''ക്യാപ്പിറ്റലിസത്തിനെന്താണ് കുഴപ്പം? അതില്‍ സോഷ്യലിസമില്ലേ? സോഷ്യലിസത്തിനെന്താണ് കുഴപ്പം, അതില്‍ ക്യാപ്പിറ്റലിസമില്ലേ? ക്യാപ്പിറ്റലിസത്തിലും സോഷ്യലിസത്തിലും മാര്‍ക്‌സിസമില്ലേ?'' ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിച്ച ഭൈരവന്‍ എന്ന കള്ളന്റെ ഈ ചോദ്യം കേട്ട് കെ.പി.എ.സി. ലളിതിയുടെ കഥാപാത്രം 'ഹോ.... എന്തൊരു വിവരമുള്ള മനുഷ്യന്‍!' എന്ന് അത്ഭുതപ്പെടുന്ന രംഗമുണ്ട്. പശുപതിയെ അവസാനം കൈയാമം വെച്ച് കൊണ്ടുപോകുന്നുണ്ട് സിനിമയില്‍.
 

image 1

കേരളീയര്‍ക്ക് അതുപോലൊരു ഹാസ്യചിത്രം കാണാനുള്ള ഭാഗ്യം ഈ വര്‍ഷം ഉണ്ടായി. രാഹുല്‍ പശുപാലന്‍ എന്നൊരാള്‍ ചുംബനസമരം, സദാചാരത്തിന്റെ രാഷ്ട്രീയം എന്നൊക്കെ വലിയവായില്‍ പറഞ്ഞ് അവസാനം ഭാര്യയെ വിറ്റതിനും കൊച്ചുകുട്ടികളെ കഴുകന്‍മാര്‍ക്ക് സല്‍ക്കരിച്ചതിനും പിടിയിലായി. തെരുവില്‍ ചുംബിക്കാന്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞയാള്‍ മുഖം മറച്ചുകൊണ്ടുപോകുന്ന കാഴ്ച കണ്ട് ജനം ആര്‍ത്തുചിരിച്ചു.

ഓര്‍ത്തുചിരിക്കാന്‍ അതിലും വലിയ കാഴ്ചകള്‍ നല്‍കിയവര്‍ വേറെയുമുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് സിപിഎമ്മിന്റെ മുന്‍മേയര്‍ കൂടിയായ ശിവന്‍കുട്ടി എം.എല്‍.എ. ആണെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായര്‍ എം.എല്‍.എ. സമ്മതിക്കുമെന്ന് തോന്നുന്നില്ല. സഭയുടെ

Image2

നടുത്തളത്തിലും സ്പീക്കറുടെ മേടയിലും കേറി ശിവന്‍കുട്ടി നടത്തിയ അര്‍ദ്ധനഗ്‌ന താണ്ഡവവും അതിന്റെ അവസാനരംഗത്തില്‍ സഭയുടെ മേശപ്പുറത്ത് ശവമായി കിടന്നതും ആരും മറന്നുകാണില്ല.

ജമീല പ്രകാശം എന്ന വനിതാ എം.എല്‍.എ.യില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശിവദാസന്‍നായര്‍ നടത്തിയ പോരാട്ടമാണ് അതിനോട് കിടപിടിച്ചത്. ശിവദാസന്റെ   തോളില്‍ കടിച്ചുകൊണ്ടാണ് ജമീല ആ രംഗത്തിന് അന്ന് കൊഴുപ്പ് കൂട്ടിയത്.
 
ചിരിയുടെ അഭാവം പാര്‍ട്ടിക്കുണ്ടെന്ന് തിരിച്ചറിഞ്ഞ സിപിഎം ദൈവം ചിരി വാരിക്കോരി നല്‍കിയ ആളെത്തന്നെ സെക്രട്ടറിയാക്കിയതാണ് പോയവര്‍ഷത്തില്‍ കണ്ട ഒരു പ്രധാന സംഭവം. അതിന്റെ ഗുണവും ജനങ്ങള്‍ക്ക് ഉണ്ടായി. ദൈവം ഇല്ലെന്ന് ആണയിട്ടവര്‍ ശ്രീകൃഷ്ണന്‍ പാണ്ഡവരോടൊപ്പം നടത്തിയത് മിച്ചഭൂമി സമരമാണെന്ന് പറഞ്ഞുകൊണ്ട് ആ സഖാവിന്റെ ജന്മദിനത്തില്‍ ശോഭായാത്രയുമായി റോഡിലിറങ്ങി നല്ല ചിരിക്ക് വക നല്‍കി.

Image 3


ബാലകൃഷ്ണ ജയരാജന്‍മാര്‍ കണ്ണൂര്‍ നരകം അമ്പാടിയാക്കി. കഥയെ വെല്ലുന്ന ക്ലൈമാക്‌സ്  എന്നവണ്ണം ഘോഷയാത്രയുടെ അന്ത്യത്തില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ത്തറച്ച് വന്‍ പുലിവാല് പിടിക്കുകയും ചെയ്തു ബുദ്ധിരാക്ഷസന്‍മാര്‍.

ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല ചേലാണ്. അച്യുതാനന്ദന്‍ സഖാവിന്റെ ശുഷ്‌കാന്തി കാരണം പിണറായി സഖാവ് അനുഭവിക്കുന്ന ധര്‍മസങ്കടം കണ്ട് ചിരിക്കാന്‍ ദുഷ്ടബുദ്ധികള്‍ക്കേ കഴിയൂ. അച്ചുമ്മാവനെ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍.
 

Image 4

'പശു അമ്മയാണെങ്കില്‍ കാളയാര്?' എന്ന അദ്ദേഹത്തിന്റെ ഈ നൂറ്റാണ്ടിന്റെ ചോദ്യത്തിന് സംഘപരിവാറില്‍ നിന്നോ വെള്ളാപ്പള്ളിയില്‍ നിന്നോ ഇന്നേവരെ ഉത്തരം ലഭിച്ചിട്ടില്ല.

 ലാസ്റ്റ് ലാഫ് എന്നത് തനിക്കു പറഞ്ഞിട്ടുള്ളതാണെന്ന് ഒരേയൊരു ഉമ്മന്‍ചാണ്ടി ഇക്കൊല്ലവും തെളിയിച്ചു. എറിയുന്ന വടികളൊക്കെ തിരിച്ചു കയ്യിലെത്തിച്ചും കൊള്ളുന്ന കല്ലുകളൊക്കെ തിരുനെറ്റിയില്‍ തിലകമാക്കിയും അദ്ദേഹം ലീഡറെ വെല്ലുന്ന ചിരിചിരിക്കുന്നു. എല്ലാരേയും പറ്റിച്ചേ എന്ന ആ ചിരി ശിഷ്യന്‍ ബാബു മന്ത്രിയും അനുകരിക്കുന്നു. സ്വന്തം ഈമെയിലില്‍നിന്ന് ഒപ്പിട്ട ഊമക്കത്ത് അയച്ചയാള്‍ എന്ന ഖ്യാതിയുമായി ചെന്നിത്തല നാടുവിടുന്നു. ചിരിച്ചുകളിച്ച് അവസാനം പട്ടിയായിപ്പോകുന്ന കുമ്മാട്ടിക്കളിയുമായി പി.സി. ജോര്‍ജ് ഒരു നൊമ്പരച്ചിരി നല്‍കി പുറപ്പെട്ടുപോകുന്നു.

റിസര്‍വ് ബാങ്ക് കയ്യിലെടുത്ത് അമ്മാനമാടിക്കൊണ്ടിരുന്ന ആള്‍ ഒടുക്കം കക്കൂസ് പൊളിച്ച് അകത്താകുന്ന കഥയാണ് മാണി സാര്‍ പറയുന്നത്.
ഇരട്ട നീതിയെന്ന് മാണിയും ദന്തഗോപുരത്തിലിരിക്കുന്നവര്‍ക്ക് എന്തും പറയാമെന്ന് കുഞ്ഞാലിക്കുട്ടിയും പറയുന്നതുകേട്ട് ജനം കരയണോ ചിരിക്കണോ എന്ന് അന്തംവിടുന്നു.

ബിജു രമേശ് എന്ന ബാര്‍ മുതലാളിയാണ് ഈ വര്‍ഷത്തെ അഴിമതിക്കെതിരായ പടത്തലവന്‍. ബിജു രാധാകൃഷ്ണനെന്ന ക്രിമിനല്‍ കേസ് പ്രതിയാണ് രക്ഷകന്‍. അദ്ദേഹത്തിനൊപ്പം നാം നടത്തിയ സിഡി അന്വേഷണയാത്രയാണ് പാപമോക്ഷ പരിക്രമണം. രക്ഷകന്റെ മുന്‍ഭാര്യയുടെയും പിതൃതുല്യരുടെയും രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി ഒളിച്ചുവെച്ച സിഡി തേടി പോലീസും മാധ്യമപ്പടയും കോയമ്പത്തൂരേക്ക്  പോകുമ്പോളാണ് ഒരു അരികില്‍ ചെന്നൈ പട്ടണം വെള്ളത്തില്‍ പത്തുദിവസമായി മുങ്ങികിടക്കുന്നത് നാമറിഞ്ഞത്. ലജ്ജകൂടാതെയുള്ള പൊട്ടിച്ചിരിക്കാണത് വക നല്‍കിയത്.

 പ്രധാനമന്ത്രി മോദിയുടെ ലോകപര്യടനങ്ങളും വേഷഭൂഷകളും സെല്‍ഫികളും ഫോട്ടോഷോപ്പുകളും രാഹുല്‍ഗാന്ധിയുടെ അജ്ഞാതവാസവുമാണ് കേന്ദ്രത്തില്‍ നിന്ന് ലഭിച്ച തമാശകള്‍.

എല്ലാം അടുത്തവര്‍ഷവും തുടരുമെന്ന് പ്രതീക്ഷിക്കാം. ജഗതി രംഗം വിട്ടതും ഇന്നസെന്റ് എംപി ആയതും ശ്രീനിവാസന്‍ കര്‍ഷകനായതും നമ്മളെ അറിയിക്കാതെ കാത്തവര്‍ക്ക് അടുത്തവര്‍ഷവും ഹാപ്പി ന്യൂ ഇയര്‍ നേരുന്നു.