രാഷ്ട്രീയ പ്രബുദ്ധത തന്നെ അരാഷ്ട്രീയതയായി കോലം മാറുന്ന മട്ടില്‍ കേരളീയരുടെ സാമൂഹ്യജീവിതം കെട്ടളിഞ്ഞുതുടങ്ങിയോ? രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ നാം നിരന്തരം അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണോ? ചരിത്രത്തിലേക്ക് പിന്‍വാങ്ങിപ്പോവുന്ന 2015 എന്ന വര്‍ഷത്തിന്റെ ചില സൂചകങ്ങള്‍ നല്‍കുന്ന താക്കീത് അതാണെന്ന് വരുമോ?

രാഷ്ട്രീയം, രാഷ്ട്രീയ പ്രബുദ്ധത, അരാഷ്ട്രീയത എന്നീ പദങ്ങള്‍ കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നതെന്ത് എന്ന് ആദ്യം വിശദമാക്കാം:
അനീതി, അക്രമം, അന്യായം, അഴിമതി മുതലായ ജീര്‍ണതയ്‌ക്കെതിരായ ജാഗ്രതയും പ്രവര്‍ത്തനവുമാണ് രാഷ്ട്രീയം. അതേപ്പറ്റി നിരന്തരം അറിഞ്ഞും അന്വേഷിച്ചും ക്ഷീണിക്കാതെ പഠിച്ചും പരീക്ഷിച്ചും നടത്തുന്ന വിശകലനങ്ങളും വിമര്‍ശനങ്ങളുമാണ് രാഷ്ട്രീയപ്രബുദ്ധത. സമൂഹത്തിന്റെ നാനാവിധമായ പ്രശ്‌നങ്ങളുടെ നേരെ കുറ്റകരമായ ഉദാസീനത കാണിക്കുകയും മൗനം കൊണ്ടും നിഷ്‌ക്രിയതകൊണ്ടും ജീര്‍ണതകളെ അനുവദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന അചേതനമായ അവസ്ഥയാണ് അരാഷ്ട്രീയത.

കേരളീയരുടെ പ്രധാനപ്പെട്ട കൃഷിയും കച്ചവടവും 'രാഷ്ട്രീയം' ആണ്. ഇവിടെ ആര്‍ക്കും വലുതോ ചെറുതോ ആയി രാഷ്ട്രീയം ഉണ്ട്; എന്തിലും ഏതിലും രാഷ്ട്രീയം കാണുന്നതാണ് ശീലം- അത്യാവശ്യത്തിനും ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം.

രാഷ്ട്രീയ പ്രബുദ്ധതയ്ക്കും പഞ്ഞമില്ല. ചാനലുകള്‍, റേഡിയോകള്‍, പത്രമാസികകള്‍, സിനിമകള്‍, ഇന്റര്‍നെറ്റ് കൂട്ടായ്മകള്‍ മുതലായവ വഴിയെല്ലാം അങ്ങേയറ്റം മാധ്യമവത്കൃതമായ ജനതയാണ് കേരളത്തിലുള്ളത്. ചിലര്‍ എല്ലാനേരത്തും എല്ലാവരും ചില നേരത്തും ചര്‍ച്ചകളിലാണ്. മലയാളി തിന്നാതെയും കുടിക്കാതെയും കഴിഞ്ഞുകൂടിയേയ്ക്കും; ശ്വാസം കഴിക്കാതെയും രാഷ്ട്രീയം പറയാതെയും കഴിഞ്ഞുകൂടുമോ? സംശയമാണ്. 'മലയാളി ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല, അവന്റെ ദൈവമായ മാധ്യമത്തിന്റെ വായില്‍ നിന്ന് വരുന്ന രാഷ്ട്രീയം കൊണ്ടുകൂടിയാകുന്നു!'

