മാഗി ന്യൂഡില്‍സ് നെസ്‌ലെ പിന്‍വലിച്ചു
ലെഡിന്റെയും എംഎസ്ജിയുടെയും അളവിന്റെ പേരില്‍ വിവാദത്തിലായ മാഗി ന്യൂഡില്‍സ് വിപണിയില്‍നിന്ന് പിന്‍വലിച്ചു.
അനുവദനീയമായതില്‍ക്കവിഞ്ഞ് രാസഘടകങ്ങള്‍ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ വില്പന തമിഴ്‌നാട്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ഡല്‍ഹി, കേരളം എന്നീ സംസ്ഥാനങ്ങള്‍  വില്പന നിരോധിച്ചിരുന്നു.

താരിഖ് അസീസ് തടവറയില്‍ മരിച്ചു
സദ്ദാം ഹുസൈന്‍ ഇറാഖ് പ്രസിഡന്റായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വലംകൈ ആയിരുന്ന താരിഖ് അസീസ് ജൂണ്‍ 5-ന് അന്തരിച്ചു.
സദ്ദാമിന്റെ ഭരണകാലത്ത് വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അസീസ്  2003-ല്‍ ബാഗ്ദാദില്‍ യു.എസ്. സൈന്യം പ്രവേശിച്ചതിനെത്തുടര്‍ന്നാണ് കീഴടങ്ങിയത്.

ആദ്യ തലയോട്ടി മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരം
ലോകത്ത് ആദ്യമായി തലയോട്ടിയും അതിനോടു ചേര്‍ന്നുള്ള ചര്‍മവും വിജയകരമായി മാറ്റിവെച്ചു.ഹൂസ്റ്റണ്‍ മെഥഡിസ്റ്റ് ഹോസ്പിറ്റലില്‍ നടന്ന ശസ്ത്രക്രിയയില്‍ ഒരു തലയോട്ടിയെല്ലും അതിനോടു ചേര്‍ന്നുള്ള കോശങ്ങളും രക്തക്കുഴലുകളും ഡോക്ടര്‍മാര്‍ പുതുതായി വെച്ചുപിടിപ്പിക്കുകയായിരുന്നു.

പഞ്ചാബ് ആദ്യ ഇ-പഞ്ചായത്ത് സംസ്ഥാനം
എല്ലാ വില്ലേജിലേയും വിവരങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്ന ആദ്യ സംസ്ഥാനമെന്ന ബഹുമതി പഞ്ചാബിന്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇ-പഞ്ചായത്ത് സംസ്ഥാനമായ പഞ്ചാബിലെ 13,040 വില്ലേജുകള്‍ക്കും സ്വന്തമായി വെബ്‌സൈറ്റ് ഉണ്ട്.

വാജ്‌പേയിയെ ആദരിച്ച് ബംഗ്ലാദേശ്
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ബംഗ്ലാദേശ് സര്‍ക്കാറിന്റെ ആദരം. വാജ്‌പേയിക്കായി ബംഗ്ലാദേശ് നല്‍കുന്ന വിമോചന പോരാട്ട പുരസ്‌കാരം അദ്ദേഹത്തിനുവേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. 1971-ല്‍ പാകിസ്താനില്‍ നിന്നുള്ള മോചനത്തിന് നല്‍കിയ പിന്തുണയ്ക്കാണ് പുരസ്‌കാരം.

വിജിലന്‍സ് കമ്മീഷനും വിവരാവകാശകമ്മീഷനും പുതിയ അധ്യക്ഷന്മാര്‍
പുതിയ കേന്ദ്ര വിജിലന്‍സ് കമ്മീഷണറായി (സി.വി.സി.) കെ.വി. ചൗധരിയെ നിയമിച്ചു.വിജയ് ശര്‍മയാണ് പുതിയ മുഖ്യ വിവരാവകാശ കമ്മീഷണര്‍ (സി.ഐ.സി).ടി.എം. ഭസീന്‍ ആണ് കേന്ദ്ര വിജിലന്‍സ് കമ്മീഷനിലെ പുതിയ അംഗം.

