ബലാത്സംഗകേസുകള്‍ ഒത്തുതീര്‍ക്കേണ്ടെന്ന് സുപ്രീംകോടതി
ബലാത്സംഗകേസുകളില്‍ ഒരുസാഹചര്യത്തിലും ഒത്തുതീര്‍പ്പിന് കോടതികള്‍ നിര്‍ദേശിക്കരുതെന്ന് സുപ്രീംകോടതി വിധിച്ചു. ബലാത്സംഗകേസ് ഒത്തുതീര്‍പ്പാക്കാന്‍ മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് അടുത്തിടെ വിവാദമായിരുന്നു.

ഡിജിറ്റല്‍ സാക്ഷരതയ്ക്കായി 'ഡിജിറ്റല്‍ ഇന്ത്യ'
2019-ഓടെ രാജ്യത്താകമാനം ഡിജിറ്റല്‍ സാക്ഷരത ഉറപ്പുവരുത്തി ഇ-ഭരണം ലക്ഷ്യമിടുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലായ് 1-ന് തുടക്കംകുറിച്ചു. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്‍ഡ് കണക്ഷനും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വൈഫൈ സംവിധാനവും ഏര്‍പ്പെടുത്താന്‍ പദ്ധതി ലക്ഷ്യമിടുന്നു.2.5 ലക്ഷം ഗ്രാമപ്പഞ്ചായത്തുകളെ അതിവേഗ ഇന്റര്‍നെറ്റ് ഹൈവേയുമായി ബന്ധപ്പെടുത്തുന്ന ഭാരത് നെറ്റ് സംവിധാനവും കടലാസ് രഹിത ബാങ്കിങ് സംവിധാനവും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാണ്.

എച്ച്.ഐ.വി. പ്രതിരോധത്തില്‍ ചരിത്രമെഴുതി ക്യൂബ
അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എച്ച്.ഐ.വി.യും സിഫിലിസും പകരുന്നത് പൂര്‍ണമായും ഇല്ലാതാക്കിയ ആദ്യ രാജ്യമായി ക്യൂബ മാറി. ക്യൂബയില്‍ നിലവില്‍ എച്ച്.ഐ.വി. പകര്‍ച്ചയുടെ തോത് 1.85 ശതമാനം മാത്രമാണ്.  വര്‍ഷംതോറും ലോകത്താകെ 14 ലക്ഷം എച്ച്.ഐ.വി. ബാധിതരായ സ്ത്രീകള്‍ ഗര്‍ഭം ധരിക്കുന്നുവെന്നാണ് കണക്ക്.

പോള്‍ സിങ്ങിന് ലോക കാര്‍ഷിക പുരസ്‌കാരം
ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ ആര്‍. പോള്‍ സിങ്ങിന് ലോക കാര്‍ഷിക പുരസ്‌കാരം. ഭക്ഷ്യവസ്തുക്കള്‍ തണുപ്പിച്ച് സൂക്ഷിക്കല്‍, വിളവെടുപ്പാനന്തര സാങ്കേതികവിദ്യ, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ മേഖലകള്‍ക്ക് നല്‍കിയ സംഭാവനയാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

