരയ്ക്കുള്ള ടിട്വന്റി ടീമില്‍ ഇടം നേടുകയും ചെയ്തു. ടിനു യോഹന്നാനും ശ്രീശാന്തിനും സഞ്ജു വി സാംസണും ശേഷം ഇന്ത്യന്‍ ടീമിലെത്തുന്ന മലയാൡയാണ് ബേസില്‍.

ഒമ്പതാം പരമ്പര വിജയവുമായി ഇന്ത്യ, റെക്കോഡുകള്‍ തിരുത്തി കോലി

India

ന്യൂഡല്‍ഹി ഫിറോസ്ഷാ കോട്‌ലയില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയുടെ തുടര്‍ച്ചയായ ഒമ്പത് ടെസ്റ്റ് പരമ്പര വിജയമെന്ന റെക്കോഡിനൊപ്പമെത്തി. 2015 ഓഗസ്റ്റിന് ശേഷമുള്ള എല്ലാ ടെസ്റ്റ് പരമ്പരയിലും വിജയിച്ചാണ് ഇന്ത്യ ഈ റെക്കോഡിനൊപ്പമെത്തിയത്. ഒപ്പം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഒരുപിടി റെക്കോഡുകള്‍ സ്വന്തം പേരില്‍ കുറിച്ചു. ആറു ഇരട്ടസെഞ്ചുറി അക്കൗണ്ടിലുള്ള ഏക ക്യാപ്റ്റനായ കോലി തുടര്‍ച്ചയായ രണ്ട് ഇരട്ട സെഞ്ചുറി നേടുന്ന ലോകത്തെ നാലാമത്തെ ബാറ്റ്‌സ്മാനായും മാറി.

അവാര്‍ഡുകള്‍ വാരിക്കൂട്ടി ക്രിസ്റ്റിയാനോ

Cristiano Ronaldo

കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഫിഫയുടെ മികച്ച ഫുട്‌ബോള്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യാനോയെ തേടി ബാലന്‍ദ്യോര്‍ പുരസ്‌കാരവുമെത്തി. അഞ്ചാം ബാലന്‍ദ്യോര്‍ കിരീടം നേടിയ ക്രിസ്റ്റിയാനോ ഇക്കാര്യത്തില്‍ മെസ്സിയുടെ റെക്കോഡിനൊപ്പമെത്തി. മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പോര്‍ച്ചുഗീസ് താരം ബാലന്‍ദ്യോര്‍ നേടിയതെങ്കില്‍ ഫിഫയുടെ ലോകഫുട്‌ബോള്‍ പുരസ്‌കാരത്തില്‍ മെസ്സിയേയും ഗ്രീസ്മാനേയുമാണ് ക്രിസ്റ്റിയാനോ പിന്നിലാക്കിയത്. റയല്‍ മാഡ്രിഡിന് വേണ്ടി ചാമ്പ്യന്‍സ് ലീഗിലും ലാ ലിഗയിലും പുറത്തെടുത്ത പ്രകടനമാണ് ക്രിസ്റ്റ്യാനോയെ അവാര്‍ഡിനര്‍ഹനാക്കിയത്.

ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യ ഗോളടിച്ച് ഇന്ത്യ

under 17 world

അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന് ആദ്യമായി ആതിഥേയരായ ഇന്ത്യ ഫുട്‌ബോള്‍ ലോകകപ്പില്‍ ഒരു ഗോളെന്ന സ്വപ്‌ന നേട്ടവും പൂര്‍ത്തിയാക്കി. കൊളംബിയക്കെതിരായ മത്സരത്തില്‍ ജിക്‌സണ്‍ സിങ്ങാണ് ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ടത്. അണ്ടര്‍-17 ലോകകപ്പില്‍ കാണികളുടെ എണ്ണത്തിലും ഇന്ത്യ പുതിയ റെക്കോഡിട്ടു. ചൈനയുടെ പേരിലുള്ള റെക്കോഡാണ് ഇന്ത്യ മറികടന്നത്. ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ടാണ് ഇന്ത്യയില്‍ നിന്ന് കൗമാര കിരീടവുമായി മടങ്ങിയത്.

