മക്കള്‍ കമിഴ്ന്ന് കിടക്കുന്നത് കാണാനാകില്ല,ഇപ്പോള്‍. ചുവന്നകുപ്പായം കൂടിയാണെങ്കില്‍ ഹൃദയത്തിലൂടെ ബ്ലേഡുകൊണ്ട് ആരോ വരയുന്നപോലെ തോന്നുകയും നിണം നീരായും നീറ്റലായും ഇറ്റിറങ്ങുന്നുവെന്ന തോന്നലില്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കേണ്ടി വരികയും ചെയ്യുന്നു. എന്റെ ചോരയുടെ തുണ്ട് എന്ന ചിന്ത അപ്പോഴൊക്കെ അടിവയറ്റില്‍നിന്നൊരു തിരയായുയരുന്നു.
എന്നുതൊട്ടാണ് ഇങ്ങനെയൊരു അനുഭവമെന്നതിന്റെ ഉത്തരമാണ് 2015. ഏതുകൊല്ലവും വേദനകള്‍ തരുന്നുണ്ട്. വര്‍ഷം എന്ന വാക്കില്‍ തന്നെ പെയ്യുന്നു പലതും,പലതും. പക്ഷേ ഒരു മൂന്നുവയസ്സുകാരന്റെ ഉറക്കം ഇനിയുള്ള എല്ലാ 365ദിവസങ്ങളുടേയും ഓര്‍മയായി മാറിയെന്നതുകൊണ്ട് ഇക്കൊല്ലം തന്ന നൊമ്പരത്തോളം വരില്ല,ഒന്നും. അച്ഛന്മാര്ക്ക് ഉറങ്ങാനാകാതെ പോയ വര്‍ഷം.
എന്റെ ഇളയമകന്റെ ഛായയായിരുന്നു അവന്. നോക്കുമ്പോള്‍ ഏതച്ഛനും അങ്ങനെയേ തോന്നൂ. നിഷ്കളങ്കതകൊണ്ട് നിര്‍മിച്ച ഒരു കണ്ണാടി. അതില്‍ നാം സ്വന്തം കുഞ്ഞിന്റെ മുഖം കാണുന്നു. അപ്പോള്‍ ഒരു കടലിരമ്പുന്നു. അവനുറങ്ങുന്നു. നമ്മള് മരിക്കുന്നു. അയ്ലന്‍ കുര്‍ദി ഉറങ്ങിക്കോട്ടെ..
അവന് ഉറങ്ങുകയാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കുഞ്ഞുങ്ങള്‍ ഉറങ്ങുന്നത് ഇങ്ങനെയാണ്. ഇട്ടിരുന്ന കുപ്പായം പോലും മാറാതെ. എലിയും പൂച്ചയും പൂക്കളുമുള്ള പാദുകങ്ങളൂരാതെ. മുഖം ചരിച്ചുവച്ച്,കൈകള്‍ ഉടലോട് ചേര്‍ത്തുവച്ച്..കാതുകള്‍ ഭൂമിയെ കേള്‍ക്കാനായി കൂര്പ്പിച്ചുവച്ച്..ദൈവമേ...എന്റെ കുഞ്ഞുറങ്ങുന്നതും ഇങ്ങനെ തന്നെയാണല്ലോ..
അലകളുടെ തൊട്ടിലിലാണ് അയ്ലന്‍ കിടന്നിരുന്നത്. കടല്‍ ഓളക്കൈകള്‍ കൊണ്ട് അവന്റെ മുടിയിഴകളെ തഴുകിയൊതുക്കുന്നുണ്ട്. തല്ലിയുറക്കിയതിനൊരു തലോടല്‍. ചുവന്നകുപ്പായം സ്വയം മാറിക്കൊടുത്ത് ഓറഞ്ചല്ലിയുടെ നിറമുള്ള അവന്റെ ശരീരം കാട്ടിത്തരുന്നു. ആകാശത്തേയ്ക്ക് എടുത്തുയര്‍ത്തപ്പെടുമ്പോള്‍ ഉമ്മകള്‍ ഏറ്റുവാങ്ങിയ ഇടം. അവന് കാതോര്ത്തുകിടക്കുന്നത് ഭൂമിയുടെ താരാട്ടിനാണ്.
