പ്രകൃതിരഹസ്യങ്ങള്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണം അവസാനിക്കുന്നില്ലെന്ന ഓര്‍മപ്പെടുത്തലോടെയാണ് 2015 കടന്നുപോകുന്നത്. പുതിയ കണ്ടെത്തലുകള്‍ക്കും പുത്തന്‍ മുന്നേറ്റങ്ങള്‍ക്കും കുറവുണ്ടായില്ല. സൗരയൂഥത്തിന്റെ വിദൂരകോണിലെ പ്ലൂട്ടോ മുതല്‍ പരമാണുവിനുള്ളിലെ വിചിത്രകണങ്ങള്‍ വരെ നീളുന്ന അന്വേഷണങ്ങള്‍. ഒപ്പം കാലാവസ്ഥാവ്യതിയാനം പോലുള്ള ഭീഷണികള്‍ യുക്തിപൂര്‍വ്വം നേരിടുന്നതില്‍നിന്ന്  ഇനിയൊരു ഒളിച്ചോട്ടത്തിന് സാധ്യതയില്ലെന്നും ഈ വര്‍ഷം മാനവരാശിയെ ഓര്‍മിപ്പിച്ചു. പ്രകൃതിയെ മറന്നുള്ള വികസനം എത്ര വലിയ കെടുതിയിലേക്കാണ് മനുഷ്യരെ നയിക്കുകയെന്ന് ചെന്നൈയിലെ പ്രളയം തെളിയിച്ചു. പ്രതീക്ഷകളും മുന്നറിയിപ്പുകളും നല്‍കിയാണ് 2015 വിടവാങ്ങുന്നതെന്ന് സാരം. 

ശാസ്ത്രം 2015ല്‍ അടയാളപ്പെടുത്തിയ പ്രധാന സംഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

Pluto
ന്യൂ ഹൊറൈസണ്‍സ് പേടകം പകര്‍ത്തിയ പ്ലൂട്ടോയുടെ ദൃശ്യം

 

1. ശാസ്ത്രം പുതിയ ചക്രവാളത്തില്‍ 

അക്ഷരാര്‍ഥത്തില്‍ പുതിയ ചക്രവാളങ്ങളിലേക്ക് ശാസ്ത്രം വികസിക്കുന്നതിന് പോയവര്‍ഷം സാക്ഷ്യംവഹിച്ചു. മനുഷ്യനിര്‍മിതമായ ഒരു പേടകം സൗരയൂഥത്തിന്റെ വിദൂരകോണിലെത്തി കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയെ ആദ്യമായി അടുത്തുനിന്ന് നിരീക്ഷിച്ചു. നാസയുടെ 'ന്യൂ ഹൊറൈസണ്‍സ്' പേടകം ഒന്‍പതര വര്‍ഷം സൗരയൂഥത്തിലൂടെ സഞ്ചരിച്ചാണ് 2015 ആഗസ്ത് 14ന് പ്ലൂട്ടോയ്ക്ക് സമീപമെത്തിയത്. 2006ല്‍ ഭൂമിയില്‍ നിന്ന് പേടകം പുറപ്പെടുമ്പോള്‍ പ്ലൂട്ടോ സൗരയൂഥത്തിലെ ഒന്‍പതാം ഗ്രഹമായിരുന്നു. എന്നാല്‍, പേടകം അവിടെയെത്തുമ്പോള്‍ ഗ്രഹപദവി നഷ്ടമായ പ്ലൂട്ടോ വെറുമൊരു കുള്ളന്‍ഗ്രഹം മാത്രം! പ്ലൂട്ടോയെയും ഉപഗ്രഹങ്ങളെയും കുറിച്ച് ന്യൂ ഹൊറൈസണ്‍സ് നടത്തിയ നിരീക്ഷണത്തിന്റെ വിവരങ്ങള്‍ ഭൂമിയില്‍ ഇപ്പോഴും എത്തുന്നതേയുള്ളൂ. 

Weyl fermion

2. ദ്രവ്യമാനമില്ലാത്ത വിചിത്രകണം 

1929 മുതല്‍ തിരച്ചില്‍ തുടങ്ങിയ ഒരു വിചിത്രകണത്തെ 2015ല്‍ ശാസ്ത്രം കണ്ടെത്തി. 'വെയ്ല്‍ ഫെര്‍മിയോണ്‍' ( Weyl femion ) എന്ന ദ്രവ്യമാനമില്ലാത്ത കണത്തെയാണ് എട്ടര പതിറ്റാണ്ടിന് ശേഷം കണ്ടെത്തിയത്. ഒരു ക്രിസ്റ്റലിനുള്ളില്‍ ദ്രവ്യവും പ്രതിദ്രവ്യവുമായി പെരുമാറാന്‍ കഴിവുള്ള ഈ കണം ഇലക്ട്രോണിക്‌സില്‍ പുത്തന്‍യുഗം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. യു.എസില്‍ പ്രിന്‍സ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകന്‍ എം.സാഹിദ് ഹസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിന് പിന്നില്‍. 

