രണ്ടായിരത്തി പതിനഞ്ച് അവസാനിക്കുമ്പോള്‍ ജനീവയില്‍ ഇരുന്ന് പ്രത്യാശയെപ്പറ്റി എഴുതുക അത്ര എളുപ്പമല്ല.  രണ്ടായിരത്തി പതിനഞ്ച് യൂറോപ്പിനെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ ഒരു വര്‍ഷമായിരുന്നു.  മധ്യപൂര്‍വ ഏഷ്യയില്‍നിന്നുള്ള അഭയാര്‍ത്ഥിപ്രവാഹം യൂറോപ്പിന്റെ കരയിലും കലയിലും ദുരന്തം വിതറി.    

പാരീസിലെ തീവ്രവാദി ആക്രമണം മറ്റുയൂറോപ്യന്‍നഗരങ്ങളെ ഭയപ്പെടുത്തിയിരിക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ടു തുറന്നുവന്നിരുന്ന അതിരുകള്‍ പെട്ടെന്ന് വീണ്ടും കൊട്ടിയടക്കുന്നതിനെപ്പറ്റി ചര്‍ച്ചകള്‍ നടക്കുന്നു. രണ്ടു മഹായുദ്ധങ്ങളില്‍ പോലും സമാധാനത്തിന്റെ തുരുത്തായിരുന്ന ജനീവയില്‍പോലും തീവ്രവാദികള്‍ക്കുള്ള തിരച്ചിലും തീവ്രവാദ സാധ്യതകളെപ്പറ്റിയുള്ള മുന്നറിയിപ്പുകളും വരുന്നു.  ഇതിന്റെയൊക്കെയിടയില്‍ 2016ല്‍ പ്രത്യാശതേടുന്നത് അല്പം ബുദ്ധിമുട്ടാണ്. പുതുവര്‍ഷത്തെപ്പറ്റിയുള്ള ആശങ്കകള്‍ ആണ് കൂടുതല്‍, ആശകളും.

അന്താരാഷ്ട്ര നയതന്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം പക്ഷെ 2015 അഭൂതപൂര്‍വമായ വിജയങ്ങളുടെ വര്‍ഷം ആയിരുന്നു.  കഴിഞ്ഞ പല വര്‍ഷങ്ങളായി കാലാവസ്ഥാവ്യതിയാനംതൊട്ട് ആഗോള വ്യാപാരഘടനവരെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകരുകയോ എങ്ങുംഎത്താതെ പിരിയുകയോ ചെയ്യാറാണ് പതിവ്.  പക്ഷെ, 2015ല്‍ മൂന്നു സുപ്രധാന വിഷയങ്ങളില്‍ ലോകരാഷ്ട്രങ്ങള്‍ കൂട്ടായ തീരുമാനം എടുത്തു. 

മാര്‍ച്ചില്‍ ജപ്പാനില്‍ തീരുമാനിക്കപ്പെട്ട ദുരന്തലഘൂകരണത്തെപ്പറ്റിയുള്ള ചട്ടക്കൂട്, സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ അംഗീകരിക്കപ്പെട്ട സുസ്ഥിരവികസന ലക്ഷ്യം, ഡിസംബറില്‍ പാരീസില്‍ അംഗീകരിക്കപ്പെട്ട കാലാവസ്ഥാ ഉടമ്പടി ഇവമൂന്നും ആഗോള നയതന്ത്രത്തിന്റെ വിജയം മാത്രമല്ല മനുഷ്യരാശിയുടെ ഭാവിയില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ളവയുമാണ്.

ആദ്യംതന്നെ നമുക്ക് ദുരന്ത ലഘൂകരണത്തെപ്പറ്റിയുള്ള ഉടമ്പടി നോക്കാം.  ലോകത്ത് ദുരന്തങ്ങളുടെ എണ്ണവും അതില്‍നിന്നുള്ള നാശവും കൂടിവരികയാണ്.  നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന ഭൗതികപ്രതിഭാസങ്ങള്‍ (ഭൂകമ്പം, ചുഴലി, മഴ) എന്നിവയില്‍ ഉള്ള വര്‍ദ്ധനവല്ല ഇതിന്റെ പ്രധാന കാരണം.  ഭൗതിക പ്രതിഭാസങ്ങളെ അറിയാതെയുള്ള മനുഷ്യന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ആണ് മിക്കവാറും ദുരന്തത്തിന് കാരണമാകുന്നതും ആക്കം കൂട്ടുന്നതും. 

