♦ വടക്കന്‍ കൊറിയ-യു.എസ്. ഉരസല്‍ വീണ്ടും 
'സോണി' ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയതിന് വടക്കന്‍ കൊറിയക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. വടക്കന്‍കൊറിയയുടെ ഉന്നതനേതാവ് കിം ജോങ് ഉന്നിനെ കളിയാക്കുന്ന രീതിയില്‍ സോണി പിക്‌ച്ചേഴ്‌സ് പുറത്തിറക്കിയ 'ദി ഇന്റര്‍വ്യൂ' എന്ന ചലച്ചിത്രവുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ചിത്രം പുറത്തിറക്കുന്നതിനുമുന്‍പ് സോണി പിക്‌ച്ചേഴ്‌സിന്റെ വെബ്‌സൈറ്റുകള്‍ സൈബര്‍ ആക്രമണത്തിലൂടെ തകര്‍ക്കുകയും ചിത്രത്തിന്റെ ഭാഗങ്ങള്‍ ചോര്‍ത്തുകയും ചെയ്തിരുന്നു.

♦  കൂടംകുളം ആണവ റിയാക്ടറില്‍ വാണിജ്യ ഉത്പാദനം തുടങ്ങി
കൂടംകുളം ആണവ നിലയത്തിലെ ആദ്യ റിയാക്ടറില്‍ 2014 ഡിസംബര്‍ 31 മുതല്‍ വാണിജ്യ ഉത്പാദനം തുടങ്ങി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഇവിടെ നിന്ന് വാണിജ്യവിലയ്ക്ക് വൈദ്യുതി ലഭിക്കും. റഷ്യന്‍ സഹകരണത്തോടെ തിരുനെല്‍വേലി ജില്ലയിലെ കൂടംകുളത്ത് നിര്‍മിച്ച ഈ ആണവനിലയത്തിന് ആണവഇന്ധനം നല്‍കുന്നതും റഷ്യയാണ്.

♦  ഡോ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒയുടെ പടിയിറങ്ങി
ഡോ. കെ. രാധാകൃഷ്ണന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞു. ചൊവ്വാ പര്യവേക്ഷണദൗത്യമായ മംഗള്‍യാന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മേധാവി, നാഷണല്‍ റിമോട്ട് സെന്‍സിങ് ഏജന്‍സി ഡയറക്ടര്‍ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

♦ എ.കെ. മിത്തല്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍
റെയില്‍വേബോര്‍ഡ് അധ്യക്ഷനായി എ.കെ. മിത്തലിനെ നിയമിച്ചു. അരുണേന്ദ്രകുമാര്‍ വിരമിച്ചതിനെ തുടര്‍ന്നാണ് നിയമനം.

♦  വ്യോമയാന ഡയറക്ടറായി ആദ്യ വനിത
എം. സത്യവതി ഐ.എ.എസിനെ വ്യോമയാന ഡയറക്ടര്‍ ജനറലായി നിയമിച്ചു.  ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് 1982 ബാച്ച് ഉദ്യോഗസ്ഥയായ സത്യവതി. പ്രഭാത് കുമാര്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് നിയമനം.

♦  ജൂഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന് അംഗീകാരം
ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഡിസംബര്‍ 31-ന് അംഗീകാരം നല്‍കി. ഇതോടെ നാഷണല്‍ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ നിയമം 2014 നിലവില്‍ വന്നു. ജഡ്ജിമാരുടെ നിയമനത്തിന് ഇതുവരെ ആശ്രയിച്ചിരുന്ന കൊളീജിയം സംവിധാനത്തിന് പകരമാണിത്.

♦  ആസൂത്രണക്കമ്മീഷന് പകരം 'നീതി ആയോഗ് '
ആസൂത്രണക്കമ്മീഷന് പകരമുള്ള പുതിയ സംവിധാനം 'നീതി ആയോഗ്' നിലവില്‍വന്നു. 'നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ ട്രാന്‍സ്‌ഫോമിങ് ഇന്ത്യ' എന്നതാണ് 'നീതി' എന്നതിന്റെ പൂര്‍ണരൂപം. ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സാങ്കേതിക ഉപദേശം നല്‍കുകയാണ് നീതി ആയോഗിന്റെ ചുമതല. പ്രധാനമന്ത്രി അധ്യക്ഷനായ നീതി ആയോഗിന്റെ ഭരണസമിതിയില്‍ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാരും അംഗങ്ങളായിരിക്കും. പ്രധാനമന്ത്രി നിയോഗിക്കുന്ന ഉപാധ്യക്ഷനും സ്ഥിരം അംഗങ്ങളും പരമാവധി രണ്ടു താത്കാലിക അംഗങ്ങളും നാല് അനൗദ്യോഗിക അംഗങ്ങളും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഉള്‍പ്പെടുന്നതാണ് നീതി ആയോഗ്. നീതി ആയോഗിന്റെ വൈസ് ചെയര്‍മാനായി അരവിന്ദ് പനഗരിയെ നിയമിച്ചിട്ടുണ്ട്

