സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ സമൂഹത്തിന്റെ എല്ലാ തട്ടിലും വ്യാപിക്കുന്നതിനാണ് 2015 സാക്ഷ്യം വഹിച്ചത്. സോഷ്യല്‍ മീഡിയയില്‍ ആദ്യം ചര്‍ച്ചചെയ്യപ്പെടുകയും, മുഖ്യധാരാ മാധ്യമങ്ങള്‍ പിന്നീട് ഏറ്റെടുക്കുകയും ചെയ്യുന്ന വിഷയങ്ങളുടെ എണ്ണം വര്‍ധിക്കുന്നു. 

ഒരുവശത്ത് സോഷ്യല്‍ മീഡിയയുടെ സ്വാധീനം വര്‍ധിക്കുമ്പോള്‍, മറുവശത്ത് ഇന്‍ര്‍നെറ്റ് സ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് നെറ്റ് സമത്വമെന്ന സങ്കല്‍പ്പത്തെ തകിടംമറിക്കാനുള്ള ശ്രമങ്ങള്‍ ഏറുകയാണ്. സൈബര്‍ സ്‌പേസില്‍ നെറ്റ് സമത്വത്തിന് വേണ്ടിയുള്ള വലിയ ക്യാമ്പയ്‌നുകള്‍ക്ക് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ 2015ല്‍ സാക്ഷ്യം വഹിച്ചു.

പുതിയ സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും രംഗത്തെത്തുന്നതില്‍ 2015ലും കുറവുണ്ടായില്ല. എന്നാല്‍, ഷവോമി പോലുള്ള ചൈനീസ് മൊബൈല്‍ കമ്പനികള്‍ രംഗത്തെത്തിയതോടെ മികച്ച സ്‌പെസിഫിക്കേഷനുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയുള്‍പ്പടെയുള്ള വിപണികളില്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമായി. 

ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ (വിയറബില്‍ ഗാഡ്ജറ്റുകള്‍), വിശേഷിച്ചും സ്മാര്‍ട്ട്‌വാച്ചുകള്‍ മുഖ്യധാരയിലേക്ക് പ്രവേശിക്കുന്നതിന് സാക്ഷ്യം വഹിച്ചു എന്നതാണ് 2015ന്റെ ഏറ്റവും വലിയ സവിശേഷത. പുതിയ വിന്‍ഡോസ് പതിപ്പായ വിന്‍ഡോസ് 10 വിപണിയിലെത്തിയതും ഈ വര്‍ഷം തന്നെ.

ടെക് രംഗത്ത് 2015നെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട അവതാരങ്ങളില്‍ ചിലത് പരിചയപ്പെടാം -

Windows 10

1. വിന്‍ഡോസ് 10 (Windows 10)

യൂസര്‍മാരുടെ അഭിപ്രായമറിഞ്ഞ ശേഷമാണ് മൈക്രോസോഫ്റ്റ് അവരുടെ പുതിയ വിന്‍ഡോസ് പതിപ്പ് രൂപപ്പെടുത്തിയത്. വിന്‍ഡോസ് 8 പോലെ ഡെസ്‌ക്‌ടോപ്പുകള്‍ക്കും ടാബുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും യോജിക്കുന്ന തരത്തിലാണ് വിന്‍ഡോസ് 10 ഉം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍പതിപ്പിനെ അപേക്ഷിച്ച് വിന്‍ഡോസ് 10 നുള്ള പ്രധാന സവിശേഷത അതില്‍ 'സ്റ്റര്‍ട്ട് മെനു' (Start menu) തിരികെയെത്തി എന്നതാണ്. മൊബൈല്‍ ഉപകരണങ്ങളില്‍ വിന്‍ഡോസ് 10 നൊപ്പം 'കോര്‍ട്ടാന' (Cortana) എന്ന വോയ്‌സ് അസിസ്റ്റന്റ് ലഭ്യമാണ്. മാത്രമല്ല, 'വിന്‍ഡോസ് എക്‌സ്‌പ്ലോററി'നെ കൈവിട്ട് വേഗമേറിയ 'മൈക്രോസോഫ്റ്റ് എഡ്ജ്' (Microsoft Edge) എന്ന ബ്രൗസറും വിന്‍ഡിസ് 10 നൊപ്പം സ്ഥാനംപിടിച്ചു. വിന്‍ഡോസ് 7, വിന്‍ഡോസ് 8, വിന്‍ഡോസ് 8.1 എന്നിവയ്ക്ക് വിന്‍ഡോസ് 10 ലേക്ക് സൗജന്യ അപ്‌ഡേറ്റ് കൊടുക്കാന്‍ മൈക്രോസോഫ്റ്റ് തയ്യാറായി എന്നതും ശ്രദ്ധേയമാണ്. 