ഒന്നേ നോക്കിയുള്ളൂ,അന്ന്. ഇനിയൊരിക്കലും അതിലേക്ക് നോക്കാനാകില്ല.
അയ്ലാന്റെ ചേട്ടന് ഗാലിപിന്റെ പ്രായത്തില്‍ മധ്യധരണ്യാഴി എന്ന വാക്ക് എഴുതാന്‍ ബുദ്ധിമുട്ടായിരുന്നു, വായിക്കാനും. എന്തൊരു ക്രൂരനാണ് ഈ കടല്‍ എന്ന് അന്നേ തോന്നിയിരുന്നു. അച്ഛനെ മാത്രം ഇനിയൊരിക്കലും ഉറങ്ങാനാകാതെ രക്ഷിച്ച് അമ്മയെയും ചേട്ടനെയും വിഴുങ്ങിയെടുത്ത് അയ്ലാനെ മാത്രം ആരോ വലിച്ചെറിഞ്ഞ പാവക്കുട്ടിയെപ്പോലെ കരപറ്റിച്ചതെന്തിനാണ് കടലേ..?
തീരത്തുനിന്ന് അവനെ എടുത്തുകൊണ്ടുപോകുമ്പോള്‍ ആ പട്ടാളക്കാരന് നോട്ടം മാറ്റെവിടെയോ പതിച്ചുവയ്ക്കാന്‍ മനപൂര്‍വം ശ്രമിക്കുന്നുണ്ടായിരുന്നു. അയാളും ഒരു അച്ഛനായിരുന്നിരിക്കണം. ഇനിയുള്ള വര്‍ഷങ്ങളിലൊന്നിലും ഉറങ്ങാനാകാത്ത ഒരച്ഛന്. തണുപ്പിന് ഇത്ര തണുപ്പുണ്ട് എന്ന് അയാള്‍ അന്നായിരിക്കും ആദ്യമായി അറിഞ്ഞിട്ടുണ്ടാകുക. കയ്യുറയിട്ടിരുന്നെങ്കിലും അത് അയാളുടെ കൈകളില്‍ സ്വയംതണുത്തുറയുന്ന നാള് വരെ ബാക്കിയുണ്ടാകും.
അയ്ലന്‍ വെറും മൂന്നുവര്‍ഷങ്ങള്‍ മാത്രമേ കണ്ടുള്ളൂ. എത്രയെത്രവര്ഷങ്ങളെ അവന് ഉറങ്ങുമ്പോള്‍ സ്വപ്നം കണ്ടിരിക്കണം. അവന് ഉറങ്ങിക്കോട്ടെ..അബ്ദുള്ള കുര്‍ദിയെപ്പോലെ ഇനിയൊരിക്കലും നമുക്ക് ഉറങ്ങാതെ മരിക്കാം.
അയ്ലന്‍ ഒരിക്കലും കണ്ടുകാണില്ല അവനേക്കാള്‍ ഒരുവയസ്സിന് മാത്രംമുതിര്ന്ന സ്വന്തം നാട്ടുകാരിയെ. അദി ഹുദിയ. അവള് കൈകളുയര്‍ത്തി നിന്നതും 2015ല്‍ തന്നെ. ഒരു ബലൂണിന് കണ്ണുകള്‍ വരച്ചതുപോലെയായിരുന്നു അവളുടെ മുഖം. ഭിത്തിയില്‍ കുത്തിവരച്ചതിന് അച്ഛന് വഴക്കിടുമ്പോഴെന്നവണ്ണം ചുണ്ടുകള്‍ അമര്ത്തിയടച്ചായിരുന്നു നില്പ്. കുപ്പായത്തിലെ രൂപത്തേക്കാള്‍ അവളെ ഭയപ്പെടുത്തിയത് മുന്നില്‍ തോക്കിന്കുഴല്പോലെ നീണ്ടുവന്ന എന്തോ ഒന്നാണ്.
