കടന്നുപോയത് ഡ്രൈവറില്ലാതെ സുരക്ഷിതമായി സ്വയം സഞ്ചരിക്കുന്ന കാറുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് വ്യക്തമാക്കപ്പെട്ട വര്‍ഷം. ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, നിസാന്‍, ടൊയോട്ട എന്നിവ 2020 ല്‍ ഡ്രൈവര്‍ വേണ്ടാത്ത കാര്‍ വിപണിയിലെത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ടൊക്യോ മോട്ടോര്‍ഷോയില്‍ ആയിരുന്നു പ്രഖ്യാപനം. മലിനീകരണ തട്ടിപ്പ് വിവാദത്തില്‍പ്പെട്ട ഫോക്‌സ് വാഗണ്‍ വാഹനലോകത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. പ്രമുഖ സ്മാര്‍ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍, ഗൂഗിള്‍ എന്നിവ വാഹന രംഗത്തെ നീക്കങ്ങള്‍ ശക്തമാക്കിയതും ശ്രദ്ധേയമായി. ചെന്നൈയില്‍ ദുരിതം വിതച്ച കനത്ത മഴ വാഹന വ്യവസായത്തെയും ബാധിച്ചു.

വിവാദത്തില്‍പ്പെട്ട് ഫോക്‌സ് വാഗണ്‍

Volkswagen

വാഹനമലിനീകരണ പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാന്‍ കാറുകളില്‍ കൃത്രിമം കാണിച്ച ഫോക്‌സ്‌വാഗണ്‍ അകപ്പെട്ടത് വന്‍ പ്രതിസന്ധിയില്‍. പുകപരിശോധന നടത്തുമ്പോള്‍ മലിനീകരണത്തോത് കുറച്ചുകാട്ടാന്‍ ഡീസല്‍ വാഹനങ്ങളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് ലോകത്തെ രണ്ടാമത്തെ വലിയ വാഹനനിര്‍മ്മാതാക്കളായ ഫോക്‌സ വാഗണ്‍ ചതി ഒപ്പിച്ചത്. ലോകമെമ്പാടും വിറ്റഴിച്ച 1.1 കോടി ഡീസല്‍ കാറുകളില്‍ സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചതായി ജര്‍മനി ആസ്ഥാനമായുള്ള കമ്പനി സമ്മതിച്ചു. പിന്നാലെ യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ (ഐ.സി.സി.ടി.) ഗവേഷകരാണ് ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ തട്ടിപ്പ് പിടിച്ചത്. ഇന്ത്യക്കാരനായ അരവിന്ദ് തിരുവെങ്കിടം ഉള്‍പ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. വെസ്റ്റ് വെര്‍ജീനിയ സര്‍വകലാശാലയുടെ സെന്റര്‍ ഫേര്‍ ഓള്‍ട്ടര്‍നേറ്റീവ് ഫ്യുവല്‍സ്, എന്‍ജിന്‍സ് ആന്‍ഡ് എമിഷന്‍സിലെ റിസര്‍ച്ച് എന്‍ജിനിയറാണ് 32 കാരനായ അരവിന്ദ്.

ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍

Google car

ആപ്പിള്‍, ടെസ്ല, ഗൂഗിള്‍, നിസാന്‍ തുടങ്ങിയവയെല്ലാം ഓട്ടോണമസ് അഥവാ സെമി ഓട്ടോണമസ് കാറുകളുടെ വിജയകരമായ പരീക്ഷണ ഓട്ടം വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവര്‍ വേണ്ടാത്ത കാറുകള്‍ വികസിപ്പിക്കുന്നതിനുവേണ്ടി ഗൂഗിളും ഫോര്‍ഡും കൈകോര്‍ക്കുന്നുവെന്ന വാര്‍ത്തയും ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം കാണുന്നത്. ഗൂഗിള്‍ ഈ രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു. വാഹന നിര്‍മ്മാണ രംഗത്തെ പ്രമുഖരായ മെഴ്‌സിഡീസ് ബെന്‍സ്, ബി.എം.ഡബ്ല്യൂ, ഔഡി എന്നിവയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ടെക്‌നോളജി കമ്പനികള്‍ തങ്ങളെ കടത്തിവെട്ടുമോയെന്ന ആശങ്കയിലാണ് അവര്‍. ഇതിനിടെയാണ് 2020 ല്‍ ഇത്തരം വാഹനങ്ങള്‍ വിപണിയിലിറക്കുമെന്ന പ്രഖ്യാപനവുമായി ഹോണ്ടയും നിസാനും ടൊയോട്ടയും രംഗത്തെത്തിയത്. ഡ്രൈവര്‍ വേണ്ടാത്ത കാറുകളുടെ കണ്ണുകളായ പ്രവര്‍ത്തിക്കേണ്ട സെന്‍സറുകള്‍ സ്ഥാപിച്ച റോഡുകളുടെ നിര്‍മ്മാണവും ഇത്തരം കാറുകള്‍ ഉണ്ടാക്കുന്ന നിയമ പ്രശ്‌നങ്ങളും വെല്ലുവിളിയായി വാഹന നിര്‍മ്മാതാക്കളുടെ മുന്നിലുണ്ട്.