Samsung Gear S2

2. സാംസങ് ഗിയര്‍ എസ്2 (Samsung Gear S2)

വിയറബിള്‍ ടെക്‌നോളജിയുടെ ഉദയത്തിനാണ് 2015 സാക്ഷ്യം വഹിച്ചത്. പ്രത്യേകിച്ചും സ്മാര്‍ട്ട്‌വാച്ചുകളുടെ കാര്യത്തില്‍. ചതുര ഡിസ്‌പ്ലേയില്‍ പ്രവര്‍ത്തിക്കാന്‍ രൂപപ്പെടുത്തിയ ഒഎസാണ് മിക്ക സ്മാര്‍ട്ട്‌വാച്ചുകളിലുമുള്ളത്. അതിനാല്‍ വാച്ചുകളുടെ ഡയല്‍ വട്ടത്തിലാകുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍, സാംസങ് 2015ല്‍ രംഗത്തെത്തിച്ച ഗിയര്‍ എസ്2 വാച്ച് ഈ പോരായ്മ പരിഹരിച്ചുകൊണ്ടുള്ളതാണ്. ടിസന്‍ അധിഷ്ഠിത ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഗിയര്‍ എസ്2 ഈ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌വാച്ചായി പല ടെക് വിദഗ്ധരും കരുതുന്നത് അതുകൊണ്ടാണ്. മുമ്പ് സാംസങ് ഇറക്കിയ വാച്ചുകളെ അപേക്ഷിച്ച് ധരിക്കാന്‍ സുഖകരമാണ് ഗിയര്‍ എസ്2. 299 ഡോളര്‍ (ഏതാണ്ട് 20,000 രൂപ) ആണ് വില, ആപ്പിള്‍ വാച്ചിനെക്കാളും വില കുറവ്.

Amazon Echo

3. ആമസോണ്‍ ഇക്കോ (Amazon Echo)

'ആമസോണ്‍ ഇക്കോ' ഒരു ബ്ലൂടൂത്ത് സ്പീക്കറാണ്; ഭാഗികമായി വോയ്‌സ് അസിസ്റ്റന്റും. 179 ഡോളര്‍ (11,800 രൂപ) വിലയുള്ള ഈ ഗാഡ്ജറ്റ് കാഴ്ചയില്‍ ഒരു ട്യൂബ് പോലെയാണ് തോന്നുക. ശബ്ദമുപയോഗിച്ചാണ് ഇതിന്റെ പൂര്‍ണനിയന്ത്രണം. മ്യൂസിക് പ്ലേ ചെയ്യാനും, കാലാവസ്ഥാ വിവരങ്ങളും വാര്‍ത്തകളും കേള്‍പ്പിക്കാനും പറഞ്ഞാല്‍ മതി, അത് ചെയ്തുകൊള്ളും. ഫിലിപ്പ്‌സിന്റെ 'ഹ്യൂ ലൈറ്റ്‌സ്' മുതല്‍ സാംസങിന്റെ 'സ്മാര്‍ട്ട് തിങ്‌സ്' വരെയുള്ള സ്മാര്‍ട്ട് ഹോം ഉപകരണങ്ങളുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാകത്തിലാണ് ആമസോണ്‍ ഇക്കോയുടെ നിര്‍മിതി. 