സാമൂഹിക-സാമ്പത്തിക സെന്‍സസ് പുറത്തുവിട്ടു
ഗ്രാമീണ ഇന്ത്യയിലെ സ്ഥിതി ഭീതിജനകമാണെന്നു വ്യക്തമാക്കുന്ന സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കി.രാജ്യത്തെ 640 ജില്ലയില്‍നിന്നുള്ള സാമ്പിളുകള്‍ പരിഗണിച്ച് 2011-ലാണ് കണക്കെടുപ്പ് നടത്തിയത്.  രാജ്യത്ത് 24.39 കോടി കുടുംബങ്ങളില്‍ 17.91 കോടിയും (73 ശതമാനം) ഗ്രാമീണമേഖലയിലാണ്.  7.05 കോടി കുടുംബങ്ങളും 10,000 രൂപയില്‍ താഴെ മാസവരുമാനമുള്ളവരാണ്. കേരളത്തില്‍ 30,75,937 പേര്‍ (11.38 ശതമാനം) നിരക്ഷരരാണെന്ന് സര്‍വേ പറയുന്നു. കേരളത്തില്‍ ആകെ 28 ശതമാനത്തിനു മാത്രമെ ഭൂമിയുള്ളൂ. 2.37 കോടി കുടുംബങ്ങള്‍ക്കും തേയ്ക്കാത്ത ഒറ്റമുറിവീട് മാത്രമാണെന്നും കേരളത്തില്‍ 18,68,262 ഗ്രാമീണവീടുകളിലും മൂന്നു മുറിയിലധികമുïെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അഭിമാനത്തോടെ കേരളം
രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയായ സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് ചങ്ങനാശ്ശേരി സ്വദേശിനി ഡോ. രേണു രാജ് സ്വന്തമാക്കി.  മലയാളം ഐച്ഛികവിഷയമായെടുത്ത രേണു ആദ്യശ്രമത്തില്‍ത്തന്നെയാണ് ഈ നേട്ടം  കൈവരിച്ചത്.  പട്ടം സ്വദേശി ആശ അജിത്ത് (40-ാം റാങ്ക്), ചങ്ങനാശ്ശേരി സ്വദേശി ജെറോമിക് ജോര്‍ജ് (72-ാം റാങ്ക്), ബെംഗളൂരുവില്‍ പരീക്ഷയെഴുതിയ തൃശ്ശൂര്‍ സ്വദേശി ധന്യ (170-ാം റാങ്ക്), പാലക്കാട് സ്വദേശി എ. ദീപ്തി (179-ാം റാങ്ക്), കോട്ടയം സ്വദേശി സുജിത്ത് ദാസ് (679-ാം റാങ്ക്) എന്നിവരും സിവില്‍ സര്‍വീസ് പട്ടികയില്‍ ഇടംപിടിച്ചു. ഡല്‍ഹി സ്വദേശിനി ഇറ സിംഗാളിനാണ് ഒന്നാംറാങ്ക്. മൂന്നാംറാങ്ക്  നിധി ഗുപ്തയും നാലാം റാങ്ക് വന്ദനറാവും നേടി.

ചിലിക്ക് ആദ്യ കോപ്പ കിരീടം 
കോപ്പ അമേരിക്ക കിരീടം ആതിഥേയരായ ചിലി കരസ്ഥമാക്കി.ഫൈനലില്‍ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് (4-1) ചിലി തോല്‍പ്പിച്ചത്. കോപ്പ അമേരിക്കയിലെ ആദ്യ കിരീടമാണ് ചിലി സ്വന്തമാക്കുന്നത്.  പരാഗ്വയെ തോല്‍പ്പിച്ച പെറു മുന്നാംസ്ഥാനം നേടി.

വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അമേരിക്കയ്ക്ക്
വനിതാ ലോകകപ്പ് ഫുട്‌ബോള്‍ കിരീടം അമേരിക്കയ്ക്ക്. ജപ്പാനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് അമേരിക്ക കീഴടക്കിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കാര്‍ലി ലോയിഡിനാണ് ഗോള്‍ഡന്‍ ഗോള്‍ പുരസ്‌കാരം.