♦ രാജ്യത്തെ ആദ്യ 'സ്മാര്‍ട്ട് സിറ്റി' ഡല്‍ഹിയില്‍
ആധുനികസംവിധാനങ്ങളും സൗകര്യങ്ങളും ഏര്‍പ്പെടുത്തി നഗരങ്ങളെ ലോകനിലവാരത്തിലേക്കുയര്‍ത്തുന്ന കേന്ദ്രസര്‍ക്കാറിന്റെ 'സ്മാര്‍ട്ട് സിറ്റി' പദ്ധതി രാജ്യത്ത് ആദ്യമായി ഡല്‍ഹിയില്‍ തുടങ്ങും.
രാജ്യത്ത് 100 സ്മാര്‍ട്ട് സിറ്റികള്‍ നിര്‍മിക്കുമെന്ന് മോദി സര്‍ക്കാര്‍ പൊതുബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലെ ദ്വാരക, രോഹിണി, നരേല എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഉപനഗരമായിരിക്കും സ്മാര്‍ട്ട് സിറ്റി.

♦ റായ്ഗഢില്‍ ഹിജഡ മേയര്‍
ഛത്തീസ്ഗഢിലെ റായ്ഗഢ് കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് ഹിജഡ വിഭാഗക്കാരിയായ മധു ഭായ് കിന്നര്‍ തിരഞ്ഞെടുക്കപ്പെട്ടു. നരേഷ് ചൗഹാന്‍ എന്ന് യഥാര്‍ഥനാമമുള്ള മധു കിന്നര്‍ 4537 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

♦ തേനിയില്‍ ന്യൂട്രിനോ പരീക്ഷണ കേന്ദ്രത്തിന് അനുമതി
അന്തരീക്ഷത്തിലെ ന്യൂട്രിനോ കണങ്ങളെക്കുറിച്ച് ഭൂമിക്കടിയില്‍ വെച്ച് പഠനം നടത്താനുള്ള പദ്ധതിക്ക് (ഐ.എന്‍.ഒ.) കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ പോട്ടിപ്പുറം ഗ്രാമത്തില്‍ പശ്ചിമഘട്ടത്തിലെ മലയ്ക്കുള്ളിലാണ് പരീക്ഷണകേന്ദ്രം സ്ഥാപിക്കുന്നത്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫïമെന്റല്‍ റിസര്‍ച്ചിലെ പ്രൊഫ. നാബ മൊണ്ഡല്‍ ആണ് പദ്ധതിയുടെ ഡയറക്ടര്‍.

 
വ്യക്തികള്‍ വിശേഷങ്ങള്‍

♦ അശോക് പ്രസാദ്
ആഭ്യന്തരമന്ത്രാലയത്തിന്റെ ആഭ്യന്തരസുരക്ഷാവിഭാഗം സ്‌പെഷല്‍ സെക്രട്ടറിയായി മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ അശോക് പ്രസാദിനെ നിയമിച്ചു.

♦ കിരണ്‍ വദോദരിയ
ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റിയുടെ (ഐ.എന്‍.എസ്.) പുതിയ പ്രസിഡന്റായി
കിരണ്‍ ബി. വദോദരിയയെ (സംഭവ് മെട്രോ, അഹമ്മദാബാദ്) തിരഞ്ഞെടുത്തു.
മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രനെ ഡപ്യൂട്ടി പ്രസിഡന്റായും തിരഞ്ഞെടുത്തു.

♦ തോമസ് പിക്കറ്റി
ഫ്രാന്‍സിലെ ലോകപ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ തോമസ് പിക്കറ്റി രാജ്യത്തെ പരമോന്നത ബഹുമതി 'ലീജിയണ്‍ ഡി ഓണര്‍' നിരസിച്ചു.

jiji thomson♦ ജിജി തോംസണ്‍
സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായ്) ഡയറക്ടര്‍ജനറല്‍സ്ഥാനം ജിജി തോംസണ്‍ ഒഴിഞ്ഞു.

♦ കുമാര്‍ സംഗക്കാര
ടെസ്റ്റ്ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് സ്‌കോര്‍ ചെയ്യുന്ന താരമെന്ന ബഹുമതി ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയ്ക്ക്.

♦ സുതീര്‍ത്ഥ ഭട്ടാചാര്യ
പൊതുമേഖലാ സ്ഥാപനമായ കോള്‍ഇന്ത്യാ ലിമിറ്റഡിന്റെ ചെയര്‍മാനും എം.ഡിയുമായി മുതിര്‍ന്ന ഐ.എ.എസ്. ഓഫീസര്‍ സുതീര്‍ത്ഥ ഭട്ടാചാര്യയെ നിയമിച്ചു.

mohanlal♦ മോഹന്‍ലാല്‍
സംസ്ഥാനത്തെ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച ശുഭയാത്ര 2015 പദ്ധതിക്ക് നടന്‍ മോഹന്‍ലാല്‍ ഗുഡ്‌വില്‍ അംബാസഡറാകും.

♦ ജഗ്തര്‍ താരാസിങ്
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ് ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ട
1995-ലെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയും പാകിസ്താന്‍ തീവ്രവാദിയുമായ ജഗ്തര്‍ താരാസിങ് തായ്‌ലന്‍ഡിലെ പട്ടായയില്‍ അറസ്റ്റിലായി.

♦ അലോക്‌ജോഷി
നാഷണല്‍ ടെക്‌നിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവനായി റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) മുന്‍ മേധാവി അലോക് ജോഷിയെ നിയമിച്ചു. 

♦ പൂജാ താക്കൂര്‍
റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥിതിക്ക് സ്വീകരണം നല്‍കുന്ന ഗാഡ് ഓഫ് ഓണറിന് നേതൃത്വം നല്‍കുന്ന ആദ്യ വനിതയെന്ന ബഹുമതി വിങ് കമാന്‍ഡര്‍ പൂജാ താക്കൂറിന്.

♦ ഖാലിദ് ബഹായ്  
യെമന്‍ പ്രധാനമന്ത്രി ഖാലിദ് ബഹായ് രാജിവെച്ചു.

റിക്വല്‍മി തിരിച്ചെത്തി♦ റിക്വല്‍മി
പ്രതിഭാധനനായ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം യുവാന്‍ റിക്വല്‍മി അന്താരാഷ്ട്രഫുട്‌ബോളില്‍നിന്ന് വിരമിച്ചു.

♦ യിങ്‌ലുക് ഷിനവത്ര
തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി യിങ്‌ലുക് ഷിനവത്രയെ ഇംപീച്ച് ചെയ്തു.

♦ കെ. വേണുഗോപാല്‍
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്‌സ് മാനേജിങ് ഡയറക്ടറായി കെ. വേണുഗോപാല്‍ ചുമതലയേറ്റു.

♦ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ്
സൗദി അറേബ്യയുടെ ഭരണാധികാരിയും ആഗോള മുസ്‌ലിങ്ങളുടെ ആത്മീയകേന്ദ്രമായ മക്കയിലെയും മദീനയിലെയും തിരുഗേഹങ്ങളുടെ സേവകനുമായ അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ജനവരി 23-ന് അന്തരിച്ചു.

 
obama♦ ബരാക് ഒബാമ
ഇന്ത്യയുടെ 66-ാം റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥിയായി അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പങ്കെടുത്തു

♦  റിസര്‍വ് ബാങ്ക് റിപോ നിരക്ക് കുറച്ചു
റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപോ നിരക്ക് ഒന്നരവര്‍ഷത്തിനിടെ ആദ്യമായി റിസര്‍വ് ബാങ്ക് 0.25 ശതമാനം കുറച്ചു. എട്ട് ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് കുറച്ചത്. റിപോ നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ പലിശ നിരക്കുകള്‍ കുറച്ചുതുടങ്ങി.

♦ എച്ച്.എസ്. ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍
1975 ബാച്ച് ആന്ധ്ര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എച്ച്.എസ് ബ്രഹ്മ പുതിയ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നിയമിതനായി. വി.എസ്. സമ്പത്ത് വിരമിച്ച ഒഴിവിലാണ് ബ്രഹ്മയുടെ നിയമനം. ഡോ. നസിം സെയ്ദിയാണ് കമ്മീഷനിലെ മറ്റൊരംഗം.

♦ സെന്‍സര്‍ ബോര്‍ഡില്‍ കൂട്ടരാജി
സെന്‍സര്‍ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ലീല സാംസണും ബോര്‍ഡംഗം ഇറാ ഭാസ്‌കറും ഷാജി എന്‍ കരുണും അടക്കമുള്ളവര്‍ രാജിവെച്ചു.  'ദേര സച്ച സൗദ' എന്ന വിശ്വാസിസമൂഹത്തിന്റെ തലവന്‍ ഗുര്‍മിത് റാം റഹിം സിങ് നായകനായ 'മെസഞ്ചര്‍ ഓഫ് ഗോഡ്' എന്ന സിനിമയ്ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദമാണ് രാജിയില്‍ കലാശിച്ചത്. ബോളിവുഡ് സിനിമാ നിര്‍മാതാവ് പഹ്‌ലജ് നിഹലാനിയെ അധ്യക്ഷനാക്കി സെന്‍സര്‍ ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചിട്ടുണ്ട്‌

♦ വ്യോമസേനയ്ക്ക് കരുത്തായി തേജസ്
ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ലഘുയുദ്ധവിമാനമായ തേജസ് വ്യോമസേന ഏറ്റെടുത്തു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് 2011ലാണ് ഇത് നിര്‍മ്മിച്ചത്. ഇന്ത്യയില്‍ത്തന്നെ നിര്‍മിക്കുന്ന ലഘുയുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനത്തിനാണ് ഇതോടെ തുടക്കമായത്.

♦ ഇടുക്കി രാജ്യത്തെ ആദ്യ സമ്പൂര്‍ണ ബ്രോഡ്ബാന്‍ഡ് ജില്ല
എല്ലായിടത്തും ബ്രോഡ്ബാന്‍ഡ് സൗകര്യമുള്ള രാജ്യത്തെ ആദ്യ ജില്ലയെന്ന ബഹുമതി ഇടുക്കിക്ക്. ദേശീയ ഒപ്റ്റിക് ഫൈബര്‍ ശൃംഖലയിലൂടെയാണ് എന്‍.ഒ.എഫ്.എന്‍.) പദ്ധതി നടപ്പായത്.

♦ ഫ്രാങ്ക് ഇസ്ലാമിന് മാര്‍ട്ടിന്‍ ലൂഥര്‍കിങ് പുരസ്‌കാരം
പ്രമുഖ ഇന്തോഅമേരിക്കന്‍ വ്യവസായിയും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ഫ്രാങ്ക് ഇസ്ലാം അമേരിക്കയിലെ ഏറ്റവും ശ്രദ്ധേയമായ മാര്‍ട്ടിന്‍ ലൂഥര്‍കിങ് പുരസ്‌കാരത്തിന് അര്‍ഹനായി. മനുഷ്യാവകാശസംരക്ഷണത്തിനും അന്തര്‍ദേശീയ സാമൂഹിക പ്രവര്‍ത്തനത്തിനും നല്‍കിയ മികവുറ്റ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
നിശാഗന്ധി പുരസ്‌കാരംഡോ. പദ്മ സുബ്രഹ്മണ്യത്തിന്  സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ നിശാഗന്ധി പുരസ്‌കാരം ഭരതനാട്യം നര്‍ത്തകി ഡോ.പദ്മ സുബ്രഹ്മണ്യത്തിന്. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തശാഖയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ഒന്നരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരത്തിന് പദ്മ സുബ്രഹ്മണ്യത്തെ തിരഞ്ഞെടുത്തത്.

♦ അന്തര്‍സര്‍വ്വകലാശാല അത്‌ലറ്റിക്‌സ് കിരീടം പഞ്ചാബിന്
75ാം അന്തഃസര്‍വകലാശാലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 125 പോയന്റോടെ പഞ്ചാബ് സര്‍വകലാശാല ചാമ്പ്യന്മാരായി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.ജി. സര്‍വകലാശാല കിരീടം നേടിയപ്പോള്‍ കലിക്കറ്റ് രïാം സ്ഥാനം നേടി.  മലയാളി താരം ശ്രീനിത് മോഹന്‍ മികച്ച അത്‌ലറ്റായി തിരഞ്ഞെടുക്കപ്പെട്ടു.

♦ ഇന്ത്യയില്‍നിന്നുള്ള മാമ്പഴ നിരോധനം നീക്കി
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഇന്ത്യയില്‍നിന് മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റി. എന്നാല്‍, ഇന്ത്യയില്‍നിന്നുള്ള വഴുതിനങ്ങ, രണ്ടുതരത്തിലുള്ള പഴച്ചാര്‍, രണ്ടുതരം ഇലകള്‍ എന്നിവയുടെ നിരോധനം തുടരുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചു.

♦ കലാകിരീടം കോഴിക്കോടും പാലക്കാടും പങ്കിട്ടു


 916 പോയന്റ് വീതം നേടി കോഴിക്കോടും പാലക്കാടും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ സംയുക്തചാമ്പ്യന്‍മാരായി.  899 പോയന്റ് നേടിയ തൃശ്ശൂര്‍ ജില്ലയ്ക്കാണ് രണ്ടാം സ്ഥാനം.  തുടര്‍ച്ചയായി ഒമ്പതാം തവണ കിരീടം നിലനിര്‍ത്തി കോഴിക്കോട് റെക്കോഡിട്ടപ്പോള്‍ കലോത്സവത്തില്‍ ഇത് നാലാം തവണയാണ് രണ്ടു ടീമുകള്‍ ഒന്നാം സ്ഥാനം പങ്കിട്ടത്. അടുത്ത സ്‌കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരം വേദിയാകും.


♦ ഡിവില്ലിയേഴ്‌സിന് ലോകറെക്കോഡ്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ചുറിയും സെഞ്ച്വറിയും ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലിയേഴ്‌സ് നേടി.  വെസ്റ്റിന്‍ഡീസിനെതിരെ 16 പന്തില്‍ അര്‍ധശതകം നേടിയ ഡിവില്ലിയേഴ്‌സ് 31 പന്തിലാണ് സെഞ്ച്വറി നേടിയത്.

♦ ശ്രീനിവാസന് സുപ്രീംകോടതിയുടെ പ്രഹരം
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാമെന്ന മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്റെ കണക്കുകൂട്ടലിന് കനത്ത തിരിച്ചടി.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ടീം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമയായ ശ്രീനിവാസന് ടീമിന്റെ ഉടമസ്ഥാവകാശവും ടീമിലുള്ള വാണിജ്യ താത്പര്യവും ഉപേക്ഷിക്കാത്തിടത്തോളം കാലം  മത്സരിക്കാനാവില്ലെന്ന് സുപ്രീംകോടതി വിധിച്ചു.   2013ലെ ഐ.പി.എല്‍. അഴിമതികേസ് അന്വേഷിച്ച ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. വാതുവെപ്പില്‍ സൂപ്പര്‍ കിങ്‌സിന്റെ ടീം പ്രിന്‍സിപ്പലും ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ് കുന്ദ്ര എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു.

♦ പൗലീന വേഗ വിശ്വസുന്ദരി
2014-ലെ വിശ്വസുന്ദരിപ്പട്ടം മിസ് കൊളംബിയ പൗലീന വേഗയ്ക്ക്.   മിസ് യു.എസ്.എ. നിയ സാഞ്ചസ് ഒന്നാം റണ്ണറപ്പായും മിസ് യുക്രൈന്‍ ഡയാന ഹര്‍ക്കുഷ രണ്ടാം  റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഡി.എസ്.സി. സാഹിത്യ സമ്മാനം ജുംബ ലാഹിരിക്ക് .ദക്ഷിണേഷ്യന്‍ സാഹിത്യത്തിനുള്ള 2015-ലെ ഡി.എസ്.സി. സമ്മാനം ഇന്ത്യ അമേരിക്ക സാഹിത്യകാരി ജുംബ ലാഹിരിക്ക്.    'ദ ലോ ലാന്‍ഡ്' എന്ന നോവലാണ് ലാഹിരിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.

