നിരവധി താരങ്ങളുടെ അപ്രതീക്ഷിത കുതിപ്പും പ്രമുഖ കായിക സംഘടനകളുടെ കിതപ്പും കണ്ട വര്‍ഷമാണ് കടന്നുപോകുന്നത്. എടുത്തു പറയാവുന്ന പ്രകടനങ്ങള്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്നും ആഗോള തലത്തിലും ഉണ്ടായപ്പോള്‍ അഴിമതി വിവാദം ഫിഫയെയും ഐപിഎല്‍ വാതുവെപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും പിടിച്ചുലച്ചു. ബ്ലാറ്ററും പ്ലാറ്റീനിയും ശ്രീനിവാസനും ഉള്‍പ്പെടെയുള്ള കായിക ഭരണ രംഗത്തെ വന്‍മരങ്ങള്‍ കടപുഴകി.

ഡബിള്‍സ് ടെന്നിസില്‍ സാനിയ മിര്‍സയും സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില സൈന നേവാളും ഒന്നാം റാങ്കിലെത്തി ഇന്ത്യന്‍ വനിതാ കായിക രംഗത്ത് പുതിയ ചരിത്രം കുറിച്ചു. ഹോക്കിയും ക്രിക്കറ്റും ഇന്ത്യ നേട്ടങ്ങളും ഒപ്പം ചില നിരാശപ്പെടുത്തുന്ന പ്രകടനങ്ങളും സമ്മാനിച്ചു. ലോക ഫുട്‌ബോളില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാനായില്ലെങ്കിലും ഐഎസ്എല്‍ ഇന്ത്യയുടെ ഫുട്‌ബോള്‍ ആഘോഷമായി മാറി. കൂടാതെ സുനില്‍ ഛേത്രി 50 അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി സ്വന്തമാക്കി.

കായികരംഗത്തെ ഈ വര്‍ഷത്തെ പ്രധാന സംഭവങ്ങളിലേക്ക് ഒരെത്തിനോട്ടം..

Blatter-Platini

ഫിഫയില്‍ കോളിളക്കം; ബ്ലാറ്ററും പ്ലാറ്റീനിയും പുറത്ത്

അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ വാര്‍ത്തയില്‍ നിറഞ്ഞു നിന്ന വര്‍ഷമായിരുന്നു കടന്നു പോയത്. അഞ്ചാം വട്ടവും സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍ സെപ് ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടതും പിന്നീട് രാജിവെച്ചതും അതുകഴിഞ്ഞ് പുറത്തായതും ഫിഫയില്‍ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഒടുവില്‍ അഴിമതിക്കേസില്‍ ബ്ലാറ്ററെയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയെയും ഫിഫ എത്തിക്‌സ് കമ്മിറ്റി എട്ട് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തു.

ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഏഴ് ഉന്നതോദ്യോഗസ്ഥരെ അഴിമതി നടത്തിയതിന് അറസ്റ്റു ചെയ്തതോടെ സംഭവബഹുലമായ അന്തരീക്ഷത്തിലാണ് ഇത്തവണ മത്സരം നടന്നത്. എന്നാല്‍ ബ്ലാറ്റര്‍ ജോര്‍ദാന്‍ രാജകുമാരന്‍ അലി ബിന്‍ അല്‍ ഹുസൈനെ തോല്‍പ്പിച്ച് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി. ആദ്യഘട്ടത്തില്‍ ബ്ലാറ്റര്‍ 133 വോട്ടും എതിരാളി  73വോട്ടും നേടി. എന്നാല്‍ ജയിക്കാനാവശ്യമായ 139 വോട്ട് ബ്ലാറ്റര്‍ക്ക് ലഭിച്ചില്ല. മത്സരം രണ്ടാം ഘട്ടത്തിലേക്ക് പോകുമെന്നിരിക്കെ അലി ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍ മത്സരത്തില്‍ നിന്ന് പിന്‍മാറിയതോടെയാണ് ബ്ലാറ്റര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