chennai floodജലാശയങ്ങള്‍ നികത്തിയും പുഴയോരങ്ങളില്‍ വീടുവച്ചും ഒക്കെ നഗരവികസനം പുരോഗമിക്കുമ്പോള്‍ വെള്ളപ്പൊക്കദുരന്തം ഉണ്ടാകുന്നത് നാം ചെന്നൈയില്‍ ഉള്‍പ്പടെ പലയിടത്തും കണ്ടുകഴിഞ്ഞു.  അതേ സമയം തന്നെ ലോകത്ത് മിക്കയിടത്തും തന്നെ മനുഷ്യന്റെ ഭൗതികസൗകര്യങ്ങള്‍ കൂടുകയാണ്.  അപ്പോള്‍ ഓരോദുരന്തവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കും.  പണ്ട് ഒരു സ്‌കൂട്ടറും ബ്ലാക്ക് ആന്റ് വൈറ്റ് ടിവിയും മാത്രമുണ്ടായിരുന്ന വേളാച്ചേരിയിലെ വീട്ടില്‍ വെള്ളം പൊങ്ങുന്നതിലും കൂടുതല്‍ നാശം ഇപ്പോള്‍  അതേവീട്ടില്‍ കാറും ടിവിയും ഫ്രിഡ്ജും ഏസിയും ഒക്കെ ഉണ്ടെങ്കില്‍ വരുമല്ലോ.

ഓരോ ദുരന്തവും വളര്‍ച്ചയെ പിന്നോട്ടടിക്കുകയാണ്.  ഇത് വ്യക്തിപരമായിട്ടാണെങ്കിലും രാജ്യത്തിന്റെകാര്യം ആണെങ്കിലും ശരിയാണ്.  അപ്പോള്‍ സുസ്ഥിരവികസനത്തിന്റെ അടിസ്ഥാനം ദുരന്തലഘൂകരണം തന്നെയാണെന്നതില്‍ സംശയംവേണ്ട.  എങ്ങനെ സമൂഹത്തിന്റെ വളര്‍ച്ചയും വികസനവും ദുരന്തങ്ങളില്‍നിന്നും ഒഴിവാക്കാം എന്നുള്ളതാണ് ജപ്പാനിലെ സെന്‍ഡായിലെ ദുരന്തലഘൂകരണത്തെപ്പറ്റിയുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനം. 

ദുരന്തത്തെപ്പറ്റിയുള്ള ശാസ്ത്രീയമായ അറിവു വര്‍ദ്ധിപ്പിക്കുക, മുന്നറിയിപ്പുസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുക, ദുരന്തമുണ്ടാകാനിടയുള്ള പ്രവര്‍ത്തികള്‍ കുറക്കുകയും ദുരന്തസാധ്യതയുള്ള വികസനം ഒഴിവാക്കുകയും ചെയ്യുക.  ഇതു കൂടാതെ ദുരന്തങ്ങള്‍ ഉണ്ടായിക്കഴിയുമ്പോള്‍ നടത്തുന്ന പുനര്‍നിര്‍മ്മാണം മുന്‍പത്തേക്കാള്‍ നല്ലതാക്കുക (build back better) ഇതൊക്കെയാണ് ദുരന്തലഘൂകരണത്തിന്റെ പുതിയ ചട്ടക്കൂട്.

സുസ്ഥിര വികസനത്തെപ്പറ്റിയുള്ള ലോകരാഷ്ട്രങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന സുസ്ഥിരവികസന സൂചികകള്‍ ലോകരാജ്യങ്ങള്‍ അംഗീകരിച്ചത് വന്‍നേട്ടമായി.  രണ്ടായിരാമാണ്ടില്‍ ലോകം സ്വീകരിച്ചിരുന്ന സഹസ്രാബ്ദത്തിന്റെ വികസനസൂചികയെ മാറ്റിയാണ് പുതിയ സുസ്ഥിരവികസന സൂചികകള്‍ ഉണ്ടാക്കിയിരിക്കുന്നത്.  പതിനേഴ് സുസ്ഥിരവികസന സൂചികകള്‍ ആണ് ലോകം ഇപ്പോള്‍ 2030 വരേക്ക് ലക്ഷ്യമിട്ടിരിക്കുന്നത്. 