മധ്യപ്രദേശ് കൈകഴുകി ഗിന്നസ് ബുക്കില്‍
വൃത്തിക്ക് മുന്തിയ പരിഗണന നല്‍കി മധ്യപ്രദേശ് ഗിന്നസ് ബുക്കില്‍ കയറി. ഒക്ടോബര്‍ 15-ലെ ലോക കൈകഴുകല്‍ദിനത്തില്‍ 12 ലക്ഷത്തിലേറെ വിദ്യാര്‍ഥികളെ അണിനിരത്തിയ മധ്യപ്രദേശിന്റെ പ്രകടനം ഗിന്നസ് ബുക്ക് അധികൃതര്‍ ലോകറെക്കോഡായി അംഗീകരിച്ചു.രാജ്യത്തെ ആളോഹരി വരുമാനം 9.7 ശതമാനം വര്‍ധിച്ചു രാജ്യത്തെ ആളോഹരി വരുമാനത്തില്‍ 9.7 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി ലോക ബാങ്ക് റിപ്പോര്‍ട്ട്. 2013-ലെ 1,487 ഡോളറില്‍നിന്ന് 2014ല്‍ 1,631 ഡോളറായാണ് വര്‍ധിച്ചത്. ആളോഹരി വരുമാനത്തിന്റെ കാര്യത്തില്‍ ലോകത്ത് 169-ാം സ്ഥാനത്താണ് ഇന്ത്യ.

നെറ്റ് സമത്വത്തിന് പിന്തുണയുമായി ട്രായ് സമിതി
വെബ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഇന്റര്‍നെറ്റ് സമത്വത്തിന് (നെറ്റ് ന്യൂട്രാലിറ്റി) അനുകൂലമായി കേന്ദ്ര ടെലികോം മന്ത്രാലയം നിയമിച്ച സമിതി റിപ്പോര്‍ട്ട് നല്‍കി. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ 'ഫെയ്‌സ്ബുക്ക്', 'വാട്‌സ് ആപ്' പോലുള്ള പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം സമിതി തള്ളി. ഡിജിറ്റല്‍ ലോകത്തെ സങ്കീര്‍ണതകള്‍ നേരിടുന്നതിന് വിദഗ്ധസംഘത്തെ നിയമിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഖത്തര്‍ ഏറ്റവും സമ്പന്ന രാഷ്ട്രം
ലോകത്തെ ഏറ്റവും ധനികരാജ്യം ഖത്തര്‍ ആണെന്ന് ഗ്ലോബല്‍ ഫിനാന്‍സ് മാഗസിന്‍ റിപ്പോര്‍ട്ട്. ലക്‌സംബര്‍ഗ്, സിംഗപ്പുര്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2009 മുതല്‍ 2013 വരെയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയ പട്ടികയില്‍ ഇന്ത്യ 130-ാം സ്ഥാനത്താണ്.

റിത ചൗധരി നാഷനല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടര്‍
എഴുത്തുകാരിയും സാഹിത്യ അക്കാദമി അവാഡ് ജേതാവുമായ റിത ചൗധരിയെ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഡയറക്ടറായി മാനവവിഭവശേഷിമന്ത്രാലയം നിയമിച്ചു.  എം.എ. സിക്കന്ദറിന് പകരമായാണ് റിത ചൗധരിയുടെ നിയമനം.  ഇംഗ്ലീഷ്, ഹിന്ദി, മറ്റ് പ്രദേശികഭാഷകള്‍ എന്നിവയില്‍ മികച്ച പുസ്തകങ്ങള്‍ തയ്യാറാക്കുന്നതിനായാണ് 1957-ല്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് രൂപവത്കരിച്ചത്.

ബ്രിക്‌സ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങി
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ബ്രിക്‌സ് ബാങ്കിന്റെ പ്രവര്‍ത്തനം തുടങ്ങി. പ്രാരംഭ മൂലധനത്തില്‍ 4,100 കോടിയാണ് ചൈനയുടെ വിഹിതം. ഇന്ത്യയും ബ്രസീലും റഷ്യയും 1,800 കോടി ഡോളര്‍ വീതം നിക്ഷേപിക്കും. ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ ചെയര്‍മാനായിരുന്ന കെ.വി. കാമത്താണ് ബ്രിക്‌സ് ബാങ്കിന്റെ പുതിയ പ്രസിഡന്റ്.

പുരുഷന്മാരുടെ വിവാഹപ്രായം പതിനെട്ടാക്കാന്‍ ശുപാര്‍ശ
ആണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടുവയസ്സായി കുറയ്ക്കാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നതതലസമിതി ശുപാര്‍ശ ചെയ്തു. മുസ്‌ലിങ്ങള്‍ക്കിടയില്‍ തലാഖ് ചൊല്ലിയുള്ള വിവാഹമോചനരീതി നിരോധിക്കണമെന്നും ശുപാര്‍ശയുണ്ട്. സ്വവര്‍ഗലൈംഗികത ക്രിമിനല്‍ കുറ്റമല്ലാതാക്കുക, സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തിന് പെണ്‍കുട്ടികള്‍ക്കുള്ള പ്രായപരിധി 16 വയസ്സാക്കി കുറയ്ക്കുക തുടങ്ങിയവയാണ് മറ്റു പ്രധാനപ്പെട്ട ശുപാര്‍ശകള്‍. ഇന്ത്യയിലെ സ്ത്രീകളുടെ ജീവിതനിലവാരത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട ഡോ. പാം രാജ്പുത് അധ്യക്ഷയായ പതിനാലംഗസമിതിയുടെതാണ് റിപ്പോര്‍ട്ട്.

ദേശീയ കരിയര്‍ സര്‍വീസ് നിലവില്‍ വന്നു
രാജ്യത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഏകോപിപ്പിച്ചും സേവനങ്ങള്‍ പരിഷ്‌കരിച്ചുകൊണ്ടും 'ദേശീയ കരിയര്‍ സര്‍വീസ്' നിലവില്‍ വന്നു.  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ സന്ദര്‍ശനവും രജിസ്‌ട്രേഷനും ഒഴിവാക്കി നേരിട്ട് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നതാണ് ഈ സംവിധാനം. തൊഴിലന്വേഷകര്‍ക്കും തൊഴിലുടമകള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുംവിധമാണ് ദേശീയതലത്തില്‍ എന്‍.സി.എസ്. പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുക.

സൂപ്പര്‍ ക്രയോജനിക് എഞ്ചിന്‍ പരീക്ഷണം വിജയം
ബഹിരാകാശ പരീക്ഷണരംഗത്ത് ഇന്ത്യക്ക് മറ്റൊരു വിജയഗാഥ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അതിശക്തമായ ക്രയോജനിക് എഞ്ചിന്റെ ഭൂതല പരീക്ഷണം ഐ.എസ്.ആര്‍.ഒ. വിജയകരമായി പൂര്‍ത്തിയാക്കി.തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയില്‍ ഐ.എസ്.ആര്‍.ഒ. പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലാണ് പരീക്ഷണം നടന്നത്. ദ്രവീകൃത ഹൈഡ്രജനും ദ്രവീകൃത ഓക്‌സിജനുമാണ് ക്രയോ സ്റ്റേജില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്.

ഇറാന്‍ ആണവധാരണയ്ക്ക് രക്ഷാസമിതി അംഗീകാരം
ഇറാനും ആറു വന്‍ശക്തികളുമായുïാക്കിയ ആണവധാരണ യു.എന്‍. സുരക്ഷാസമിതി ഐകകണ്‌ഠേന അംഗീകരിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) സാക്ഷ്യപ്പെടുത്തുന്നതോടെ യു.എന്‍. ഉള്‍പ്പെടെയുള്ളവര്‍ ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നീക്കുന്നതിന് തുടക്കമാകും.

രാജ്യത്ത് ഒരുമണിക്കൂറില്‍ ജീവനൊടുക്കുന്നത് 15 പേര്‍
ഇന്ത്യയില്‍ മണിക്കൂറില്‍ 15 പേര്‍ ജിവനൊടുക്കുന്നതായി ദേശീയക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ജീവനൊടുക്കിയത് 5,650 കര്‍ഷകരുള്‍പ്പെടെ 1,31,666 പേരാണ്.  2014-ല്‍  8,446 പേരാണ് (ആകെ ആത്മഹത്യയുടെ 6.4 ശതമാനം) കേരളത്തില്‍ ജീവനൊടുക്കിയത്.

മാറക്കാനോ ഹീറോ ഗിഗ്ഗിയ അന്തരിച്ചു
മാറക്കാന ദുരന്തം എന്ന പേരില്‍ ഫുട്‌ബോള്‍ ലോകത്ത്  പ്രസിദ്ധമായ ലോകകപ്പ് മത്സരത്തിലെ ഹീറോ ഉറുഗ്വായുടെ അല്‍സീഡസ് എഡ്ഗാര്‍ഡോ ഗിഗ്ഗിയ ജൂലായ് 16-ന് അന്തരിച്ചു. 1950-ലെ ലോകകപ്പില്‍ ബ്രസീലിലെ റിയോ ഡി ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തില്‍ ബ്രസീലിനെ തോല്‍പിച്ച രണ്ടാമത്തെ ഗോള്‍ നേടിയ താരമായിരുന്നു.

ഫോര്‍ച്യൂണ്‍ പട്ടികയില്‍  ഏഴ് ഇന്ത്യന്‍ കമ്പനികള്‍
ലോകത്തെ മികച്ച 500 കമ്പനികളുടെ ഫോര്‍ച്യൂണ്‍ പട്ടികയില്‍ ഇന്ത്യന്‍ ഓയില്‍, എസ്.ബി.ഐ., ടാറ്റ മോട്ടോഴ്‌സ് ഉള്‍പ്പെടെ രാജ്യത്ത ഏഴ് കമ്പനികള്‍ സ്ഥാനംപിടിച്ചു. ഇന്ത്യന്‍ ഓയിലാണ് രാജ്യത്തുനിന്നുള്ള കമ്പനികളില്‍ ഒന്നാംസ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് (158), ടാറ്റ മോട്ടോഴ്‌സ് (254), എസ്.ബി.ഐ. (260), ഭാരത് പെട്രോളിയം (280), ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒ.എന്‍.ജി.സി. (449) എന്നിങ്ങനെയാണ് ഇന്ത്യന്‍ കമ്പനികളുടെ സ്ഥാനങ്ങള്‍.

കോപ്ലെ മെഡല്‍ പീറ്റര്‍ ഹിഗ്‌സിന്
നൊബേല്‍ സമ്മാന ജേതാവായ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സിന് കോപ്ലെ മെഡല്‍. ഹിഗ്‌സ് ബോസോണ്‍ സിദ്ധാന്തം മുന്നോട്ടുവെച്ചതാണ് ഹിഗ്‌സിനെ ബ്രിട്ടീഷ് റോയല്‍ സൊസൈറ്റി നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ശാസ്ത്ര പുരസ്‌കാരമെന്നാണ് കോപ്ലെ മെഡല്‍ അറിയപ്പെടുന്നത്.

ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി
ഭൂമിയോട് ഏറ്റവും സാദൃശ്യമുള്ള അന്യഗ്രഹത്തെ കണ്ടെത്തി. സൂര്യനെപ്പോലൊരു വിദൂരനക്ഷത്രത്തിന്റെ 'വാസയോഗ്യ മേഖല'യില്‍ സ്ഥിതിചെയ്യുന്ന 'കെപ്ലര്‍ 452 ബി' ഗ്രഹത്തെ നാസയുടെ കെപ്ലര്‍ ദൗത്യത്തിന്റെ ഭാഗമായാണ് തിരിച്ചറിഞ്ഞത്. ഭൂമിയില്‍നിന്ന് 1400 പ്രകാശവര്‍ഷമകലെ സൈഗ്‌നസ് നക്ഷത്രഗണത്തില്‍ ആണ് 'കെപ്ലര്‍ 452 ബി' യുടെ സ്ഥാനം.