Paris Agreement
പാരിസില്‍ കാലാവസ്ഥാ ഉടമ്പടി ഒപ്പിട്ട ശേഷം ലോകനേതാക്കള്‍ 

 

3. കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ 

കാലാവസ്ഥാവ്യതിയാനം ചെറുക്കാന്‍ ക്യോട്ടോ ഉടമ്പടിയുടെ പിന്‍ഗാമി എന്ന നിലയ്ക്ക് പാരിസ് ഉടമ്പടിക്ക് ലോകരാഷ്ട്രങ്ങള്‍ രൂപംനല്‍കിയതിന് 2015 സാക്ഷ്യം വഹിച്ചു. ഡിസംബര്‍ 12ന് 195 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പിട്ട പാരിസ് ഉടമ്പടി പ്രാവര്‍ത്തികമായാല്‍ ഹരിതഗൃഹവാതകങ്ങളുടെ വ്യാപനത്തില്‍ വലിയ കുറവുണ്ടാകും. ആഗോളതാപനിലയിലെ വര്‍ധന 2 ഡിഗ്രിയില്‍ കൂടാതെ പരിമിതപ്പെടുത്താനാണ് ഉടമ്പടി ലക്ഷ്യമിടുന്നത്. 

SpaceX Falcon 9 rocket
സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കേപ് കാനവെറല്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍നിന്ന് കുതിച്ചുയരുന്നു

 

4. പുനരുപയോഗ റോക്കറ്റ് - ആദ്യവിജയം 

ബഹിരകാശ വിക്ഷപണരംഗത്ത് പുത്തന്‍യുഗത്തിന് നാന്ദികുറിച്ച് പുനരുപയോഗ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാനും തിരിച്ചിറക്കാനും കഴിഞ്ഞു എന്നതാണ് 2015ലെ സുപ്രധാന മുന്നേറ്റം. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ കമ്പനിയാണ് ഈ മുന്നേറ്റം കൈവരിച്ചത്. കമ്പനിയുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്, 11 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങി ചരിത്രം രചിച്ചത് ഡിസംബര്‍ 21നാണ്. 

Australopithecus deyiremeda

5. ഒരു പ്രാചീന നരവര്‍ഗം കൂടി 

'ഓസ്ട്രലോപിത്തക്കസ് ഡെയ്‌റെമേദ'യെന്ന പുതിയൊരു പ്രാചീന നരവംശത്തെക്കൂടി ഗവേഷകര്‍ തിരിച്ചറിഞ്ഞു. ആഫ്രിക്കയില്‍ എത്യോപ്യയിലെ അഫാര്‍ മേഖലയില്‍നിന്ന് കണ്ടെത്തിയ ഫോസിലുകളാണ് പുതിയ നരവംശത്തെ തിരിച്ചറിയാന്‍ സഹായിച്ചത്. 33 ലക്ഷം വര്‍ഷത്തിനും 35 ലക്ഷം വര്‍ഷത്തിനുമിടയ്ക്ക് പഴക്കമുള്ള താടിയെല്ലും പല്ലുകളുമാണ് പുതിയ നരവംശത്തിന്റെ തെളിവുകളായി മാറിയതെന്ന് 'നേച്ചര്‍' ജേര്‍ണല്‍ 2015 മെയ് അവസാനം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയില്‍ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ യോഹാന്നസ് ഹെയ്ല്‍-സെലാസീയും സംഘവുമാണ് കണ്ടെത്തലിന് പിന്നില്‍. 

