വടക്കുംനാഥ ക്ഷേത്രത്തിന് യുനെസ്‌കോ പുരസ്‌കാരം 
പൈതൃക സംരക്ഷണ മികവിനുള്ള യുനെസ്‌കോ പുരസ്‌കാരം പൂരങ്ങളുടെ സംഗമഭൂമിയായ വടക്കുംനാഥ ക്ഷേത്രത്തിന്.അഞ്ചാംതവണയാണ് ഈ വിഖ്യാത പുരസ്‌കാരം ഇന്ത്യയ്ക്കു ലഭിക്കുന്നത്. 2002-ല്‍ രാജസ്ഥാന്‍ നാഗൂറിലെ അഭിഛത്രഗഢ് കോട്ടയ്ക്കും 2005-ല്‍ മുംബൈയിലെ ഭാവുതാജി മ്യൂസിയത്തിനും 2007-ല്‍ ലഡാക്കിലെ മൈത്രേയ ക്ഷേത്രത്തിനും 2011-ല്‍ ലേയിലെ സുംഡു ചുന്‍ ഗോപയ്ക്കുമാണ് അവാര്‍ഡ് ലഭിച്ചത്.

കൊച്ചി മെട്രോയ്ക്ക് പുതിയ ഡിസൈന്‍, ലോഗോ
കൊച്ചി മെട്രോ കോച്ചുകളുടെ അകംപുറം ഡിസൈനുകള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്തു. സംയോജിത ഗതാഗത സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ തയ്യാറാക്കിയിരിക്കുന്നത്. പച്ചയും നീലയും കലര്‍ന്ന 'ടര്‍ക്വയിസ്' ആണ് മെട്രോയുടെ പുതിയ നിറം.

ശ്രീലങ്കയില്‍ തമിഴ് വംശജന്‍ പ്രതിപക്ഷ നേതാവ്
ശ്രീലങ്കന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായി മൂന്നു ദശാബ്ദത്തിനുശേഷം ആദ്യമായി തമിഴ് വംശജന്‍ തിരഞ്ഞെടുക്കപ്പെട്ടു. തമിഴ് ദേശീയ സഖ്യത്തിന്റെ (ടി.എന്‍.എ.) നേതാവായ രാജവരോത്തിയം സംപന്തന്‍  ആണ് പുതിയ നേതാവ്. 1977-ല്‍ അപ്പപ്പിള്ളൈ അമൃതലിംഗം ആണ് ആദ്യമായി പ്രതിപക്ഷ നേതാവായ തമിഴ് വംശജന്‍. 

നാവികസേനയില്‍ സ്ത്രീകള്‍ക്ക് പെര്‍മനന്റ് കമ്മിഷന്‍
നാവികസേനയില്‍ സ്ത്രീകളെ മുഴുവന്‍കാലവും സേവനം ചെയ്യാന്‍ (പെര്‍മനന്റ് കമ്മിഷന്‍) അനുവദിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ണായകവിധി. 
നാവികസേനയില്‍ പരമാവധി 14 വര്‍ഷംവരെ സേവനം ചെയ്യാവുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷനായാണ് നിലവില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നത്.
കരസേനയിലും വ്യോമസേനയിലും 2010-ല്‍ സ്ത്രീകള്‍ക്ക് പൂര്‍ണകാലയളവിലേക്ക് നിയമനം നല്‍കിയിരുന്നു. 

യൂറോപ്പിലേക്ക് അഭയാര്‍ഥി പ്രവാഹം
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍, ഹംഗറി അതിര്‍ത്തി തുറന്നുകൊടുത്തതോടെ ജര്‍മനിയിലേക്ക് അഭയാര്‍ഥിപ്രവാഹമാരംഭിച്ചു. 
രണ്ടു ദിവസത്തിനിടെമാത്രം ജര്‍മനിയിലെത്തിയത് 10,000-ഓളം പേരാണ്. പ്രധാനമായും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ പുറമെ എറിത്രിയ ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് പലായനം ചെയ്യുന്നത്. 