♦ വാട്‌സ്ആപ്പ് ഇനി വെബ്ബിലും
മൊബൈലില്‍ ലഭ്യമായിരുന്ന വാട്‌സ്ആപ് സേവനം ഇനി വെബ് ബ്രൗസറുകളിലും ലഭിക്കും.  വെബ് ബ്രൗസര്‍ വാട്‌സ്ആപ്പുമായി കണക്ട് ചെയ്യാനായി വാട്‌സ്ആപ്പിന്റെ വെബ്‌സൈറ്റില്‍ പോയി ഏറ്റവും പുതിയ പതിപ്പായ 2.11.491 ഡൗണ്‍ലോഡ് ചെയ്യണം. പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍ ഗൂഗിള്‍ ക്രോമില്‍ https://web.whatsapp.com/ എന്ന ലിങ്കില്‍ പോയി അതില്‍ കാണുന്ന ക്യൂ ആര്‍ കോഡ് വാട്‌സ്ആപ്പിലെ സ്‌കാനര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതോടെ ബ്രൗസറില്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാനാകും.

♦ ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് കിരീടം
ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളത്തിന് തുടര്‍ച്ചയായ 18-ാം കിരീടം.   36 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും സ്വന്തമാക്കിയ കേരളം 206 പോയന്റോടെയാണ് ചാമ്പ്യന്മാരായത്. 

♦ ഗ്രീസില്‍ ഇടതുസഖ്യം അധികാരത്തില്‍
കടുത്ത സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രീസില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യം അധികാരം നേടി. ഇടതുപാര്‍ട്ടികളുടെ സിരിസ സഖ്യത്തിന് 149 സീറ്റുകള്‍ നേടാനായി. ഗ്രീസിന്റെ ചെ ഗുവേര എന്നറിയപ്പെടുന്ന അലക്‌സി സിപ്രാസ് ജനവരി 26-ന് പ്രധാനമന്ത്രിപദമേറ്റെടുത്തു. 

♦ ഖുശ്‌വന്ത് സിങ് സമ്മാനം അരുന്ധതി സുബ്രഹ്മണ്യത്തിന്

 ജയ്പുര്‍  സാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള പ്രഥമ ഖുശ്‌വന്ത് സിങ് സ്മാരക സമ്മാനം കവയിത്രി അരുന്ധതി സുബ്രഹ്മണ്യത്തിന്.  'വെന്‍ ഗോഡ് ഈസ് എ ട്രാവലര്‍' എന്ന കൃതിക്കാണ് സമ്മാനം.

♦ ചക്ര, പത്മ ബഹുമതികള്‍ പ്രഖ്യാപിച്ചു
രാജ്യത്തിന്റെ പരമോന്നത സൈനിക ബഹുമതിയായ അശോകചക്ര മരണാനന്തര ബഹുമതിയായി നായിക് നീരജ് കുമാര്‍ സിങ്ങിനും മേജര്‍ മുകുന്ദ് വരദരാജനും സമര്‍പ്പിച്ചു.  സമാധാനകാലത്തെ ധീരതയ്ക്കുള്ള രാജ്യത്തിലെ പരമോന്നത സൈനിക ബഹുമതിയാണിത്. ക്യാപ്ടന്‍ ജയ്‌ദേവ്, സുബേദാര്‍ ഘോഷ് ബഹാദുര്‍ ഗുരുങ്, സുബേദാര്‍ അജയ് വര്‍ധന്‍ (മരണാനന്തരം) എന്നിവര്‍ക്കാണ് കീര്‍ത്തിചക്ര. കരസേന ഉപമേധാവിയും മലയാളിയുമായ ലെഫ്. ജനറല്‍ ഫിലിപ്പ് കാംപോസ് അടക്കം മൂന്ന് സേനാവിഭാഗങ്ങളില്‍നിന്നായി 28 പേര്‍ പരമവിശിഷ്ടസേവ മെഡലിന് അര്‍ഹരായി.  ഉത്തരാഖണ്ഡില്‍ പ്രളയബാധിതരെ രക്ഷപ്പെടുത്തുന്നതിനിടെ, ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി ജവാന്‍ പി.ജി. ജോമോനടക്കം കേരളത്തില്‍നിന്ന് ആറു പേര്‍ രാഷ്ട്രപതിയുടെ 2014-ലെ ഉത്തംജീവന്‍ രക്ഷാപതക്കിന് അര്‍ഹരായി. എല്‍.കെ അദ്വാനി, സുപ്രീംകോടതി പ്രമുഖ അഭിഭാഷകനും മലയാളിയുമായ കെ.കെ. വേണുഗോപാല്‍, ഡോ. ഡി വീരേന്ദ്ര ഹെഗ്‌ഡെ, നടന്മാരായ ദിലീപ് കുമാര്‍, അമിതാഭ് ബച്ചന്‍, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ജഗദ്ഗുരു രാമാനന്ദാചാര്യ സ്വാമി രാമഭദ്രാചാര്യ, പ്രൊഫ. മാലൂര്‍ രാമസ്വാമി ശ്രീനിവാസന്‍, ഫ്രാന്‍സില്‍നിന്നുള്ള വ്യവസായി കരീം അലി ആഗാഘാന്‍ എന്നിവര്‍ക്കാണ് പദ്മവിഭൂഷണ്‍.  ഡോ. കെ.പി ഹരിദാസ്, കൊങ്കിണി സാഹിത്യകാരന്‍ നാരായണ പുരുഷോത്തമ മല്ലയ്യ എന്നിവരുള്‍പ്പെടെ 75 പത്മശ്രീയും 20 പത്മഭൂഷണും 66-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചു.