iPhone 6S

4. ഐഫോണ്‍ 6എസ് / ഐഫോണ്‍ 6എസ് പ്ലസ് 

ഹാര്‍ഡ്‌വേറിന്റെ കാര്യത്തില്‍ മുന്‍തലമുറയെക്കാളും കുറച്ചുകൂടി മികച്ച പ്രകടനം സാധ്യമാകുന്ന ഐഫോണ്‍ മോഡലുകളാണ് 2015ല്‍ ആപ്പിള്‍ അവതരിപ്പിച്ചത്. പുതിയ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ എടുത്ത് പറയാവുന്ന സവിശേഷത, അതില്‍ ത്രീഡി ടച്ച് ഉള്‍പ്പെടുത്തി എന്നതാണ്. മുഖ്യക്യാമറ 12 മെഗാപിക്‌സലായും മുന്‍ക്യാമറ 5 മെഗാപിക്‌സലായും അപ്‌ഗ്രേഡ് ചെയ്തു. 4കെ വീഡിയോ റിക്കോര്‍ഡിങ് സാധ്യമാകും. 

Microsoft Surface Book

5. മൈക്രോസോഫ്റ്റ് സര്‍ഫേസ് ബുക്ക് (Microsoft Surface Book)

മൈക്രോസോഫ്റ്റ് ഈ വര്‍ഷം അവതരിപ്പിച്ച 'സര്‍ഫേസ് ബുക്ക്' ശരിക്കുപറഞ്ഞാല്‍ ഒരു ലാപ്‌ടോപ്പല്ല. ടാബും ലാപ്‌ടോപ്പും ചേരുന്ന സങ്കര ഗാഡ്ജറ്റാണ്. കീബോര്‍ഡിലെ ഒരു ബട്ടനില്‍ ഒന്ന് അമര്‍ത്തുകയേ വേണ്ടൂ, സ്‌ക്രീന്‍ കീബോര്‍ഡില്‍നിന്ന് വേര്‍പെട്ട് ടാബായി മാറും. വിന്‍ഡോസ് 10 ടച്ച്‌സ്‌ക്രീനിന്റെ വശ്യതയും പെന്‍ ഇന്‍പുട്ടും സര്‍ഫേസ് ബുക്കിന്റെ ആകര്‍ഷകത്വം കൂട്ടുന്നു. 

Google Nexus 6P

6. ഗൂഗിള്‍ നെക്‌സസ് 6പി (Google Nexus 6P)

സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പം കൂടിയാലും പ്രശ്‌നമാണെന്ന് ഗൂഗിള്‍ പഠിച്ചത് നെക്‌സസ് 6ല്‍ നിന്നാണ്. ആ പാഠം ഉള്‍ക്കൊണ്ടാണ് 2015ല്‍ പുതിയ മോഡലായ നെക്‌സസ് 6പി ഇറക്കിയത്. ഒരു സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്ന എല്ലാം തികഞ്ഞ മോഡലാണ് ഗൂഗിളിന് വേണ്ടി വാവേ കമ്പനി നിര്‍മിച്ച നെക്‌സസ് 6പി. ലോഹചട്ടക്കൂട്ടില്‍ നിര്‍മിച്ച ഇതിന്റെ ക്വാഡ് എച്ച്ഡി ഡിസ്‌പ്ലേ മനംമയക്കുന്നതാണ്. 'ദിവസം മുഴുവന്‍ നില്‍ക്കുന്ന' ബാറ്ററിയാണ് മറ്റൊരു പ്രത്യേകത. ഏറ്റവും വലിയ സവിശേഷത, പുതിയ ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോയുടെ സാന്നിധ്യമാണ്. 

Solu Computer

7. സോലു കമ്പ്യൂട്ടര്‍ (Solu Computer)

പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ സംബന്ധിച്ച പരമ്പരാഗത സങ്കല്‍പ്പം പൊളിച്ചെഴുതുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി, സംരംഭകനായ ക്രിസ്റ്റഫര്‍ ലാസന്റെ നേതൃത്വത്തിലുള്ള ഫിന്‍ലന്‍ഡ് എന്‍ജിനിയര്‍ ഗ്രൂപ്പ് രൂപംനല്‍കിയ പോക്കറ്റ് കമ്പ്യൂട്ടറാണ് സോലു. കാഴ്ചയില്‍ മൊബൈല്‍ ഫോണിനോട് സാമ്യമുള്ള ഇത്, മൊബൈല്‍ ഫോണിനെക്കാളും ശക്തിയേറിയ കമ്പ്യൂട്ടിങ് ഉപകരണമാണ്. ഏതു സ്‌ക്രീനുമായും ഘടിപ്പിച്ച് പേഴ്‌സണല്‍ കമ്പ്യൂട്ടറാക്കി ഇത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. കിക്ക്സ്റ്റാര്‍ട്ടര്‍ വഴി ഏതാണ്ട് 25,000 രൂപയ്ക്കാണ് സോലു വില്‍ക്കുന്നത്. 2016ല്‍ ഈ കമ്പ്യൂട്ടര്‍ വില്‍പ്പനയ്‌ക്കെത്തും. 

Polaroid SNAP

8. പോളറോയ്ഡ് സ്‌നാപ്പ് (Polaroid SNAP)

കാഴ്ചയിലൊരു കളിപ്പാട്ടമെന്നേ തോന്നൂ. എന്നാല്‍, 99 ഡോളര്‍ (6500 രൂപ) വിലവരുന്ന 'പോളറോയ്ഡ് സ്‌നാപ്പ്' കളിപ്പാട്ടമല്ല, ഡിജിറ്റല്‍ ഇന്‍സ്റ്റന്റ് ക്യാമറയാണ്. 2015ല്‍ ഇറങ്ങിയ ഗാഡ്ജറ്റുകളില്‍ പലതുകൊണ്ടും പുതുമ നിറഞ്ഞ ഉപകരണമാണിത്. ഇതിലെ ബില്‍റ്റിന്‍ ZINK പ്രിന്ററില്‍നിന്ന് ലഭിക്കുന്ന മിഴിവേറിയ ഫോട്ടോകള്‍ അത് വ്യക്തമാക്കും. എത്ര വേണമെങ്കിലും ഫോട്ടോകളെടുക്കാനും മെമ്മറി കാര്‍ഡില്‍ സൂക്ഷിക്കാനും കഴിയുന്ന കാലത്ത്, ചിത്രങ്ങള്‍ പ്രിന്റായി നല്‍കുന്ന ക്യാമറ തീര്‍ച്ചയായും ആകര്‍ഷകം തന്നെയാണ്. 

Apple iPad Pro

9. ആപ്പിള്‍ ഐപാഡ് പ്രോ (Apple iPad Pro)

സ്മാര്‍ട്ട് കീബോര്‍ഡും, ആപ്പില്‍ പെന്‍സിലുമായി കൂട്ടുചേര്‍ന്ന് കഴിഞ്ഞാല്‍, ആപ്പിളിന്റെ ഐപാഡ് പ്രോ മറ്റൊരനുഭവമാകും. ശരിക്കുള്ള പടക്കുതിരയായി അത് മാറും. ശക്തിമത്തായ ഒരു ടാബ്‌ലറ്റാണ് ഐപാഡ് പ്രോ. ഐമൂവിയില്‍ (iMovie) 4കെ വീഡിയോയുടെ മൂന്ന് സ്ട്രീമുകള്‍ ഒരേ സമയം എഡിറ്റ് ചെയ്യാന്‍ കഴിയുന്നത്ര ശക്തിയേറിയ കമ്പ്യൂട്ടിങ് ഉപകരണം. ഉന്നത റെസല്യൂഷനോടുകൂടിയ 12.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐപാഡ് പ്രോയിലുള്ളത്. നാല് മൂലയിലും ഓരോ സ്പീക്കറോടു കൂടിയതാണ് ആപ്പിളിന്റെ ഈ ടാബ്. 