വനിതാ ക്രിക്കറ്റിന്റെ ദിശ മാറ്റി മിതാലിപ്പട

women cricket

വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലിലെത്തി മിതാലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ചരിത്രം രചിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനോടു തോറ്റെങ്കിലും ആണ്‍ക്രിക്കറ്റിന്റെ നിഴലില്‍ നിന്ന് പുറത്തുകടയ്ക്കാന്‍ ഇന്ത്യന്‍ പെണ്‍പടയ്ക്കായി. 2005ന് ശേഷം ഇന്ത്യ ഫൈനലിന് യോഗ്യത നേടിയെന്ന പ്രത്യേകതയുമുണ്ടായിരുന്നു. ഒപ്പം ഏകദിനത്തില്‍ 6000 റണ്‍സ് പിന്നിട്ട് ആ നേട്ടം കൈവരിക്കുന്ന ആദ്യ വനിതാ താരമെന്ന റെക്കോഡും മിതാലി സ്വന്തമാക്കി.  ജുലന്‍ ഗോസ്വാമി വനിതാ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമായി. 153 മത്സരങ്ങളില്‍ നിന്ന് 181 വിക്കറ്റാണ് ഗോസ്വാമി നേടിയത്. 

ട്രാക്കില്‍ ഇനി ബോള്‍ട്ടിന്റെ കുതിപ്പില്ല

usain bolt

ട്രാക്കിലെ വേഗരാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ വിടവാങ്ങലിന് സാക്ഷിയായാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ലണ്ടനിലെ അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍ നടന്ന ലോക അത്‌ലറ്റിക് മീറ്റില്‍ ലോകം ബോള്‍ട്ടിന്റെ അവസാന കുതിപ്പ് കണ്ടു. നൂറു മീറ്റര്‍ ഓട്ടത്തില്‍ ഗാട്‌ലിന് മുന്നില്‍ കാലിടറിയ ബോള്‍ട്ടിന് വെങ്കലവുമായി ട്രാക്ക് വിടേണ്ടി വന്നു. പക്ഷേ മത്സരശേഷം ഗാട്‌ലിന്‍ വേഗരാജാവിന് മുന്നില്‍ മുട്ടുകുത്തിയപ്പോള്‍ അത് കായികരംഗത്തെ അപൂര്‍വ്വ നിമിഷങ്ങളിലൊന്നായി മാറി.

ബാഡ്മിന്റണില്‍ ശ്രീകാന്തിന്റെ സ്മാഷ്

Kidambi Srikanth

നാളിതുവരെ സൈനയുടെയും കശ്യപിന്റെയും നിഴലിലായിരുന്ന ശ്രീകാന്ത് ഈ വര്‍ഷം മാത്രം നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടി. ഫ്രഞ്ച്, ഡെന്‍മാര്‍ക്ക്, ഇന്‍ഡോനേഷ്യന്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങള്‍. ഇക്കൊല്ലം കളിച്ച സൂപ്പര്‍ സീരീസുകളുടെയെല്ലാം ഫൈനലിലെത്തുന്ന താരമെന്ന റെക്കോഡും ശ്രീകാന്ത് സ്വന്തമാക്കി. സിംഗപ്പൂര്‍ ഓപ്പണില്‍ റണ്ണറപ്പായി. റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കും ഇന്ത്യന്‍ താരമുയര്‍ന്നു. സിംഗപ്പൂര്‍ ഓപ്പണും തായ്‌ലന്‍ഡ് ഓപ്പണും നേടി സായ് പ്രണീതും യു.എസ് ഓപ്പണ്‍ നേടി മലയാളി താരം എച്ച്.എസ് പ്രണോയിയും ഇന്ത്യയുടെ അഭിമാനമായി. ഒപ്പം ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധു വെള്ളി നേടി ഇന്ത്യയെ ലോകനെറുകയിലെത്തിച്ചു. 