ദിവാകര്‍ ഗുപ്ത എ.ഡി.ബി. വൈസ് പ്രസിഡന്റ്
ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് വൈസ് പ്രസിഡന്റായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ മാനേജിങ് ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ ദിവാകര്‍ ഗുപ്തയെ നിയമിച്ചു.ഇന്‍ഡൊനീഷ്യ മുന്‍ ഗതാഗത ഉപമന്ത്രി ബബാങ് സുസാന്തോയാണ് മറ്റൊരു വൈസ് പ്രസിഡന്റ്. ഏഷ്യന്‍ - പസഫിക് മേഖല രാജ്യങ്ങളിലെ ദാരിദ്യലഘൂകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും കാലാവസ്ഥാ സുസ്ഥിരതയ്ക്കും മേഖലയുടെ പരസ്പര സഹകരണത്തിനുംവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എ.ഡി.ബി.

തുര്‍ക്കിയില്‍ ഉര്‍ദുഗാന് തിരിച്ചടി
തുര്‍ക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടിക്ക് (എ.കെ. പാര്‍ട്ടി) ഭൂരിപക്ഷം നഷ്ടമായി.
550 അംഗ ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എ.കെ. പാര്‍ട്ടിക്ക് 258 സീറ്റുകളാണ് ലഭിച്ചത്. 13 വര്‍ഷമായി എ.കെ. പാര്‍ട്ടിയാണ് തുര്‍ക്കിയില്‍ ഭരണം കൈയാളുന്നത്.

ഐഐഎഫ്എ: കങ്കണ മികച്ച നടി, ഷാഹിദ് നടന്‍
'ക്വീന്‍' എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റണാവതിന് പതിനാറാം ഐ.ഐ.എഫ്.ഐയില്‍ മികച്ച നടിക്കുള്ള  അവാര്‍ഡ് ലഭിച്ചു. ഹൈദറിലെ പ്രകടനത്തിന് ഷാഹിദ് കപൂര്‍ മികച്ച നടനായി.
മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും വികാസ് ബാല്‍ സംവിധാനം ചെയ്ത ക്വീന്‍ നേടി. രാജ്കുമാര്‍ ഹിറാനിയാണ് (പികെ) മികച്ച സംവിധായകന്‍.

ചൊവ്വാദൗത്യത്തിന് 'പറക്കുംതളിക'
ചൊവ്വയടക്കമുള്ള വിദൂരഗ്രഹങ്ങളില്‍ ഭാരമേറിയ ഉപഗ്രഹങ്ങളും മറ്റും ഇറക്കാന്‍ സഹായിക്കുന്ന 'പറക്കുംതളികയുടെ' പരീക്ഷണം  നാസ ജൂണ്‍ 8-ന് വിജയകരമായി പൂര്‍ത്തിയാക്കി. മധ്യത്തില്‍ ദ്വാരമുള്ള വൃത്താകൃതിയിലുള്ള വായുനിറച്ച ബാഗും സൂപ്പര്‍സോണിക് പാരച്യൂട്ടും അടങ്ങിയതാണ് നാസയുടെ പുതിയ പറക്കുംതളിക.

കളിമണ്‍ കോര്‍ട്ടില്‍ വാവ്‌റിങ്കയും സെറീനയും ചാമ്പ്യന്മാര്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് കീരീടം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റെയിന്‍സ്ലാസ് വാവ്‌റിങ്ക സ്വന്തമാക്കി.ഫൈനലില്‍ നൊവാക് ദ്യോക്കോവിച്ചിനെയാണ് വാവ്‌റിങ്ക തോല്‍പ്പിച്ചത്. അമേരിക്കയുടെ സെറീന വില്യംസിനാണ് വനിതാ വിഭാഗം കിരീടം.ചെക് താരം ലൂസി സഫറോവയെയാണ് സെറീന തോല്‍പ്പിച്ചത്.

