ഇന്റര്‍നെറ്റ് സമത്വം, ട്രായ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു

Trai

ഏറെനാളത്തെ സംവാദങ്ങള്‍ക്കൊടുവില്‍ ഇന്റര്‍നെറ്റ് സമത്വം പാലിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ 2017 നവംബറില്‍ ട്രായ് സമര്‍പ്പിച്ചു. ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ഇന്റര്‍നെറ്റ് സമത്വ തത്ത്വങ്ങള്‍ (നെറ്റ് ന്യൂട്രാലിറ്റി) കര്‍ശനമായി പാലിക്കണമെന്ന് ടെലികോം നിയന്ത്രണ അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്റര്‍നെറ്റിന്റെ ഉള്ളടക്കം സുതാര്യമായിരിക്കണമെന്നതു സംബന്ധിച്ച് ട്രായ് മാര്‍ഗ നിര്‍േദശങ്ങള്‍ സമര്‍പ്പിച്ചു. ഇന്റര്‍നെറ്റ് സുതാര്യമാണെന്നും അതിന്റെ ഉള്ളടക്കത്തില്‍ വിവേചനം പാടില്ലെന്നും വിവേചനപരമായ സ്വഭാവമുള്ള ഉള്ളടക്കങ്ങള്‍ സംബന്ധിച്ച കരാറുകളില്‍ സേവനദാതാക്കള്‍ ഏര്‍പ്പെടരുതെന്നുമുളള നിര്‍ദ്ദേശങ്ങളാണ് ട്രായ് മുന്നോട്ടുവച്ചത്. ആപ്ലിക്കേഷനുകള്‍, സേവനങ്ങള്‍, മറ്റു വിവരങ്ങള്‍ എന്നിവയെല്ലാം ഇന്റര്‍നെറ്റ് ഉള്ളടക്കത്തില്‍ ഉള്‍പ്പെടുന്നു. 

കൂടുതല്‍ വായിക്കാം

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ഷാവോമി രാജ്യത്ത് ഒന്നാമത്, ഒപ്പം സാംസങും

Xiaomi

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷാവോമി ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്ന നിലയിലേക്കുയര്‍ന്നു. സെപ്റ്റംബര്‍ മാസത്തോടെ അവസാനിച്ച മൂന്നാം പാദ കണക്കുകള്‍ പ്രകാരം  സാംസങും ഷാവോമിയും  രാജ്യത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ 23.5 ശതമാനം ഓഹരി സ്വന്തമാക്കി. ലെനോവോ, വിവോ, ഓപ്പോ എന്നീ കമ്പനികളാണ് തൊട്ടുപിന്നിലുള്ളത്. ആകര്‍ഷകമായ വിലയില്‍ മികച്ച ഫീച്ചറുകളുള്ള ഫോണുകള്‍ അവതരിപ്പിച്ചാണ് ഷാവോമി രാജ്യത്ത് ആരാധകരെ സൃഷ്ടിച്ചെടുത്തത്. മൂന്ന് വര്‍ഷം കൊണ്ടാണ് ഷാവോമി ഈ നേട്ടം കൈവരിച്ചതെന്നും ശ്രദ്ധേയമാണ്.

ആദ്യ 4ജി ഫീച്ചര്‍ഫോണ്‍ റിലയന്‍സ് ജിയോഫോണ്‍ അവതരിപ്പിച്ചു

jiophone

4ജി സേവനങ്ങള്‍ ലഭ്യമാകുന്ന ആദ്യ ഫീച്ചര്‍ ഫോണ്‍ 2017 ഓഗസ്റ്റില്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. കായ് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റ് വാങ്ങിയാണ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നത്. മൂന്ന് വര്‍ഷത്തെ ഉപയോഗത്തിന് ശേഷം ഫോണ്‍ തിരികെ നല്‍കുന്നതിനൊപ്പം ഈ തുക ഉപയോക്താവിന് തിരികെ ലഭിക്കും. ടിവി, ലൈവ് മ്യൂസിക്, വോയ്‌സ്, മെസേജിങ് തുടങ്ങിയ സ്മാര്‍ട്‌ഫോണുകളിലെല്ലാം ലഭിക്കുന്നപോലെയുള്ള അതിവേഗ ഇന്റര്‍നെറ്റ് നിങ്ങള്‍ക്ക് ജിയോഫോണില്‍ ഉപയോഗിക്കാന്‍ സാധിക്കും. കൂടാതെ വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സൗകര്യങ്ങളും ഫോണിലുണ്ട്. 