എന്നാല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് അഞ്ച് ദിവസങ്ങള്‍ക്കകം ബ്ലാറ്റര്‍രാജി പ്രഖ്യാപനം നടത്തി ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചു. 2010-ല്‍ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന് വേദി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലി കേസ്ില്‍ ഫിഫ സെക്രട്ടറി ജനറല്‍ ജറോം വാല്‍ക്കക്കെതിരെ ഉയര്‍ന്ന ആരോപണവും യൂവേഫയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമാണ് ബ്ലാറ്ററുടെ രാജിയില്‍ കലാശിച്ചത്. രാജിക്ക് ശേഷം താല്‍ക്കാലിക പ്രസിഡന്റായി തുടര്‍ന്ന ബ്ലാറ്ററേയും യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ലാറ്റീനിയേയും 90 ദിവസത്തേക്ക് ഫിഫ സദാചാരകമ്മിറ്റി പുറത്താക്കി. കണക്കില്‍പ്പെടാത്ത പണമിടാപാടാണ് ഇരുവര്‍ക്കും വിനയായത്. അന്വേഷണത്തിനും ഇവരുടെ വാദങ്ങള്‍്ക്കും ശേഷം കമ്മിറ്റി ഇരുവര്‍ക്കും എട്ടു വര്‍ഷത്തെ വിലക്കു നല്‍കുകയും ചെയ്തു.

സെവാഗ്, സംഗക്കാര, ക്ലാര്‍ക്ക്, സഹീര്‍... പടിയിറങ്ങിയ മഹാരഥന്‍മാര്‍

Sehwag_Zaheer

ലോക ക്രിക്കറ്റിലെ മികച്ച ബാറ്റ്‌സ്മാന്‍മാരായി വിലയിരുത്തപ്പെടുന്ന വീരേന്ദര്‍ സെവാഗ്, ശ്രീലങ്കന്‍  താരങ്ങളായ കുമാര സംഗക്കാര മഹേല ജയവര്‍ധന, ഓസീസ് താരം മൈക്കേല്‍ ക്ലാര്‍ക്ക്, ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന്‍ എന്നിവര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
രണ്ടരവര്‍ഷത്തോളം ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടാതിരുന്നതോടെയാണ് സെവാഗ് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലുമായി 17,253 രണ്‍സ് നേടിയ വീരു ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടി. 104 ടെസ്റ്റില്‍ നിന്ന് 8586 റണ്‍സ് നേടി. 23 സെഞ്ച്വറികളും 32 അര്‍ധശതകങ്ങളുമുണ്ട്്. 319 ആണ് ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില് 8273 രണ്‍സ് നേടി. 15 സെഞ്ച്വറി, 38 അര്‍ധസെഞ്ച്വറി, എന്നിവ നേടി. 219 ആണ് ഉയര്‍ന്ന സ്‌കോര്‍. ടെസ്റ്റില്‍ 40 വിക്കറ്റും ഏകദിനത്തില്‍ 96 വിക്കറ്റും സ്വന്തമായുണ്ട്.

ടെസ്റ്റ്, ട്വന്റി-20 ക്രിക്കറ്റുകളില്‍ നിന്ന് നേരത്തെ വിരമിച്ച മഹേല ജയവര്‍ധനെ ലോകകപ്പോടെയാണ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ശ്രീലങ്കയുടെ മുന്‍ നായകനായ ജയവര്‍ധനെ ഏകദിന ക്രിക്കറ്റില്‍ 448 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.12650 റണ്‍സാണ് സമ്പാദ്യം. 19 സെഞ്ചുറികളും 77 അര്‍ധ സെഞ്ചുറികളുമുണ്ട്. 1998 ജനവരി 24-ന് സിംബാബ്‌വെക്കെതിരെയാണ് ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റം. 37-ാം വയസിലാണ് താരം ക്രിക്കറ്റ് കരിയറിന് അവസാനമിടുന്നത്.

Cricketers

ലങ്കയുടെ മുന്‍ ക്യാപ്റ്റനായി സംഗക്കാര മികച്ച വിക്കറ്റ് കീപ്പറുമാണ്. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറികളെന്ന അപൂര്‍വ്വനേട്ടവും ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടവും സ്വന്തമാക്കിയ സംഗക്കാര ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിടപറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പരമ്പരക്ക് ശേഷമാണ് ടെസ്റ്റില്‍ നിന്നും വിരമിച്ചത്.

404 ഏകദിനങ്ങളിലെ 380 ഇന്നിങ്‌സുകളില്‍ നിന്ന് 14234 റണ്‍സാണ് സംഗക്കാര നേടിയത്. 25 സെഞ്ചുറികളും 93 അര്‍ധ സെഞ്ചുറികളും അക്കൗണ്ടിലുണ്ട്്. 18426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കഴിഞ്ഞാല്‍ കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്‌സ്മാന്‍ സംഗക്കാരയാണ്. ടെസ്റ്റില്‍ 134 കളിയില്‍ നിന്ന് 12400 റണ്‍സ് നേടിയിട്ടുണ്ട്.

