കാര്‍ഷികരംഗത്തിന് ഉണര്‍വും തളര്‍ച്ചയുമുണ്ടായ ഒരു വര്‍ഷമാണ് കടന്നുപോയത്. സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളും വിഷപച്ചക്കറികളും ഒരുകാര്‍ഷിക തരംഗം ഉണര്‍ത്താന്‍ ഇടയാക്കിയ വര്‍ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ഇതിനായി മുന്നിട്ടറങ്ങി. ഒപ്പം കൈകോര്‍ത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ സംഘടനകളും വീട്ടമ്മമാരും മണ്ണിലിറങ്ങി. കൃഷിയെകുറിച്ച് ചിന്തിക്കാത്തവര്‍ പോലും ഒരു ഹോബിയെന്ന നിലയില്‍ ഗ്രോബാഗ് കൃഷിയെങ്കിലും പരീക്ഷിച്ചു. 

സോഷ്യല്‍ മീഡിയ കൃഷിക്കൂട്ടായ്മ

ഓണ്‍ലൈന്‍ലോകത്ത് കൃഷി തുടങ്ങിയത് ഫേസ് ബുക്കിലെ ഫാം വില്ലി എന്ന വിര്‍ച്വല്‍ കൃഷിയിലൂടെയാണ്. ആദ്യമൊക്കെ ആള്‍ക്കാര്‍ ഓണ്‍ലൈനിലെ ' ഇ കൃഷി ' നടത്തിയെങ്കിലും പിന്നീട് വന്ന ജൈവ കൃഷിത്തരംഗത്തില്‍ ഇവര്‍ കളം മാറി യഥാര്‍ഥ കൃഷിയിലെത്തി. 

കൃഷിയറിവുകളും നാട്ടറിവുകളും നല്ല നാടന്‍ വിത്തുകളും കൈമാറിത്തുടങ്ങിയ സോഷ്യല്‍ മീഡിയയിലെ കൃഷിക്കൂട്ടങ്ങള്‍ പിന്നീട് ജൈവ പച്ചക്കറികളുടെയും മറ്റ് കാര്‍ഷിക ഉല്‍പന്നങ്ങളുടെയും വിപണനത്തിനായും സോഷ്യല്‍ മീഡിയകളെ ഉപയോഗിച്ചു. മുന്‍കൂര്‍ ബുക്ക് ചെയ്ത് ഇത്തരം കൂട്ടായ്മയില്‍ വിളവെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കുന്നവരും ഉണ്ടെന്നത് കൗതുകമാണ്. 

വട്ടംകുളം കൃഷി, കൃഷിഭൂമി, കൃഷി പാണാവള്ളി, കൃഷിത്തോട്ടം, കൃഷിപാഠം, കൃഷിഭവന്‍ ഡോട്ട് കോം, കൃഷിഭവന്‍ എന്നിങ്ങനെ നിരവധി കൃഷിക്കൂട്ടായ്മകളാണ് ഫേസ്ബുക്കിലുള്ളത്. 

 

റബ്ബറും വിലയിടിവും 

ഇരുന്നൂറ് രൂപയില്‍ നിന്നും റബ്ബര്‍വില 90ലേക്ക് താഴ്ന്നതോടെ കേരളത്തിലെ മലയോരമേഖലയിലെ കാര്‍ഷകര്‍ പൂര്‍ണമായും നട്ടെല്ലു തകര്‍ന്ന അവസ്ഥയിലേക്ക് എത്തി. (അഞ്ച് വര്‍ഷം മുമ്പ് റബ്ബര്‍ഷീറ്റിന് കിലോക്ക് 226 രൂപയായിരുന്നു). വിലയിടിഞ്ഞ് നിലത്തെത്തിയെങ്കിലും കൃഷിച്ചെലവ് മാനത്തോളം ഉയര്‍ന്നതാണ് റബര്‍കൃഷി തീരെ ആദായമല്ലാതാക്കിയത്. ഒരു കൂടത്തൈക്ക് (റബ്ബര്‍ തൈ) 120 രൂപയുണ്ടായിരുന്നത് ഇപ്പോള്‍ 30 രൂപയായിരിക്കുന്നത്. റബ്ബര്‍ നഴ്‌സറികള്‍ നടത്തുന്നവരുടെ നിലനില്‍പും പ്രതിസന്ധിയിലായി. നിയന്ത്രണമില്ലാത്ത ഇറക്കുമതിയാണ് റബ്ബര്‍കര്‍ഷകര്‍ക്ക ഇരുട്ടടിയായത്. 

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടികള്‍ നികുതിയായി നഷ്ടമായി. ആഭ്യന്തരവിപണിയില്‍ റബ്ബര്‍കെട്ടിക്കിടക്കുമ്പോഴും ഇറക്കുമതി തകൃതിയായി. 