പറഞ്ഞിട്ടെന്താ, ഈ ജാഗ്രതയെല്ലാം ഉദാസീനതയുടെ രൂപാന്തരം മാത്രമാണ് എന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാം. ഉറക്കത്തില്‍ നടക്കുന്ന നിദ്രാടനം (സോബ്‌നാംബുലിസം) പോലെ ഒന്നാണത്- ചുറ്റും നടക്കുന്നതിനെപ്പറ്റി കൃത്യമായ ധാരണയോ ബോധമോ ഇല്ല; ഒച്ചയും പടയും ഒക്കെ ഉണ്ടാക്കുന്നുണ്ടെന്ന് മാത്രം.

ഇപ്പറയുന്നത് അതിശയോക്തിയാണ് എന്ന് വിചാരിക്കുന്നവര്‍ ദയവായി ഒരു നിമിഷം ഒന്നടങ്ങിയിരുന്ന് ആലോചിച്ചു പറയൂ:
സരിത ഒരാള്‍ വിചാരിച്ചാല്‍ ഇപ്പോഴത്തെ നമ്മുടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരു നിമിഷം കൊണ്ട് രാജിവെച്ച് പുറത്തുപോവേണ്ടി വരില്ലേ? അവര്‍ വായ തുറക്കുന്നതും പേടിച്ച് കഴിഞ്ഞുകൂടുന്ന ഭരണപക്ഷവും അതും കാത്ത് കുത്തിയിരിക്കുന്ന പ്രതിപക്ഷവും അല്ലേ ഇവിടെയുള്ളത്? മൂന്നേകാല്‍ കോടി ജനങ്ങള്‍ തെരഞ്ഞെടുത്ത് അധികാരത്തിലേറ്റിയ ഭരണകൂടം അവിടെ തുടരുന്നത് ക്രിമിനല്‍ കേസില്‍ പ്രതിയായ ഒരൊറ്റ യുവതിയുടെ 'കാരുണ്യം' കൊണ്ട് മാത്രമാണ് എന്നത് സത്യമല്ലേ?
 
നമ്മുടെ രാഷ്ട്രീയവും രാഷ്ട്രീയപ്രബുദ്ധതയും ചേര്‍ന്ന് സൃഷ്ടിച്ച ഒരു കഥാപാത്രമാണ് 'സരിതാനായര്‍'. സമരവും ചര്‍ച്ചയും ടിവിയും പത്രവും എല്ലാം കൂടി അവരെ എവിടെ എത്തിച്ചു എന്ന് നോക്കൂ- കാണുന്നിടത്തെല്ലാം ആളുകള്‍ അവരുടെ കയ്യൊപ്പ് കിട്ടാന്‍ തിങ്ങിക്കൂടുന്നു; അവരുടെ കൂടെ 'സെല്‍ഫി'യെടുക്കാന്‍ ബദ്ധപ്പെടുന്നു; ആ യുവതിയുടെ ഫോട്ടോകളും വീഡിയോകളും വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും യൂട്യൂബിലും കണ്ട് ദാഹം തീരാതെ അവര്‍ അഭിനയിക്കുന്ന സിനിമക്കായി കാത്തിരിക്കുന്നു...

നമ്മുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഇത്രയും രാഷ്ട്രീയ പ്രാധാന്യം ഒരു കുറ്റവാളിക്കും കിട്ടിയിട്ടില്ല; ഇത്രയും മാധ്യമശ്രദ്ധ മറ്റൊരു കുറ്റവാളിക്കും ലഭിച്ചിട്ടില്ല- ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സംസ്ഥാന മുഖ്യമന്ത്രിയെപ്പോലും ഇക്കാര്യത്തില്‍ പിന്തള്ളാന്‍ കഴിഞ്ഞു!
  
