ഓന്തുകളുടെ നിറംമാറ്റ രഹസ്യംചുരുളഴിഞ്ഞു
ഓന്തുകള്‍ നിറം മാറുന്നത് എങ്ങനെയെന്ന ജീവശാസ്ത്ര രഹസ്യം ജനീവ സര്‍വകലാശാലാ ഗവേഷകര്‍ കണ്ടെത്തി. ഓന്തിന്റെ തൊലിയിലുള്ള സൂക്ഷ്മപരലുകളുടെ പ്രത്യേകതയാണ് അവയ്ക്ക് വര്‍ണവൈവിധ്യം നല്‍കുന്നതെന്നാണ് കണ്ടെത്തിയത്. തൊലിയിലുള്ള ചെറുപരലുകള്‍ തമ്മിലുള്ള അകലം മാറുമ്പോള്‍ ഓന്തിന്റെ ശരീരത്തിലൂടെ കടന്നുപോവുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യവും വ്യത്യാസപ്പെടുകയും തന്മൂലം പച്ചതൊട്ട് ചുവപ്പുവരെയുള്ള നിറം ഓന്തിന് ലഭിക്കുകയുമാണ് ചെയ്യുന്നത്.

മാലദ്വീപ് മുന്‍പ്രസിഡന്റിന് 13 വര്‍ഷം തടവ്
മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിന് 13 വര്‍ഷ തടവ് വിധിച്ചു. ഭരണകാലത്ത് മുതിര്‍ന്ന ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട മാലദ്വീപിന്റെ ആദ്യ പ്രസിഡന്റാണ് നഷീദ്.

മികച്ച സംസ്ഥാനങ്ങളുടെ 'അസോച്ചം' പട്ടികയില്‍ കേരളം രണ്ടാമത്
വ്യാപാരവ്യവസായസംഘടനയായ അസോച്ചം നടത്തിയ പഠനത്തില്‍ രാജ്യത്തെ മികച്ച രണ്ടാമത്തെ സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. സമ്പദ്‌വ്യവസ്ഥ, ഊര്‍ജം, റോഡ്, ആരോഗ്യം തുടങ്ങിയ ഒമ്പതു മേഖലകളിലെ 2009-11, 2012-14 കാലത്തെ പ്രവര്‍ത്തനമാണ് അസോച്ചം വിലയിരുത്തിയത്. തമിഴ്‌നാടിനാണ് ഒന്നാം സ്ഥാനം.

ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി
ഇസ്രായേലില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കരുതെന്ന് കേന്ദ്രസര്‍ക്കാറിനോട് വീണ്ടും സുപ്രീംകോടതി. ഇക്കാര്യം വ്യക്തമാക്കി എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയയ്ക്കാനും കോടതി നിര്‍ദേശം നല്‍കി. 2013 സപ്തംബറിലാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടത്.

രാജാരവിവര്‍മ പുരസ്‌കാരം ബാലന്‍ നമ്പ്യാര്‍ക്ക്
സംസ്ഥാന സര്‍ക്കാറിന്റെ രാജാരവിവര്‍മ പുരസ്‌കാരം ബാലന്‍ നമ്പ്യാര്‍ക്ക്.ആധുനിക ചിത്രകലാ രംഗത്ത് നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്താണ് 1.5 ലക്ഷം രൂപ വരുന്ന അവാര്‍ഡിന് ബാലന്‍ നമ്പ്യാരെ തിരഞ്ഞെടുത്തത്.

ഇസ്രായേലില്‍ നെതന്യാഹുവിന് ജയം
ഇസ്രായേലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത വിജയം നേടി. ഭൂരിപക്ഷം വോട്ടും എണ്ണിക്കഴിഞ്ഞപ്പോള്‍ ലിക്കുഡ് പാര്‍ട്ടി 30 സീറ്റുകള്‍ നേടി. പലസ്തീന്‍ രാഷ്ട്രരൂപവത്കരണത്തിന് എതിരായ നിലപാടെടുത്തതാണ് നെതന്യാഹുവിനെ തിരഞ്ഞെടുപ്പില്‍ തുണച്ചത്.

എന്‍. ശക്തന്‍ നിയമസഭാ സ്പീക്കര്‍
കേരള നിയമസഭയുടെ 21-ാമത്തെ സ്പീക്കറായി എന്‍. ശക്തന്‍ തിരഞ്ഞെടുക്കപ്പെട്ടു.    ശക്തന് 74 വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ഥിയായ അയിഷ പോറ്റിക്ക് 66 വോട്ടും കിട്ടി.

പി. വിജയന്‍ 'ജനപ്രിയ ഇന്ത്യന്‍'
രാജ്യത്തിന് മാതൃകയായ കുട്ടിപ്പോലീസ് പദ്ധതിയടക്കം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനമികവിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പി. വിജയന് സി.എന്‍.എന്‍. ഐ.ബി.എന്‍. 'പ്രശസ്ത ഇന്ത്യന്‍' പുരസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് ഇന്ത്യന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വത്തിനുള്ള പുരസ്‌കാരത്തിന് അരുണ്‍ ജെയ്റ്റ്‌ലി അര്‍ഹനായപ്പോള്‍ വ്യവസായരംഗത്തെ മികവിന് ഐ.ടി. കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ എന്‍. ചന്ദ്രശേഖരനാണ് പുരസ്‌കാരം. സ്‌പോര്‍ട്‌സ് രംഗത്തെ മികവിന് ഷൂട്ടര്‍ ജിത്തു റായിയും എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തിലെ പുരസ്‌കാരത്തിന് ചേതന്‍ ഭഗതും അര്‍ഹനായി.

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് സര്‍ക്കാര്‍ ഏജന്‍സി വഴിമാത്രം 
വിദേശത്ത് ജോലിതേടുന്ന ഇന്ത്യന്‍ നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പൂര്‍ണമായും കേരള സര്‍ക്കാറിന്റെ റിക്രൂട്ടിങ് ഏജന്‍സികള്‍വഴി മാത്രമാക്കാന്‍ കേന്ദ്രം തീരുമാനിച്ചു.സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള നോര്‍ക്ക റൂട്‌സ്, ഒഡേപെക് (ഓവര്‍സീസ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ്) ന്നീ ഏജന്‍സികളെയാണ് രാജ്യത്തുനിന്നുള്ള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റിന് ഇപ്പോള്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്
69-ാമത് സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. പഞ്ചാബിലെ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ പഞ്ചാബിനെ ടൈബ്രേക്കറില്‍ 5-4നാണ് തകര്‍ത്തത്. സര്‍വീസസിന്റെ നാലാം കിരീടനേട്ടമാണിത്.

രഞ്ജി ട്രോഫി കര്‍ണാടക നിലനിര്‍ത്തി
നിലവിലെ ചാമ്പ്യന്‍മാരായ കര്‍ണാടക രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി.  തമിഴ്‌നാടിനെ ഒരിന്നിങ്‌സിനും 217 റണ്‍സിനുമാണ് കര്‍ണാടക തോല്‍പ്പിച്ചത്.    

കയ്യാങ്കളിക്കിടെ കെ.എം. മാണിയുടെ പതിമൂന്നാം ബജറ്റ്
പ്രതിപക്ഷ-ഭരണകക്ഷി അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ മാര്‍ച്ച് 13-ന് ധനമന്ത്രി കെ.എം. മാണി തന്റെ പതിമൂന്നാം ബജറ്റ് അവതരിപ്പിച്ചു.  കൃഷിക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുന്‍തൂക്കം നല്‍കുന്ന ബജറ്റ് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനുള്ള ധനകാര്യ അച്ചടക്കത്തിന് പ്രാധാന്യം നല്‍കുന്നു. 1220 കോടി രൂപയുടെ പുതിയ നികുതികള്‍ ബജറ്റില്‍ ചുമത്തി. സംസ്ഥാനത്ത് നിലവിലുള്ള ആരോഗ്യപദ്ധതികളെ ഒരു കുടക്കീഴിലാക്കി 500 കോടി രൂപ ചെലവില്‍ 'സമ്പൂര്‍ണ ആരോഗ്യകേരളം' പദ്ധതി നടപ്പാക്കും. 150 രൂപ താങ്ങുവില ഉറപ്പാക്കി 20,000 മെട്രിക് ടണ്‍ റബ്ബര്‍ സംഭരിക്കും. പെട്രോള്‍, ഡീസല്‍, അരി, ഗോതമ്പ്, മൈദ, ആട്ട, സൂചി, റവ, വെളിച്ചെണ്ണ, പഞ്ചസാര എന്നിവയ്‌ക്കെല്ലാം നികുതി കൂട്ടി. നെല്ല് സംഭരിക്കാന്‍ 300 കോടി, വിഴിഞ്ഞത്തിന് 600 കോടി, കൊച്ചി മെട്രോയ്ക്ക് 940 കോടി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി, എല്ലാവര്‍ക്കും സ്മാര്‍ട്ട് ഹെല്‍ത്ത് കാര്‍ഡ്, ഐ.ടി. മേഖലയ്ക്ക് 475.57 കോടി, 80 വയസ്സിന് മേലുള്ളവര്‍ക്ക് വയോജന സംരക്ഷണ പദ്ധതി, ശബരിമല മാസ്റ്റര്‍ പ്ലാനിന് 25 കോടി, കോഴിക്കോട്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷനുകള്‍, 'കില'യെ സര്‍വകലാശാലയാക്കുക എന്നിവയാണ് ബജറ്റിലെ മറ്റ് പ്രധാന നിര്‍ദേശങ്ങളില്‍ ചിലത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ റോയല്‍ സൊസൈറ്റിയുടെ തലപ്പത്ത്  
ബ്രിട്ടനിലെ പ്രശസ്തമായ റോയല്‍ സൊസൈറ്റിയുടെ പ്രസിഡന്റായി ഇന്ത്യന്‍ വംശജനും നൊബേല്‍ പുരസ്‌കാര ജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണനെ തിരഞ്ഞെടുത്തു. ശാസ്ത്രസംബന്ധിയായ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ സംഘടനയുടെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍.