Albert Einstein

6. മഹാസിദ്ധാന്തത്തിന് 100

മനുഷ്യന്റെ ധൈഷണികചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തം. ഇന്ന് നമുക്ക് മുന്നിലുള്ള പ്രപഞ്ചസങ്കല്‍പ്പമാകെ ആ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ടതാണ്. ഗുരുത്വാകര്‍ഷണമെന്നത് വെറുമൊരു ബലമല്ലെന്നും, സ്ഥലകാലവക്രത മൂലമുണ്ടാകുന്ന ഒന്നാണെന്നും ആ സിദ്ധാന്തം പറയുന്നു. അന്നുവരെ ശാസ്ത്രം പിന്തുടര്‍ന്ന സംഗതികളില്‍ നിന്നുള്ള വഴിമാറി നടക്കലായിരുന്നു ഐന്‍സ്റ്റൈന്റെ സിദ്ധാന്തം. ആ സിദ്ധാന്തം ഐന്‍സ്റ്റൈന്‍ അവതരിപ്പിച്ചിട്ട് 100 വര്‍ഷം തികഞ്ഞത് 2015 നവംബര്‍ 25നാണ്. 

new antibiotic

7. 30 വര്‍ഷത്തിന് ശേഷം ആദ്യ ആന്റിബയോട്ടിക്

മൂന്ന് പതിറ്റാണ്ടിന് ശേഷം പുതിയൊരു ആന്റിബയോട്ടിക് ഗവേഷകര്‍ കണ്ടെത്തി. 'ടെക്‌സോബാക്ടിന്‍' (Teixobactin) എന്ന പുതിയ ആന്റിബയോട്ടിക്കിന്റെ കണ്ടെത്തല്‍ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. പല രോഗാണുക്കളും നിലവിലുള്ള ആന്റിബയോട്ടിക്കുകളോട് പ്രതിരോധശേഷി നേടുന്ന പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സിലെ ബോസ്റ്റണിലുള്ള നോര്‍ത്തീസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇലക്ട്രോണിക് ചിപ്പിന്റെ സഹായത്തോടെ ബാക്ടീരിയകളെ മണ്ണില്‍ വളര്‍ത്തി അവയുടെ ആന്റിബയോട്ടിക്ക് രാസസംയുക്തങ്ങള്‍ വേര്‍തരിച്ചെടുക്കാനുള്ള വിദ്യ ഉപയോഗിച്ചാണ് ഗവേഷകര്‍ പുതിയ ആന്റിബയോട്ടിക് കണ്ടെത്തിയത്. ക്ഷയരോഗമുള്‍പ്പടെയുള്ളവ ചികിത്സിക്കാന്‍ പുതിയ ആന്റിബയോട്ടിക്ക് ഉപയോഗിക്കാം. 

Water on Mars

8. ചൊവ്വാഗ്രഹത്തില്‍ ഒഴുകുന്ന വെള്ളം 

ചൊവ്വായില്‍ ഒഴുകുന്ന വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് നാസ കണ്ടെത്തിയതാണ് 2015ലെ മറ്റൊരു മുന്നേറ്റം. ചൊവ്വയുടെ മധ്യരേഖാപ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായാണ് ഗവേഷകര്‍ കണ്ടെത്തിയത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ് ഈ കണ്ടെത്തലെന്ന് വിലയിരുത്തപ്പെടുന്നു. നാസയുടെ മാഴ്‌സ് റിക്കണൈസന്‍സ് ഓര്‍ബിറ്റര്‍ പേടകം നടത്തിയ നിരീക്ഷണങ്ങളാണ് ചൊവ്വയില്‍ ഒഴുകുന്ന രൂപത്തില്‍ ജലമുള്ള കാര്യം കണ്ടെത്താന്‍ സഹായിച്ചത്. 

ASTROSAT

9. പ്രപഞ്ചത്തിലേക്ക് തുറക്കുന്ന ഇന്ത്യന്‍ കണ്ണ്

ബഹിരാകാശ ടെലസ്‌കോപ്പ് വിക്ഷേപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് 2015ല്‍ ഇന്ത്യയുമെത്തി. അസ്‌ട്രോസാറ്റ് ( ASTROSAT ) എന്നാണ് ഇന്ത്യയുടെ ആദ്യ സ്‌പേസ് ടെലസ്‌കോപ്പിന്റെ പേര്. കഴിഞ്ഞ സപ്തംബര്‍ 28ന് പിഎസ്എല്‍വി സി-30 റോക്കറ്റിലാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് അസ്‌ട്രോസാറ്റ് വിക്ഷേപിച്ചത്. 1513 കിലോഗ്രാം ഭാരമുള്ള ഈ ബഹിരാകാശ ടെലസ്‌കോപ്പില്‍, വിദൂര ഗാലക്‌സികളും എക്‌സ്‌റേ ഉറവിടങ്ങളും തമോഗര്‍ത്തങ്ങളും മുതല്‍ നക്ഷത്രജനനങ്ങളെ വരെ നിരീക്ഷിക്കാന്‍ ശേഷിയുള്ള അഞ്ച് നിരീക്ഷണോപകരണങ്ങളുണ്ട്. ഇന്ത്യന്‍ ഗവേഷകര്‍ക്ക് സ്വന്തം ടെലസ്‌കോപ്പില്‍നിന്നുള്ള ഡേറ്റ ഉപയോഗിച്ച് പ്രപഞ്ചപഠനം നടത്താന്‍ വഴിതുറുക്കുകയാണ് അസ്‌ട്രോസാറ്റ് ചെയ്യുന്നത്. 