ചാമ്പ്യന്‍സ് ലീഗ് കിരീടം ബാഴ്‌സയ്ക്ക് 
യൂറോപ്പിന്റെ ചാമ്പ്യന്‍പട്ടം ബാഴ്‌സലോണ തിരിച്ചുപിടിച്ചു. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ 1-3-ന്  കീഴടക്കിയാണ് ബാഴ്‌സ അഞ്ചാം വട്ടം ജേതാക്കളായത്.
1991-92, 2005-06, 2008-09, 2010-11 എന്നീ സീസണുകളിലാണ് ബാഴ്‌സ ഇതിന് മുമ്പ് ചാമ്പ്യന്‍മാരായത്.

മാഞ്ചസ്റ്റര്‍ ആദ്യ നൂറുകോടി ഫുട്‌ബോള്‍ ബ്രാന്‍ഡ്
ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചരിത്രത്തിലെ ആദ്യ ബില്യണ്‍ ഡോളര്‍ (നൂറു കോടി) ഫുട്‌ബോള്‍ ബ്രാന്‍ഡായിമാറി.
ബ്രാന്‍ഡ് ഫിനാന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രാന്‍ഡ് മൂല്യം 1.2 ബില്യണ്‍ ഡോളറാണ് (7684 കോടി രൂപ).

വാസ്തുശില്‍പി ചാള്‍സ് കൊറയ അന്തരിച്ചു
ഇന്ത്യയുടെ 'മഹാനായ വാസ്തുശില്‍പി' ചാള്‍സ് കൊറയ ജൂണ്‍ 17-ന് അന്തരിച്ചു.വാസ്തുശില്പി, നഗരാസൂത്രകന്‍ എന്നീ നിലകളില്‍ ലോകപ്രശസ്തനായിരുന്നു.
തിരുവല്ലയിലെ പ്രശസ്തമായ പരുമല പള്ളി, തിരുവനന്തപുരം കോവളത്ത് പഞ്ചനക്ഷത്രഹോട്ടലായ ലീല കോവളം പ്രവര്‍ത്തിക്കുന്ന മന്ദിരം എന്നിവ ചാള്‍സ് കൊറയയുടെ വാസ്തുശില്പമികവിന്റെ ഉദാഹരണങ്ങളാണ്. സബര്‍മതിയിലെ ഗാന്ധിസ്മാരകം, ഭോപ്പാലിലെ വിധാന്‍ഭവന്‍ സഭ, ഭാരത് ഭവന്‍, ഗോവയിലെ കലാ അക്കാദമി, മുംബൈയിലെ കാഞ്ചന്‍ജംഗ കെട്ടിടസമുച്ചയം എന്നിവ കൊറയ രൂപകല്പന ചെയ്ത് നിര്‍മിച്ചവയാണ്. 1972-ല്‍ പദ്മശ്രീയും 2006-ല്‍ പദ്മവിഭൂഷണും നല്‍കി കൊറയയെ രാജ്യം ആദരിച്ചു.

ഭൂമി കൂട്ട വംശനാശഘട്ടത്തില്‍
മനുഷ്യന്റെ നിലനില്‍പുപോലും അപകടത്തിലാക്കുന്ന മറ്റൊരു കൂട്ട വംശനാശഘട്ടത്തിലേക്ക് ഭൂമി പ്രവേശിച്ചിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍.
4.5 ശതകോടി വര്‍ഷം നീണ്ട ചരിത്രത്തില്‍, ഭൂമിനേരിടുന്ന ആറാമത് കൂട്ട വംശനാശമാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് സയന്‍സ് അഡ്വാന്‍സസ് ജേണലി'ല്‍ പ്രസിദ്ധീകരിച്ച പഠനം ചൂïിക്കാണിക്കുന്നു. കാലാവസ്ഥാമാറ്റം, മലിനീകരണം, വനനശീകരണം എന്നിവയാണ് അതിവേഗത്തിലുള്ള വംശനാശത്തിന്റെ പ്രധാനകാരണം.