എന്തുകൊണ്ട്: ഈ 'വീരപരിവേഷ'ത്തിലൂടെ അവര്‍ 'നായികാ'പദവിയിലെത്തുന്നതിന്റെ പ്രത്യാഘാതം നമ്മുടെ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കാനിടയുള്ള കെടുതികളെപ്പറ്റി ആരെങ്കിലും വല്ലതുമൊന്ന് ആലോചിച്ചിരുന്നുവോ? എന്തിനെപ്പറ്റിയാണ് എന്ന ബോധത്തോടെയായിരുന്നുവോ, രാഷ്ട്രീയ നേതാക്കന്മാര്‍ അവരെപ്പറ്റി സംസാരിച്ചിരുന്നത്? എന്തിനുവേണ്ടിയാണ് എന്ന തിരിച്ചറിവോടെയായിരുന്നുവോ, മാധ്യമ പ്രവര്‍ത്തകര്‍ അവരെപ്പറ്റി ഇടതടവില്ലാതെ വാര്‍ത്ത കൊടുത്തുകൊണ്ടിരുന്നത്?
 
കേരളീയര്‍ക്ക് ഏറ്റവും സുപരിചിതമായ പെണ്‍മുഖം ആയിത്തീരുന്നതില്‍ അവര്‍ സിനിമാനടികളെപ്പോലും പിന്തള്ളിയതിലൂടെ ഉല്പാദിപ്പിക്കപ്പെട്ട സാംസ്‌കാരികചിഹ്നത്തെപ്പറ്റി നമ്മള്‍ ആലോചിക്കേണ്ടതല്ലേ?
 
saritha'സോളാര്‍ അഴിമതി' എന്നുപേരായ ഒരു ക്രിമിനല്‍ കേസിലെ പ്രതി മാത്രമാണ് സരിതാനായര്‍ (2013). സൗരോര്‍ജ്ജം (സോളാര്‍ എനര്‍ജി) ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ഒരു കമ്പനി (ടീം സോളാര്‍) യില്‍ പങ്കുകാരാക്കാം എന്നുപറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ പിരിച്ചെടുത്ത് കബളിപ്പിച്ചു എന്ന പരാതിയിലാണ് സരിതയേയും കൂട്ടുകാരന്‍ ബിജു രാധാകൃഷ്ണനെയും പോലീസ് അറസ്റ്റ് ചെയ്തത്.

കൂടിയ അളവില്‍ പണം പിരിക്കാന്‍ പ്രതികള്‍ക്ക് സാധിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ഉണ്ടാക്കിയ 'വിശ്വാസ്യത' കൊണ്ടാണെന്ന് വാര്‍ത്ത  വന്നതോടെ പ്രശ്‌നം രാഷ്ട്രീയമായി. സ്വാഭാവികമായും അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യം ഉയര്‍ന്നു. പ്രതിയായി സിനിമാതാരം ശാലുമേനോന്‍ അറസ്റ്റിലായതോടെ വാര്‍ത്ത കൊഴുത്തു. സ്വന്തം ഭാര്യയെ കൊന്നവനാണ് ബിജു രാധാകൃഷ്ണന്‍ എന്ന പോലീസിന്റെ വെളിപ്പെടുത്തലോടെ വാര്‍ത്തയ്ക്ക് ഒരു സിനിമാക്കഥയുടെ ഉദ്വേഗം തന്നെ കൈവന്നു- എന്തിനുവേണ്ടിയായിരുന്നു കൊല? ആരാണ് അയാളുടെ രണ്ടാം ഭാര്യ? കാമുകി? സരിതയോ ശാലുമേനോനോ? അവര്‍ തമ്മില്‍ എങ്ങനെയാണ്?

വാര്‍ത്തകള്‍ക്ക് നാടകീയത വര്‍ദ്ധിപ്പിച്ചുകൊണ്ട് ഈ രണ്ട് യുവതികള്‍ക്ക് ചില മന്ത്രിമാരും എം.എല്‍.എ.മാരും ആയി 'അടുപ്പം' ഉണ്ടെന്ന് കാണിക്കുന്ന ഫോട്ടോകളും വിവരങ്ങളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില മുഖ്യന്മാര്‍ കേസിലെ പ്രതികള്‍ എന്ന നിലയില്‍ അറസ്റ്റിലായതിനെപ്പോലും അവഗണിക്കപ്പെടുന്ന മട്ടില്‍ ഈ 'അടുപ്പം' ചര്‍ച്ചയായി. എല്ലാവര്‍ക്കും ഹരം മൂത്തു. അഴിമതിക്കഥ വിട്ട് ലൈംഗികാപവാദത്തിന് പഴുതുണ്ടോ എന്ന് ചിക്കിച്ചികയലായി, പണി. പ്രതിപക്ഷക്കാരും മാധ്യമക്കാരും നാട്ടുകാരുമെല്ലാം ഈ സദാചാര ഗവേഷണത്തില്‍ ശരിക്കും രസിച്ചു. പൊരുള്‍ ലളിതമായിരുന്നു: അഴിമതിക്ക് മാപ്പു കിട്ടാം; സദാചാരത്തിന് കിട്ടില്ല.
  
