ആരോഗ്യ രംഗത്ത് വളരെ മാറ്റങ്ങളും തിരിച്ചടികളും ഉണ്ടായ വര്‍ഷമാണ് 2015. ലോകത്തെ ആവേശഭരിതമാക്കിയ പുതിയ കണ്ടുപിടുത്തങ്ങള്‍ മുതല്‍ ആയിരങ്ങളെ കൊന്നൊടുക്കിയ മഹാമാരികള്‍ വരെ അരങ്ങ് വാണ വര്‍ഷം  കൂടിയായിരുന്നു ഇത്. 2015ല്‍ ലോകം കണ്ട ആരോഗ്യ രംഗത്തെ വിവരങ്ങളിലേക്കുള്ള എത്തിനോട്ടമാണ് ഇത്.


musleമനുഷ്യ പേശികള്‍ പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ചു.

ലോകത്തിലാദ്യമായി മനുഷ്യ പേശികള്‍ പരീക്ഷണ ശാലയില്‍ ക്രിത്രിമമായി നിര്‍മ്മിച്ചു. അമേരിക്കയിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയാണ് മനുഷ്യ പേശികള്‍ നിര്‍മ്മിച്ചത്. അപകടത്തേ തുടര്‍ന്നോ രോഗങ്ങള്‍ കൊണ്ടോ പേശികള്‍ നഷ്ടമാക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കിയ കണ്ടുപിടുത്തമായിരുന്നു ഇത്.

മൂന്ന് മാതാപിതാക്കളില്‍ നിന്ന് മക്കള്‍

മൂന്ന് മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ ഉണ്ടാക്കാനുള്ള വിപഌവകരമായ നീക്കത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി. ജനിതകപരമായ മൈറ്റോകോണ്‍ട്രിയല്‍ രോഗങ്ങള്‍ പ്രതിരോധിക്കാനാണ് ഈ നീക്കം. കുട്ടിയുടെ മാതാപിതാക്കള്‍ കൂടാതെ മൈറ്റോകോണ്‍ട്രിയല്‍ രോഗങ്ങള്‍ ഇല്ലാത്ത മറ്റൊരാളുടെ ഡിഎന്‍എ ഘടകവും ഭ്രണാവസ്ഥയില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്.

ലംഗ് കാന്‍സറിന് സ്‌റ്റെം സെല്‍ തെറാപ്പി

ലോകത്തില്‍ ആദ്യമായി അസ്ഥി മജ്ജയില്‍ നിന്നെടുത്ത സ്‌റ്റെം സെല്ലുകള്‍ ഉപയോഗിച്ച് ലംഗ് കാന്‍സര്‍ ചികിത്സ നടത്തി. യുകെയില്‍ 56 ലംഗ് കാന്‍സര്‍ രോഗികളിലാണ് പ്രതീക്ഷ ഉണര്‍ത്തിയ പരീക്ഷണം നടന്നത്. അസ്ഥി മജ്ജയില്‍ നിന്നെടുത്ത സ്‌റ്റെം സെല്ലുകളില്‍ കാന്‍സര്‍ കോശങ്ങളെ കൊല്ലുന്ന പ്രത്യേക ജീന്‍ സന്നിവേശിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. കാന്‍സര്‍ കോശങ്ങളെ വളരെ പെട്ടന്ന് ഇല്ലാതാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് കണ്ടെത്തിയത്.

