ബിജെപിയില്‍ കാവിസഖ്യം

YOGI

യു.പിയില്‍ 17 വര്‍ഷത്തിന് ശേഷം ബിജെപി അധികാരം പിടിച്ചു. 403 അംഗ സഭയില്‍ എന്‍.ഡി.എ സഖ്യം 325 സീറ്റിന്റെ മൃഗീയ ഭൂരിപക്ഷത്തോടെയാണ് ഭരണത്തിലെത്തിയത്. രാജ്‌നാഥ് സിങ്, കേശവ് പ്രസാദ് മൗര്യ തുടങ്ങി പല പേരുകളും ചര്‍ച്ചചെയ്ത് ഒടുവില്‍ ഏവരേയും അമ്പരപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിന്റെ പേര് പ്രഖ്യാപിച്ചത്. യോഗി മാര്‍ച്ച് 18 ന് സത്യപ്രതിജ്ഞ ചെയ്തു

പഞ്ചാബില്‍ ഒരു ദശാബ്ദത്തിന് ശേഷം കോണ്‍ഗ്രസ്

Amarinder Singh

രണ്ട് ടേം നീണ്ട അകാലിദള്‍-ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ ജനപ്രീതിയും പ്രഭാവവുമാണ് കോണ്‍ഗ്രസിനെ തുണച്ചത്. 117 അംഗ സഭയില്‍ 77 സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ 20 സീറ്റുമായി ആം ആദ്മി പാര്‍ട്ടി പ്രതിപക്ഷത്തായി. അകാലിദള്‍-ബിജെപി സഖ്യം മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു

സീറ്റ് കുറഞ്ഞിട്ടും ബിജെപി ഗോവയില്‍ അധികാരം നിലനിര്‍ത്തി

manohar parikar

ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്. പക്ഷേ ചെറുകക്ഷികളെ കൂട്ടി സര്‍ക്കാരുണ്ടാക്കിയത് ബിജെപി. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറെ ഗോവ മുഖ്യമന്ത്രിയായി വാഴിച്ചുകൊണ്ടായിരുന്നു അമത് ഷാ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ പൊളിച്ചത്. എംജിപിയേയും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയേയും സ്വതന്ത്രരേയും അണിനിരത്തിയാണ് ബിജെപി സര്‍ക്കാര്‍ ഭൂരിപക്ഷം തികച്ചത്.

പിണറായി സര്‍ക്കാരിലെ രണ്ടാമത്തെ രാജി

saseendran

ടെലിവിഷന്‍ ചാനലുകളുടെ കൂട്ടത്തിലേക്ക് കേരളത്തില്‍ മംഗളം ചാനല്‍ രംഗപ്രവേശം ചെയ്ത ദിവസം. ചാനല്‍ ലോഞ്ചിങ് ന്യൂസായി ബ്രേക്ക് ചെയ്തത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഒരു യുവതിയോട് നടത്തിയ അശ്ലീല സംഭാഷണങ്ങളായിരുന്നു. വിവാദം കത്തിപ്പടരുന്നതിന് കാക്കാതെ മണിക്കൂര്‍ അഞ്ച് തികയും മുമ്പെ അദ്ദേഹം രാജി നല്‍കി. പിണറായി സര്‍ക്കാരിലെ രണ്ടാമത്തെ രാജിയായിരുന്നു ഇത്‌.

അത്ഭതങ്ങളില്ലാതെ മലപ്പുറവും വേങ്ങരയും

Kunhalikutty

കോട്ടയില്‍ ലീഗ് വിജയം ആവര്‍ത്തിച്ചപ്പോള്‍ ഇ.അഹമ്മദിന്റെ പിന്‍ഗാമിയായി തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലെത്തി. ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ വേങ്ങര മണ്ഡലം നിലനിര്‍ത്തി കെ.എന്‍.എ ഖാദറും വിശ്വാസം കാത്തു. വേങ്ങരയില്‍ ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് ലീഗിനും യു.ഡി.എഫിനും ചോദ്യങ്ങള്‍ ബാക്കിവെക്കുന്നു.

Read More : മലപ്പുറം കിസ്സ

Read More : വേങ്ങര യു.ഡി.എഫിനൊപ്പം

 

തോമസ് ചാണ്ടിയുടെ രാജി

thomas chandy

ശശീന്ദ്രന്റെ പിന്‍ഗാമിയായി ഏപ്രില്‍ ഒന്നിന് മന്ത്രിയായി ചുമതലയേറ്റ തോമസ് ചാണ്ടിക്ക് ഏഴ് മാസം മാത്രമേ മന്ത്രിക്കസേരയില്‍ ഇരിക്കാന്‍ യോഗമുണ്ടായുള്ളൂ. കായല്‍, ഭൂമി കയ്യേറ്റ വിഷയത്തില്‍ ആരോപണങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ചര്‍ച്ചയായിട്ടും അടവുകള്‍ പലത് പയറ്റി അക്ഷോഭ്യനായി നിന്ന തോമസ് ചാണ്ടിയെ സിപിഎം പോലും സംരക്ഷിച്ചിട്ടും ഒടുവില്‍ കോടതിയുടെ രൂക്ഷമായ പരാമര്‍ശത്തില്‍ അടിതെറ്റുകയായിരുന്നു. നവംബര്‍ 15 ന് ഗത്യന്തരമില്ലാതെ ചാണ്ടി രാജിവെച്ചു. പിണറായി മന്ത്രിസഭയിലെ മൂന്നാമത്തെ രാജി.