യു.പിയില്‍ ട്രെയിന്‍​ പാളംതെറ്റി; 34 മരണം
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത്  ട്രെയിന്‍ പാളംതെറ്റി 34 പേര്‍ മരിച്ചു. റായ്ബറേലിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ബച്ച്‌റാവന്‍ സ്റ്റേഷനില്‍ ഡെറാഡൂണ്‍ വാരാണസി ജനത എക്‌സ്പ്രസ് അപകടത്തില്‍പെട്ടത്.

സ്റ്റോക്‌ഹോം ജലപുരസ്‌കാരം രാജേന്ദ്ര സിങ്ങിന്
2015-ലെ സ്റ്റോക്‌ഹോം ജലപുരസ്‌കാരത്തിന് ഗ്രാമീണമേഖലയില്‍ ജലസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന രാജേന്ദ്ര സിങ്ങിനെ തിരഞ്ഞെടുത്തു. കടുത്ത വരള്‍ച്ച നേരിടുന്ന രാജസ്ഥാനിലെ ഗ്രാമങ്ങളില്‍ പരമ്പരാഗത രീതികളില്‍ വെള്ളമെത്തിക്കാന്‍ രാജേന്ദ്ര സിങ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2001-ല്‍ മാഗ്‌സസെ പുരസ്‌കാരവും ' ഇന്ത്യയുടെ വാട്ടര്‍മാന്‍' എന്നറിയപ്പെടുന്ന രാജേന്ദ്ര സിങ്ങിന് ലഭിച്ചിരുന്നു.

യൂസഫലി കേച്ചേരി ഓര്‍മയായി
മലയാളത്തിന്റെ പ്രിയ പാട്ടെഴുത്തുകാരന്‍ യൂസഫലി കേച്ചേരി മാര്‍ച്ച് 21-ന് അന്തരിച്ചു.1964-ല്‍ രാമു കാര്യാട്ടിന്റെ മൂടുപടം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രഗാനരചനയിലേക്ക് കടന്നത്. 'മഴ' എന്ന ചിത്രത്തിലെ 'ഗേയം ഹരിനാമധേയം' എന്ന ഗാനത്തിന് 2000-ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തിന് നാലുതവണ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചു. അഞ്ച് കന്യകകള്‍, ആയിരം നാവുള്ള മൗനം, കേച്ചേരിപ്പുഴ, പേരറിയാത്ത നൊമ്പരം, അനുരാഗഗാനം പോലെ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ട് മാര്‍ട്ടിന്‍ ഗുപ്ടില്‍
ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ഇനി ന്യൂസീലന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ പേരില്‍. നോക്കൗട്ട് റൗണ്ടില്‍ വിന്‍ഡീസിനെതിരെയാണ് ഗുപ്ടില്‍ 163 പന്തില്‍ 237 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.  ഏകദിനത്തിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ ആണിത്.