ശീതീകരിച്ച അണ്ഡത്തില്‍ നിന്ന് കുട്ടി പിറന്നു

ലോകത്തിലാദ്യമായി ശീതീകരിച്ച അണ്ഡത്തില്‍ നിന്ന്് കുട്ടി പിറന്നു.  കാനഡയിലാണ് ഐവിഎഫ്് ചികിത്സയിലെ വിപളവം ഉണ്ടായത്. മക്ഗില്‍ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് സെന്ററിലാണ് വന്ധ്യതാ ചികിത്സയില്‍ പുതിയ ചിരിത്രം ഉണ്ടായത്. കൗമാരക്കാലത്ത് മാറ്റിവച്ച പൂര്‍ണവളര്‍ച്ച എത്തിയ അണ്ഡത്തില്‍ നിന്നാണ് കുഞ്ഞ് പിറന്നത്. കാന്‍സര്‍ ബാധയേതുടര്‍ന്നാണ് കീമോ തെറാപ്പിക്ക് മുമ്പായി അണ്ഡം പുറത്തെടുത്ത് തണുപ്പിച്ച് സൂക്ഷിച്ചത്. കാന്‍സര്‍ മോചിതയായ ശേഷം ഈ അണ്ഡത്തിലേക്ക് ഐവിഎഫ് ചികിത്സയിലൂടെ ഇവര്‍ ഗര്‍ഭം ധരിക്കുകയായിരുന്നു.

തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ

ലോകത്ത് ആദ്യമായി തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവെച്ചു. ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയില്‍ ഒരു തലയോട്ടിയെല്ലും അതിനോടു ചേര്‍ന്നുള്ള കോശങ്ങളും രക്തക്കുഴലുകളും ഡോക്ടര്‍മാര്‍ പുതുതായി വെച്ചുപിടിപ്പിക്കുകയായിരുന്നു.

yogaഅന്താരാഷ്ട്ര യോഗാ ദിനം

191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാ ദിനം ജൂണ്‍ 21ന് ആഘോഷിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗചെയ്തു. ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനു പിന്നാലെയാണ് ഈവര്‍ഷം ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി യു.എന്‍. പ്രഖ്യാപിച്ചത്.

എച്ച്.ഐ.വി. പ്രതിരോധത്തില്‍ ചരിത്രമെഴുതി ക്യൂബ
    
അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി.യും സിഫിലിസും പകരുന്നത് പൂര്‍ണമായും ല്ലാതാക്കിയ ആദ്യ രാജ്യമായി ക്യൂബ മാറി.  ക്യൂബയില്‍ നിലവില്‍ എച്ച്.ഐ.വി. പകര്‍ച്ചയുടെ തോത് 1.85 ശതമാനം മാത്രമാണ്. വര്‍ഷംതോറും ലോകത്താകെ 14 ലക്ഷം എച്ച്.ഐ.വി. ബാധിതരായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നുവെന്നാണ് കണക്ക്.

ആദ്യ മലമ്പനി വാക്‌സിന് പച്ചക്കൊടി

മലേറിയ (മലമ്പനി) പ്രതിരോധിക്കാന്‍ കണ്ടെത്തിയ ആദ്യ വാക്‌സിന് യൂറോപ്യന്‍ ഔഷധനിയന്ത്രണ വിഭാഗത്തിന്റെ അംഗീകാരം. ആര്‍.ടി.എസ്.എസ്. അഥവാ മോസ്‌ക്യുറിക്‌സ് എന്ന് വിളിക്കപ്പെടുന്ന വാക്‌സിന്‍, മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ആദ്യമായി ലൈസന്‍സ് ലഭിക്കുന്ന മനുഷ്യവാക്‌സിനാണ്.

എബോളയെ പിടിച്ചുകെട്ടി

ലോകത്തെ വിറപ്പിച്ച എബോള വൈറസിനെതിരായ വാക്‌സിന്‍ വിയകരമായി പരീക്ഷിച്ചു. 4000 പേരുടെ മരണത്തിനിയാക്കിയ എബോള വൈറസിനെതിരായ പരീക്ഷണം നടന്നത് ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലാണ് പരീക്ഷിച്ചത്. മരുന്ന് 100 ശതമാനവും വിജയമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