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പ്രഖ്യാപിച്ചു 
നാലു പതിറ്റാണ്ടായി വിമുക്തഭടന്മാര്‍ ആവശ്യപ്പെട്ടുവരുന്ന 'ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍' പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. അഞ്ചുവര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പരിഷ്‌കരിക്കും വിധമാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പദ്ധതി അവതരിപ്പിച്ചത്. 2013 കലണ്ടര്‍ വര്‍ഷത്തെ അടിസ്ഥാനമാക്കി നടപ്പാക്കുന്ന പദ്ധതിക്ക് 2014 ജൂലായ് ഒന്നുമുതല്‍ പ്രാബല്യമുണ്ടാകും.

കടം കയറി മുടിയുന്ന കേരളം 
സംസ്ഥാനത്തിന്റെ കടബാധ്യതയില്‍ ഇരട്ടിയോളം വര്‍ധന രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 1,07,157.33 കോടി രൂപയാണ് കേരളം കടമെടുത്തത്. ആളോഹരി കടം 39,841 രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2010 മാര്‍ച്ചില്‍ 70,969.42 കോടി രൂപയായിരുന്ന സംസ്ഥാനത്തിന്റെ കടം 2014-15 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 1,35,458.41 കോടി രൂപയായി. 

ടി. പദ്മനാഭന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം 
മാതൃഭൂമി സാഹിത്യപുരസ്‌കാരം മലയാള ചെറുകഥയുടെ കുലപതി ടി. പദ്മനാഭന്. എം. ലീലാവതി ചെയര്‍മാനും എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പദ്മനാഭനെ തിരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടാംവാരം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്  നവംബര്‍ 17-നുമുന്‍പ് നടത്താന്‍  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു.
ഡിസംബര്‍ ഒന്നിന് മുന്‍പ് പുതിയ ഭരണസമിതികള്‍ നിലവില്‍ വരുമെന്ന് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ വ്യക്തമാക്കി. പുതുതായി രൂപവത്കരിച്ച 28 മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പുനഃക്രമീകരിച്ച കൊല്ലം കോര്‍പ്പറേഷനിലും ഉള്‍പ്പെടെ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. 

ലങ്കയില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റില്‍ 117 റണ്‍സിന് ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇന്ത്യയുടെ 22 വര്‍ഷത്തിനുശേഷമുള്ള ശ്രീലങ്കയിലെ പരമ്പര ജയമാണിത്. 1993-ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഒടുവില്‍ ലങ്കയില്‍ പരമ്പര നേടിയത്.

സ്വര്‍ണത്തിന് പകരം ബോണ്ട്​ പദ്ധതി തുടങ്ങി
സ്വര്‍ണബോണ്ട്, സ്വര്‍ണം പണമാക്കല്‍ എന്നീ പദ്ധതികള്‍ തുടങ്ങാന്‍ കേന്ദ്രമന്ത്രിസഭ അനുമതിനല്‍കി. കേന്ദ്രസര്‍ക്കാറിന്റെയും റിസര്‍വ് ബാങ്കിന്റെയും ഉത്തരവാദിത്വത്തിലാണ് സ്വര്‍ണ ബോണ്ടുകള്‍ പുറപ്പെടുവിക്കുക. 5, 10, 50, 100 ഗ്രാമിന്റെ ബോണ്ടുകളാണ് പുറത്തിറക്കുക. ഒരുവര്‍ഷം ഒരാള്‍ക്ക് വാങ്ങാന്‍ പറ്റുക പരമാവധി 500 ഗ്രാം സ്വര്‍ണത്തിന്റെ ബോണ്ടായിരിക്കും.

ബിഹാറില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12 മുതല്‍ 
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 12 മുതല്‍ നവംബര്‍ 5 വരെ അഞ്ചു ഘട്ടങ്ങളിലായി നടക്കും.നവംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ജനതാദള്‍(യു)-ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യവും ബി.ജെ.പി.-ലോക്ജനശക്തി പാര്‍ട്ടി-രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി-ഹിന്ദുസ്ഥാനി അവാം ര്‍ച്ച(എച്ച്.എ.എം.) എന്നിവയുള്‍പ്പെട്ട സഖ്യവും തമ്മിലാണ് പോരാട്ടം

ഡി.ആര്‍.ഡി.ഒയ്ക്ക് ആദ്യ വനിതാ മേധാവി
പ്രതിരോധ ഗവേഷണസ്ഥാപനമായ ഡി.ആര്‍.ഡി.ഒ.യുടെ ആദ്യ വനിതാ ഡയറക്ടര്‍ ജനറലായി ജെ. മഞ്ജുളയെ നിയമിച്ചു.2014 ജൂലായ് മുതല്‍ ഡിഫന്‍സ് ഏവിയോണിക്‌സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയായിരുന്നു.

കലാമണ്ഡലം സത്യഭാമ അന്തരിച്ചു
പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ സപ്തം 13ന് അന്തരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു.2014-ല്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994-ല്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു

സിംഗപ്പൂരില്‍ വീണ്ടും പി.എ.പി.
ഭരണകക്ഷിയായ പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിക്ക് (പിഎപി) സിംഗപ്പൂര്‍ പൊതുതിരഞ്ഞെടുപ്പില്‍ വന്‍വിജയം.89 അംഗ പാര്‍ലമെന്റില്‍ പിഎപി 83 സീറ്റുകള്‍ നേടി.
പ്രധാന എതിരാളികളായ വര്‍ക്കേഴ്‌സ് പാര്‍ട്ടിക്കു ലഭിച്ചത് ആറു സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. 

മൂന്നാര്‍ സമരം വിജയം
മൂന്നാറിലെ തോട്ടംതൊഴിലാളികള്‍ 9 ദിവസമായി നടത്തിവന്ന ചരിത്രസമരം അവസാനിച്ചു. 20 ശതമാനം ബോണസ് ഉള്‍പ്പെടയുള്ള പ്രധാന ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെയാണ് സമരം തീര്‍ന്നത്.

ബോണ്‍ നഗരത്തെ അശോക് ശ്രീധരന്‍ നയിക്കും
ഇന്ത്യന്‍വംശജന്‍ അശോക് അലക്‌സാണ്ടര്‍ ശ്രീധരന്‍ ജര്‍മനിയിലെ ബോണ്‍ നഗരത്തിന്റെ ഭരണസാരഥിയായി. 21 വര്‍ഷത്തെ ഡെമോക്രറ്റിക് പാര്‍ട്ടിയുടെ കുത്തക തകര്‍ത്താണ് ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിസ്ഥാനാര്‍ഥിയായ അശോക് ശ്രീധരന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. 

ഫോര്‍ച്യൂണ്‍ വനിതാ പട്ടികയില്‍ ഇന്ത്യക്കാര്‍ ആദ്യ സ്ഥാനങ്ങളില്‍
ഏഷ്യാ പസഫിക് മേഖലയിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയില്‍ ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ഛന്ദ കൊച്ചാര്‍ ഒന്നാം സ്ഥാനത്ത്. 
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയാണ് തൊട്ടടുത്ത സ്ഥാനത്ത്. ആഗോള ബിസിനസ് മാസികയായ ഫോര്‍ച്യൂണാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

പെന്റഗണില്‍ ഇന്ത്യയ്ക്കുവേണ്ടി പ്രത്യേക വിഭാഗം 
അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ പെന്റഗണില്‍ ഇന്ത്യയ്ക്കു വേണ്ടി പ്രത്യേക സെല്‍ പ്രവര്‍ത്തനം തുടങ്ങി. പ്രതിരോധ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് 'ഇന്ത്യ റാപ്പിഡ് റിയാക്ഷന്‍ സെല്ലി'ന്റെ(ഐ.ആര്‍.ആര്‍.സി.) രൂപവത്കരണം. 
ആദ്യമായാണ് ഒരു രാജ്യത്തിനു വേണ്ടി മാത്രമുള്ള പ്രത്യേകവിഭാഗം പെന്റഗണില്‍ തുറക്കുന്നത്.

സര്‍ക്കാര്‍ ആസ്പത്രിയില്‍ ഹൃദയം മാറ്റിവെച്ചു 
സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ആസ്പത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി, കോട്ടയം മെഡിക്കല്‍ കോേളജിലാണ് ശസ്ത്രക്രിയ നടന്നത്. മസ്തിഷ്‌കമരണം സംഭവിച്ച ആലുവ കടുങ്ങല്ലൂര്‍ തെക്കുംമുട്ടത്ത് വിനയകുമാറിന്റെ ഹൃദയമാണ് പത്തനംതിട്ട ചിറ്റാര്‍ സ്വദേശി പൊടിമോന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്.

ഷെയ്ക്ക് ഹസീനയ്ക്ക് യു.എന്‍. പരിസ്ഥിതി പുരസ്‌കാരം
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയ്ക്ക് 2015ലെ യു.എന്‍. പരിസ്ഥിതിവിഭാഗത്തിന്റെ വ്യക്തിഗത പുരസ്‌കാരം(ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത്‌നയനേതൃത്വ വിഭാഗം). കാലാവസ്ഥാമാറ്റത്തെ ചെറുക്കാന്‍ ബംഗ്ലാദേശ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. 

യു.എസ്.ഓപ്പണില്‍ ഇന്ത്യയ്ക്ക് നേട്ടം
യു.എസ്.ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സ്, വനിതാ ഡബിള്‍സ് ഇനങ്ങളില്‍ ഇന്ത്യ നേട്ടം കൊയ്തു. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസും സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും ചേര്‍ന്ന സഖ്യത്തിനാണ് കിരീടം. 1969നുശേഷം ഒരു സീസണില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ മിക്‌സഡ് ഡബിള്‍സ് ജോഡിയായി പേസും ഹിംഗിസും. വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടിന ഹിംഗിസും അടങ്ങിയ ടീമും കിരീടം നേടി. വനിതാവിഭാഗം കിരീടം ഇറ്റലിയുടെ ഫഌവിയ പെന്നേറ്റ സ്വന്തമാക്കി. പുരുഷവിഭാഗത്തില്‍ സെര്‍ബ് താരം നൊവാക് ദ്യോക്കോവിച്ച് സ്വിസ് താരം റോജര്‍ ഫെഡററെ പരാജയപ്പെടുത്തി ചാമ്പ്യനായി. 

മെയ്‌വെതര്‍ ഇടിനിര്‍ത്തി 
അമേരിക്കന്‍ ബോക്‌സിങ് താരം ഫ്‌ളോയ്ഡ് മെയ്‌വെതര്‍ ബോക്‌സിങ് കരിയര്‍ അവസാനിപ്പിച്ചു. ഹെയ്തി-അമേരിക്കന്‍ ബോക്‌സര്‍ ആന്ദ്രെ ബെര്‍ട്ടോയെ തോല്‍പ്പിച്ച് ലോക വെല്‍റ്റര്‍ വെയ്റ്റ് ചാമ്പ്യന്‍പട്ടംനേടിയാണ് മെയ്വെതര്‍ വിരമിച്ചത്. ഇതിഹാസതാരം റിക്കി മാര്‍സിയാനോയുടെ റെക്കോഡിനൊപ്പമെത്താനും മെയ് വെതറിനായി. 

ലങ്കന്‍ പീഡനം: അതിക്രമങ്ങള്‍ക്ക് പ്രത്യേക കോടതി 
ശ്രീലങ്കന്‍ സേനയും എല്‍.ടി.ടി.ഇ.യും (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) തമ്മില്‍ നടന്ന രണ്ടര പതിറ്റാണ്ടിലേറെ നീണ്ട യുദ്ധത്തിലെ കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്ക് പ്രത്യേക കോടതി രൂപവത്കരിക്കാന്‍ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശസമിതിയുടെ (യു.എന്‍.എച്ച്.ആര്‍.സി.) നിര്‍ദേശം.യുദ്ധത്തില്‍ ഇരുപക്ഷവും ക്രൂരതകള്‍ നടത്തിയിട്ടുണ്ടെന്ന് യു.എന്‍.എച്ച്.ആര്‍.സി. പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴ് അന്വേഷകര്‍ മൂന്ന് അന്താരാഷ്ട്ര നിയമവിദഗ്ധരുടെ ഉപദേശത്തോടെ തയ്യാറാക്കിയതാണ് 261 പേജുള്ള റിപ്പോര്‍ട്ട്. 

ഇ. ശ്രീധരന്‍ യു.എന്‍. ഉന്നതാധികാര സമിതിയില്‍
ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡി.എം.ആര്‍.സി.) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന് യു.എന്‍. ഉന്നതാധികാര സമിതിയിലേക്ക് ക്ഷണം.
യു.എന്‍. സെക്രട്ടറി ജനറലിനു കീഴില്‍ സുസ്ഥിര ഗതാഗത വികസനവുമായി ബന്ധപ്പെട്ടുള്ള ഉപദേശകസമിതിയിലേക്കാണ് ശ്രീധരനെ തിരഞ്ഞെടുത്തത്.

സ്വദേശാഭിമാനി കേസരി പുരസ്‌കാരം കെ.എം. റോയിക്ക്
മാധ്യമപ്രവര്‍ത്തനത്തിലെ സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വദേശാഭിമാനി കേസരി പുരസ്‌കാരത്തിന് പ്രമുഖ പത്രപ്രവര്‍ത്തകന്‍ കെ.എം. റോയിയെ തിരഞ്ഞെടുത്തു.ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.

കൃഷ്ണ-ഗോദാവരി നദീസംയോജനം പൂര്‍ത്തിയായി 
കൃഷ്ണ-ഗോദാവരി നദികളുടെ സംയോജനം യാഥാര്‍ഥ്യമായി. ഇരുനദികളും സംഗമിക്കുന്ന ഇബ്രാഹിംപട്ടണത്തില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗോദാവരിയില്‍നിന്ന് കടലിലേക്ക് ഒഴുകുന്ന വെള്ളം ലിഫ്റ്റ് ഇറിഗേഷന്‍ വഴിയാണ് കൃഷ്ണയിലേക്ക് തിരിച്ചുവിടുന്നത്.

നേതാജിയുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്ത് 
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട 64 ഫയലുകള്‍ ബംഗാള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തി. നേതാജി ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷനായ 1945-നുശേഷവും അദ്ദേഹം ജീവിച്ചിരുന്നതായി സൂചന നല്‍കുന്ന കത്തുകള്‍ ഫയലുകളില്‍ ഉണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെളിപ്പെടുത്തി. വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ നേതാജിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് കഴിഞ്ഞമാസം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വിവരാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. 1945 ആഗസ്ത് 18-ന് തയ്‌വാനില്‍ വിമാനാപകടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകനായ സുഭാഷ് ചന്ദ്ര ബോസ് മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.  

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് 
ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. ജസ്റ്റിസ് വി. ചിതംബരേഷിന്റെ ഇടക്കാല ഉത്തരവോടെ ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാകും.
ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ ഒഴികെ, അതില്‍ സഞ്ചരിക്കുന്നവരെ ഹെല്‍മെറ്റ് ധരിക്കുന്നതില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് 2013 ഒക്ടോബര്‍ 13-ന് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരുന്നു.

'നോട്ട'യ്ക്കും ചിഹ്നം
തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിക്കും വോട്ട്‌ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്കുള്ള 'നോട്ട'യ്ക്ക് ചിഹ്നമായി.അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ആണ് ചിഹ്നം ഉണ്ടാക്കിയത്.. 2013 സപ്തംബറില്‍ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ട ഏര്‍പ്പെടുത്തിയത്. 

ഭൂമിക്ക് സമാനമായി പ്ലൂട്ടോയുടെ ചിത്രങ്ങള്‍
ശാസ്ത്രജ്ഞരെ ഞെട്ടിച്ച് നാസയുടെ ന്യൂ ഹൊറൈസണ്‍ ബഹിരാകാശപേടകം പകര്‍ത്തിയ പ്ലൂട്ടോയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.ഭൂമിയുടെ ആര്‍ട്ടിക് മേഖലയ്ക്കു സമാനതയുള്ള ചിത്രങ്ങളാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. പ്ലൂട്ടോയുടെ അന്തരീക്ഷത്തെക്കുറിച്ചും ഉപരിതലത്തെക്കുറിച്ചും സൂചനനല്‍കുന്ന, സൂര്യപ്രകാശത്തിലുള്ള ചിത്രങ്ങളാണിവയെന്ന് നാസ അറിയിച്ചു.

ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചു
ബി.സി.സി.ഐ. അധ്യക്ഷന്‍ ജഗ്‌മോഹന്‍ ഡാല്‍മിയ സപ്തംബര്‍ 20-ന്  കൊല്‍ക്കത്തയിലെ സ്വകാര്യ ആസ്പത്രിയില്‍ അന്തരിച്ചു. 1987-ലെയും 1996-ലെയും ലോകകപ്പുകള്‍ ഇന്ത്യയില്‍ നടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 1997-ല്‍ ഐ.സി.സി. അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005-ല്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ബി.സി.സി.ഐ.യില്‍നിന്നു പുറത്താക്കപ്പെട്ട ഡാല്‍മിയ 2015-ല്‍ വീണ്ടും പ്രസിഡന്റായി തിരിച്ചെത്തുകയായിരുന്നു. 

ഗ്രീസില്‍ വീണ്ടും സിപ്രാസ്
ഗ്രീസ് തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രിയും പുരോഗമന ഇടതുപക്ഷ നേതാവുമായ അലക്‌സിസ് സിപ്രാസിന് വീണ്ടും ജയം. സിപ്രാസ് നേതൃത്വം നല്‍കുന്ന സിരിസ വലതുപക്ഷ ചായ്‌വുള്ള  ന്യൂഡമോക്രസി പാര്‍ട്ടിയെ യാണ് പരാജപ്പെടുത്തിയത്. 300 അംഗ പാര്‍ലമെന്റില്‍ സിരിസ 145 സീറ്റ് നേടി. നാഷണലിസ്റ്റ് ഇന്‍ഡിപെന്‍ഡന്റ് ഗ്രീക്‌സ് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നായിരിക്കും സിരിസ സര്‍ക്കാരുണ്ടാക്കുക. ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനെതിരായ ജനവിധിയായിട്ടും സിപ്രാസ് നിലപാട് മാറ്റിയതോടെയാണ് രാജ്യം വീണ്ടും പൊതുതിരഞ്ഞെടുപ്പ് അഭിമുഖീകരിക്കേണ്ടി വന്നത്.

നേപ്പാളില്‍ മതനിരപേക്ഷ ഭരണഘടന
നേപ്പാളിനെ ജനാധിപത്യ മതനിരപേക്ഷ ബഹുവംശീയരാഷ്ട്രമാക്കി മാറ്റിയുള്ള പുതിയ ഭരണഘടന നിലവില്‍വന്നു. വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഭരണഘടന പാര്‍ലമെന്റ് അംഗീകരിച്ചത്.

രാധിക തിലക് അന്തരിച്ചു 
പ്രശസ്ത സിനിമ പിന്നണി ഗായിക രാധിക തിലക് സപ്തംബര്‍ 20-ന്  അന്തരിച്ചു.1991ല്‍ പുറത്തിറങ്ങിയ ഒറ്റയാള്‍പട്ടാളം എന്ന സിനിമയിലെ 'മായാ മഞ്ചലില്‍' എന്ന യുഗ്മഗാനം പി. വേണുഗോപാലിനൊപ്പം പാടിയാണ് സിനിമയില്‍ അരങ്ങേറ്റംകുറിച്ചത്. അരുണ കിരണ ദീപം, ദേവസംഗീതം നീയല്ലേ(ഗുരു), കൈതപ്പൂ മണം(സ്‌നേഹം), തിരുവാതിര, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടോ(കന്മദം), നിന്റെ കണ്ണില്‍ വിരുന്നുവന്നു (ദീപസ്തംഭം മഹാശ്ചര്യം), മനസ്സില്‍ മിഥുനമഴ(നന്ദനം) എന്നിവയാണ് രാധികയുടെ ശ്രദ്ധേയ ഗാനങ്ങള്‍. 

ഓസ്‌കറിലേക്ക് ഇന്ത്യയുടെ 'കോര്‍ട്ട്' 
ചൈതന്യ തംഹാനെയുടെ മറാത്തി സിനിമ 'കോര്‍ട്ട്' ഇന്ത്യയെ ഓസ്‌കറില്‍ പ്രതിനിധാനംചെയ്യും.മികച്ച വിദേശചിത്ര വിഭാഗത്തിലേക്കാണ് കോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടത്. മസ്സാന്‍, പികെ, മേരികോം, ഹൈദര്‍, ബാഹുബലി, കാക്കമുട്ടൈ എന്നീ ചിത്രങ്ങളാണ് അവസാന
റൗണ്ടില്‍ കോര്‍ട്ടിനൊപ്പം പരിഗണിക്കപ്പെട്ടത്.

മിനാ ദുരന്തത്തില്‍ 769 മരണം
ഹജ്ജ് ദിനമായ സപ്തംബര്‍ 24-ന് മക്കയില്‍ തിരക്കില്‍പ്പെട്ട് 17 ഇന്ത്യക്കാരുള്‍പ്പെടെ 769 തീര്‍ഥാടകര്‍ മരിച്ചു. 25 കൊല്ലത്തിനിടെ തീര്‍ഥാടന
വേളയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. കല്ലെറിയല്‍കര്‍മത്തിനായി ജംറത്ത് പാലത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരന്തം.

കാറില്‍ കൃത്രിമം കാട്ടി ഫോക്‌സ്‌വാഗന്‍ 
ഫോക്‌സ്‌വാഗന്‍ കമ്പനി യൂറോപ്പിലിറക്കിയ കാറുകളിലും മലിനീകരണ തോത് കുറച്ചുകാട്ടാന്‍ കൃത്രിമം കാണിച്ചതായി ജര്‍മനി വെളിപ്പെടുത്തി. കാറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ ഘടിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് കമ്പനി കുറ്റസമ്മതം നടത്തിയിരുന്നു. 

രക്ഷാസമിതി വിപുലീകരണത്തിന് ഇന്ത്യ
യു.എന്‍. രക്ഷാസമിതിയുടെ വിപുലീകരണം നിശ്ചിതസമയത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന ജി-നാല് രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് മോദിയുടെ ഈ നിര്‍ദേശം.
രക്ഷാസമിതി സ്ഥിരാംഗത്വത്തിന് ശ്രമിക്കുന്ന ജപ്പാന്‍, ബ്രസീല്‍, ഇന്ത്യ, ജര്‍മനി എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ജി-നാല്. 

ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അധ്യക്ഷന്‍ 
മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡന്റാകും. അന്തരിച്ച ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പകരക്കാരനായാണ് ഗാംഗുലി അധ്യക്ഷപദം ഏറ്റെടുക്കുന്നത്.

സിവില്‍ സര്‍വീസ് പരീക്ഷാഘടനയിലെ മാറ്റം പഠിക്കാന്‍ സമിതി
സിവില്‍ സര്‍വീസ് പരീക്ഷയുടെ ഘടനയില്‍ മാറ്റംവരുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. പ്രായപരിധിയിലെ ഇളവ്, യോഗ്യത, സിലബസ്, പരീക്ഷാഘടന എന്നിവയില്‍
ചൂണ്ടിക്കാണിക്കപ്പെട്ട പ്രശ്‌നങ്ങള്‍ സമിതി പരിശോധിക്കും ചണ്ഡീഗഢ് കേഡറിലുള്ള മുന്‍ ഐ.എ.എസ്. ഓഫീസര്‍ ബി.എസ്. ബസ്വാന്‍ ആണ് സമിതിയുടെ അധ്യക്ഷന്‍. 

അസ്‌ട്രോസാറ്റ് ഭ്രമണപഥത്തില്‍
ബഹിരാകാശഗവേഷണരംഗത്ത് പുതിയ വിജയഗാഥ രചിച്ച് ഐ.എസ്.ആര്‍.ഒ. 'അസ്‌ട്രോസാറ്റ്' ഭ്രമണപഥത്തിലെത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍നിന്ന് സപ്തംബര്‍ 28-നായിരുന്നു വിക്ഷേപണം. പി.എസ്.എല്‍.വി. സി. 30 റോക്കറ്റ് അസ്‌ട്രോസാറ്റും മറ്റ് ആറ് ഉപഗ്രഹങ്ങളുമായാണ് കുതിച്ചുയര്‍ന്നത്. 
രാജ്യത്തിലെ പ്രഥമ ബഹിരാകാശ ദൂരദര്‍ശിനിയായ അസ്‌ട്രോസാറ്റിന്റെ കാലാവധി അഞ്ചുവര്‍ഷമാണ്. ഇന്‍ഡൊനീഷ്യ, കാനഡ, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ആറ് ചെറു ഉപഗ്രഹങ്ങളാണ് അസ്‌ട്രോസാറ്റിനൊപ്പം വിക്ഷേപിച്ചത്. 1513 കിലോഗ്രാം ഭാരമുള്ള അസ്‌ട്രോസാറ്റ് ഭൂമധ്യരേഖാപ്രദേശത്ത് ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ചനിരീക്ഷണം നടത്തുക

ചൊവ്വയില്‍ ജലമുണ്ടെന്ന് നാസ
ചൊവ്വയില്‍ ഒഴുകുന്ന വെള്ളത്തിന്റെ സാന്നിധ്യമുïെന്ന് നാസ വെളിപ്പെടുത്തി.വേനല്‍ക്കാലത്ത് ഉപരിതലത്തിലെ ചൂട് കൂടുമ്പോള്‍ ചൊവ്വയുടെ ഭൂമധ്യരേഖാപ്രദേശത്ത് മലയിടുക്കുകളുടെയും കുന്നുകളുടെയും മുകളില്‍നിന്ന് വെള്ളം ഒഴുകുന്നതായാണ്
കണ്ടെത്തിയത്.
നാസയുടെ മാഴ്‌സ് റികൊണൈസന്‍സ് ഓര്‍ബിറ്ററില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ
കണ്ടെത്തല്‍.