ഫാല്‍ക്കെ പുരസ്‌കാരം ശശി കപൂറിന്
'ദീവാര്‍', 'സത്യം ശിവം സുന്ദരം', 'തൃശ്ശൂല്‍' തുടങ്ങിയ സിനിമകളിലെ നടനവൈഭവംകൊണ്ട്് ഹിന്ദി സിനിമാപ്രേമികളുടെ മനം കീഴടക്കിയ ശശി കപൂറിന് 2014-ലെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം.  സ്വര്‍ണകമലവും 10 ലക്ഷം രൂപയും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. മൂന്നുതവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2011-ല്‍ പദ്മഭൂഷണും ലഭിച്ചു. 

ആധുനിക സിംഗപ്പൂരിന്റെ പിതാവ് ലീ ക്വാന്‍ അന്തരിച്ചു 

ലോകത്തിലെ മുന്‍നിരരാഷ്ട്രങ്ങളുടെ ഗണത്തിലേക്ക് സിംഗപ്പൂരിനെ വളര്‍ത്തിയ ലീ ക്വാന്‍ യൂ മാര്‍ച്ച് 23-ന് അന്തരിച്ചു.  രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം തുടര്‍ച്ചയായി 31 വര്‍ഷം ഈ പദവി വഹിച്ചു. 1990-ല്‍ പ്രധാനമന്ത്രിപദം അടുത്ത തലമുറയ്ക്കായി ഒഴിഞ്ഞുകൊടുത്തെങ്കിലും 2011 വരെ സര്‍ക്കാറിന് ഉപദേശം നല്‍കുന്ന മാര്‍ഗദര്‍ശക മന്ത്രിയായി തുടര്‍ന്നു.

മംഗള്‍യാന്റെ കാലാവധി ആറുമാസംകൂടി നീട്ടി
ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരദൗത്യമായ മംഗള്‍യാന്റെ കാലാവധി  ആറുമാസംകൂടി നീട്ടി. 1340 കിലോഗ്രാം ഭാരമുള്ള മാഴ്‌സ് ഓര്‍ബിറ്ററില്‍, നേരത്തേ ഉദ്ദേശിച്ചതിനെക്കാള്‍ കൂടുതല്‍ കാലം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം (37 കിലോഗ്രാം) ബാക്കിയുണ്ട്. 450 കോടി രൂപ ചെലവുള്ള മംഗള്‍യാന്‍ പേടകം 2013 നവംബര്‍ 5-നാണ് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ചത്.

കോര്‍ട്ട് മികച്ച ചിത്രം, സഞ്ചാരി വിജയ് മികച്ച നടന്‍; കങ്കണ നടി   
62-ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മറാഠി ചിത്രമായ കോര്‍ട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി കങ്കണ റണൗട്ട് (ക്വീന്‍), മികച്ച നടന്‍ സഞ്ചാരി വിജയ് (നാന്‍ അവനല്ല അവളു)ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. ജോഷി മംഗലത്തിനാണ് (ഒറ്റാല്‍) മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. ജയരാജ് സംവിധാനംചെയ്ത ഒറ്റാല്‍ ആണ് മികച്ച പരിസ്ഥിതിചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍ ആണ്. ഐനിലെ അഭിനയത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. മികച്ച ജനപ്രിയ ചിത്രം മേരി കോം. മികച്ച ഗായിക ഉത്തര ഉണ്ണികൃഷ്ണന്‍, മികച്ച ഗായകന്‍ സുഖ്‌വീന്ദര്‍ സിങ്. മികച്ച പശ്ചാത്തല സംഗീതം ഗോപീ സുന്ദര്‍.

പ്രൊഫ. കെ.പി. ഗോപിനാഥന് കേരള ശാസ്ത്ര പുരസ്‌കാരം
മലയാളികളായ പ്രഗല്ഭ ശാസ്ത്രജ്ഞരുടെ സമഗ്രസംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള ശാസ്ത്രപുരസ്‌കാരത്തിന് പ്രൊഫ. കെ.പി. ഗോപിനാഥനെ തിരഞ്ഞെടുത്തു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ ഓണററി സീനിയര്‍ സയന്റിസ്റ്റാണ്  ഗോപിനാഥന്‍. 

തടവുകാരെ കൈമാറാന്‍ഇന്ത്യ-ഖത്തര്‍ കരാര്‍
ശിക്ഷിക്കപ്പെട്ട തടവുകാരെ കൈമാറുന്നതിന് ഇന്ത്യയും ഖത്തറും കരാറൊപ്പിട്ടു. ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട കരാര്‍ പ്രകാരം ഖത്തറില്‍ തടവിലുള്ള ഇന്ത്യാ പൗരന്‍മാരെ ബാക്കിയുള്ള ശിക്ഷയനുഭവിക്കുന്നതിന് ഇന്ത്യക്ക് കൈമാറും. 

ഗാഡ്ഗിലിന് ടൈലര്‍ പ്രൈസ്
പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. മാധവ് ഗാഡ്ഗിലിന് പരിസ്ഥിതി രംഗത്തെ നേട്ടത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരമായ ടൈലര്‍ പ്രൈസ്.യു.എസ്. ശാസ്ത്രജ്ഞ ജെയ്ന്‍ ലുബ്‌ചെങ്കോയുമായി ഇദ്ദേഹം പുരസ്‌കാരം പങ്കിട്ടു.101 ഉള്‍നാടന്‍ ജലപാതകള്‍ ഇനി ദേശീയ ജലപാതകള്‍ രാജ്യമൊട്ടുക്കുമായി 101 ഉള്‍നാടന്‍ ജലപാതകള്‍ ദേശീയ ജലപാതകളാക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ പത്ത് നദികളും രണ്ട് കനാലുകളും ദേശീയ ജലപാത പട്ടികയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കും. ഭാരതപ്പുഴ, പമ്പ, കടലുണ്ടിപ്പുഴ, വളപട്ടണം പുഴ, കോരപ്പുഴ, ചാലിയാര്‍, കല്ലടയാര്‍, മണിമലയാര്‍, മീനച്ചിലാര്‍, മൂവാറ്റുപുഴയാര്‍, വെസ്റ്റ്‌കോസ്റ്റ് കനാല്‍ എന്നിവയാണിവ.നിലവില്‍ രാജ്യത്ത് അഞ്ച് ദേശീയ ജലപാതകളാണുള്ളത്.

അശോക് ഭൂഷണ്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്
ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അശോക് ഭൂഷണ്‍ മാര്‍ച്ച് 26-ന് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. 

ആബേല്‍ പുരസ്‌കാരം ജോണ്‍ നാഷിനും നിറന്‍ബെര്‍ഗിനും 

2015-ലെ ആബേല്‍ പുരസ്‌കാരത്തിന് പ്രശസ്ത ഗണിതശാസ്ത്രജ്ഞന്‍മാരായ ജോണ്‍ എഫ്. നാഷും ലൂയിസ് നിറന്‍ബെര്‍ഗും അര്‍ഹരായി. ഗണിതശാസ്ത്രത്തിലെ നൊബേല്‍ എന്നാണ് ആബേല്‍ പുരസ്‌കാരം അറിയപ്പെടുന്നത്. 

ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാര്‍
ന്യൂസീലന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി.മെല്‍ബണില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ ആറുവിക്കറ്റിനാണ് കംഗാരുക്കള്‍ തകര്‍ത്തത്. ഓസ്‌ട്രേലിയയുടെ അഞ്ചാം ലോകകപ്പ് കിരീടനേട്ടമാണിത്. ഓസ്‌ട്രേലിയയുടെ പേസ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് ലോകകപ്പിലെ താരമായും ജെയിംസ് ഫോക്‌നര്‍ ഫൈനലിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടത്. 

ഐ.ആര്‍.എന്‍.എസ്.എസ്. 1 ഡി ഭ്രമണപഥത്തില്‍
ഇന്ത്യയുടെ നാലാം ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ് (ഇന്ത്യന്‍ റീജണല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം) 1 ഡി മാര്‍ച്ച് 28-നു വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന ഐ.ആര്‍.എന്‍.എസ്. എസ്. 1 ഡിയെ  വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വിസി 27 ഭ്രമണ പഥത്തിലെത്തിച്ചു.

ഹോക്കി ഇന്ത്യ പുരസ്‌കാരം ശ്രീജേഷിന്
മലയാളി താരം പി.ആര്‍. ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ പുരസ്‌കാരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ബല്‍ജീത് സിങ് അവാര്‍ഡാണ് ശ്രീജേഷിന് ലഭിച്ചത്.