ഈ സാഹചര്യത്തിന്റെ മൂല്യം ശരിക്കും ഉപയോഗിച്ചത് സരിതയായിരുന്നു: ഭരണപക്ഷത്തും പ്രതിപക്ഷത്തും ഉള്ള ആരെയും ചൂണ്ടുവിരലില്‍ നിര്‍ത്താവുന്ന ഒരായുധം തന്റെ കൈവശമുണ്ടെന്നും അത് ലൈംഗികാരോപണമാണെന്നും ഉള്ള തിരിച്ചറിവിലൂടെ അത് വെളിപ്പെട്ടു. തന്നെ ശാരീരികമായി പീഢിപ്പിച്ചവരെപ്പറ്റി സരിത ചില സൂചനകള്‍ നല്‍കിത്തുടങ്ങി. കത്തുകള്‍, അഭിമുഖങ്ങള്‍, സ്വകാര്യ സംഭാഷണങ്ങള്‍ മുതലായവയിലൂടെ ഭീഷണി (ബ്ലാക്ക് മെയിലിംഗ്) യോളമെത്തുന്ന ആ 'വെളിപ്പെടുത്തലുകള്‍' ആവിഷ്‌കാരം കൊണ്ടു. പ്രതിപക്ഷക്കാരും മാധ്യമക്കാരും അവര്‍ നല്‍കിയ സൂചനകള്‍ വ്യാഖ്യാനിക്കുവാനും പേരുകളുടെ പൂര്‍ണരൂപം കണ്ടെത്തുവാനും കൊണ്ടുപിടിച്ച മത്സരമായി.

പ്രശ്‌നം തീര്‍ത്തും സദാചാരമായിത്തീര്‍ന്നു. മാധ്യമക്കാര്‍ക്ക് വേണ്ടത് ചൂടുവാര്‍ത്ത. പ്രതിപക്ഷക്കാര്‍ക്കു വേണ്ടത് ആ വകയില്‍ സര്‍ക്കാരിന്റെ രാജി! സംസ്ഥാന രാഷ്ട്രീയം ഒരു സ്ത്രീക്കു ചുറ്റും കറങ്ങിത്തിരിയുന്ന ദയനീയരംഗം! സോളാര്‍ അടക്കമുള്ള അഴിമതിക്കഥകള്‍ക്ക് വീര്യം തീര്‍ത്തും നഷ്ടമായി എന്ന് അരുവിക്കരയില്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ജയിച്ചതോടെ വ്യക്തമായി.

സരിതയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നു എന്ന് പ്രതിപക്ഷക്കാരും ജനങ്ങളെ കയ്യിലെടുക്കുന്നു എന്ന് മാധ്യമക്കാരും വിചാരിച്ചു. സത്യത്തില്‍, സരിത പ്രതിപക്ഷക്കാരെയും മാധ്യമക്കാരെയും ഉപയോഗിച്ച് സ്വന്തം കളികളിക്കുകയായിരുന്നു. ആ കളിസ്ഥലത്ത് ഒരു പരിക്കും പറ്റാതെ ബാക്കിയായത് അവര്‍ മാത്രമാണ്. ചൂഷണം ചെയ്യപ്പെട്ട നിസ്സഹായ വനിതയുടെ പ്രതിച്ഛായ പതുക്കെ വളര്‍ന്നു വരുന്നുമുണ്ട്!
  