ബിസിസിഐയുടെ തലപ്പത്ത് സുപ്രീം കോടതിയുടെ അഴിച്ചുപണി

Anurag_Ajay

ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി സ്ഥാനത്ത് നിന്ന് അജയ് ഷിര്‍ക്കയെയും പുറത്താക്കിയുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷം കായികരംഗം കണ്ട നിര്‍ണായക തീരുമാനങ്ങളിലൊന്നാണ്. ചീഫ് ജസ്റ്റിസ്് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. അഴിമതി തുടച്ചു കളഞ്ഞ് ക്രിക്കറ്റിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ രൂപവത്ക്കരിച്ച ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ നടപടി. പകരം ഇടക്കാല വിനോദ് റായ് അധ്യക്ഷനായുള്ള ഇടക്കാല ഭരണസമിതിയെയും സുപ്രീം കോടതി നിയമിച്ചു

സന്തോഷ് ട്രോഫിയില്‍ 32-ാം കിരീടവുമായി ബംഗാള്‍

santhosh trophy

സന്തോഷ് ട്രോഫി ഫൈനലില്‍ ഗോവയ്ക്കെതിരെ അധികസമയത്തിന്റെ അവസാന നിമിഷത്തില്‍ നേടിയ ഗോളില്‍ പശ്ചിമ ബംഗാള്‍ കിരീടം നേടി. മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തില്‍ മന്‍വീര്‍ സിങ് ആണ് ബംഗാളിന്റെ രക്ഷകനായത്. മുഴുവന്‍ സമയത്തും ഇഞ്ചുറി ടൈമിലും ഇരുടീമുകള്‍ക്കും സ്‌കോര്‍ ചെയ്യാനായില്ല. ആറു വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ കിരീടം നേടുന്നത്. ബംഗാളിന്റെ 32-ാം സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് ബംഗാള്‍.

വിവാദങ്ങളുമായി കുംബ്ലെയുടെ രാജി, പുതിയ പരിശീലകനായി രവി ശാസ്ത്രി

indian team

പോയവര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലച്ച സംഭവമായിരുന്നു പരിശീലക സ്ഥാനത്ത് നിന്നുള്ള അനില്‍ കുംബ്ലെയുടെ രാജി. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ കുംബ്ലെയുമായി ഒത്തുപോകാനാകില്ലെന്ന് ബിസിസിഐയില്‍ തുറന്നു പറഞ്ഞതിന് പിന്നാലെയായിരുന്നു കുംബ്ലെയുടെ രാജി. പിന്നീട് ഏറെ നാടകീയതള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവില്‍ ബിസിസിഐ രവി ശാസ്ത്രിയെ ഇന്ത്യന്‍ ടീം കോച്ചായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബിസിസിഐ ആക്ടിങ് പ്രസിഡന്റ് സി.കെ ഖന്നയാണ് പ്രഖ്യാപനം നടത്തിയത്. മുംബൈയില്‍ ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന ക്രിക്കറ്റ് ഉപദേശകസമിതിയാണ് രവി ശാസ്ത്രിയെ പരിശീലകനായി തിരഞ്ഞെടുത്തത്. രണ്ടു വര്‍ഷത്തേക്കാണ് ശാസ്ത്രിയുടെ കരാര്‍.

ധോനി മാറി, കോലി ക്യാപ്റ്റനായി

virat kohli

ഇന്ത്യയുടെ ഏകദിന, ടിട്വന്റി നായകസ്ഥാനത്ത് നിന്ന് ധോനി ഒഴിയുന്നതിനും പുതിയ ക്യാപ്റ്റനായി വിരാട് കോലി ചുമതലയേല്‍ക്കുന്നതിനും 2017 സാക്ഷിയായി. നേരത്തെ ധോനി ടെസ്റ്റില്‍ നിന്ന് വിരമിച്ചതിനെ തുടര്‍ന്ന് കോലി ടെസ്റ്റ് ടീമിന്റെ നായകസ്ഥാനമേറ്റെടുത്തിരുന്നു. 176 ഏകദിനമത്സരങ്ങളുടെ അനുഭവസമ്പത്തുമായിട്ടാണ് കോലി നായകനായത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ കോലി ക്യാപ്റ്റനെന്ന നിലയില്‍ അരങ്ങേറ്റവും നടത്തി. അതേസമയം ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞെങ്കിലും ഏകദിന, ടിട്വന്റി ടീമംഗമെന്ന നിലയില്‍ ധോനി ടീമിനൊപ്പമുണ്ട്.