അഫ്ഗാന്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണം: 9 മരണം
അഫ്ഗാനിസ്താന്‍ പാര്‍ലമെന്റില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പതു പേര്‍ മരിച്ചു. പാര്‍ലമെന്റിന്റെ അധോസഭയില്‍ പുതിയ പ്രതിരോധമന്ത്രിയെ അവതരിപ്പിച്ച് വിശ്വാസവോട്ട് തേടാനൊരുങ്ങുന്നതിനിടെയാണ് ആക്രമണം നടന്നത്.

അന്താരാഷ്ട്ര യോഗാദിനം ആഘോഷിച്ചു
191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാദിനം ജൂണ്‍ 21-ന് ആഘോഷിച്ചു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ യോഗ ചെയ്തു. ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനു പിന്നാലെയാണ് ഈവര്‍ഷം ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി യു.എന്‍. പ്രഖ്യാപിച്ചത്. 

രാമചന്ദ്ര ഗുഹയ്ക്ക് ഫുക്കുവോക്ക സമ്മാനം
വിവിധ മേഖലകളില്‍ പ്രഗല്ഭരായ ഏഷ്യക്കാര്‍ക്കു നല്‍കുന്ന ജപ്പാനിലെ പ്രസിദ്ധമായ ഫുക്കുവോക്ക സമ്മാനം ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയ്ക്ക്. മുഹമ്മദ് യൂനുസ്, റോമിലാ ഥാപ്പര്‍, ആശിഷ് നന്ദി, മോയാന്‍ എന്നിവര്‍ ഇതിന് മുന്‍പ് ഈ പുരസ്‌കാരം നേടിയിട്ടുണ്ട്. സി.എന്‍.ആര്‍. റാവുവിന് ജപ്പാന്റെ പരമോന്നത ബഹുമതി പ്രമുഖശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവുവിന് ജപ്പാന്റെ പരമോന്നത സിവിലിയന്‍ ബഹുമതി സമ്മാനിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്രസാങ്കേതികബന്ധം വളര്‍ത്തുന്നതിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

സിസ്റ്റര്‍ നിര്‍മല ഓര്‍മയായി
മദര്‍ തെരേസയുടെ പിന്‍ഗാമിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ നിര്‍മല ജൂണ്‍ 22-ന് അന്തരിച്ചു.
പാവപ്പെട്ടവര്‍ക്കായി നല്‍കിയ സേവനങ്ങളുടെ പേരില്‍ 2009-ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ 18 നഗരങ്ങള്‍ 'അമൃത്' പദ്ധതിയില്‍
കേരളത്തിലെ 18 നഗരങ്ങള്‍ 'അമൃത്' പദ്ധതിയില്‍ (അടല്‍ മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം) ഉള്‍പ്പെടുത്തി വികസിപ്പിക്കും.കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, തിരുവനന്തപുരം,  കണ്ണൂര്‍, കൊല്ലം, ചേര്‍ത്തല, കായംകുളം, കോട്ടയം, പാലക്കാട്, ആലപ്പുഴ, ഒറ്റപ്പാലം, കാഞ്ഞങ്ങാട്, കാസര്‍കോട്, ചങ്ങനാശ്ശേരി, ചാലക്കുടി, കോതമംഗലം എന്നിവയാണ് നഗരങ്ങള്‍.ഇതോടൊപ്പം ഒരു സ്മാര്‍ട്ട് സിറ്റിയും സംസ്ഥാനത്തിന് ലഭിക്കും.രാജ്യമൊട്ടുക്കുമായി 500 നഗരങ്ങളാണ് അമൃതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പര ബംഗ്ലാദേശിന്
ഇന്ത്യക്കെതിരായ മൂന്നു മല്‍സര ഏകദിനപരമ്പര ബംഗ്ലാദേശ് 2-1-ന് നേടി. ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്റെ ആദ്യ പരമ്പരനേട്ടമാണിത്.
പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബംഗ്ലാ ബൗളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്.

സ്റ്റെഫി ഗ്രാഫ് ആയുര്‍വേദ ടൂറിസം ബ്രാന്‍ഡ് അംബാസഡര്‍ 
 മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം സ്റ്റെഫി ഗ്രാഫ് 'വിസിറ്റ് കേരള ഇയര്‍' എന്ന ടൂറിസം പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറാകും.
ഒരുവര്‍ഷത്തേക്കുള്ള കരാറിന്റെ ചെലവ് ഏതാണ്ട് നാലുകോടി രൂപയാണ്.
നാല് ഗ്രാന്‍ഡ്സ്ലാമുകളും ഒളിമ്പിക്‌സില്‍ സിംഗിള്‍സ് സ്വര്‍ണവും (ഗോള്‍ഡന്‍ സ്ലാം) നേടുന്ന ആദ്യതാരമാണ് സ്റ്റെഫി ഗ്രാഫ്.

മൂര്‍ത്തീദേവി സാഹിത്യപുരസ്‌കാരം ഡോ. വിശ്വനാഥ് ത്രിപാഠിക്ക്
2014-ലെ മൂര്‍ത്തീദേവി സാഹിത്യപുരസ്‌കാരം ഹിന്ദി സാഹിത്യകാരന്‍ ഡോ. വിശ്വനാഥ് ത്രിപാഠിക്ക്. ആചാര്യ ഹരിപ്രസാദ് ദ്വിവേദിയുടെ ജീവചരിത്രം 'വ്യോംകേശ് ധര്‍വേശ്' എന്ന ഗ്രന്ഥത്തിനാണ് പുരസ്‌കാരം.നാലുലക്ഷം രൂപയും സരസ്വതീശില്പവും ഫലകവുമാണ് അവാര്‍ഡ്. 2013-ലെ പുരസ്‌കാരം എഴുത്തുകാരന്‍ സി. രാധാകൃഷ്ണനായിരുന്നു.

ജയ്പുരിന് ക്രാഫ്റ്റ് സിറ്റി പദവി
വേള്‍ഡ് ക്രാഫ്റ്റ്‌സ് കൗണ്‍സിലിന്റെ വേള്‍ഡ് ക്രാഫ്റ്റ് സിറ്റി പദവി രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പുര്‍ സ്വന്തമാക്കി.
വിവിധ കരകൗശല കൈത്തൊഴിലുകളുള്ള നഗരമായ ജയ്പുരിന് പിങ്ക് സിറ്റിയെന്ന വിശേഷണവുമുണ്ട്.

ചെന്നൈ മെട്രോ കമ്മീഷന്‍ ചെയ്തു
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി.
കോയമ്പേടില്‍നിന്ന് ആലന്തൂര്‍വരെയുള്ള പത്തുകിലോമീറ്റര്‍ പാതയാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനംചെയ്യപ്പെട്ടത്.
മിനിമം ചാര്‍ജ് 10 രൂപയും പരമാവധി ചാര്‍ജ് 40 രൂപയുമാണ്.

ഏഷ്യയുടെ പുതിയ ബാങ്കിനായി 50 രാജ്യങ്ങള്‍ കരാറിലെത്തി
ചൈനയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഏഷ്യന്‍ അടിസ്ഥാനസൗകര്യ നിക്ഷേപ ബാങ്കിന്റെ (എ.ഐ.ഐ.ബി.) നിയമപരമായ ചട്ടക്കൂടിനുള്ള കരാറില്‍ ഇന്ത്യയടക്കമുള്ള 50 സ്ഥാപകരാജ്യങ്ങള്‍ ഒപ്പിട്ടു.
10,000 കോടി അമേരിക്കന്‍ ഡോളറാണ് ബാങ്കിന്റെ മൂലധനം. ഇതിന്റെ 75 ശതമാനം ഏഷ്യന്‍ രാജ്യങ്ങളുടെ വിഹിതമാണ്.
ചൈന, ഇന്ത്യ, റഷ്യ എന്നീ രാജ്യങ്ങളാണ് വലിയ ഓഹരി പങ്കാളികള്‍.