തളര്‍ന്നും ഉണര്‍ന്നും കാര്‍ഷികമേഖല

സംസ്ഥാനസര്‍ക്കാരിന്റെ വിലസ്ഥിരതാ ഫണ്ടിലുടെ റബ്ബര്‍ വില കുറഞ്ഞത് 150 രൂപയായി ഉറപ്പുവരുത്തുന്ന പദ്ധതിയാണ് കര്‍ഷകര്‍ ഇപ്പോള്‍ പ്രതീക്ഷയോടെ കാണുന്നത്. ഇതിനായി 300 കോടി മാറ്റിവെച്ചുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണട്്. 500 കോടി കൂടി കേന്ദ്രം നല്‍കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു. 

ദാണ്ടെ തേങ്ങ

കാറ്റ് വീഴ്ച, മണ്ഡരി രോഗബാധയേതായാലും കുത്ത് നെഞ്ചത്ത് കൊണ്ടത് ഈവര്‍ഷം നാളികേര കര്‍ഷകര്‍ക്കാണ്. കൃഷിയിടത്തിന്‍രെയും ഉല്‍പാദനത്തിന്റെയും കണക്കുകള്‍ തമ്മിലുള്ള അന്തരമില്ലായ്മക്ക് ഇനിയും ഉത്തരം കണ്ടെത്താനായിട്ടില്ല. 

രോഗപ്രതിരോധ ശേഷിയും മികച്ച വിളവും ഉറപ്പുതരുന്ന സങ്കരയിനങ്ങള്‍ വികസിപ്പിച്ച സാങ്കേതികസ്ഥാപനങ്ങള്‍ക്ക് പക്ഷേ കേരളത്തിനാവശ്യമായ തെങ്ങിന്‍ തൈകള്‍ ഉല്‍പാദിപ്പിക്കാനായില്ല. പ്രതിവര്‍ഷം കേരളത്തിനാവശ്യം 30 ലക്ഷം തൈകളാണ്. ഉദ്പാദിപ്പിക്കുന്ന തൈകളുടെ എണ്ണം വെറും എട്ടുലക്ഷവും. 

വിലക്കയറ്റം തകര്‍ത്ത് ജൈവതരംഗം

കേരളത്തിലെ പച്ചക്കറിയെന്നാല്‍ തമിഴ്‌നാടിന്റെതായിരുന്നു ഈവര്‍ഷം വരെ, ഒരു ചെറിയശതമാനം കര്‍ണാടകയ്ക്കും നല്‍കാം. എന്നാല്‍ പച്ചക്കറികള്‍ വിഷത്തില്‍ കുളിച്ചെത്തിയോടെ കേരള ജനത പ്രതികരിച്ചു. പച്ചക്കറികള്‍ വാങ്ങാന്‍ ആളില്ലാതായി, വീടുകളില്‍ ഗ്രോബാഗുകളിലും അടുക്കളത്തോട്ടങ്ങളിലും പച്ചക്കറികള്‍ വിളഞ്ഞു, ജൈവപച്ചക്കറികള്‍ക്ക് മാത്രമായി വിപണികളുണ്ടായി. 

ബീന്‍സിനും വെണ്ടക്കയ്ക്കും 80 രൂപ വരെ ഉയര്‍ന്നു. പച്ചമുളക് 55 രൂപവരെ. സ്വന്തമായി ഇവയെല്ലാം വീട്ടില്‍ കൃഷി ചെയ്യാമെന്ന തിരിച്ചറിവ് മലയാളികളെ ഏറെ മാറ്റിയെന്നതാണ് യാഥാര്‍ഥ്യം. ഈവര്‍ഷത്തെ ഓണത്തിനാണ് അപൂര്‍വമായ ഈപ്രതിഭാസമുണ്ടായത്. .

വിലക്കയറ്റത്തെ ചെറുക്കാന്‍ കര്‍ണാടകയില്‍ നിന്നും മധ്യകേരളത്തിലേക്ക് വന്‍തോതില്‍ പച്ചക്കറിയിറക്കിയാണ് തമിഴ്‌നാട് ലോബിയെ പച്ചക്കറി കച്ചവടക്കാര്‍ നേരിട്ടത്. സ്‌കൂളുകളും സംഘടനകളും വീട്ടമ്മമാരും കൈകോര്‍ത്തതാണ് ജൈവപച്ചക്കറി കൃഷിക്ക് വന്‍ മുന്നേറ്റമുണ്ടാക്കിയത്. 

കിസാന്‍ ചാനല്‍

കിസാന്‍ ചാനല്‍

ഗ്രാമീണ മേഖലയിലെ യുവാക്കളെ കാര്‍ഷികവൃത്തിയിലേക്ക മടക്കികൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍കിസാന്‍ ചാനല്‍ തുടങ്ങിയിരിക്കുന്നത്. ഡി.ഡി. കിസാനിലൂടെ ഇരുപത്തി നാലു മണിക്കൂറും ഗ്രാമീണ കൃഷികളുമായി ബന്ധപ്പെട്ട പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്. രാജ്യത്തെ എല്ലാ വരിക്കാര്‍ക്കും ഈ ചാനല്‍ സൗജന്യമായും നിര്‍ബന്ധമായും നല്‍കാനും കേബിള്‍ ടിവി - ഡിടിഎച്ച്  ഓപ്പറേറ്റര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.