ഓസീസ് നായകനായ ക്ലാര്‍ക്ക് ആഷസ് ടെസ്റ്റ് പരമ്പരയിലെ തോല്‍വിയോടെയാണ് ടെസ്റ്റില്‍ നിന്ന് വിടപറഞ്ഞത്. 115 ടെസ്റ്റുകളില്‍ നിന്നായി 8643 റണ്‍സ് നേടിയിട്ടുണ്ട്. 28 സെഞ്ചുറികള്‍ ഉള്‍പ്പെടും. ലോകകപ്പ് നേടിയ ടീമിന്റെ നായകനായിരുന്നു.

2012 ന് ശേഷം കളിക്കാതിരുന്ന സഹീര്‍ഖാന്‍ വിട്ടുമാറാത്ത പരിക്കിനെ തുടര്‍ന്നാണ് വിരമിച്ചത്. 10 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 311 വിക്കറ്റും ഏകദിനത്തില്‍ 282 വിക്കറ്റും നേടി. 2011ല്‍ ലോകകപ്പ് നേടിയ സംഘത്തില്‍ അംഗമായിരുന്നു. ഒനപ്ത് കളിയില്‍ നിന്ന് 21 വിക്കറ്റ് നേടി ഇന്ത്യയുടെ ലോകകപ്പ് ജയത്തില്‍ നിര്‍ണ്ണായകമായി.

കോപ്പയില്‍ ചിലി

ചിലിക്ക് വിജയാഹ്ലാദം...അര്‍ജന്റീനയ്ക്ക് ഹൃദയവേദന..

നാല് തവണ കിട്ടാതെ പോയ കീരീടം സ്വന്തം നാട്ടില്‍ ചിലി നേടി. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍  അര്‍ജന്റീനയെ (4-1)തോല്‍പ്പിച്ചാണ് ചിലി ആദ്യമായി കോപ്പ അമേരിക്ക ഫുട്‌ബോള്‍ കിരീട്ത്തില്‍ മുത്തമിട്ടത്.

കോപ്പയുടെ 99-ാം വര്‍ഷത്തിലാണ് പുതിയ ചാമ്പ്യന്‍മാരുണ്ടാകുന്നത്. 1955, 1956, 1979, 1987 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ചിലി ഫൈനലില്‍ കടന്നത്. 1955-ല്‍ ആദ്യമായി ഫൈനലില്‍ എത്തിയപ്പോള്‍ അര്‍ജന്റീനയോടാണ് അവര്‍ തോറ്റത്. അതേ സമയം  1993-ന് ശേഷം അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല. ടൂര്‍ണമെന്റിലെ 26 കളിയില്‍ നിന്ന് 59 ഗോളുകളാണ് പിറവിയെടുത്തത്.

മിന്നിത്തിളങ്ങി സാനിയ

Sania-Hingis

വനിത ഡബിള്‍സില്‍ ലോക ഒന്നാം റാങ്ക്, വിംബിള്‍ഡന്‍, യു.എസ് ഓപ്പണുകളില്‍ വനിത ഡബിള്‍സ് കിരീടങ്ങള്‍,  രാജീവ് ഗാന്ധി ഖേല്‍രത്‌ന...വനിത ടെന്നീസില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ മിന്നിത്തിളങ്ങിയ വര്‍ഷമായിരുന്നു ഇത്.  സീസണില്‍ മാര്‍ട്ടിന ഹിംഗിസുമൊത്ത്് എട്ട് കിരീടങ്ങളും ഇന്ത്യന്‍ താരം നേടി.

ഇന്ത്യന്‍ വെയ്ല്‍സ് കിരീടനേട്ടത്തോടെയാണ് സാനിയ-ഹിംഗിസ് ജോഡി അരങ്ങേറിയത്. തുടര്‍ന്ന് മയാമി മാസ്‌റ്റേഴ്‌സിലും സഖ്യം കിരീട നേട്ടം തുടര്‍ന്നു. ഇതോടെ ലോക റാങ്കിങ്ങില്‍ സാനിയ മൂന്നാം സ്ഥാനത്തെത്തി. സൗത്ത് കരോലിനയില്‍ ഫാമിലി സര്‍ക്കിള്‍കപ്പ്  ജയിച്ച് സാനിയ ലോക ഒന്നാം നമ്പറായി.ഗ്വാങ്ഷു, വുഹാന്‍,ചൈന ഓപ്പണുകളാണ് ഗ്രാന്‍സ്ലാമിന് പുറമെ നേടിയത്.