ഈയിടെ ഉണ്ടായ പുക്കാറ് നോക്കൂ- മുഖ്യമന്ത്രി അടക്കമുള്ള അഞ്ചാറ് രാഷ്ട്രീയ നേതാക്കന്മാര്‍ സരിതയുായി വേഴ്ച നടത്തിയിട്ടുണ്ടെന്നും തെളിവിന് സിഡി തന്റെ കൈവശമുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. പതിവുപോലെ പ്രതിപക്ഷക്കാര്‍ രാജി ആവശ്യവുമായി തെരുവിലിറങ്ങി, മാധ്യമക്കാര്‍ ബ്രേക്കിംഗ് ന്യൂസുമായും. അങ്ങനെയൊരു സിഡിയില്ലെന്നും സംഗതി നുണയാണെന്നും സരിത പറഞ്ഞു.

എങ്കിലും എല്ലാവരുമ പിന്നെയും ഹരം മൂത്ത് ഉഷാറായി. സിഡി വേട്ടയ്ക്കായി രാധാകൃഷ്ണനെയും കൂട്ടി പോലീസ്, പിന്നാലെ മാധ്യമപ്പട. സിഡി കണ്ടെത്താനായില്ല എന്നായതോടെ ആ അപവാദത്തിന്റെ കാറ്റുപോയി. ഒരു കുറ്റവാളിയുടെ വാക്ക് വിശ്വസിച്ച് ഇളിഞ്ഞത് പ്രതിപക്ഷക്കാരുമ മാധ്യമക്കാരുമാണ്. ഏതാനും ദിവസങ്ങള്‍ അവര്‍ നാട്ടുകാരോട് സംസാരിച്ചത് എത്ര നിരുത്തരവാദപരമായിട്ടാണ്. സിഡി ഉണ്ടായിരുന്നു എന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ വേണ്ടി ഒളിപ്പിച്ചതാണ് എന്നും 'വിശദീകരണം' ഉണ്ട്. അപ്പറയുന്നതിന് ആരും ഒരു തെളിവും ഹാജരാക്കിയിട്ടില്ല.
  
ഇനി ആ സിഡി കിട്ടിയിരുന്നെങ്കില്‍ തന്നെ അതിന്റെ പേരില്‍ സര്‍ക്കാര്‍ രാജിവെക്കണം എന്ന് പറയുന്നതിന് ഒരു യുക്തിയുമില്ല. പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്മാരെ പരസ്പര താല്പര്യത്തോടെ ഇണചേരുവാന്‍ നാട്ടില്‍ നിലവിലുള്ള നിയമം അനുവദിക്കുന്നു. അതിലൊരു കുറ്റവുമില്ല. അപ്പറയുന്ന ആരെങ്കിലും തന്നോട് ബലപ്രയോഗം നടത്തി എന്ന് സരിതയ്ക്ക് പരാതി ഇല്ലാത്തേടത്തോളം അതിലൊരു കേസുമില്ല. പ്രതിപക്ഷത്തെ നിയമസഭാ സാമാജികന്മാര്‍ക്ക് ഇത് തിരിയാതെ പോയതെന്തുകൊണ്ടാണ്?

പ്രതിപക്ഷത്തെ ഒരു എം.എല്‍.എ. ഇങ്ങനെ വേഴ്ച നടത്തുന്നതിന്റെ സിഡി കോടതിയില്‍ എത്തിയതാണ്. അദ്ദേഹം രാജിവെച്ചില്ല, വെക്കേണ്ട കാര്യമില്ല. അതിലൊരു കുറ്റവും ഇല്ല എന്നു പറഞ്ഞ് കോടതി അദ്ദേഹത്തിനെതിരായ കേസ് തള്ളിക്കളയുകയാണുണ്ടായത്. അത് ഓര്‍മ്മയുള്ള പ്രതിപക്ഷം സ്വയം അറിയാതെ സരിതയുടെ കളിയില്‍ സഹായികളായി. അത്രയധികം ദിവസം ആ 'ബ്രേക്കിംഗ് ന്യൂസി'ന്റെ പിന്നാലെ പാഞ്ഞ മാധ്യമക്കാരും അതേപോലെ സഹായികളായി.
ഇതില സരിതയുടെ കളി എവിടെയാണെന്ന് പറയാം: ഇങ്ങനെയൊരു പ്രശ്‌നം ഉണ്ടെന്നും അതിന് തെളിവായി സിഡി ഉണ്ടെന്നും പറയാന്‍ തന്നെ ശട്ടം കെട്ടിയത് സരിതയാണെന്ന് ബിജു രാധാകൃഷ്ണന്‍ പിന്നീട് വെളിപ്പെടുത്തി.

സിഡിയുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്ന ഉടനെ സ്വാഭാവികമായും സരിത അത് നിഷേധിച്ചു. അവര്‍ പറഞ്ഞത് സത്യമായിപ്പുലര്‍ന്നു! കുറച്ചുദിവസം കേരള സര്‍ക്കാര്‍ അവരുടെ നാവിന്‍തുമ്പില്‍ കിടന്ന് ആടി- സരിത ആരുടെ പറയും പറയില്ല എന്ന് എല്ലാവരും ഒരിക്കല്‍ കൂടി ബേജാറായി; അവരുടെ മൂല്യം വര്‍ദ്ധിച്ചു; വീണ്ടും രാഷ്ട്രീയതാരവും വാര്‍ത്താതാരവും ആയി. ഒന്നാലോചിച്ചുനോക്കൂ: ഇതിലെവിടെയാണ് രാഷ്ട്രീയം? ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നൂറുനൂറു കൊള്ളരുതായ്മകളുണ്ട്. അവയെപ്പറ്റി സംസാരിക്കുന്നതിനുപകരം ഇതിന്റെ പിന്നാലെ പോയ പ്രതിപക്ഷത്തിന്റെ പണി അരാഷ്ട്രീയതയല്ലേ? ആ പരിഹാസ്യതയുടെ പങ്ക് മാധ്യമക്കാരുടെ രാഷ്ട്രീയ പ്രബുദ്ധതയ്ക്കും വന്നു ചേരുന്നില്ലേ?

മേല്പറഞ്ഞ പ്രതിപക്ഷ എം.എല്‍.എ.യുടെ കാര്യത്തില്‍ ഭരണപക്ഷക്കാരും മാധ്യമക്കാരും കാണിച്ചത് ഇതേ വൃത്തികേടാണ്. എത്ര തവണയാണ്, എത്ര ദിവസമാണ് എത്ര ചാനലുകളാണ് ആ സിഡി കാണിച്ചത്! അത് ഒരിക്കല്‍ കാണുന്ന ആര്‍ക്കും വ്യക്തമാകും, അതിലൊരു ബലപ്രയോഗവും ഇല്ല എന്ന്. പിന്നെ എന്തിന് കാണിച്ചു? പരസ്പര താല്പര്യത്തോടെ ഇണചേരുന്നതിന്റെ ദൃശ്യം ചാനലില്‍ കാണിക്കുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയില്‍ ഇടപെടലാണ്; കുറ്റകൃത്യമാണ്.
  
അതിനും കുറച്ചു മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവിനെ പ്രതിപക്ഷത്തെ യുവജന പ്രവര്‍ത്തകര്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ വെച്ച് വളഞ്ഞുപിടിച്ചിരുന്നു; കൂടെ ഒരു സ്‌നേഹിതയുണ്ട് എന്നതായിരുന്നു കാരണം. ആ ദൃശ്യങ്ങളും ചാനലുകള്‍ ആഘോഷപൂര്‍വം ആവര്‍ത്തിച്ചുകാണിച്ചു. അദ്ദേഹത്തിനെതിരെ ആരുടെയും ഒരു പരാതിയും ഉണ്ടായിരുന്നില്ല; ഒരു കേസും ഉണ്ടായിരുന്നില്ല.
 