Read More : നാണംകെട്ട് രാജി

സോളാര്‍ കെണിയില്‍ കോണ്‍ഗ്രസ്

Solar report

ഉമ്മന്‍ ചാണ്ടിയേയും കോണ്‍ഗ്രസിനെയും വെട്ടിലാക്കി സോളാര്‍ കമ്മീഷന്‍ വിധിയെഴുതി. കോണ്‍ഗ്രസിന്റെ ഒരു പറ്റം നേതാക്കളെയാണ് റിപ്പോര്‍ട്ട് പ്രതിരോധത്തിലാക്കിയത്. അഴിമതി ആരോപണങ്ങളില്‍ കേസെടുക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി. ലൈംഗിക ആരോപണങ്ങളില്‍ കത്തില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കാന്‍ ആലോചനയുണ്ടെങ്കിലും കേസിന്റെ നിലനില്‍പ് സംശയത്തിലായതിനാല്‍ അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

രാംനാഥ് കോവിന്ദ് രാഷ്ട്രപതി

modi amit sha ram nath kovind

പ്രണബ് മുഖര്‍ജിക്കു ശേഷം ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയായി രാംനാഥ് ഗോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത് ജൂലൈ 17ന് ആണ്. ബിഹാര്‍ ഗവര്‍ണറായി സേവനമനുഷ്ഠിച്ചിട്ടുള്ള കോവിന്ദ്, രാജ്യസഭയിലും ലോക്‌സഭയിലും എം.പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ മീരാ കുമാറിനെതിരെ മൂന്നില്‍ രണ്ട് വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ്‌ കോവിന്ദ് തിരഞ്ഞെടുക്കപ്പെട്ടത്‌. ജൂലൈ 25ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു

venkaiah naidu

ഹമീദ് അന്‍സാരിയുടെ പിന്‍ഗാമിയായി ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് അഞ്ചിന് ആയിരുന്നു തിരഞ്ഞെടുപ്പ്. മോദി മന്ത്രിസഭയില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രിയായിരുന്ന വെങ്കയ്യ നായിഡു സ്ഥാനം രാജിവെച്ചാണ് ഉപരാഷ്ട്രപതി പദവിയിലേക്ക് എത്തിയത്‌.

ശശികല അകത്ത്, പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രി

O pneerselva, Sasikala, edappadi palanisamy

ജയലളിതയുടെ മരണശേഷം കലങ്ങിമറിഞ്ഞ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ അതിനാടകീയ സംഭവങ്ങള്‍ അരങ്ങേറി. ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല എഡിഎംകെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെങ്കിലും താല്‍കാലിക മുഖ്യമന്ത്രിയായിരുന്ന പനീര്‍ ശെല്‍വം ശശികലയ്‌ക്കെതിരായി ആരോപണവുമായി രംഗത്തെത്തി. പനീര്‍ ശെല്‍വം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയും ഫെബ്രുവരി 16 ന്  എടപ്പാടി പളനിസാമി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. അനധികൃത സ്വത്തു സമ്പാദന കേസില്‍ ഫെബ്രുവരി 14 ന് സുപ്രീം കോടതി നാലു വര്‍ഷം തടവിന് വിധിച്ചതോടെ മുഖ്യമന്ത്രിയാകാനുള്ള ശശികലയുടെ നീക്കം പാളി. 

രാഷ്ട്രീയത്തിലെ നാടകീയ നീക്കങ്ങളിലൂടെ ആറു മാസം നീണ്ട രാഷ്ട്രീയചേരിപ്പോരിനൊടുവില്‍ എ.ഐ.എ.ഡി.എം.കെ.യിലെ എടപ്പാടി പളനിസ്വാമി ഒ.പനീര്‍ശെല്‍വം വിഭാഗങ്ങള്‍ ഒന്നിച്ചു. ഓഗസ്റ്റ് 21 ന് പനീര്‍ശെല്‍വം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാര്‍ട്ടി കോ-ഓര്‍ഡിനേറ്റര്‍ സ്ഥാനവും അദ്ദേഹത്തിന് ലഭിച്ചു. ജനറല്‍ സെക്രട്ടറി വി.കെ. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ജയിലിലടയ്ക്കപ്പെട്ട ശശികലയെയും കേസില്‍ കുരുങ്ങിയ ദിനകരനെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പളനിസ്വാമിയും കൂട്ടരും തീരുമാനിച്ചതോടെയാണ് പനീര്‍ശെല്‍വം വിഭാഗവുമായുള്ള ലയനത്തിനു വഴി തെളിഞ്ഞത്.

നീതീഷ് കുമാര്‍ ആര്‍ജെഡി സഖ്യം വിടുന്നു

Nitish Kumar

ജെഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ നിലവിലുണ്ടായിരുന്ന ആര്‍ജെഡി, ജെഡിയു കോണ്‍ഗ്രസ് സഖ്യം വിടുകയും ബിജെപിയുമായി ചേര്‍ന്ന് പുതിയ സര്‍ക്കാരുണ്ടാക്കുകയും ചെയ്തു. ജൂലൈ 27ന് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും സുശീല്‍ മോഡി ഉപമുഖ്യമന്ത്രിയായും സ്ഥാനമേറ്റു. ഈ വര്‍ഷം കണ്ട ഏറ്റവും വലിയ രാഷ് ട്രീയ മലക്കംമറിച്ചിലായിരുന്നു ഇത്‌.

കോണ്‍ഗ്രസില്‍ നേതൃമാറ്റം

Rahul Gandhi

പുതിയ നേതൃത്വത്തിന് തുടക്കമിട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 16-ാം അധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിച്ചു. 1998 ല്‍ കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗന്ധി ചുമതലയേറ്റ് 19 വര്‍ഷത്തിനു ശേഷമാണ് തലമുറമാറ്റം. 2019 - ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുക്കുക എന്ന ദൗത്യമാണ് രാഹുലിനുള്ളത്‌