സ്വവര്‍ഗവിവാഹം അംഗീകരിച്ച് യു.എസ്സും
സ്വവര്‍ഗവിവാഹത്തിന് നിയമസാധുത നല്‍കിയ 23-ാമത്തെ രാജ്യമായി അമേരിക്ക മാറി.
നെതര്‍ലന്‍ഡ്‌സാണ് ആദ്യമായി ഒരേ ലിംഗത്തില്‍പെട്ടവരുടെ വിവാഹത്തിന് അംഗീകാരം നല്‍കിയത്.

യു.എസ്. സേന ഏറ്റവും വലിയ തൊഴില്‍ദാതാവ്
ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളെന്ന പദവി ഇന്ത്യന്‍ റെയില്‍വേക്ക് നഷ്ടമായി.
ലോക സാമ്പത്തിക ഫോറം നടത്തിയ ഗവേഷണപ്രബന്ധപ്രകാരം അമേരിക്കന്‍ പ്രതിരോധവകുപ്പാണ് (32 ലക്ഷം പേര്‍) ഏറ്റവും വലിയ തൊഴില്‍ദാതാവ്.
23 ലക്ഷം തൊഴിലാളികളുമായി ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി രണ്ടാംസ്ഥാനം നേടിയപ്പോള്‍ 14 ലക്ഷം ജീവനക്കാരുമായി ഇന്ത്യന്‍ റെയില്‍വേ എട്ടാമതാണ്.

അരുവിക്കരയില്‍ ശബരീനാഥന്‍, ആര്‍.കെ. നഗറില്‍ ജയലളിത
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ.എസ്. ശബരീനാഥന്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
ശബരീനാഥന് 56,448 വോട്ട് ലഭിച്ചപ്പോള്‍ ഇടതുസ്ഥാനാര്‍ഥി എം. വിജയകുമാറിന് ലഭിച്ചത് 46,320 വോട്ടാണ്.
ബി.ജെ.പി. സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ 34,145 വോട്ടുകള്‍ നേടി മൂന്നാമതെത്തി.
തമിഴ്‌നാട്ടിലെ ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ 1,50,722 വോട്ടുകളുടെ വ്യത്യാസത്തിനാണ് ജയലളിത വിജയിച്ചത്.
ത്രിപുരയിലെ പ്രതാപ്ഗഢ്, സുര്‍മ മണ്ഡലങ്ങളില്‍ സി.പി.എമ്മും മധ്യപ്രദേശിലെ ഗാരോത്ത് മണ്ഡലത്തില്‍  ബി.ജെ.പി.യും മേഘാലയയിലെ ചോക്‌പോഡില്‍ കോണ്‍ഗ്രസ്സും വിജയിച്ചു.

കെ.പി.പി. നമ്പ്യാര്‍ അന്തരിച്ചു
രാജ്യത്തിലെ പ്രമുഖ ഇലക്‌ട്രോണിക് വിദഗ്ധനും കെല്‍ട്രോണ്‍ സ്ഥാപകനും കേന്ദ്ര ഇലക്‌ട്രോണിക്‌സ് വകുപ്പിന്റെ മുന്‍ സെക്രട്ടറിയുമായ കെ.പി.പി. നമ്പ്യാര്‍ ജൂണ്‍ 30-ന് അന്തരിച്ചു.കെല്‍ട്രോണിന്റെ ആദ്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്ന അദ്ദേഹം 1987-ല്‍ കേന്ദ്രസര്‍ക്കാറിന്റെ ഇലക്‌ട്രോണിക്‌സ് വകുപ്പിന്റെ (ഇപ്പോഴത്തെ ഐ.ടി.വകുപ്പ്) സെക്രട്ടറിസ്ഥാനത്തെത്തി. 2006-ല്‍ പത്മഭൂഷന്‍ നല്‍കി രാജ്യം കെ.പി.പി. നമ്പ്യാരെ ആദരിച്ചു.