ഈ സംഭവങ്ങളിലേക്കെല്ലാം ഉറ്റുനോക്കിയാല്‍ വ്യക്തമാകും; മറ്റു സന്ദര്‍ഭങ്ങളില്‍ ഇവരെല്ലാം എതിര്‍ക്കുന്ന 'സദാചാര ഗുണ്ടായിസം' തന്നെയാണ് രാഷ്ട്രീയ പ്രവര്‍ത്തനമായും മാധ്യമ പ്രവര്‍ത്തനമായും ഇവിടെയെല്ലാം അരങ്ങേറുന്നത്.
 
ഇതിന്റെയെല്ലാം ഗുണം കിട്ടുന്നതോ തട്ടിപ്പുകേസിലെ പ്രതി സരിതയ്ക്കും!
ഇവിടെ ഒരു ചോദ്യം വരാം: സര്‍ക്കാരിനെതിരായ അഴിമതിക്കേസുകളില്‍ പ്രതി സ്ത്രീയാണ് എന്നുവെച്ച് പ്രതിപക്ഷക്കാരും മാധ്യമക്കാരും ഒന്നും മിണ്ടരുത് എന്ന് പറയുന്നത് ശരിയാണോ?

മറുപടി: ശരിയല്ല. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല; പറയുന്നില്ല. ഇനി പറയുകയുമില്ല. അഴിമതിക്കേസില്‍ സ്ത്രീകഥാപാത്രങ്ങളുണ്ടെങ്കില്‍ ഉടനെ അത് വെച്ച് ചൂടുള്ള വാര്‍ത്ത സൃഷ്ടിക്കുന്ന പണി പ്രതിപക്ഷക്കാരും മാധ്യമക്കാരും നിര്‍ത്തണം. അഴിമതി തെളിയിക്കുന്നതിലും എളുപ്പമാണ് ലൈംഗികാപവാദം ഉന്നയിക്കുന്നത്. അഴിമതിയാരോപണം കൊണ്ടുള്ളതിലും എത്രയോ അധികം അപമാനഭാരം ലൈംഗികാരാപണം കൊണ്ടു ഉണ്ടായിത്തീരും. സോളാര്‍ കേസില്‍ കണ്ടതുപോലെ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് മാധ്യമ ശ്രദ്ധയും അതുകൊണ്ടുതന്നെ ജനശ്രദ്ധയും മാറിപ്പോകാന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളൂ. കേസിന്റെ ദിശ മാറാതെ കാക്കണം.

ഈ ജാതി വില കുറഞ്ഞ ബഹളം രാഷ്ട്രീയത്തെ കോമാളി രൂപമാക്കി മാറ്റുന്നു; അങ്ങനെ സാമ്പത്തിക-സാമൂഹ്യ പ്രശ്‌നങ്ങളിലൂടെ മുന്നേറേണ്ട രാഷ്ട്രീയ പ്രവര്‍ത്തനം അപവാദവ്യവസ്ഥയായി തരം കെടുന്നു. ചാനലുകളില്‍ സംസാരിക്കുന്നതാണ് ഇപ്പോള്‍ നേതാക്കളുടെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം. നേതാക്കളുമ അനുയായികളും എന്താണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നത് പാര്‍ട്ടികളല്ല, ചാനലുകളാണ്- മാധ്യമവത്ക്കരണത്തിന്റെ കെടുതി!
   
രാഷ്ട്രീയക്കാരുടെയും മാധ്യമക്കാരുടെയും ഉദാസീനവും നിരുത്തരവാദപരവുമായ കൂട്ടുപ്രവര്‍ത്തനത്തിന്റെ ഉല്പന്നമാണ് സരിതാനായര്‍ എന്ന ബിംബം. അതിലൂടെ ഉണ്ടായിവരുന്ന ബോധം ജനങ്ങളെ പൊതുവിലും യുവതീയുവാക്കളെ വിശേഷിച്ചും ബാധിക്കുക തന്നെ ചെയ്യും. പ്രതികരണങ്ങളെപ്പറ്റിയും പ്രത്യാഘാതങ്ങളെപ്പറ്റിയും മുന്നാലോചനയില്ലാത്ത ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെയാണ് കേരളം അരാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.