ആദ്യ മലമ്പനി വാക്‌സിന് പച്ചക്കൊടി
മലേറിയ (മലമ്പനി) പ്രതിരോധിക്കാന്‍ കണ്ടെത്തിയ ആദ്യ വാക്‌സിന് യൂറോപ്യന്‍ ഔഷധനിയന്ത്രണ വിഭാഗത്തിന്റെ അംഗീകാരം.ആര്‍.ടി.എസ്.എസ്. അഥവാ മോസ്‌ക്യുറിക്‌സ് എന്ന് വിളിക്കപ്പെടുന്ന വാക്‌സിന്‍, മലേറിയ പ്രതിരോധത്തിന് ഉപയോഗിക്കാന്‍ ആദ്യമായി ലൈസന്‍സ് ലഭിക്കുന്ന മനുഷ്യവാക്‌സിനാണ്.

നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ 
നാലുകാലുള്ള പാമ്പിന്റെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തി.11.3 കോടി വര്‍ഷംമുമ്പ് ക്രിറ്റേഷ്യസ് യുഗത്തില്‍ ദിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന 'നാല്‍ക്കാലി പാമ്പി'ന്റേതാണ് ഫോസില്‍.'ടെറാപോഡോഫിസ് ആംപ്ലിക്ടസ്' എന്ന് ഗവേഷകര്‍ പേരിട്ടിരിക്കുന്ന ഇത് 19.5 സെന്റീമീറ്റര്‍ മാത്രം നീളമുള്ള പാമ്പിന്‍കുഞ്ഞിന്റെ ഫോസിലാണ്. ലോക്‌സഭയിലേക്ക് പുതിയ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍  ലോക്‌സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളായി മലയാളിയായ പ്രൊഫ. റിച്ചാര്‍ഡ് ഹെ, ബംഗാളിയായ ജോര്‍ജ് ബേക്കര്‍ എന്നിവരെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. തലശ്ശേരി സ്വദേശിയായ റിച്ചാര്‍ഡ് ഹെ ഗവ. ബ്രണ്ണന്‍ കോളേജ് ഉള്‍പ്പെടെ ഏഴ് കോളേജുകളില്‍ അധ്യാപകനായും മടപ്പള്ളി കോളേജടക്കം അഞ്ചിടങ്ങളില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ബി.ജെ.പി. അംഗവും ബംഗാളിലെ ചലച്ചിത്രതാരവുമാണ് ജോര്‍ജ് ബേക്കര്‍.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളം മുന്നില്‍
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ കേരളം ഒന്നാംസ്ഥാനത്ത് എത്തി.  ജൂലായ് 21-ലെ പുരോഗതി റിപ്പോര്‍ട്ട് പ്രകാരം 83.89 ശതമാനം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് കേരളം ഒന്നാംസ്ഥാനം കൈവരിച്ചത്. ഗോവ 83.58, ആന്ധ്രാപ്രദേശ് 80.74, ഉത്തര്‍പ്രദേശ് 76.95, പഞ്ചാബ് 70.43, അസം 68.27, പുതുച്ചേരി 66.39, രാജസ്ഥാന്‍ 65.56 എന്നിവയാണ് പട്ടികയിലെ മറ്റ് സംസ്ഥാനങ്ങള്‍.

വിമാനമാര്‍ഗം ഹൃദയമെത്തിച്ച് ആദ്യ ശസ്ത്രക്രിയ
കേരളത്തില്‍ ആദ്യമായി വിമാനമാര്‍ഗം ഹൃദയമെത്തിച്ച് മാറ്റിവെക്കല്‍ ശസ്ത്രക്രിയ യാഥാര്‍ഥ്യമായി. ഹൃദ്രോഗബാധിതനായ ചാലക്കുടി സ്വദേശി മാത്യു ആന്റണിക്കായാണ് തിരുവനന്തപുരം സ്വദേശി അഡ്വ. എസ്. നീലകണ്ഠശര്‍മയുടെ ഹൃദയം എത്തിച്ചത്. ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്.  എറണാകുളം ലിസി ആസ്പത്രിയിലായിരുന്നു ശസ്ത്രക്രിയ.