അഞ്ചാം ലോക കിരീടം നേടി കംഗാരുക്കള്‍

ഓസീസിന് അഞ്ചാം കിരീടം

ക്രിക്കറ്റ് ലോകകപ്പില്‍ എട്ട് വര്‍ഷത്തിന് ശേഷം ഓസ്‌ട്രേലിയ വീണ്ടും മുത്തമിട്ടു.മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍  സഹആതിഥേയരായ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചാണ് മൈക്കല്‍ ക്ലാര്‍ക്കിന്റെ നേതൃത്വത്തിലുളള ഓസീസ് ടീം കപ്പുയര്‍ത്തിയത്. ചരിത്രത്തില്‍ അവരുടെ അഞ്ചാം കിരീടം. അതേ സമയം ആദ്യമായി ഫൈനല്‍ കളിച്ച ബ്രണ്ടന്‍ മെക്കല്ലത്തിന്റെ കിവീസിന് ഫൈനല്‍ നിരാശയുടേതായി.45 ഓവറില്‍ ന്യൂസിലന്‍ഡ് 183 റണ്‍സിന് പുറത്തായപ്പോള്‍ 33.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് ലക്ഷ്യത്തിലെത്തി. കിരീട നേട്ടത്തോടെ ഓസീസ് നായകന്‍ മൈക്കള്‍ ക്ലാര്‍ക്ക് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കിരീട നേട്ടം കളിക്കളത്തില്‍ നിന്ന് പരിക്കേറ്റ് മരിച്ച ഓസീസ് താരം ഫില്‍ ഹ്യൂസിന്റെ ഓര്‍മ്മക്ക് മുന്നിലാണ് ടീം സമര്‍പ്പിച്ചത്.

ഏഴ് തവണ ഫൈനല്‍ കളിച്ച ലോക ഒന്നാം നമ്പറുകാരായ ഓസ്‌ട്രേലിയ അഞ്ച് വന്‍കരകളില്‍ ഫൈനല്‍ ജയിക്കുന്ന ആദ്യ ടീമായി മാറി. മുമ്പ് 1987, 1999, 2003,2007 വര്‍ഷങ്ങളിലാണ് ഓസീസ് ജയിച്ചത്. 87 ല്‍ അലന്‍ ബോര്‍ഡറും 1999 ല്‍ സ്റ്റീവ് വോയും 2003, 2007 വര്‍ഷങ്ങളില്‍ റിക്കിപോണ്ടിങ്ങുമായിരുന്നു ടീമിനെ നയിച്ചത്. 1975 ലെ പ്രഥമ ലോകകപ്പിലും 1996 ലെ ലോകകപ്പിലും ടീം റണ്ണേഴ്‌സ് അപ്പായിരുന്നു.

ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയും സഹിതം 402 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിന്റെയും 22 വിക്കറ്റ് നേടിയ പേസ്് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മികവിലാണ് ഓസീസ് കിരീടം നേടിയത്. ലോകകപ്പിലെ മികച്ച താരമായി മിച്ചല്‍ സ്റ്റാര്‍ക്കും ഫൈനലിലെ താരമായി പേസ് ബൗളര്‍ ജെയിംസ് ഫോക്‌നറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ലോക ഒന്നാം നമ്പറായി സൈന

Saina

ഇന്ത്യയുടെ ബാഡ്മിന്റണില്‍ സിംഗിള്‍സ് താരം സൈന നേവാള്‍ ചരിത്രം കുറിച്ച വര്‍ഷമായിരുന്നു 2015. ആദ്യമായി ഒരു ഇന്ത്യക്കാരി ലോക ബാഡ്മിന്റണ്‍ സിംഗിള്‍സ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മനടിയിട്ടുള്ള പ്രകാശ് പദുക്കോണിന് ശേഷം സിംഗിള്‍സ് ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ താരമാണ് സൈന. സ്‌പെയിനിന്റെ കരോലിന മരിനെ മറികടന്നാണ് സൈന ഈ നേട്ടത്തിലെത്തിയത്. നിലവിലെ റാങ്കിങ്ങില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യന്‍ താരം.