ആയുഷ് വകുപ്പ് നിലവില്‍ വന്നു

ആയുര്‍വേദ, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാവിഭാഗങ്ങളെ സംയോജിപ്പിച്ച് കേന്ദ്രസര്‍ക്കാറിന്റെ മാതൃകയില്‍ കേരളത്തിലും ആയുഷ് വകുപ്പ് നിലവില്‍വന്നു. രോഗപ്രതിരോധ ചികില്‍സാമേഖല ശക്തമാക്കുക, ആയുഷ് രംഗത്തെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുക, ഔഷധങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുക, ഔഷധസസ്യങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ആയുഷ് വകുപ്പിന്റെ ലക്ഷ്യങ്ങള്‍.

nobelനൊബേല്‍ 2015

വൈദ്യശാസ്ത്രത്തിനുള്ള 2015 ലെ നൊബേല്‍ പുരസ്‌കാരം മൂന്ന്‌പേര്‍ക്ക്.

ഐറിഷുകാരനായ വില്യം സി. കാംപ്‌ബെല്‍, ജപ്പാന്‍കാരനായ സതോഷി ഒമൂറ (മനുഷ്യശരീരത്തില്‍ ഉരുളന്‍വിരകള്‍  ഉണ്ടാക്കുന്ന രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായ പുതിയ മരുന്നിന്റെ കണ്ടുപിടിത്തം), ചൈനക്കാരി യൂയു തു (മലമ്പനിക്കെതിരായ നവീന ചികിത്സാരീതിയുടെ വികസനം) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.

ഡിഫ്തീരിയ കേരളത്തില്‍ തിരിച്ചുവന്നു

കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഡിഫ്തീരിയ രോഗം കേരളത്തില്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1984ല്‍ കേരളത്തില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്ത ഡിഫ്തീരിയ തിരിച്ചുവരാന്‍ കാരണം കുട്ടികളില്‍ പ്രതിരോധ വാക്‌സിന്‍ എടുക്കുന്നതില്‍  മാതാപിതാക്കള്‍ കാണിച്ച വൈമനസ്യമാണ്. ഡിഫ്തീരിയ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മലപ്പുറം ജില്ലയിലാണ. രോഗം ബാധിച്ച് 5 കുട്ടികളാണ് മലപ്പുറത്ത് മരിച്ചത്.

മരുന്നില്ലാത്ത മലേറിയ

ലോകത്തെ ഭീതിയിലാക്കി നിലവിലുള്ള പ്രതിരോധ മരുന്നുകളെ അതിജീവിക്കാന്‍ ശേഷിയുള്ള മലേറിയ രോഗാണുക്കലെ കണ്ടെത്തി. ഇന്ത്യാ - മ്യാന്മര്‍ അതിര്‍ത്തിയിലാണ് ഗുരുതരമായ അവസ്ഥ കണ്ടെത്തിയത്.

മെര്‍സിനെ പേടിച്ച കാലം

മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം അഥവാ മെര്‍സ് ലോകത്തെ പേടിപ്പിച്ച കാലം കൂടിയായിരുന്നു ഇത്. 2012ല്‍ സൗദി അറേബ്യയിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. സൗദിപൗരനാണ് ആദ്യം ഈ രോഗംബാധിച്ച് മരിക്കുന്നതും. ഇത്തവണ രോഗം കൂടുതല്‍ വിശ്വരൂപം കാണിച്ചത് ദക്ഷിണ കൊറിയയിലാണ്. 36 പേരാണ് രോഗം  ബാധിച്ച് ദക്ഷിണ കൊറിയയില്‍ മരിച്ചത്. 186 പേര്‍ രോഗബാധിതരായി.

വിമാനമാര്‍ഗം ഹൃദയമെത്തിച്ച് ആദ്യ ശസ്ത്രക്രിയ

കേരളത്തില്‍ ആദ്യമായി വിമാനമാര്‍ഗം ഹൃദയമെത്തിച്ച് മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമായി.  ഹൃദ്രോഗബാധിതനായ ചാലക്കുടി സ്വദേശി മാത്യു ആന്റണിക്കായാണ് തിരുവനന്തപുരം സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം എത്തിച്ചത്. ഒന്നേകാല്‍ മണിക്കൂര്‍കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. എറണാകുളം ലിസി ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ.