ബന്ധം ദൃഢമാക്കി ഇന്ത്യയും ചൈനയും     
വിവിധ മേഖലകളില്‍ 1,000 കോടി ഡോളറിന്റെ (ഏകദേശം 63,000 കോടി രൂപയുടെ) 24 കരാറുകളില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടു.
ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈന പ്രധാനമന്ത്രി ലീ കു ചിയാങ്ങും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്   കരാറൊപ്പിട്ടത്.
ചൈനയില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് 30 ദിവസത്തെ ഇവിസ അനുവദിക്കും. ഇരുരാജ്യങ്ങളിലെയും മൂന്നു നഗരങ്ങള്‍ (ചെന്നൈ-ചോംകിങ്, ഹൈദരാബാദ്-ക്വങ്ഡാവോ, ഔറംഗാബാദ്-ദുന്‍ഹുവ) സഹോദരി നഗരങ്ങളാക്കാനും കരാറായി. കര്‍ണാടകവും ചൈനയിലെ സിചുവാനും സഹോദരിപ്രവിശ്യകളായും പ്രഖ്യാപിച്ചു.

മനുഷ്യ മൂലധന റിപ്പോര്‍ട്ടില്‍ ഇന്ത്യ നൂറാം സ്ഥാനത്ത് 
ആഗോള മനുഷ്യമൂലധന സൂചികയില്‍ ഇന്ത്യ നൂറാംസ്ഥാനത്ത്. ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ സൂചികയില്‍ ഫിന്‍ലന്‍ഡ് ആണ് ഒന്നാം സ്ഥാനത്ത്. വിദ്യാഭ്യാസം, വൈദഗ്ധ്യം, തൊഴില്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ രാജ്യവും എപ്രകാരമാണ് അവരുടെ മനുഷ്യമൂലധനം വികസിപ്പിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയത്.


അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് സുപ്രീംകോടതി 
വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗാന്ധിജിയുള്‍പ്പെടെയുള്ള ചരിത്രത്തില്‍ ആദരിക്കപ്പെടുന്ന വ്യക്തികള്‍ക്കെതിരെ അപമര്യാദയോടെ ഭാഷ ഉപയോഗിക്കുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ അപൂര്‍വ കണം കണ്ടെത്തി 
ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി.) നടക്കുന്ന കണികാപരീക്ഷണ'ത്തില്‍ അത്യപൂര്‍വ കണത്തിന്റെ സാന്നിധ്യം ആദ്യമായി നിരീക്ഷിച്ചു. എല്‍.എച്ച്.സിയിലെ രണ്ട് വ്യത്യസ്ത പരീക്ഷണങ്ങളില്‍നിന്നുള്ള ഫലങ്ങള്‍ സംയോജിപ്പിച്ചാണ്, 'സ്‌ട്രേഞ്ച് ബി മീസണ്‍' എന്ന കണം കണ്ടെത്തിയത്. 1970 കളില്‍ രംഗത്തെത്തിയ സിദ്ധാന്തമാണ് സ്റ്റാന്‍ഡേഡ് മോഡലെങ്കിലും, പ്രപഞ്ചത്തിലെ പല കാര്യങ്ങളും അതുപയോഗിച്ച് വിശദീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.

'ബ്ലൂസ് രാജാവ്' ബി.ബി. കിങ് അന്തരിച്ചു
'ബ്ലൂസ് സംഗീതരാജാവ്' ബി.ബി. കിങ് മെയ് 14ന്  അന്തരിച്ചു. 'മൈ ലൂസീല്‍', 'സ്വീറ്റ് ലിറ്റില്‍ ഏഞ്ചല്‍', 'റോക്ക് മി ബേബി' തുടങ്ങി  ഒട്ടേറെ ഗാനങ്ങള്‍ നല്‍കിയ കിങ്ങിന് 15 തവണ ഗ്രാമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 

മുഹമ്മദ് മുര്‍സിക്ക് വധശിക്ഷ
ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്കും 105 മുസ്‌ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്കും വധശിക്ഷ വിധിച്ചു. 2011ലെ കൂട്ട ജയില്‍ഭേദനകേസിലാണ് കയ്‌റോ ക്രിമിനല്‍കോടതി ശിക്ഷവിധിച്ചത്. ഈജിപ്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായ മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി 2013ലാണ്  സൈന്യം ഭരണം പിടിച്ചെടുത്തത്.

അരുണ ഷാന്‍ബാഗ് മരിച്ചു
ബലാത്സംഗത്തിനും ആക്രമണത്തിനും ഇരയായി 42 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിഞ്ഞ നഴ്‌സ് അരുണ ഷാന്‍ബാഗ് മെയ് 18ന് അന്തരിച്ചു. മുംബൈയില്‍ നഴ്‌സ് ആയിരുന്ന അരുണയെ 1973ല്‍ 26 വയസ്സുള്ളപ്പോള്‍ ആസ്പത്രി ജീവനക്കാരനായ സോഹന്‍ലാലാണ് ആക്രമിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. അരുണ ഷാന്‍ബാഗിന്റെ ദയാവധത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് അവരെക്കുറിച്ച് പുസ്തകം എഴുതിയ പിങ്കി വിരാനി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.

സ്‌പെയിനില്‍  ബാഴ്‌സലോണ, ഫ്രാന്‍സില്‍ പി.എസ്.ജി. 
ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ബാഴ്‌സലോണ സ്പാനിഷ് ലാലിഗ ഫുട്‌ബോള്‍ കിരീടം തിരിച്ചുപിടിച്ചു. 37 കളിയില്‍നിന്ന് 93 പോയന്റോടെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. ഫ്രഞ്ച് ലീഗ് വണ്‍ കിരീടം തുടര്‍ച്ചയായ മൂന്നാംതവണയാണ്  പി.എസ്.ജി. നേടുന്നത്. 

സുദിര്‍മാന്‍ കപ്പ് ചൈനയ്ക്ക്
ജപ്പാനെ 30ന് തകര്‍ത്ത് ആതിഥേയരായ ചൈന ബാഡ്മിന്റണ്‍ ലോകചാമ്പ്യന്മാര്‍ക്കുള്ള സുദിര്‍മാന്‍ കപ്പ് സ്വന്തമാക്കി. തുടര്‍ച്ചയായി ആറാംതവണയാണ് ചൈനയുടെ കിരീടനേട്ടം.

സ്വര്‍ണനിക്ഷേപ പദ്ധതിക്ക് കരട് മാര്‍ഗരേഖ 
ബജറ്റില്‍ പ്രഖ്യാപിച്ച സ്വര്‍ണനിക്ഷേപ പദ്ധതിയുടെ കരട് മാര്‍ഗരേഖ ധനമന്ത്രാലയം പുറത്തിറക്കി. ചുരുങ്ങിയത് 30 ഗ്രാംവരെ ആഭരണമായും സ്വര്‍ണക്കട്ടിയായും നിക്ഷേപിക്കാം.ഒരു വര്‍ഷമാണ് ചുരുങ്ങിയ നിക്ഷേപ കാലാവധി. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപസ്വര്‍ണത്തിന്റെ ആസ്തിയും പലിശയും ഒരുമിച്ചു കണക്കാക്കും.

42.195 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഓപ്പര്‍ച്യുണിറ്റി 
അമേരിക്കയുടെ ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ പര്യവേക്ഷണപേടകം ഓപ്പര്‍ച്യുണിറ്റി ചൊവ്വയുടെ പ്രതലത്തില്‍ മാരത്തണിന് തുല്യമായ 42.195 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. ചൊവ്വയില്‍ ജലത്തിന്റെ സാന്നിധ്യം പരിശോധിക്കാനായി നിയോഗിക്കപ്പെട്ട പേടകം പതിനൊന്നു വര്‍ഷമെടുത്ത് മാര്‍ച്ച് 24നാണ്  'മാരത്തണ്‍'  പൂര്‍ത്തിയാക്കിയത്. 

പന്ത്രണ്ടാം സാഫ് ഗെയിംസ് കേരളത്തില്‍ 
പന്ത്രണ്ടാം സാഫ് ഗെയിംസ് (സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസ്)  കേരളത്തില്‍ നടത്താന്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തീരുമാനിച്ചു. 2015 നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തിരുവനന്തപുരത്തായിരിക്കും സാഫ് ഗെയിംസ് നടക്കുക. ഇന്ത്യയെ കൂടാതെ പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ് എന്നീ രാജ്യങ്ങളാണ് സൗത്ത് ഏഷ്യന്‍ ഫെഡറേഷനില്‍ ഉള്ളത്.

യു.എസ്സിന്റെ എക്‌സ് 37 ബി വീണ്ടും ബഹിരാകാശത്തേക്ക്
യു.എസ്. വ്യോമസേനയുടെ അത്യാധുനിക രഹസ്യവിമാനം എക്‌സ് 37 ബി വീണ്ടും ഗൂഢദൗത്യവുമായി ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ആളില്ലാവിമാനത്തിന്റെ നാലാമത്തെ രഹസ്യദൗത്യമാണിത്. ബോയിങ് ആണ് വിമാനം നിര്‍മിച്ചിരിക്കുന്നത്.

ടി.പി. സെന്‍കുമാര്‍ പോലീസ് മേധാവി
ജയില്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ സംസ്ഥാന പോലീസ് മേധാവിയായി നിയമിതനായി. കെ.എസ്. ബാലസുബ്രഹ്മണ്യത്തിന്റെ പിന്‍ഗാമിയായിട്ടാണ് 1983 ഐ.പി.എസ്. ബാച്ചുകാരനായ സെന്‍കുമാര്‍ ചുമതലയേറ്റത്.

സാമ്പത്തികരംഗത്ത് ഇന്ത്യ കുതിക്കുന്നു
സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ പിന്തള്ളിയതായി യു.എന്‍. റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമ്പത്തികരംഗം ഈ വര്‍ഷം 1.7 മുതല്‍ 7.6 ശതമാനം വരെയും അടുത്ത വര്‍ഷം 1.4 ശതമാനം മുതല്‍ 7.7 വരെയും വളര്‍ച്ച നേടുമെന്ന് യു.എന്റെ വികസനനയ അപഗ്രഥന വിഭാഗം(യു.എന്‍.ഡി.ഇ.എസ്.എ.) പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു.

ജി. മോഹന്‍കുമാര്‍ പ്രതിരോധ സെക്രട്ടറി
ഇന്ത്യയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായി മലയാളി ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ജി. മോഹന്‍കുമാര്‍ ചുമതലയേറ്റു. ഡിഫെന്‍സ് സെക്രട്ടറി ആര്‍.കെ. മാഥുര്‍ വിരമിച്ച ഒഴിവിലേക്കാണ് മോഹന്‍കുമാറിനെ നിയമിച്ചത്. 1979 ബാച്ച് ഒഡിഷ കേഡറിലെ ഐ.എ.എസ്. ഉദ്യോഗസ്ഥനായ മോഹന്‍കുമാര്‍ നിലവില്‍ പ്രതിരോധമന്ത്രാലയത്തില്‍ ഡിഫെന്‍സ് പ്രൊഡക്ഷന്‍ സെക്രട്ടറിയാണ്.

മിറാഷ് വിമാനം റോഡിലിറങ്ങി
ഇന്ത്യയില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ വ്യോമസേന വിമാനം റോഡിലിറക്കി. മിറാഷ് 2000 ആണ് ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്കടുത്ത് യമുന എക്‌സ്പ്രസ് ഹൈവേയില്‍ പറന്നിറങ്ങിയത്.

ലാസ്‌ലോ ക്രസ്‌നാഹോര്‍ക്കെയ്ക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍
ആറാം മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ സാഹിത്യപുരസ്‌കാരം ഹംഗേറിയന്‍ നോവലിസ്റ്റ് ലാസ്‌ലോ ക്രസ്‌നാഹോര്‍ക്കെയ്ക്ക്. ദ മെലംഗളി ഓഫ് റെസിസ്റ്റന്‍സ് , സാറ്റാന്‍ടാന്‍ഗോ, വാര്‍ ആന്‍ഡ് വാര്‍ എന്നിവയാണ് ക്രസ്‌നാഹോര്‍ക്കെയുടെ പ്രശസ്തമായ കൃതികള്‍. ആഗോളതലത്തില്‍ ഇംഗ്ലീഷിലുള്ളതും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ടതുമായ സാഹിത്യകൃതികള്‍ക്ക് രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സമ്മാനമാണിത്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കള്‍
ഐ.പി.എല്‍. എട്ടാം സീസണ്‍ കിരീടം രോഹിത് ശര്‍മ നയിച്ച മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഫൈനലില്‍ രണ്ടുവട്ടം ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്‍സിനാണ് മുംബൈ തോല്പിച്ചത്.
നായകന്‍ രോഹിത് ശര്‍മയാണ് കളിയിലെ കേമന്‍. ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ശ്രേയസ് അയ്യര്‍ക്ക് 'എമര്‍ജിങ് പ്ലെയര്‍' പുരസ്‌കാരം ലഭിച്ചു. കൂടുതല്‍ റണ്‍സിനുള്ള ഓറഞ്ച് തൊപ്പി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഡേവിഡ് വാര്‍ണറും വിക്കറ്റ് നേട്ടത്തിനുള്ള പര്‍പ്പിള്‍ തൊപ്പി ചെന്നൈയുടെ ബ്രാവോയും നേടി.

ഇറ്റാലിയന്‍ ഫുട്‌ബോള്‍ കിരീടം യുവന്റസിന്
ഇറ്റാലിയന്‍ സീരി എ ഫുട്‌ബോള്‍ കിരീടം യുവന്റസ് നേടി. യുവന്റസിന്റെ തുടര്‍ച്ചയായ നാലാം കിരീടജയമാണിത്. ഇന്റര്‍മിലാന്റെ മൗറോ ഇക്കാര്‍ഡിയും യുവന്റസിന്റെ കാര്‍ലോസ് ടെവസും 20 ഗോളോടെ ടോപ് സ്‌കോറര്‍മാരായി.

ജയലളിത വീണ്ടും അധികാരത്തില്‍
തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത മെയ് 23ന് വീണ്ടും അധികാരമേറ്റു. 66.66 കോടി രൂപയുടെ അനധികൃത സ്വത്തുസമ്പാദനകേസില്‍ ബെംഗളൂരു പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് 2014 സപ്തംബറിലാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായത്. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതി മെയ് 11ന് അവരെ കുറ്റവിമുക്തയാക്കി.

ഗോള്‍ഡന്‍ പാം നേടി 'ദീപന്‍'
68ാം കാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രമായി (ഗോള്‍ഡന്‍ പാം) ഷാക് ഓദിയ സംവിധാനംചെയ്ത ' ദീപന്‍' തിരഞ്ഞെടുക്കപ്പെട്ടു. ഫ്രഞ്ച് നടന്‍ വിന്‍സന്റ് ലിന്‍ഡന്‍ ('ദി മെഷര്‍ ഓഫ് എ മാന്‍') മികച്ച നടനായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഇമാനുവേല്‍ ബെര്‍കോയും റൂണി മാരയും സ്വന്തമാക്കി. തായ്‌വാനില്‍നിന്നുള്ള ഹോ സിയാവോ സിന്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

ഐ.എസ്. ഭീകരര്‍ പാല്‍മിറ പിടിച്ചു
സിറിയയിലെ പൗരാണികനഗരമായ പാല്‍മിറയുടെ പൂര്‍ണനിയന്ത്രണം ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. യുനെസ്‌കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഇടംനേടിയിട്ടുള്ള പാല്‍മിറ പൗരാണികപ്രതിമകളുടെ പേരിലാണ് പ്രശസ്തം. പ്രാചീനലോകത്തിലെ ഏറ്റവും പ്രധാന സാംസ്‌കാരികകേന്ദ്രങ്ങളിലൊന്നായി പാല്‍മിറ തലസ്ഥാനമായ ദമാസ്‌കസിനും ദിര്‍അല്‍സൂറിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്.

കര്‍ഷകര്‍ക്കായി ഡി.ഡി. കിസാന്‍ ചാനല്‍
കര്‍ഷകര്‍ക്കുവേണ്ടിയുള്ള രാജ്യത്തിലെ ആദ്യ ചാനല്‍ ഡി.ഡി. കിസാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനംചെയ്തു.

യു.എസ്സിന്റെ എക്‌സ് 37 ബി വീണ്ടും ബഹിരാകാശത്തേക്ക്
യു.എസ്. വ്യോമസേനയുടെ അത്യാധുനിക രഹസ്യവിമാനം എക്‌സ് 37 ബി വീണ്ടും ഗൂഢദൗത്യവുമായി ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നു. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ സ്റ്റേഷനില്‍നിന്ന് പറന്നുയര്‍ന്ന ആളില്ലാവിമാനത്തിന്റെ നാലാമത്തെ രഹസ്യദൗത്യമാണിത്. ബോയിങ് ആണ് വിമാനം നിര്‍മിച്ചിരിക്കുന്നത്.

ഡോ. കെ.ശിവന്‍ വി.എസ്.എസ്.സി. ഡയറക്ടര്‍
തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറായി ഡോ. കെ.ശിവനെ നിയമിച്ചു. എം.ചന്ദ്രദത്തന്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് കെ.ശിവന്‍ സ്ഥാനമേറ്റെടുത്തത്.

സി. ക്രിസ്റ്റഫര്‍ ഡി.ആര്‍.ഡി.ഒ. മേധാവി
പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. എസ്. ക്രിസ്റ്റഫറിനെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) ഡയറക്ടര്‍ ജനറലായി നിയമിച്ചു. സെന്റര്‍ ഫോര്‍ എയര്‍ബോണ്‍സ് സിസ്റ്റംസിന്റെ പ്രോഗ്രാം ഡയറക്ടറാണ് ഇപ്പോള്‍ ഡോ. ക്രിസ്റ്റഫര്‍.

ത്രിപുരയില്‍ 'അഫ്‌സ്പ' പിന്‍വലിച്ചു
സായുധ സേന പ്രത്യേക അധികാര നിയമം (അഫ്‌സ്പ) പിന്‍വലിക്കാന്‍ ത്രിപുരയിലെ സി.പി.എം. സര്‍ക്കാര്‍ തീരുമാനിച്ചു. സായുധ കലാപം നിയന്ത്രിക്കാന്‍ 18 വര്‍ഷം മുന്‍പാണ് ത്രിപുരയില്‍ 'അഫ്‌സ്പ' നടപ്പാക്കിയത്. സായുധസേനകള്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന നിയമം 1958ലാണ് പാസാക്കിയത്.

പ്രദീപ് കുമാര്‍ സിന്‍ഹ പുതിയ ക്യാബിനറ്റ് സെക്രട്ടറി
പുതിയ  ക്യാബിനറ്റ് സെക്രട്ടറിയായി പ്രദീപ് കുമാര്‍ സിന്‍ഹ നിയമിതനായി. ക്യാബിനറ്റ് സെക്രട്ടറി അജിത് സേത്ത് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ഉത്തര്‍പ്രദേശ് കാഡറിലെ 1977 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് സിന്‍ഹ.

സേവന നികുതിവര്‍ധന പ്രാബല്യത്തില്‍
കേന്ദ്രസര്‍ക്കാര്‍ 14 ശതമാനമായി ഉയര്‍ത്തിയ സേവനനികുതി ജൂണ്‍1 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ഹോട്ടല്‍ ഭക്ഷണം, മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം, റെയില്‍, വിമാന യാത്ര തുടങ്ങി പല സേവനങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഈടാക്കിത്തുടങ്ങി. 12.36 ശതമാനമായിരുന്ന സേവനനികുതിയാണ് തിങ്കളാഴ്ചമുതല്‍ കേന്ദ്രം 14 ശതമാനമായി ഉയര്‍ത്തിയത്.

സെപ് ബ്ലാറ്ററുടെ നിയമനവും രാജിയും
ആഗോള ഫുട്‌ബോള്‍ സംഘടനയുടെ (ഫിഫ) പ്രസിഡന്റായി തുടര്‍ച്ചയായ അഞ്ചാംതവണയും ജോസഫ് സെപ് ബ്ലാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍സ്ഥാനാര്‍ഥിയായ ജോര്‍ദന്‍ രാജകുമാരന്‍ അലി ബിന്‍ ഹുസൈന്‍ പിന്‍മാറിയതിനെ തുടര്‍ന്നാണ് ബ്ലാറ്റര്‍ വീïും അധ്യക്ഷനായത്. എന്നാല്‍ അധികാരമേറ്റ് ദിവസങ്ങള്‍ക്കകം ബ്ലാറ്റര്‍ രാജി പ്രഖ്യാപിച്ചു. അഴിമതിയും രാഷ്ട്രീയവും ഇടകലര്‍ന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് ആഗോളശ്രദ്ധയാകര്‍ഷിച്ചിരുന്നു.

മൗറീഷ്യസിന് ആദ്യ വനിതാ പ്രസിഡന്റ്
മൗറീഷ്യസിന്റെ പുതിയ പ്രസിഡന്റായി അമീന ഗുരീപ് ഫക്കീമിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ഫക്കീം. മുന്‍ പ്രസിഡന്റും ഇന്ത്യന്‍ വംശജനുമായ കൈലാഷ് പുര്യാഗ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് അമീനയുടെ നിയമനം.

റിപോ നിരക്ക് കാല്‍ ശതമാനം കുറച്ച് റിസര്‍വ് ബാങ്ക്
നടപ്പ് സാമ്പത്തിക വര്‍ഷത്തെ രണ്ടാമത്തെ പണ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ.) റിപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. റിസര്‍വ് ബാങ്കില്‍നിന്ന് ബാങ്കുകള്‍ എടുക്കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.25 ശതമാനമായാണ് കുറച്ചത്. ബാങ്കുകളുടെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റിപോ 6.50 ശതമാനത്തില്‍നിന്ന് 6.25 ശതമാനമായി കുറയും.

ഫോബ്‌സ് പട്ടികയില്‍ നാല് ഇന്ത്യന്‍ വനിതകള്‍
ഫോബ്‌സിന്റെ ഈ വര്‍ഷത്തെ കരുത്തരായ വനിതകളുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ വനിതകള്‍ ഇടംനേടി. എസ്.ബി.ഐ. മേധാവി അരുന്ധതി ഭട്ടാചാര്യ, ഐ.സി.ഐ.സി.ഐ. ബാങ്ക് മേധാവി ചന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജുംദാര്‍ഷാ, എച്ച്.ടി. മീഡിയ ചെയര്‍ പേഴ്‌സണ്‍ ശോഭനാ ഭാര്‍ത്യ എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്. ജര്‍മന്‍ ചാന്‍സ്‌ലര്‍ ആഞ്ജല മെര്‍ക്കല്ലിനെയാണ് ഫോബ്‌സ് ഈ വര്‍ഷത്തെ മികച്ച വനിതയായി തിരഞ്ഞെടുത്തത്.

തൃശ്ശൂരും മലപ്പുറവും കണ്ണൂരും കൊല്ലവും 'വൈ' നഗരങ്ങള്‍
കേരളത്തിലെ നാല് നഗരങ്ങളെ 'വൈ'(Y) വിഭാഗത്തിലേക്ക് ഉയര്‍ത്തി.തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കൊല്ലം എന്നീ നഗരങ്ങളാണിവ. മൊത്തം 21 നഗരങ്ങളാണ് 'ഇസെഡ്'(Z)ല്‍ നിന്ന് വൈ ആയത്. അഞ്ചുലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങള്‍ 'Z' വിഭാഗത്തിലും അഞ്ചുലക്ഷംമുതല്‍ 50 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങള്‍ 'Y' വിഭാഗത്തിലും ഉള്‍പ്പെടും.

ഇര്‍ഫാനും ടിന്റു ലൂക്കയും മികച്ച താരങ്ങള്‍
കെ.ടി. ഇര്‍ഫാനും ടിന്റു ലൂക്കയ്ക്കും കഴിഞ്ഞ വര്‍ഷത്തെ മികച്ച കായിക താരങ്ങള്‍ക്കുള്ള സംസ്ഥാന അത്‌ലറ്റിക് അസോസിയേഷന്റെ അവാര്‍ഡ്. അണ്ടര്‍ 20 വിഭാഗത്തില്‍ ശ്രീനിത്ത് മോഹനും ജെസി ജോസഫും അവാര്‍ഡിന് അര്‍ഹരായപ്പോള്‍ അïര്‍18 വിഭാഗത്തില്‍ മോയ്‌മോന്‍ പൗലോസും ഡെബി സെബാസ്റ്റ്യനുമാണ് മികച്ച താരങ്ങള്‍.

കിങ്‌സ് കപ്പില്‍ ബാഴ്‌സ, എഫ്.എ.കപ്പില്‍ ആഴ്‌സനല്‍
കിങ്‌സ് കപ്പ് ഫുട്‌ബോള്‍ കിരീടം ബാഴ്‌സലോണ നേടി. ഫൈനലില്‍  ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് അത്‌ലറ്റികോ ബില്‍ബാവോയെയാണ് പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും പഴക്കമേറിയ നോക്കൗട്ട് ടൂര്‍ണമെന്റായ എഫ്.എ. കപ്പില്‍ ആഴ്‌സനലിനാണ് കിരീടം.

സാഫ് ഗെയിംസിന് അസമും മേഘാലയയുംആതിഥേയര്‍
പന്ത്രണ്ടാമത് ഗെയിംസിന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ അസമും മേഘാലയയും സംയുക്തമായി വേദിയാരുക്കും. കേരളം ഗെയിംസിന് വേദിയാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്.

മോഹന്‍ ബഗാന് ഐ ലീഗ് കിരീടം
കൊല്‍ക്കത്ത മോഹന്‍ ബഗാന്‍ പുതിയ ഐലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായി. നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി.യെ സമനിലയില്‍ തളച്ചാണ് (11) ബഗാന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ ത്രയം ബി.സി.സി.ഐ. ഉപദേശക സമിതിയില്‍
മുന്‍ താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരെ ബി.സി.സി.ഐ. ഉപദേശക സമിതിയിലേക്ക് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമിന്റെ ആഭ്യന്തര കാര്യങ്ങളിലും പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും ഉപദേശക സമിതിയാണ് നിര്‍ദേശങ്ങള്‍ നല്‍കേïത്.

യൂറോപ്പ കിരീടം സെവിയയ്ക്ക്
സ്പാനിഷ് ക്ലബ്ബ് സെവിയ യൂറോപ്പ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി. ഫൈനലില്‍ യുക്രൈന്‍ ക്ലബ്ബായ നിപ്രോയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് സെവിയ തോല്‍പ്പിച്ചത്. 2006, 2007, 2014 വര്‍ഷങ്ങളിലാണ് ടീം ഇതിനുമുമ്പ് ചാമ്പ്യന്മാരായത്.