സ്‌കൂള്‍ മീറ്റിലും ജൂനിയര്‍ മീറ്റിലും കേരളം

ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളം തുടര്‍ച്ചയായ 18- ാം തവണയും ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ തുടര്‍ച്ചയായ മൂന്നാം തവണയും കേരളം ചാമ്പ്യന്‍മാരായി.

റാഞ്ചിയില്‍ നടന്ന സ്‌കൂള്‍ മീറ്റില്‍ 36 സ്വര്‍ണ്ണവും 28 വെളളിയും 24 വെങ്കലവും നേടിയാണ് കേരളം 206 പോയന്റോടെയാണ് ഓവറോള്‍ ചാമ്പ്യന്‍പ്പട്ടം നിലനിര്‍ത്തിയത്. ആറ് സ്വര്‍ണ്ണവും 20 വെളളിയും 11 വെങ്കലവും നേടിയ തമിഴ്‌നാട് രണ്ടാം സ്ഥാനം നേടി. സബ്ബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ഒഴിച്ചുളളവെയില്ലെല്ലാം കേരളമാണ് ചാമ്പ്യന്‍മാര്‍.  100,200, 400 മീറ്ററുകളില്‍ സ്വര്‍ണ്ണം നേടിയ ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവാണ് മീറ്റിലെ താരം.

വിജയവാഡയില്‍ നടന്ന ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ 38 സ്വര്‍ണ്ണവും 22 വെളളിയും 13 വെങ്കലുമടക്കം 528.5 പോയന്റ് നേടിയാണ് കേരളം കപ്പ് സ്വന്തമാക്കിയത്. ലഖ്‌നോവിലും ബെംഗളുരുവിലും മുന്‍ വര്‍ഷങ്ങളില്‍ നടന്ന മീറ്റില്‍ കേരളമാണ് ചാമ്പ്യന്‍മാരായത്. 20 വയസ്സില്‍ താഴെയുളളവരുടെ വിഭാഗത്തില്‍ ശ്രീനിത്ത് മോഹനും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെസ്സി ജോസഫു മികച്ച താരങ്ങളായി.

കുറ്റവിമുക്തനായി ശ്രീ

ശ്രീ മടങ്ങിയെത്തി

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മലയാളി താരം ശ്രീശാന്ത് അടക്കമുളളവരെ  ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി കുറ്റവിമുക്തനാക്കി.  മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ (മക്കോക്ക) വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ശ്രീശാന്തിനുമേല്‍ ചുമത്തിയിരുന്നത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീന ബന്‍സാല്‍ കൃഷ്ണയാണ് വിധി പുറപ്പെടുവിച്ചത്.

ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സിലാണ് ശ്രീശാന്ത് കളിച്ചിരുന്നത്. ഐ.പി.എല്‍ ടൂര്‍ണമെന്റിനിടെയാണ് മുംബൈയില്‍ വച്ച് ശ്രീശാന്തിനെ ഡല്‍ഹി പോലീസ് പിടികൂടുന്നത്. സഹതാരങ്ങളായ അജിത് ചാന്‍ഡില,.അങ്കിത് ചവാന്‍ എന്നിവരും പോലീസിന്റെ പിടിയിലായിരുന്നു. ഇവരേയും കോടതി കുറ്റവിമുക്തരാക്കി. കേസില്‍ പോലീസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

ബിസിസിഐയില്‍ ശ്രീനിവാസന്‍, ഡാല്‍മിയ, ശശാങ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അമരത്ത് വലിയ മാറ്റങ്ങളുണ്ടായ വര്‍ഷമായിരുന്നു 2015. സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് കരുത്തനായ എന്‍ ശ്രീനിവാസന് സ്ഥാനം നഷ്ടമായി. തുടര്‍ന്ന് പ്രസിഡന്റായ ജഗ്മോഹന്‍ ഡാല്‍മിയ മരിച്ചതോടെ മുമ്പ് പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ പ്രസിഡന്റായി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ഇതിനിടെ ശ്രീനി പുറത്താക്കപ്പെട്ടു.