♦ എഡ്ഗര്‍ ലാങ്ങു സാംബിയ പ്രസിഡന്റ്
സാംബിയയുടെ ആറാമത്തെ പ്രസിഡന്റായി എഡ്ഗര്‍ ലാങ്ങു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 48.33 ശതമാനത്തിന്റെ നേരിയ ഭൂരിപക്ഷവുമായാണ് അദ്ദേഹം  പ്രസിഡന്റ്പദവിയിലെത്തയത് 

♦ ആണവക്കരാറുമായി ഇന്ത്യയും യു.എസ്സും മുന്നോട്ട്
ആണവബാധ്യതാ നിയമത്തെച്ചൊല്ലി തടസ്സപ്പെട്ട ആണവക്കരാറുമായി മുന്നോട്ടുപോകാന്‍ ഇന്ത്യയും അമേരിക്കയും തീരുമാനിച്ചു. ആഭ്യന്തര പ്രതിരോധ ഉത്പാദനമേഖല ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വികസിപ്പിക്കുന്നതിനും തീരുമാനമായി. ആണവസാമഗ്രികളും നിലയങ്ങളും പരിശോധിക്കുന്നത്, ഇരുരാജ്യങ്ങളിലെയും നിയമവ്യവസ്ഥകളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെയും ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നായിരിക്കുമെന്ന നിലപാടിനോട് അമേരിക്ക യോജിച്ചു. 

♦ ആര്‍.കെ ലക്ഷ്മണ്‍ ഓര്‍മയായി
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് ആര്‍.കെ. ലക്ഷ്മണ്‍ ജനവരി 26-ന് അന്തരിച്ചു.  പോക്കറ്റ് കാര്‍ട്ടൂണിലെ 'ദി കോമണ്‍മാന്‍ 'എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍.കെ. ലക്ഷ്മണ്‍.   പ്രശസ്ത നോവലിസ്റ്റ് ആര്‍.കെ. നാരായണ്‍ സഹോദരനായ ലക്ഷ്മണിന് 2005-ല്‍ പദ്മവിഭൂഷണും 1984-ലെ മാഗ്‌സസെ അവാര്‍ഡും ലഭിച്ചു.

♦ എസ്. ജയശങ്കര്‍ പുതിയ വിദേശകാര്യ സെക്രട്ടറി
ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി എസ്. ജയശങ്കറിനെ നിയമിച്ചു. സുജാതാ സിങ്ങിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയാണ് പുതിയ നിയമനം.

♦ ജിജി തോംസണ്‍ ചീഫ് സെക്രട്ടറി
കേരളത്തിന്റെ പുതിയ ചീഫ്‌സെക്രട്ടറിയായി നിലവിലെ പൊതുഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജിജി തോംസണെ നിയമിച്ചു. ഇ.കെ. ഭരത് ഭൂഷണ്‍ ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് നിയമനം. 1980 ബാച്ചില്‍പെട്ട കേരള കേഡര്‍ ഐ.എ.എസ് ഓഫീസറാണ് ജിജി തോംസണ്‍. 