ലോകത്തെ വിസ്മയിപ്പിച്ച് സൂപ്പര്‍ മൂണ്‍
സൂപ്പര്‍ മൂണും ചന്ദ്രഗ്രഹണവും ഒരുമിച്ചു വന്ന അപൂര്‍വ കാഴ്ചയ്ക്ക്  സപ്തംബര്‍ 27ന് രാത്രി ലോകം സാക്ഷിയായി ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തുവരുമ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ പ്രതിഭാസം സംഭവിക്കുന്നത്. ഈസമയത്ത് ചന്ദ്രന് സാധാരണ കാണുന്നതിനെക്കാള്‍ 14 ശതമാനം വലുപ്പവും 30 ശതമാനം തിളക്കവും കൂടുതലായിരിക്കും. 115 വര്‍ഷത്തിനിടെ നാലുതവണ മാത്രമാണ് ഇത്തരത്തില്‍ ഒരു ആകാശവിസ്മയം സംഭവിച്ചിട്ടുള്ളത്.

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടുന്നു
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ഓരോവര്‍ഷവും കൂടിവരുന്നതായി നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍  ഇന്ത്യയില്‍ ദിവസേന നൂറ് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. 2014ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 36,735 ബലാത്സംഗ കേസുകളില്‍  5,076 എണ്ണം മധ്യപ്രദേശിലാണ്. കേരളത്തില്‍ 1,347 ബലാത്സംഗങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ 
റെയില്‍വേസ് ചാമ്പ്യന്മാര്‍ റെയില്‍വേസ് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ കിരീടം നിലനിര്‍ത്തി.
കൊല്‍ക്കത്തയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ 267 പോയന്റുനേടിയാണ് ഈ നേട്ടം കൈവരിച്ചത്. ഓവറോള്‍ പോയന്റുനിലയില്‍ ഒ.എന്‍.ജി.സി.
രണ്ടാമതും സര്‍വീസസ് മൂന്നാമതുമെത്തി.

വിദേശ മണ്ണില്‍ ജപ്പാന് സൈനിക നടപടിയാകാം 
വിദേശരാജ്യങ്ങളിലെ സൈനിക ഇടപെടലിന് അനുമതി നല്‍കുന്ന ബില്‍ ജപ്പാന്‍ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ പ്രതിരോധത്തിനല്ലാതെ അന്താരാഷ്ട്രാ മേഖലയില്‍ സൈനിക ശക്തി ഉപയോഗിക്കരുതെന്നാണ് നിലവിലെ വ്യവസ്ഥ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ് സൈന്യത്തെ വിദേശരാജ്യങ്ങളില്‍ വിന്യസിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നിയമം ജപ്പാനില്‍ കൊ
ണ്ടുവന്നത്.

പി.വി. ചന്ദ്രന്‍ 
മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. സൊസൈറ്റിയുടെ 73-ാമത് പ്രസിഡന്റാണ്.

മാരി പെയ്ന്‍
സെനറ്റര്‍ മാരി പെയ്ന്‍ ഓസ്‌ട്രേലിയയിലെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയായി. 

ഷരീഫ് ഇസ്മായില്‍
ഈജിപ്തില്‍ ഷരീഫ് ഇസ്മായില്‍ പ്രധാനമന്ത്രിയായി 33 അംഗ മന്ത്രിസഭ അധികാരമേറ്റു

മഹേഷ് രംഗരാജന്‍ 
നെഹ്രു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറിയുടെ ഡയറക്ടര്‍സ്ഥാനത്തുനിന്ന് മഹേഷ് രംഗരാജന്‍ രാജിവെച്ചു.

കെ.എസ്. ഭഗവാന്‍
പ്രമുഖ കന്നഡസാഹിത്യകാരനും പുരോഗമനവാദിയുമായ കെ.എസ്. ഭഗവാന്‍ കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം നേടി.