ആര്‍ ആശ്വിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം

ashwin

ഇന്ത്യയുടെ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം. സീറ്റ് ക്രിക്കറ്റ് റേറ്റിങ് നല്‍കുന്ന പുരസ്‌കാരം ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍  മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌ക്കറും ആര്‍.പി.ജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയും ചേര്‍ന്ന് സമ്മാനിച്ചു. ഇന്ത്യയില്‍ നടന്ന നാല് ടെസ്റ്റ് പരമ്പരകളില്‍ മികച്ച ബൗളിങ്ങാണ് അശ്വിന്‍ പുറത്തെടുത്തത്. ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ക്കെതിരെ നടന്ന13 ടെസ്റ്റില്‍ പത്തെണ്ണത്തിലും ഇന്ത്യ ജയിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 99 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്.

കോണ്‍ഫെഡറേഷന്‍സ് കപ്പ്  ജര്‍മനിക്ക്

germany

ലോകകപ്പിന് പുറമെ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്ബോള്‍ കിരീടവും ജര്‍മനി നേടി. ഫൈനലില്‍ കോപ്പ അമേരിക്കന്‍ ചാമ്പ്യന്മാരായ ചിലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മനിയുടെ യുവനിര തോല്‍പിച്ചത്.ഇതാദ്യമായാണ് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ മുത്തമിടുന്നത്. ലോകകപ്പിന് തൊട്ടുപിറകെ കോണ്‍ഫെഡറേഷന്‍സ് കപ്പ് നേടുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ജര്‍മനി. ഫ്രാന്‍സാണ് ഈ നേട്ടം കൈവരിച്ച മറ്റൊരു ടീം. ിലി ആധിപത്യം പുലര്‍ത്തിയ മത്സരത്തിന്റെ ഇരുപതാം മിനിറ്റില്‍ ഗോളടിയന്ത്രം സ്റ്റിന്‍ഡലാണ് ജര്‍മനിയുടെ വിജയഗോള്‍ നേടിയത്.

ചരിത്രമെഴുതി ഐസ്വാള്‍ എഫ്.സിക്ക് ഐ-ലീഗ് കിരീടം

aizawl fc

ഇന്ത്യന്‍ ഫുട്ബോളില്‍ ചരിത്രമെഴുതി ഐസ്വാള്‍ എഫ്.സി ഐ-ലീഗ് കിരീടം നേടി. നിര്‍ണായക മത്സരത്തില്‍ അയല്‍ക്കാരായ ഷില്ലോങ് ലജോങ്ങിനെ സമനിലയില്‍ പിടിച്ചാണ് ഐസ്വാള്‍ തങ്ങളുടെ ആദ്യ കിരീടത്തില്‍ മുത്തമിട്ടത്. ഐ-ലീഗില്‍ രണ്ടാം സീസണ്‍ മാത്രം കളിക്കുന്ന ഐസ്വാളിന്റെ നേട്ടത്തിലൂടെ ഒരു വടക്കു കിഴക്കന്‍ ക്ലബ്ബ് ആദ്യമായി ഐ-ലീഗ് കിരീടം നേടി എന്ന ചരിത്രം കൂടിയാണ് പിറന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി കിരീടം നേടിയതു പോലെ ഒരു ''ഫെയറി ടൈല്‍''. ഷില്ലോങ് ലജോങ്ങിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐസ്വാള്‍ ആരാധകരെ ഞെട്ടിച്ച് ഒമ്പതാംലജോങ് ഗോള്‍ നേടി. ഡിക്കയായിരുന്നു ഗോള്‍ സ്‌കോറര്‍. പിന്നീട് ഓരോ നിമിഷവും ഐസ്വാള്‍ ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലജോങ്ങിന്റെ പ്രതിരോധത്തെ മറികടക്കാനായില്ല.  ഒടുവില്‍ 67-ാം മിനിറ്റില്‍ വില്ല്യം ലാല്‍നുന്‍ഫേല ചെങ്കുപ്പായക്കാരുടെ രക്ഷകനാകുകയായിരുന്നു. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായാണ് ഐസ്വാള്‍ കിരീടം നേടിയത്.