ഡോ. എ.പി.ജെ. അബ്ദുള്‍കലാം ഓര്‍മയായി
മുന്‍രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍സ്വപ്‌നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. അവുല്‍ പക്കീര്‍ ജയ്‌നുലബ്ദീന്‍ അബ്ദുല്‍കലാം ഓര്‍മയായി. ജൂലായ് 27-ന് മേഘാലയയിലെ ഷില്ലോങ്ങില്‍ ഐ.ഐ.എം. സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 2002 മുതല്‍ 2007 വരെ രാജ്യത്തിന്റെ പന്ത്രïാമത് രാഷ്ട്രപതിയായിരുന്നു.മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഭൗതികശാസ്ത്രത്തിലും മദ്രാസ് ഐ.ഐ.ടി.യില്‍നിന്ന് ബഹിരാകാശ എഞ്ചിനിയറിങ്ങിലും ബിരുദം നേടിയ അദ്ദേഹം ഡി.ആര്‍.ഡി.ഒ.യില്‍ ശാസ്ത്രജ്ഞനായിട്ടാണ് ഔദ്യോഗികജീവിതം തുടങ്ങിയത്. അഗ്നി, പൃഥ്വി തുടങ്ങിയ മധ്യദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം 1992-99 കാലഘട്ടത്തില്‍ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്‌ത്രോപദേഷ്ടാവ്, ഡി.ആര്‍.ഡി.ഒ.യുടെ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.1997-ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന, പത്മഭൂഷണ്‍ (1981), പത്മവിഭൂഷണ്‍ (1990), ദേശീയ ഉദ്ഗ്രഥനത്തിനുളള ഇന്ദിരാഗാന്ധിപുരസ്‌കാരം (1997), വീര്‍ സവര്‍ക്കര്‍, രാമാനുജന്‍ പുരസ്‌കാരങ്ങള്‍, കാലിഫോര്‍ണിയ സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ വോണ്‍ കാര്‍മല്‍ വിങ്‌സ് പുരസ്‌കാരം എന്നിവയും ലഭിച്ചു. 'അഗ്നിച്ചിറകുകള്‍'  ആണ് ആത്മകഥ.

ഐ.പി.എല്‍. വാതുവെപ്പ്: ശ്രീശാന്ത് കുറ്റമുക്തന്‍
ഐ.പി.എല്‍. ക്രിക്കറ്റ് വാതുവെപ്പുകേസില്‍  എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില എന്നിവരുള്‍പ്പെടെ 36 പേരെ ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. 2013 ഐ.പി.എല്‍. സീസണില്‍ വാതുവെപ്പുസംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ മൂന്നുപേരെയും ഡല്‍ഹി പോലീസ് അറസ്റ്റുചെയ്തത്.

കോണ്‍കകാഫ് ഗോള്‍ഡ്കപ്പ് മെക്‌സിക്കോയ്ക്ക്
ജമൈക്കയെ തോല്‍പിച്ച് കരുത്തരായ മെക്‌സിക്കോ കോണ്‍കകാഫ് ഗോള്‍ഡ്കപ്പ് ഫുട്‌ബോള്‍ കിരീടം വീണ്ടെടുത്തു. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെക്‌സിക്കോയുടെ ജയം.ഷൂട്ടൗട്ടില്‍ യു.എസ്സിനെ തോല്‍പിച്ച് പനാമ മൂന്നാം സ്ഥാനം നേടി.

കൃതി തിവാരി
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായി ഐ.ഐ.ടി.-ജെ.ഇ.ഇ. പൊതുപരീക്ഷയില്‍ പെണ്‍കുട്ടികളില്‍ ഒന്നാമതെത്തിയ ഇന്‍ഡോര്‍ സ്വദേശി കൃതി തിവാരിയെ  നിയമിച്ചു.

വൈ.കെ. സബര്‍വാള്‍
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് വൈ.കെ. സബര്‍വാള്‍ ജൂലായ് 3-ന് അന്തരിച്ചു.

പി. ബാലചന്ദ്രന്‍
കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായി പി. ബാലചന്ദ്രനെ നിയമിച്ചു.