വാഹന വ്യവസായത്തെ തളര്‍ത്തി ചെന്നൈ പ്രളയം

Chennai floods

രാജ്യത്തെ വാഹന നിര്‍മ്മാണത്തിന്റെ 25 ശതമാനം പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചെന്നൈ നഗരത്ത ില്‍ ദുരിതം വിതകച്ച കനത്ത മഴ രാജ്യത്തെ വാഹന വ്യവസായത്തെ കടുത്ത പ്രതിസന്ധിയിലാക്കി. വാഹന നിര്‍മ്മാണം നിര്‍ത്തിവെക്കേണ്ടിവന്ന ഓരോ ദിവസവും നഷ്ടമാക്കിയത് 180 കോടി രൂപവീതം. വാഹന വ്യവസായത്തെ പ്രളയം എത്രകണ്ട് ബാധിച്ചുവെന്ന് വരും ദിവസങ്ങളില്‍ മാത്രമെ വ്യക്തമാകൂ. ഈ വര്‍ഷം വാഹന നിര്‍മ്മാണത്തില്‍ 15 ശതമാനം വര്‍ധനയാണ് പ്രതീക്ഷിച്ചിരുന്നത്. ഈ നേട്ടം കൈവരിക്കാനാകുമോയെന്ന ആശങ്കയിലാണ് നിര്‍മ്മാതാക്കള്‍.

വിപണിയില്‍ ഒന്നാമന്‍ ഓള്‍ട്ടോതന്നെ

Maruti Alto

മാരുതി സുസുക്കിയുടെ വിലകുറഞ്ഞ ചെറുകാര്‍ ഓട്ടോ തുടര്‍ച്ചയായ പത്താം വര്‍ഷവും വിപണിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.  2,49,507 യൂണിറ്റുകളാണ് ഈവര്‍ഷം വിറ്റഴിച്ചത്. സ്വിഫ്റ്റ് ഡിസയറിനാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനം. 2,19,248 യൂണിറ്റുകള്‍ വിറ്റഴിച്ചു.  1,92,376 യൂണിറ്റുകള്‍ വിറ്റഴിച്ച സ്വിഫ്റ്റാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് വിമകച്ച വില്‍പ്പന കൈവരിച്ച മറ്റ് കാറുകള്‍ ഇവയാണ്. മാരുതി വാഗണ്‍ ആര്‍ (1,55,754), ഹ്യുണ്ടായ് ഐ 20 (1,19,705), ഗ്രാന്‍ഡ് ഐ 10 (1,11,306), മഹീന്ദ്ര ബൊലേറോ (80,914), ഹോണ്ട സിറ്റി (76, 546), മാരുതി സെലേറിയോ (74, 942), മാരുതി സുസുക്കി ഓംനി (72,778).

വരുന്നത് 25 ലേറെ പുതിയ വാഹനങ്ങള്‍

Suzuki Ignis

ഇന്ത്യയിലെയും വിദേശത്തെയും വാഹന നിര്‍മ്മാതാക്കള്‍ പുതുവര്‍ഷത്തില്‍ 25 ലേറെ പുതിയ വാഹനങ്ങള്‍ വിപണിയിലെത്തിക്കാനാണ് ഒരുങ്ങുന്നത്. ഫിബ്രവരിയില്‍ നടക്കുന്ന ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുത്തന്‍ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും. മാരുതി സുസുക്കിയുടെ കോംപാക്ട് ക്രോസോവര്‍ ഇഗ്നിസ്, കോംപാക്ട് എസ്.യു.വി വിറ്റാര, വാഗണ്‍ ആര്‍ എം.പി.വി, ടാറ്റയുടെ ചെറുകാര്‍ സീക്ക, മഹീന്ദ്രയുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം കെ.യു.വി 100, ടാറ്റ നെക്‌സണ്‍ എന്നിവയാണ് 2015 ല്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രിയ വാഹനങ്ങള്‍. ടാറ്റയുടെ എസ്.യു.വി ഹെക്‌സ, ഹോണ്ടയുടെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ബി.ആര്‍.വി, ഡാറ്റ്‌സണ്‍ ഗോ ക്രോസ്, ഫിയറ്റ് ക്രൈസ്ലര്‍ ഗ്രാന്‍ഡ് ചെറോക്കി, ജീപ്പ് റാംഗ്ലര്‍, ഷെവര്‍ലെ സ്പിന്‍ എം.പി.വി തുടങ്ങിയവയാണ് വിപണിയിലെത്തുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍. ടൊയോട്ട വയോസ്, പുതിയ ഹ്യുണ്ടായ് സൊണാറ്റ, ബി.എം.ഡബ്ല്യൂ വണ്‍ സീരീസ്, ഫോര്‍ഡ് മസ്താങ്, പുതിയ അക്കോര്‍ഡ്, ഡാറ്റസണ്‍ റെഡി ഗോ എന്നീ സെഡാനുകളും പുതുവര്‍ഷത്തില്‍ വിപണിയിലെത്തും.