കൂടുതല്‍ വായിക്കാം

ട്വിറ്റര്‍ അക്ഷരപരിധി 280 ആയി വര്‍ധിപ്പിച്ചു

Twitter

ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ നവംബറിലാണ് ട്വിറ്ററിലെ ഈ സുപ്രധാന മാറ്റം. നേരത്തെ 140 അക്ഷരങ്ങള്‍ മാത്രമാണ് ട്വീറ്റുകളില്‍ അനുവദിച്ചിരുന്നത്. ചുരുങ്ങിയ വാക്കുകളില്‍ ചിന്തകളും സന്ദേശങ്ങളും പങ്കുവെക്കുന്ന മൈക്രോ ബ്ലോഗിങിലൂടെ ശ്രദ്ധേയമായ സോഷ്യല്‍മീഡിയാ വെബ്സൈറ്റാണ് ട്വിറ്റര്‍. ആഗോള തലത്തില്‍ ഗൗരവതരമായ പല വിഷയങ്ങളും ചര്‍ച്ചയാകാറുള്ള ട്വിറ്ററില്‍ 140 അക്ഷരങ്ങള്‍ എന്ന പരിധി വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ട്വിറ്ററില്‍ അനുവദിച്ചിട്ടുള്ള ഇംഗ്ലീഷ് ഉള്‍പടെയുള്ള നിരവധി ഭാഷകള്‍ക്ക് 280 അക്ഷരങ്ങള്‍ എന്ന നിബന്ധന ബാധകമാണ്. 

കൂടുതല്‍ വായിക്കാം

ഐഫോണിന്റെ പത്താം വാര്‍ഷികത്തില്‍ ആപ്പിള്‍ 'ഐഫോണ്‍ ടെന്‍' അവതരിപ്പിച്ചു

Introducing iPhone X

ഐഫോണിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന 2017ല്‍ വിപ്ലവകരമായ മാറ്റങ്ങളോടുകൂടി ഒരു പുതിയ ഐഫോണ്‍ ആപ്പിള്‍ അവതരിപ്പിച്ചു. സെപ്റ്റംബ്‌റില്‍ നടന്ന പരിപാടിയില്‍ ആളുകളുടെ മുഖം തിരിച്ചറിയാന്‍ സാധിക്കുന്ന ഫെയ്‌സ് ഡിറ്റക്ഷന്‍ ഫെയ്‌സ് റെക്കഗ്നിഷന്‍ സംവിധാനമുള്ള ഐഫോണ്‍ ടെന്‍ കമ്പനി അവതരിപ്പിച്ചു. ഒപ്പം ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ് സ്മാര്‍ട്‌ഫോണുകളും. 

കൂടുതല്‍ വായിക്കാം

ലോകത്തെ ഏറ്റവും വലിയ ബാറ്ററി അവതരിപ്പിച്ച് ടെസ്ല

Tesla battery

ഡിസംബറിലാണ് എലന്‍ മസ്‌കിന്റെ നേതൃത്വത്തില്‍ ടെസ്‌ല ലോകത്തെ ഏറ്റവും വലിയ ബാറ്ററി ഓസ്‌ട്രേലിയയില്‍ അവതരിപ്പിച്ചത്. ജൂലായിലാണ് ബാറ്ററി നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ ടെസ്ല സ്വന്തമാക്കിയത്. 30,000 ല്‍ അധികം വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാനുള്ള ശേഷി ഈ ബാറ്ററി സംവിധാനത്തിനുണ്ട്. 2016 ലുണ്ടായ കൊടുങ്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ ഓസ്‌ട്രേലിയയിലിലുണ്ടായ വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണുന്നതിനാണ് ഈ ബാറ്ററി നിര്‍മ്മിച്ചത്.

കൂടുതല്‍ വായിക്കാം

ഇലക്ട്രിക് വാഹനങ്ങളില്‍ പുത്തന്‍ അധ്യായം കുറിച്ച് ടെസ്‌ലയുടെ ആദ്യ ഇലക്ട്രിക് ട്രക്ക് 

Tesla Semi Truck

ടെസ്ലയുടെ ആദ്യ ഇലക്ട്രിക് സെമി ട്രക്ക് എലന്‍ മസ്‌ക് അവതരിപ്പിച്ചു. ലോസ് ഏഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് മസ്‌ക് ടെസ്ലയുടെ അത്യാധുനിക സാങ്കേതികവിദ്യ സന്നിവേശിപ്പിച്ച് നിര്‍മ്മിച്ച ' ടെസ്‌ല സെമി' ട്രക്ക് അവതരിപ്പിച്ചത്. കൂടാതെ കാണികളെ അമ്പരപ്പിച്ച് ടെസ്ലയുടെ പുതിയ ഇലക്ട്രിക് സ്പോര്‍ട്സ് കാറും എലന്‍ മസ്‌ക് വേദിയില്‍ അവതരിപ്പിച്ചു. അഞ്ച് സെക്കന്റില്‍ 60 ാുവ വേഗതയാണ് ടെസ്‌ല സെമി ട്രക്കിനുള്ളത്. ഏകദേശം 36288 കിലോഗ്രാം ഭാരം ഈ വേഗതയില്‍ വലിച്ചുകൊണ്ടുപോവാന്‍ സാധിക്കും. പരമാവധി ഭാരം വഹിച്ച് ഹൈവേ സ്പീഡില്‍ 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ട്രക്കിനാവും.