ദാരിദ്ര്യനിര്‍മ്മാര്‍ജനം മുതല്‍ വിദ്യാഭ്യാസംവരെ ഊര്‍ജ്ജത്തിന്റെ ലഭ്യത മുതല്‍ സംഘര്‍ഷം ഒഴിവാകുന്നതുവരെയുള്ള കാര്യങ്ങള്‍ സുസ്ഥിരവികസനത്തിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഏറ്റവും പ്രധാനമായ കാര്യം എന്താണെന്നുവച്ചാല്‍ സഹസ്രാബ്ദ വികസനലക്ഷ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയിരുന്നത് സുസ്ഥിര വികസനലക്ഷ്യങ്ങള്‍ ആയപ്പോള്‍ ഐക്യരാഷ്ട്രസഭയിലെ 193 രാജ്യങ്ങള്‍ക്കും ബാധകമായ രീതിയില്‍ ആണ് നിര്‍വചിച്ചിരിക്കുന്നത്.  സുസ്ഥിര വികസനലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി ലോകരാജ്യങ്ങള്‍ അവരുടെ വികസനപദ്ധതികള്‍ നടപ്പിലാക്കിയാല്‍ 2030ഓടെ നാം കാണുന്ന ലോകം ഇന്നത്തേതില്‍നിന്നും ഏറെ വ്യത്യസ്തം ആയിരിക്കും.

ദുരന്ത ലഘൂകരണത്തിനും സുസ്ഥിര വികസനത്തിനും തുരങ്കം വച്ചേക്കാവുന്ന ഒന്നാണ് കാലാവസ്ഥാവ്യതിയാനം. ആഗോളതാപനത്തില്‍ മനുഷ്യന്റെ പങ്ക് അസന്നിഗ്ദ്ധമായി തെളിയിക്കപ്പെട്ടുകഴിഞ്ഞു.  ഇത്തരത്തില്‍ കാര്യങ്ങള്‍ പോയാല്‍ 2100 ആകുമ്പോഴേക്കും മനുഷ്യരാശിക്ക് യോജിച്ചുപോകാന്‍ പറ്റാത്ത തരത്തില്‍ ചൂടു കൂടുമെന്നും കാലാവസ്ഥ മാറുമെന്നും ആണ് പ്രവചനങ്ങള്‍ പറയുന്നത്. 

ലോകത്ത് പലയിടങ്ങളിലും കാലാവസ്ഥാവ്യതിയാനം നാളത്തെ പ്രശ്‌നമല്ല, മറിച്ച് ഇപ്പോള്‍തന്നെ വെള്ളപ്പൊക്കം ആയും ചുഴലിക്കാറ്റായും കാട്ടുതീ ആയും ഒക്കെ അവരുടെ ജീവിതത്തേയും സമ്പദ്!വ്യവസ്ഥയേയും ബാധിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു.  സുസ്ഥിര വികസനലക്ഷ്യങ്ങള്‍ സാധിക്കണമെങ്കില്‍ കാലാവസ്ഥാവ്യതിയാനം നമ്മുടെ വരുതിക്കുള്ളിലും പരിധിക്കുള്ളിലും ആക്കിയാലേ പറ്റൂ.

ഈ പ്രശ്‌നമാണ് പാരീസില്‍ നടന്ന കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള സമ്മേളനത്തെ ഇത്ര നിര്‍ണ്ണായകം ആക്കിയത്.  അതുകൊണ്ടുതന്നെയാണ് മറ്റുള്ള അനവധി രംഗങ്ങളിലെ വ്യത്യാസങ്ങള്‍ മറന്നും 150 രാജ്യങ്ങളിലെ തലവന്‍മാര്‍ പാരീസില്‍ ഒത്തുകൂടിയത്.  ഇതു മനുഷ്യചരിത്രത്തില്‍ ഇന്നേവരെ സംഭവിക്കാത്ത ഒന്നാണ്.  അപ്പോള്‍ ഭീഷണി ആഗോളമാവുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരുമിച്ചു നില്ക്കാനുള്ള അറിവ് നമ്മുടെ ഭരണകര്‍ത്താക്കള്‍ക്ക് ഉണ്ട് എന്നത് മറ്റു തരത്തില്‍ കലുഷിതമായ 2015ലെ ഏറ്റവും ആശാജനകമായ സംഭവം ആയി.

കാലാവസ്ഥാവ്യതിയാനത്തെപ്പറ്റിയുള്ള പാരീസ് ഉടമ്പടി നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. 2100 ആവുമ്പോള്‍ ആഗോളതാപനം 2ഡിഗ്രി സെല്‍ഷ്യസില്‍ കൂടാതിരിക്കാന്‍ എല്ലാ ലോകരാജ്യങ്ങളും കൂട്ടായ ശ്രമം നടത്താന്‍ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു.  മാത്രമല്ല അറിവും കഴിവും കൂടുന്നതനുസരിച്ച് താപനം 1.5ഡിഗ്രിയില്‍ പിടിച്ചുകെട്ടാന്‍ ഉള്ള അഭിലാഷവും ഉടമ്പടി വ്യക്തമാക്കുന്നു. 