മോഹന്‍ലാല്‍
സംസ്ഥാന ഗതാഗത വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, നാഷണല്‍ ഹൈവേ അതോറിറ്റി തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് സംസ്ഥാന പോലീസ് വകുപ്പ് ആരംഭിക്കുന്ന ശുഭയാത്രാ പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസഡറായി നടന്‍ മോഹന്‍ലാലിനെ നിയമിച്ചു.

റോബര്‍ട്ടോ കാര്‍ലോസ്
ബ്രസീലിയന്‍ മുന്‍ താരം റോബര്‍ട്ടോ കാര്‍ലോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വി താരവും മാനേജരുമായി.

യാനിസ് വരുഫാസിസ്
സര്‍ക്കാറിന് അനുകൂലമായ ഹിതപരിശോധനഫലം പുറത്തുവന്നതിനെ തുടര്‍ന്ന്  ഗ്രീക്ക് ധനമന്ത്രി യാനിസ് വരുഫാസിസ് രാജിവെച്ചു.

വി. രാജഗോപാല്‍
പ്രമുഖ സ്‌പോര്‍ട്‌സ് ലേഖകനും മാതൃഭൂമി മുന്‍ ഡപ്യൂട്ടി എഡിറ്ററുമായ വി. രാജഗോപാല്‍  അന്തരിച്ചു.

സകാറി മൊമോയ്
ലോകത്തിന്റെ മുത്തച്ഛന്‍ എന്ന വിശേഷണമുള്ള  ജപ്പാന്റെ സകാറി മൊമോയ് 112-ാം വയസ്സില്‍ അന്തരിച്ചു.

ഫാബി ബഷീര്‍
വൈക്കം മുഹമ്മദ് ബഷീറിന്റെ പത്‌നി ഫാബി ബഷീര്‍  അന്തരിച്ചു.

സയ്ദ് ഹൈദര്‍ റാസ
ഫ്രഞ്ച് സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവുമുയര്‍ന്ന സിവിലിയന്‍ ബഹുമതി (ലീജിയന്‍ ഓഫ് ഓണര്‍) പ്രശസ്ത ഇന്ത്യന്‍ കലാകാരന്‍ സയ്ദ് ഹൈദര്‍ റാസയ്ക്ക് സമ്മാനിച്ചു.

മമ്മൂട്ടി
കേരളത്തെ മാതൃകാ നിക്ഷേപക സംസ്ഥാനമാക്കാനുള്ള 'മേക് ഇന്‍ കേരള' ഉച്ചകോടിക്ക് മമ്മൂട്ടി ബ്രാന്‍ഡ് അംബാസഡറാകും.

പ്രശാന്ത് പത്രബെ
ചെയര്‍മാന്റെ രാഷ്ട്രീയനിയമനത്തെത്തുടര്‍ന്നുള്ള വിവാദത്തില്‍ വലയുന്ന പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി പ്രശാന്ത് പത്രബെയെ നിയമിച്ചു.

സഞ്ജു വി. സാംസണ്‍
ടീം ഇന്ത്യക്കുവേïി അരങ്ങേറുന്ന ആദ്യത്തെ മലയാളി ബാറ്റ്‌സ്മാന്‍ എന്ന ബഹുമതി സഞ്ജു വി. സാംസണ്‍ സ്വന്തമാക്കി.

വാന്‍ അസ്
ഇന്ത്യന്‍ ഹോക്കി ടീം പരിശീലകസ്ഥാനത്തുനിന്ന് ഡച്ച് പരിശീലകന്‍ പോള്‍ വാന്‍ അസിനെ പുറത്താക്കി.

മൗറിസ് ഒബ്സ്റ്റ്‌ഫെല്‍ഡ്
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ സാമ്പത്തിക ഉപദേഷ്ടാവിലൊരാളും പ്രൊഫസറുമായ മൗറിസ് ഒബ്സ്റ്റ്‌ഫെല്‍ഡിനെ ഐ.എം.എഫിന്റെ സാമ്പത്തിക വിദഗ്ധനായി നിയമിച്ചു.