four legged snake

10. നാലുകാലുള്ള പാമ്പ്

നാലുകാലുള്ള പാമ്പുകള്‍ ഭൂമിയിലുണ്ടായിരുന്നു എന്നതിന് ഗവേഷകര്‍ക്ക് തെളിവ് കിട്ടിയതും പോയവര്‍ഷമാണ്. 11.3 കോടി വര്‍ഷം പഴക്കമുള്ള ഒരു പാമ്പ് ഫോസിലാണ്, നാലുകാലുള്ള പാമ്പുകള്‍ക്ക് തെളിവായത്. ഒരു ജര്‍മന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബ്രസീലില്‍നിന്നുള്ള ഫോസിലായിരുന്നു അത്. ബ്രിട്ടീഷ് ഫോസില്‍ വിദഗ്ധന്‍ ഡേവ് മാര്‍ട്ടിനാണ് മ്യൂസിയത്തിലെ ശേഖരത്തില്‍നിന്ന് യാദൃശ്ചികമായി ആ അപൂര്‍വ്വ ഫോസില്‍ തിരിച്ചറിഞ്ഞ് അതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. 

LHC

11. ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പുതിയ ഉയരങ്ങളില്‍

ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണമാണ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ( LHC ) നടക്കുന്നത്. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ന്റെ ചുമതലയിലുള്ള എല്‍.എച്ച്.സി.സ്ഥാപിച്ചിട്ടുള്ളത് ജനീവയില്‍ ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തില്‍ ഭൂമിക്കടിയിലാണ്. 27 കിലോമീറ്റര്‍ ചുറ്റളവുള്ള എല്‍.എച്ച്.സി. നവീകരണത്തിനായി 2013ല്‍ അടച്ചിട്ടിട്ട് പ്രവര്‍ത്തനം പുനരാരംഭിച്ചത് കഴിഞ്ഞ മാര്‍ച്ച് അവസാനമാണ്. പ്രവര്‍ത്തനം പുനരാരംഭിച്ച് അധികം വൈകാതെ എല്‍.എച്ച്.സിയുടെ ഊര്‍ജനില റിക്കോര്‍ഡ് ഉയരത്തിലെത്തി. ചരിത്രത്തില്‍ ഇതുവരെ ഒരു കണികാത്വരകവും കൈവരിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയാണ് എല്‍.എച്ച്.സി.കൈവരിച്ചത്. 2013ല്‍ നിര്‍ത്തിയിടുമ്പോള്‍ 8 ടെറാ ഇലക്ട്രോണ്‍ വോള്‍ട്ട് (8TeV) ആയിരുന്നു ഊര്‍ജനിലയെങ്കില്‍, 2015 മെയ് മാസത്തില്‍ അത് 13 ടെറാ ഇലക്ട്രോണ്‍ വോള്‍ട്ടായി മാറി. പ്രപഞ്ചരഹസ്യങ്ങളുള്‍പ്പടെ, ഭൗതികശാസ്ത്രത്തിലെ പല വിഷമപ്രശ്‌നങ്ങള്‍ക്കും കണികാപരീക്ഷണം ഉത്തരമേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

meteorology

12. കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചി

ലോക കാലാവസ്ഥാ ഭൂപടത്തിലേക്ക് കൊച്ചിയും എത്തിയതിന് 2015 സാക്ഷ്യംവഹിച്ചു. 'അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ച്' എന്ന ലോകത്തിലെ തന്നെ ആദ്യത്തെ 205 മെഗാഹെര്‍ട്‌സ് എസ്ടി റഡാര്‍ സംവിധാനമാണ് കൊച്ചിന്‍ ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല (കുസാറ്റ്) യില്‍ നവംബര്‍ ആദ്യവാരം പ്രവര്‍ത്തനം തുടങ്ങിയത്. മണ്‍സൂണുമായി ബന്ധപ്പെട്ട കാലാവസ്ഥാ പഠനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കൊച്ചി. ആ നിലയ്ക്ക് കുസാറ്റില്‍ പ്രവര്‍ത്തനമാരംഭിച്ച റഡാര്‍ സംവിധാനം ശാസ്ത്രത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തപ്പെടുന്നു.