കാര്‍ബണ്‍ ബഹിര്‍ഗമനം പടിപടിയായി കുറച്ചുകൊണ്ടുവരാന്‍ എല്ലാ രാജ്യങ്ങളും ശ്രമം നടത്തിയാല്‍ ഇത് സാധിക്കാവുന്നതേ ഉള്ളൂ.  അതേസമയം ഇപ്പോള്‍ കാണുന്നതും ഇനി വരാനിരിക്കുന്നതും ആയ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളും വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ പാരീസ് ഉടമ്പടി വ്യവസ്ഥ ചെയ്യുന്നു.  ഇതിനുവേണ്ടി വികസ്വരരാജ്യങ്ങളുടെ ശേഷി വികസിപ്പിക്കാനും സാങ്കേതികവിദ്യകള്‍ കൈമാറ്റം ചെയ്യുവാനും ഒക്കെ ഉടമ്പടിയില്‍ വ്യവസ്ഥയുണ്ട്.

1997ല്‍ ക്യോട്ടൊവില്‍  ഉണ്ടായ ഉടമ്പടിക്കുശേഷം ഏറ്റവും നിര്‍ണ്ണായകവും ആശാവഹവുമായ ഉടമ്പടിയാണ് പാരീസില്‍ ഉണ്ടായിരിക്കുന്നത്.  അതുകൊണ്ടുതന്നെ ഇത് മനുഷ്യരാശിയുടെ കാലാവസ്ഥാവ്യതിയാനം നേരിടാനുള്ള ഇച്ഛാശക്തിയെപ്പറ്റി നമുക്ക് പ്രത്യാശതരുന്നു.  പണ്ടു പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ ആഗോളതാപനത്തെ ചെറുക്കാനുള്ള ശ്രമത്തിനിടയില്‍ മനുഷ്യരാശിക്ക് വിലപ്പെട്ട മറ്റു പല സാങ്കേതികവിദ്യകളും കണ്ടുപിടിക്കാനും വഴിയുണ്ട്.  ഫോസില്‍ ഊര്‍ജ്ജ സ്രോതസുകളുടെ ഉപയോഗത്തിന്റെ അവസാനം വരാന്‍ ഇനി അധികം കാലമില്ല.  പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തിന്റെ യുഗം വരികയാണ്.!

കേരളത്തിലെ കാര്യങ്ങള്‍ ദൂരെനിന്നും നോക്കിക്കാണുന്ന ഒരാളെന്ന നിലക്ക് എന്നെ അതിശയിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്.  ആഗോളതലത്തില്‍ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ചിന്തകളിലും പ്രവര്‍ത്തികളിലും നിറഞ്ഞുനിന്ന ഈ മൂന്നു വിഷയങ്ങളും നമ്മുടെ സമൂഹത്തില്‍, ഭരണ രംഗത്തോ മാധ്യമങ്ങളിലോ,  വലുതായ ഒരു ചര്‍ച്ചക്കും വഴിവച്ചില്ല. ഇത് പോലെ തന്നെ ആണ് അന്താരാഷ്ട്ര രംഗത്തെ മറ്റു പല സുപ്രധാന സംഭവങ്ങളും.

വന്‍തോതില്‍ ഉള്ള  കുടിയേറ്റം, അതിലേക്കു നയിച്ച അടിസ്ഥാന കാരണങ്ങള്‍, താഴുന്ന എണ്ണവില, മാറുന്ന ലോക സമ്പദ് വ്യവസ്ഥയും റഷ്യയുടെയും അമേരിക്കയുടെയും ഒക്കെ അടുത്തകാലത്തെ അന്താരാഷ്ട്ര സമീപനങ്ങള്‍ എല്ലാം ദൂര വ്യാപകം ആയ പ്രത്യാഘാതങ്ങള്‍ ഉള്ള വിഷയങ്ങള്‍ ആണ്. ഇതെല്ലാം  ലോക സമ്പദ് വ്യവസ്ഥയും ആയി കുടിയേറ്റം വഴി നേരിട്ട് ബന്ധം ഉള്ള കേരളത്തിന്റെ സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും ആഘാതങ്ങള്‍ ഉണ്ടാക്കും എന്നതില്‍ സംശയം വേണ്ടാ.

2030ലെ കേരളത്തിന്റെ വികസനലക്ഷ്യങ്ങള്‍ എന്തായിരിക്കണം, സുസ്ഥിര വികസനലക്ഷ്യങ്ങളില്‍, സുസ്ഥിര വികസനലക്ഷ്യങ്ങളില്‍നിന്നും കേരളത്തിന് എന്ത് പഠിക്കാം, എങ്ങനെ നമ്മുടെ വികസനമാതൃകകള്‍ അതിനോട് അനുയോജ്യമാക്കാം എന്തൊക്കെ ചര്‍ച്ചകള്‍ ഉണ്ടാകേണ്ടതാണ്, അതുപോലെതന്നെ ആഗോളതാപനം 2100ല്‍ കേരളത്തെ എങ്ങനെ ബാധിക്കും, മാറുന്ന വിലയുടെ പ്രാദേശിക ആഘാതങ്ങളും സാധ്യതകളും എന്താണ് എന്നതെല്ലാം   ദീര്‍ഘവീക്ഷണമുള്ള ഒരു സമൂഹത്തിന്റെ ശ്രദ്ധാമണ്ഡലത്തില്‍ എത്തേണ്ടതാണ്.  ഇതിലും പ്രധാനമായ മറ്റെന്തെങ്കിലും ആയിരുന്നു ചര്‍ച്ചാ വിഷയമെങ്കില്‍ അത് മനസ്സിലാക്കാമായിരുന്നു,

പക്ഷെ ഒരു ആഴ്ച പോലും ആയുസ്സിലാത്ത വിഷയങ്ങള്‍ ആണ് ഈ കഴിഞ്ഞ വര്ഷം മുഴുവന്‍ കേരളം ചര്ച്ചക്കു വിഷയമാക്കിയത്തില്‍ മിക്കവാറും. വര്‍ഷം അവസാനിക്കുംബോള്‍ കഴിഞ്ഞ വര്‍ഷത്തെ എല്ലാ ചാനല്‍ ചര്‍ച്ചാ വിഷയങ്ങളും ക്രോഡീകരിച്ച് അതില്‍ 'immediate versus important' എന്നൊരു വിചിന്തനം നടത്തുന്നത് നല്ലതാണ്.  

കേരളത്തിന് ഏറെ പ്രത്യാശ തരുന്ന ഒരു വാര്‍ത്ത വന്നത് ചെന്നൈയിലെ ദുരന്തത്തിന്റെ നടുക്കുനിന്നാണ്.  സാധാരണഗതിയില്‍ പുതിയ തലമുറയെ സ്വാര്‍ത്ഥരെന്നും സാമൂഹ്യബോധം ഇല്ലാത്തവരെന്നും പറയുകയാണ് ഫാഷന്‍.  പക്ഷെ ചെന്നൈയില്‍ വെള്ളം പൊങ്ങിയപ്പോള്‍ സ്വന്തം  കുടുംബത്തേയും സമൂഹത്തേയും രക്ഷപെടുത്താന്‍ ക്രിയാത്മകമായി ഇടപെട്ടത് പുതിയ തലമുറയാണ്. പുതിയ സാങ്കേതിക വിദ്യകളുടെയും സോഷ്യല്‍ മീഡിയയുടെയും സഹായത്തോടെ മറ്റാരുടെയും സഹായത്തിനു നോക്കി നില്ക്കാതെ അവര്‍ മുന്നോട്ടിറങ്ങി. 

രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ ജാതിഭേദങ്ങള്‍ അവര്‍ക്ക് വിഷയമായില്ല.  രാഷ്ട്രീയ ബോധം ഇല്ല എന്ന് നാം കുറ്റം പറയുന്ന അന്തിച്ചര്‍ച്ചകളില്‍ കാണുന്ന ഒരു വിഷയത്തിലും താല്പര്യം കാണിക്കാത്ത ഒരു തലമുറക്ക് ആവശ്യം വരുമ്പോള്‍ അവസരത്തിനൊത്തുയരാന്‍ കഴിവുണ്ടെന്നത് നമ്മെ സന്തോഷിപ്പിക്കേണ്ടതാണ്.  ഈ കഴിവുകള്‍ ഉപയോഗിക്കാന്‍ നമ്മള്‍ നല്ല കാലത്തുതന്നെ അവസരം ഉണ്ടാക്കുക എന്നതാണ് ശരി.  അല്ലാതെ ദുരന്തം വരാന്‍ നോക്കി ഇരിക്കേണ്ട കാര്യമില്ല. അവരില്‍ ആണ് എന്റെ പ്രത്യാശ.