എസ്.എം.എസ്സിന്റെ പിതാവ് മാറ്റി മക്കോനെന്‍ ഓര്‍മയായി
മൊബൈലിലൂടെ എസ്.എം.എസ്. സന്ദേശങ്ങളയയ്ക്കാമെന്ന് കണ്ടുപിടിച്ച മാറ്റി മക്കോനെന്‍ അന്തരിച്ചു.
നോക്കിയ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് എസ്.എം.എസ്. എന്ന ആശയം കണ്ടുപിടിക്കുന്നത്.
2008-ല്‍ 'ദി എക്കണോമിസ്റ്റ് ഇന്നവേഷന്‍ അവാര്‍ഡ്' നേടി.

സഹീര്‍ അബ്ബാസ് ഐ.സി.സി. പ്രസിഡന്റ്
പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സഹീര്‍ അബ്ബാസ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ പ്രസിഡന്റാവും.
ബംഗ്ലാദേശില്‍നിന്നുള്ള മുസ്തഫ കമാല്‍ രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം.

സഞ്ജു സാംസണ്‍ 'ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍'
കേരള ക്രിക്കറ്റ് അസോസിയേഷന്റെ കഴിഞ്ഞ വര്‍ഷത്തെ 'ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് സഞ്ജു സാംസണ്.
ആജീവനാന്ത സംഭാവനകള്‍ക്കുള്ള ജി.വി. രാജാ അവാര്‍ഡ് ഡോ. മുഹമ്മദ് ഇബ്രാഹിമിനും മികച്ച കോച്ചിനുള്ള അവാര്‍ഡ് പി. ബാലചന്ദ്രനുമാണ്.
എസ്. സജ്‌നയ്ക്കാണ് 'വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ്.

സച്ചിന്‍ 21-ാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് താരം
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറെ 21-ാം നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റ് താരമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ വെബ്‌സൈറ്റ് തിരഞ്ഞെടുത്തു.
ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര രണ്ടാം സ്ഥാനവും ഓസ്‌ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് മൂന്നാം സ്ഥാനവും നേടി.

ജെയിംസ് ഒണര്‍
ടൈറ്റാനിക്കിലെ 'മൈ ഹാര്‍ട്ട് വില്‍ ഗോ ഓണ്‍...' എന്ന അതിപ്രശസ്ത ഗാനമുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ഹോളിവുഡ് സംഗീതസംവിധായകന്‍ ജെയിംസ് റോയ് ഒണര്‍  22-ന് വിമാനാപകടത്തില്‍ മരിച്ചു.

ഉമാ ശങ്കര്‍
കേരളം, ലക്ഷദ്വീപ്, മാഹി പ്രദേശങ്ങളുടെ ചുമതലയുള്ള ബാങ്കിങ് ഓംബുഡ്‌സ്മാനായി ഉമാ ശങ്കര്‍ ചുമതലയേറ്റു.

ആകാര്‍ പട്ടേല്‍
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ആകാര്‍ പട്ടേല്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു.

അര്‍ച്ചന രാമസുന്ദരം
നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ ഡയറക്ടറായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ അര്‍ച്ചന രാമസുന്ദരത്തെ നിയമിച്ചു.

പ്രഫുല്‍ ബിദ്വായ്
പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന പ്രഫുല്‍ ബിദ്വായ് ജൂണ്‍ 23-ന്  അന്തരിച്ചു.