Samsung Gear VR

10. സാംസങ് ഗിയര്‍ വിആര്‍ (Samsung Gear VR)

ഒട്ടേറെ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകളെക്കുറിച്ച് (വിആര്‍ ഹെഡ്‌സെറ്റുകള്‍) 2015ല്‍ കേട്ടു. ഒക്കലസ് റിഫ്റ്റ് ( Oculus Rift ) മുതല്‍ പ്ലേസ്റ്റേഷന്‍ വിആര്‍ (PlayStation VR) വരെ അതില്‍ പെടുന്നു. പക്ഷേ, ഇവയെല്ലാം അടുത്തവര്‍ഷമേ വിപണിയിലെത്തൂ. ഇപ്പോള്‍ ലഭ്യമായ വില കുറഞ്ഞ, താരതമ്യേന മികച്ച ഒരു വിആര്‍ ഹെഡ്‌സെറ്റാണ് സാംസങിന്റെ ഗിയര്‍ വിആര്‍. വെറും 99 ഡോളര്‍ (6500 രൂപ) വിലയേ ഉള്ളൂ ഇതിന്. എന്നാല്‍, ആദ്യത്തെ രണ്ട് പതിപ്പുകളെ ബാധിച്ചിരുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ ഒഴിവാക്കിയാണ് പുതിയ പതിപ്പിന്റെ വരവ്. ഭാരം കുറവ്, ഉപയോഗിക്കാന്‍ സൗകര്യപ്രദം എന്നിവ കൂടാതെ സാംസങിന്റെ നാല് ഫോണുകളെ ഇത് പിന്തുണയ്ക്കുകയും ചെയ്യും. സാംസങിന്റെ ഗാലക്‌സി എസ്6, ഗാലക്‌സി എസ്6 എഡ്ജ്, ഗാലക്‌സി നോട്ട് 5, ഗാലക്‌സി എസ്6 എഡ്ജ് പ്ലസ് എന്നീ ഫോണുകളെയാണ് പിന്തുണയ്ക്കുക. 

Light L16

11. ലൈറ്റ് എല്‍ 16 (Light L16)

16 ലെന്‍സുള്ള പോയന്റ് ആന്‍ഡ് ഷൂട്ട് ക്യാമറ. വെറുമൊരു സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പം. അതാണ് 'ലൈറ്റ് എല്‍ 16' എന്ന വ്യത്യസ്തമായ ക്യാമറ. 'ഫോട്ടോഗ്രാഫി രംഗത്ത് വിപ്ലവം സൃഷ്ടിക്കു'മെന്ന അവകാശവാദവുമായാണ് ഇതുവരെ കാണാത്ത ക്യാമറ ഡിസൈനുമായി എല്‍16 എത്തുന്നത്. 16 വ്യത്യസ്ത ക്യാമറകള്‍ ഒറ്റ ബോഡിയിലേക്ക് കുടിയിരുത്തിയ മാതിരിയാണ് ഈ ഉപകരണം. 52 മെഗാപിക്‌സല്‍ ദൃശ്യങ്ങള്‍ ലഭിക്കും. 2015ലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നതെങ്കിലും 2016 സപ്തംബറിലേ ക്യാമറ വിപണിയിലെത്തൂ. വിലയല്‍പ്പം കൂടുതലാണ്, 1700 രൂപ (1.1 ലക്ഷം രൂപ). 

Samsung Galaxy S6

12. സാംസങ് ഗാലക്‌സി എസ്6 (Samsung Galaxy S6)

ഈ വര്‍ഷമിറങ്ങിയ ഏറ്റവും മികച്ച ആന്‍ഡ്രോയ്ഡ് ഫോണുകളിലൊന്ന് സാംസങ് ഗാലക്‌സി എസ്6 ആണെന്നതില്‍ സംശയമില്ല. മടുപ്പിക്കുന്ന പ്ലാസ്റ്റിക് ബോഡിക്ക് പകരം ലോഹ, ഗ്ലാസ് ചട്ടക്കൂട്ടിലേക്ക് സാംസങ് മാറി എന്നതാണ് ഗാലക്‌സി എസ്6ന്റെ കാര്യത്തില്‍ സംഭവിച്ചത്. ക്വാഡ് എച്ച്ഡി റെസല്യൂഷന്‍ ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 16 മെഗാപിക്‌സലിന്റെ മുഖ്യക്യാമറയും വേഗമേറിയ വയര്‍ലെസ്സ് ചാര്‍ജിങ് സങ്കേതവും സാംസങിന്റെ ഈ മുന്‍നിര ഫോണിനെ വ്യത്യസ്തമാക്കുന്നു.