♦ ശേഖര്‍ സെന്‍ സംഗീത നാടക അക്കാദമി ചെയര്‍മാന്‍
പ്രശസ്ത ഗായകനും സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ ശേഖര്‍ സെന്നിനെ സംഗീതനാടക അക്കാദമിയുടെ പുതിയ അധ്യക്ഷനായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
പദ്മശ്രീ ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങള്‍ നേടിയ ശേഖര്‍സെന്നിന് അഞ്ചു വര്‍ഷമാണ് കാലാവധി.

♦ മുഗാബെ ആഫ്രിക്കന്‍ യൂണിയന്‍ തലവന്‍
സിംബാംബ്‌വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ ആഫ്രിക്കന്‍ യൂണിയന്‍ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. യൂണിയനില്‍ 54 രാജ്യങ്ങള്‍ അംഗങ്ങളാണ്.

♦ ഫിലിംഫെയര്‍ പുരസ്‌കാരം നേടി ' ക്വീന്‍ '
മികച്ച ചിത്രത്തിനുള്ള 60-ാം ഫിലിംഫെയര്‍ അവാര്‍ഡ് ബോളിവുഡ് ചിത്രം 'ക്വീന്‍' സ്വന്തമാക്കി. ഹൈദറിലെ അഭിനയത്തിന് ഷാഹിദ് കപൂര്‍ മികച്ച നടനായും ക്വീനിലെ അഭിനയത്തിന് കങ്കണ റോനട്ട് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ക്വീന്‍ ഒരുക്കിയ വികാസ് ബാല്‍ ആണ് മികച്ച സംവിധായകന്‍.

♦ അഗ്‌നി അഞ്ച് കാനിസ്റ്റര്‍ അധിഷ്ഠിത വിക്ഷേപണം വിജയം
കാനിസ്റ്ററില്‍ (ചെറുപെട്ടി) നിന്ന് അഗ്‌നി അഞ്ച് മിസൈല്‍ വിജയകരമായി വിക്ഷേപിച്ച് പ്രതിരോധമേഖലയില്‍ ഇന്ത്യ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. ഒഡിഷ തീരത്തെ വീലേഴ്‌സ് ദ്വീപില്‍ ജനവരി 31-നായിരുന്നു പരീക്ഷണ വിക്ഷേപണം. റോഡിലൂടെ ചലിക്കുന്ന വിക്ഷേപണോപകരണത്തില്‍ ഘടിപ്പിച്ച കാനിസ്റ്ററില്‍നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഒരു ടണ്ണിലേറെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്‌നി അഞ്ചിന്റെ ദൂരപരിധി 5000 കി.മീയാണ്.

♦ സെര്‍ജിയോ മാറ്റരെല്ല ഇറ്റലി പ്രസിഡന്റ്
ഭരണഘടനാ കോടതി ജഡ്ജി സെര്‍ജിയോ മാറ്റരെല്ല ഇറ്റലിയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. ജോര്‍ജിയോ നെപോളിറ്റാനോ ചുമതലയൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

Mala♦ മാള അരവിന്ദന്‍ അന്തരിച്ചു
അരങ്ങിലും വെള്ളിത്തിരയിലും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നടന്‍ മാള അരവിന്ദന്‍ ജനവരി 28-ന് അന്തരിച്ചു. 1978-ല്‍ എസ്.എല്‍.പുരം സൂര്യസോമ തീയറ്റേഴ്‌സിന്റെ 'നിധി'യെന്ന നാടകത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചു. സിന്ദൂരം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ മാള നാന്നൂറിലധികം സിനിമകളില്‍ വേഷമിട്ടു.

♦ ഓസ്‌ട്രേലിയ ഏഷ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാര്‍
ഓസ്‌ട്രേലിയ, ഏഷ്യാകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി. ഫൈനലില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരെ രണ്ട്‌ ഗോളുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്.

♦ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സെറീനയും ദ്യോക്കോവിച്ചും
അമേരിക്കയുടെ സെറീന വില്യംസും സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും 2015 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്മാരായി. ഫൈനലില്‍ റഷ്യയുടെ മരിയാ ഷറപ്പോവയെയാണ് സെറീന തോല്‍പ്പിച്ചത്. പുരുഷ വിഭാഗത്തില്‍ ആന്‍ഡി മറേയെ തോല്‍പ്പിച്ചാണ് ദ്യോക്കോവിച്ച് ജേതാവായത്. മിക്‌സഡ് ഡബിള്‍സ് കിരീടം ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്-സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിനാണ്.