ഭിന്നതാല്‍പ്പര്യങ്ങളും ഐ.പി.എല്‍ വാതുവെയ്പ്പുമാണ് ശ്രീനിയുടെ സ്ഥാനം തെറിപ്പിച്ചത്. സുപ്രീം കോടതിയുടെ കര്‍ശന നിലപാടുകളാണ് ബി.സി.സി.ഐയെ അടക്കിഭരിച്ച ശ്രീനിയുടെ പുറത്താക്കലിന് വഴിതുറന്നത്. തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഡാല്‍മിയക്ക് പ്രസിഡന്റ് സ്ഥാനത്തെത്തി. ഡാല്‍മിയക്ക് രണ്ടാമൂഴമായിരുന്നു ഇത്. 2001-ലാണ് ആദ്യമായി പ്രസിഡന്റാകുന്നത്. എന്‍. ശ്രീനിവാസന്‍ സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മാറി നിന്നപ്പോള്‍ 2013-ല്‍ ഇടക്കാല പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

സപ്തംബറില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ഭരണരംഗത്തെ പ്രമുഖനായിരുന്ന ഡാല്‍മിയ പ്രസിഡന്റ് സ്ഥാനത്തിരിക്കെ മരണപ്പെട്ടു. തുടര്‍ന്ന് ഒഴിവുവന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇതോട പ്രസിഡന്റ് സ്ഥാനത്ത് ശശാങ്കിനും രണ്ടാമൂഴമായി. 2008-11 കാലഘട്ടത്തിലാണ് ഇതിന് മുമ്പ് ഈ സ്ഥാനം വഹിച്ചത്.

ടെന്നീസില്‍ സെറീനയും ദ്യോക്കോവിച്ചും

Srena_Dyokovic

ടെന്നീസില്‍ ഈ വര്‍ഷം സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നോവാക് ദ്യോക്കോവിച്ചിന്റെയും വനിത വിഭാഗത്തില്‍ യു.എസിന്റെ സെറീന വില്യംസിന്റെയും ആധിപത്യമായിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡനുകളില്‍ ജയിച്ച് സെറീന അപ്രമാദിത്വം പുലര്‍ത്തിയപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും വിംബിള്‍ഡനിലും,യു.എസ് ഓപ്പണിലും ദ്യോക്കോവിച്ചും ജയിച്ചു. 

ഇന്ത്യന്‍ താരങ്ങളില്‍ ലിയാന്‍ഡര്‍ പേസ് സ്വിസ് താരം മാര്‍ട്ടിന ഹിംഗിസുമൊത്ത് മിക്‌സഡ് ഡബിള്‍സില്‍ വിംബിള്‍ഡനും ഓസ്‌ട്രേലിയനും യു.എസ് ഓപ്പണും ജയിച്ചപ്പോള്‍ സാനിയ മിര്‍സ മാര്‍ട്ടിന ഹിംഗിസുമൊത്ത് യു.എസ് ഓപ്പണ്‍ വിംബിള്‍ഡലും ജയിച്ചു. വിംബിള്‍ഡന്‍ ആണ്‍കുട്ടികളുടെ ഡബിള്‍സില്‍  ഹരിയാണക്കാരന്‍ സുമിത് നഗല്‍ വിയറ്റ്‌നാമിന്റെ നാം ഹോയാങുമായി ചേര്‍ന്ന് കിരീടം നേടി.

ഗോളടിച്ച് ഛേത്രി

എ.എഫ്.സി കപ്പ് ഇന്ത്യയ്ക്ക്‌

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍നേടിയ താരമായ സുനില്‍ ഛേത്രി മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി. രാജ്യത്തിനായി 50 ഗോള്‍ നേടിയ ആദ്യ താരമെന്ന ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത അപൂര്‍വ്വ നേട്ടം. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഗുവാമിനെതിരെ നടന്ന മത്സരത്തില്‍ കളിയുടെ അവസാനമിനിറ്റില്‍ നേടിയ ഗോളോടെയാണ് ഛേത്രി ഗോള്‍വേട്ടയില്‍ അര്‍ധശതകം  പിന്നിട്ടത്.

2005 ല്‍ പാകിസ്താനെതിരായ സൗഹൃദമത്സരത്തിലാണ് സെക്കന്തരാബാദ് സ്വദേശിയായ ഛേത്രി ഗോള്‍വേട്ടയ്ക്ക് തുടക്കമിടുന്നത്. 2014 ല്‍ ബൈച്ചിങ് ബൂട്ടിയയെ മറികടന്ന് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി. 87 മത്സരങ്ങളില്‍ നിന്നാണ് ചേത്രി ഈ നേട്ടം കൈവരിച്ചത്. 