അതൊരു ടെലിലെന്സായിരുന്നുവെന്ന് തോക്കുകള്‍ മാത്രം കണ്ടുശീലിച്ച ആ കുഞ്ഞിനറിയില്ലായിരുന്നു. അതുകൊണ്ടാണ് എന്നെയൊന്നും ചെയ്യല്ലേ..എന്ന ദയനീയതയോടെ അവള് കൈകള്‍ ഉയര്‍ത്തിയത്. തോക്കുകള്‍ കാണുമ്പോള്‍ അങ്ങനെ ചെയ്യണമെന്ന് അവളെ പഠിപ്പിച്ചുകൊടുത്തതും അച്ഛനായിരുന്നിരിക്കണം.
2014ല്‍ പകര്ത്തപ്പെട്ടതെങ്കിലും അദി ഹുദിയയുടെ ചിത്രം ലോകം കണ്ടത് അതിന്റെ പിറ്റേവര്‍ഷമാണ്. കുഞ്ഞുങ്ങള്‍ എത്രവലിയ പുസ്തകമാണെന്ന് ലോകം പഠിച്ചവര്‍ഷം. ചിലപ്പോഴൊക്കെ അവരുടെ മുഖം പിന്നീടൊരിക്കലും നോക്കാനാകാത്തവണ്ണം വേദനിപ്പിക്കുമെന്നറിഞ്ഞവര്ഷം.
ഈ കുട്ടികളുടെ അച്ഛന്റെ പ്രായമേയുള്ളൂ നൗഷാദിന്. അച്ഛനാകുന്നതിന് മുമ്പേ അയാള്‍ പോയെങ്കിലും. ഒരുപക്ഷേ കരച്ചില്‍കേട്ട് ഭൂമിയുടെ നെഞ്ചകത്തിനുള്ളിലേക്ക് ഇറങ്ങിപ്പോയതിന്റെ തലേരാത്രിയില്കൂടി അയാള്‍ അത്താഴനേരത്ത് എന്നോ വരേണ്ട ഒരതിഥിയെക്കുറിച്ച് ഭാര്യയോട് സംസാരിച്ചിരുന്നിരിക്കണം. അവരുടെ മനസ്സിലപ്പോള്‍ ഒരു തൊട്ടിലും താരാട്ടും രാമുല്ല പോലെ പൂത്തിരിക്കണം. ചിലപ്പോള്‍ അവര്‍ കണ്ടകിനാവിലെ അതിഥിക്ക് അയ്ലാന്റെയോ അദി ഹുദിയയുടെയോ ഛായയായിരുന്നിരിക്കണം. കാരണം ലോകമെങ്ങും കുഞ്ഞുങ്ങള്‍ ഒരു കണ്ണാടിയല്ലേ..?
ഇത് അച്ഛനാകാന്‍ കൊതിച്ച ഒരാള്‍ ഇറങ്ങിയുറങ്ങിപ്പോയ വര്‍ഷം കൂടിയാണ്..
എല്ലാവരുമിപ്പോള്‍ മാന്‍ഹോളിന് മലയാളം തിരയുന്ന തിരക്കിലാണ്. എന്തുകൊണ്ടാണ് നിങ്ങളതിനെ ആള്വിഴുങ്ങിയെന്ന് വിളിക്കാത്തതെന്ന് നൗഷാദ് ആകാശത്തിരുന്ന് ചോദിക്കുന്നുണ്ടാകണം. നന്മയെ തിരിച്ചറിയാത്ത ഈ നരകഗര്ത്തത്തിന് പിന്നെന്തുപേരാണ് യോജിക്കുക?
കാലം കടലാണ്. കവര്‍ന്നെടുത്തശേഷം നിശ്ചേതനമായി തിരികെത്തരുന്ന കള്ളന്. അതൊരു ക്യാമറക്കണ്ണുമാണ്. തോക്കെന്ന് തോന്നിപ്പിച്ച് കീഴടങ്ങൂവെന്ന് പറയുന്ന കൗശലക്കാരന്. എല്ലാത്തിനുമപ്പുറം ഒരു ചതിത്തുളയും...
നല്ല മനുഷ്യരെമാത്രം മയക്കിവീഴ്ത്തുന്ന മാന്ത്രികന്.....