മണിക്കൂറില്‍ 310 വേഗതയാര്‍ജിച്ച് ഹൈപ്പര്‍ലൂപ്പ്

കൂടുതല്‍ വായിക്കാം

Hyperloop

അതിവേഗ ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ടെസ് ല വികസിപ്പിക്കുന്ന ഹൈപ്പര്‍ലൂപ്പ് എന്ന വാഹനത്തിന്റെ രണ്ടാം ഘട്ട പരീക്ഷണം വിജയകരമായി. കഴിഞ്ഞ ഓഗസ്റ്റിലാണ് യുഎസിലെ നെവാഡ മരുഭൂമിയില്‍ പ്രത്യേകമായൊരുക്കിയ ട്രാക്കില്‍ പരീക്ഷണയോട്ടം നടന്നത്.  മണിക്കൂറില്‍ 310 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഹൈപ്പര്‍ ലൂപ്പിനായി. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാവുന്നതോടെ മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗം കൈവരിക്കാനാവുമെന്നാണ് യു.എ.ഇ.യില്‍ വരാനിരിക്കുന്ന ഹൈപ്പര്‍ ലൂപ്പില്‍ പ്രതീക്ഷിക്കുന്നത്.

കൂടുതല്‍ വായിക്കാം

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

anil ambani

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്  മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. രാജ്യത്തെ ടെലികോം രംഗത്തെ മറ്റൊരു സംഭവമായി മാറി ഇത്. വിപണിയില്‍ നിന്നുണ്ടായ വന്‍ നഷ്ടമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്. 15 വര്‍ഷക്കാലം രാജ്യത്തെ ടെലികോം രംഗത്ത് സുപ്രധാന സ്ഥാനം വഹിച്ചിരുന്ന കമ്പനിയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. 500 രൂപയ്ക്ക് ഫോണ്‍ നല്‍കിയും ആകര്‍ഷകമായ താരിഫ് നിരക്കുകള്‍ നല്‍കിയും റിലയന്‍സ് ജനപ്രീതി നേടിയിരുന്നു. സഹോദരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ കമ്പനിയുടെ വരവാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് വെല്ലുവിളിയായത്. ഡിസംബര്‍ മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ മൊബൈല്‍ സേവനങ്ങളും ഡിടിഎച്ച് സേവനങ്ങളും രാജ്യത്ത് ലഭ്യമാവില്ല. 

കൂടുതല്‍ വായിക്കാം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഡെലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു

whatsapp

രാജ്യത്ത് ഏറെ പ്രചാരമുള്ള വാട്‌സ്ആപ്പ് ആപ്ലിക്കേഷന്‍ ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു. സന്ദേശങ്ങള്‍ മാറി അയച്ച് കുഴപ്പങ്ങളുണ്ടാകുന്നതിനാല്‍ ഏറെ നാളുകളായി ഉപയോക്താക്കള്‍ കാത്തിരുന്ന ഫീച്ചറാണ് ഇത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് നമ്മള്‍ അയച്ച സന്ദേശങ്ങള്‍ ലഭിച്ച ആളുടെ ഫോണില്‍ നിന്നും നമുക്ക് ഡിലീറ്റ് ചെയ്യാന്‍ സാധിക്കും.

കൂടുതല്‍ വായിക്കാം

ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് ഒരു രാജ്യം പൗരത്വം നല്‍കി

sophia robot

കൃത്രിമ ബുദ്ധി സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. ഇക്കഴിഞ്ഞ നവംബറിലായിരുന്നു ഈ ചരിത്ര മുഹൂര്‍ത്തം. ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാന്‍സന്‍ റോബോടിക്‌സാണ് സോഫിയ എന്ന പെണ്‍ റോബോട്ട് വികസിപ്പിച്ചെടുത്തത്.  മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് സാന്ദര്‍ഭികമായി മറുപടി നല്‍കാന്‍ സോഫിയ റോബോട്ടിന് സാധിക്കും. അതിനനുസരിച്ചുള്ള മുഖഭാവങ്ങളും കാണിക്കാന്‍ സോഫിയയ്ക്കാവും.