വാതുവെപ്പില്‍ കുടുങ്ങി ഐപിഎല്‍

ഐപിഎല്‍ ക്രിക്കറ്റിലെ വാതുവെയ്പ്പുമായി ബന്ധപ്പെട്ട്  ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍ ടീമുകള്‍ക്ക് രണ്ട് വര്‍ഷം വിലക്ക് ലഭിച്ചു. ചെന്നൈ ടീമിന്റെ പ്രിന്‍സിപ്പലായിരുന്നു ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍ റോയല്‍സ് ഉടമയായിരുന്ന രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്കും ലഭിച്ചു. 

മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ സമിതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീം കോടതിയാണ് സമിതിയെ നിയോഗിച്ചത്. ഇതോടെ അടുത്ത രണ്ട് സീസണുകളിലും രണ്ട് ടീമുകള്‍ക്കും കളിക്കാന്‍ കഴിയില്ല.കോടതി വിധി ബി.സി.സി.ഐ  അംഗീകരിച്ചിട്ടുണ്ട്. ചെന്നൈക്കും രാജസ്ഥാനും പകരം പുണെയും രാജ്‌കോട്ടും ഐപിഎല്ലിലെ പുതിയ ടീമുകളായി.

ഐഎസ്എല്‍ കിരീടം ചെന്നൈയിന്

cup2.jpg

ഐഎസ്എല്‍ രണ്ടാം സീസണില്‍ ചെന്നൈയിന്‍ എഫ്‌സി കിരീടം നേടി. ഫൈനലില്‍ ഗോവ എഫ്‌സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈയിന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാരായത്. അവസാന മിനിറ്റുവരെ 2-1ന് പിന്നിലായിരുന്ന ചെന്നൈയിന്‍ അവസാന നിമിഷത്തെ ആക്രമണത്തിലൂടെയാണ് ഫൈനലില്‍ ജയം കണ്ടത്. ടൂര്‍ണമന്റില്‍ 13 ഗോള്‍ നേടി ഗോള്‍ഡന്‍ ഗോള്‍ഡല്‍ ബൂട്ട് സ്വന്തമാക്കിയ കെളംബിയന്‍ താരം സ്റ്റീവന്‍ മെഡോസയുടെ ഉജ്ജ്വല പ്രകടനമാണ് ചെന്നൈയിന്‍ കുതിപ്പിന് ഊര്‍ജമേകിയത്. കഴിഞ്ഞ തവണ റണ്ണറപ്പുകളായ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ടൂര്‍ണമെന്റില്‍ അവസാനക്കാരായി.

നൂറ്റാണ്ടിന്റെ പോരാളിയായി മെയ്‌വെതര്‍

Mayweather

നൂറ്റാണ്ടിന്റെ ബോക്‌സിങ്ങ് പോരാട്ടമായിട്ടാണ് യു.എസിന്റെ ഫ്്‌ളോയ്ഡ് മെയ്‌വെതര്‍-ഫിലിപ്പെന്‍സിന്റെ മാനി പാക്വിയാവോ മത്സരം വിലയിരുത്തപ്പെട്ടത്. 12 റൗണ്ട് നീണ്ട മത്സരത്തില്‍ മെയ്‌വെതര്‍ വിജയിയായി. ഇതോടെ ലോക ബോക്‌സിങ്ങ് കൗണ്‍സിലിന്റെയും,ലോക ബോക്‌സിങ് സോസിയേഷന്റെയും ചാമ്പ്യനായ മെയ്‌വെതര്‍ക്ക് ലോക ബോക്‌സിങ്ങ് ഓര്‍ഗനൈസേഷന്റെ കിരീടം കൂടി ലഭിച്ചു. മൂന്ന് ബോക്‌സിങ് സംഘടനകളുടെ സംയുക്ത ചാമ്പ്യനുമായി യു.എസ് ബോക്‌സര്‍.

ഇന്ത്യ-പാക് പോരാട്ടത്തിന് അരങ്ങൊരുക്കി ട്വന്റി-20 ലോകകപ്പ്

T-20 Worldcup

2016-ല്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19-ന് ഇന്ത്യ പാകിസ്താനെ നേരിടും. ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ഉള്‍പ്പെടുന്ന ശക്തരുടെ ഗ്രൂപ്പിലാണ് ഇന്ത്യ.

മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയാണ് ട്വന്റി-20 ലോകകപ്പ്. ഇന്ത്യയാണ് ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നത്.