സൈന നേവാള്‍ ലോക ഒന്നാംനമ്പര്‍
ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ലോകറാങ്കിങ്ങില്‍ ഒന്നാമതെത്തി.വനിതാവിഭാഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോഡാണ് സൈന നേടിയത്. പുരുഷവിഭാഗത്തില്‍ മുന്‍താരം പ്രകാശ് പദുക്കോണ്‍  ഒന്നാം റാങ്കിലെത്തിയിരുന്നു. 

ചെങ്ങാലിക്കോടന്‍ നേന്ത്രക്കായയ്ക്ക് ഭൗമസൂചിക പദവി
കേരളത്തിലെ നേന്ത്രക്കായകളിലെ സവിശേഷ ഇനമായ ചെങ്ങാലിക്കോടന് ഭൗമസൂചിക പദവി ലഭിച്ചു. ചെന്നൈയിലെ ഭൗമസൂചിക ഇന്‍ഡിക്കേഷന്‍ രജിസ്ട്രിയാണ് പദവി നല്കിയത്.

മദ്യനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം
ഫൈവ് സ്റ്റാര്‍ ഹോട്ടലിനു മാത്രം ബാര്‍ മതിയെന്ന സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മാര്‍ച്ച് 31-ന് ശരിവെച്ചു. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇതോടെ, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ ബലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന 300 ബാറുകള്‍ പൂട്ടി.

യെമനിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് 'ഓപ്പറേഷന്‍ റാഹത്ത് '
സംഘര്‍ഷമേഖലയായ യെമനില്‍നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്  'ഓപ്പറേഷന്‍ റാഹത്ത്'  എന്ന് പേരിട്ടു.വിദേശകാര്യസഹമന്ത്രി വി.കെ സിങ്ങിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

അദിതി ആര്യ മിസ് ഇന്ത്യ 2015
ഡല്‍ഹിയില്‍ നിന്നുള്ള അദിതി ആര്യ ഫെമിന മിസ് ഇന്ത്യ 2015 സൗന്ദര്യകിരീടം ചൂടി. ആഫ്‌റീന്‍ റേച്ചല്‍ ഫസ്റ്റ് റണ്ണറപ്പും വര്‍തിക സിങ് മൂന്നാമതുമെത്തി.

കെ.എം. മാണി
ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വിവിധ സംസ്ഥാന ധമന്ത്രിമാരുടെ കമ്മറ്റി ചെയര്‍മാനായി കെ.എം. മാണിയെ തിരഞ്ഞെടുത്തു. 

ഭാരതി ഖേര്‍
ഫ്രാന്‍സിലെ ഏറ്റവുമുയര്‍ന്ന സാംസ്‌കാരിക പുരസ്‌കാരത്തിന് (നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ്് ലെറ്റേഴ്‌സ്) ഇന്ത്യക്കാരി ഭാരതി ഖേര്‍ അര്‍ഹയായി.

വി. മധുസൂദനന്‍ നായര്‍
കേരള കലാസാഹിത്യ അക്കാദമിയുടെ മഹാകവി എം.പി.അപ്പന്‍ പുരസ്‌കാരത്തിന് കവി വി. മധുസൂദനന്‍ നായര്‍ ('അച്ഛന്‍ പിറന്ന വീട്' ) അര്‍ഹനായി. 

ഇസ്ലാം കരിമോവ്
90 ശതമാനത്തിലേറെ വോട്ട് നേടി ഇസ്ലാം കരിമോവ് ഉസ്‌ബെക്കിസ്താന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ബ്രണ്ടന്‍ മക്കല്ലം
ഐ.സി.സി ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി ബ്രണ്ടന്‍ മക്കല്ലത്തെ തിരഞ്ഞെടുത്തു. 

വികാസ് സ്വരൂപ്
പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ വികാസ് സ്വരൂപിനെ വിദേശകാര്യമന്ത്രാലയ വക്താവായി നിയമിച്ചു. 

സുധാകര്‍ റെഡ്ഢി
സുരവരം സുധാകര്‍ റെഡ്ഢിയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തു. 

ഗോപാല്‍ദാസ് നീരജ്
പ്രഥമ കവി പ്രദീപ് സമ്മാന്‍ പ്രമുഖ ഹിന്ദി കവി ഗോപാല്‍ദാസ് നീരജിന്.