ഡല്‍ഹിയില്‍ ആപ് സര്‍ക്കാര്‍ അധികാരമേറ്റു
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ഫിബ്രവരി 14-ന് ഡല്‍ഹി മുഖ്യമന്ത്രിയായി ചുമതലയേറ്റു. നാല് പുതുമുഖങ്ങള്‍ അടക്കം ആറ് പേരാണ് അദ്ദേഹത്തെ കൂടാതെ സത്യപ്രതിജ്ഞ ചെയ്തത്. മനീഷ് സിസോദിയ (ഉപമുഖ്യമന്ത്രി), അസിം അഹമ്മദ് ഖാന്‍, സന്ദീപ് കുമാര്‍, സത്യേന്ദ്ര ജെയിന്‍, ഗോപാല്‍ റായ്, ജിതേന്ദ്ര സിങ് തോമര്‍ എന്നിവരാണ് മറ്റ് മന്ത്രിമാര്‍.

ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളംതെറ്റി ഒന്‍പത് മരണം
ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ് (12677) ഹൊസൂരിനടുത്ത് ആനേക്കലില്‍ പാളംതെറ്റി അഞ്ച് മലയാളികളടക്കം ഒന്‍പതുപേര്‍ മരിച്ചു.ബെംഗളൂരുവില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിപ്രദേശത്താണ് വണ്ടി പാളംതെറ്റിയത്.

കള്ളപ്പണം അന്വേഷണം ഏകോപിപ്പിക്കാന്‍ പുതിയ ഏജന്‍സി
വിദേശബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേകസംഘത്തില്‍ (എസ്.ഐ.ടി.) ഇനി കേന്ദ്ര സാമ്പത്തിക രഹസ്യാന്വേഷണ ബ്യൂറോയും (സി.ഇ. ഐ.ബി.).അന്വേഷണ, നിര്‍വഹണ ഏജന്‍സികള്‍ക്കിടയിലെ ഏകോപനമെന്ന സുപ്രധാന ദൗത്യമാണ് കേന്ദ്രസര്‍ക്കാര്‍ സി.ഇ.ഐ.ബി.യെ ഏല്‍പ്പിച്ചിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക രഹസ്യവിവരങ്ങള്‍ ഏകോപിപ്പിക്കുന്നതും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണഏജന്‍സികള്‍ക്കിടയില്‍ സമ്പര്‍ക്കം ഉറപ്പുവരുത്തുന്നതുമായ നോഡല്‍ ഏജന്‍സിയാണ് 1985-ല്‍ രൂപവത്കരിച്ച സി.ഇ.ഐ.ബി.

ജാഫര്‍ പനാഹിക്ക് 'ഗോള്‍ഡന്‍ ബെയര്‍'
ഇറാനിലെ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയ സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം. 'ടാക്‌സി' എന്ന ചിത്രത്തിനാണ് അവാര്‍ഡ്. ഇന്ത്യന്‍ സംവിധായകന്‍ നാഗേഷ് കുകുനൂറിന്റെ 'ധനക്' എന്ന ചിത്രത്തിന് രണ്ട്പുരസ്‌കാരം ലഭിച്ചു.സിരിസേനയുടെ ഇന്ത്യാ സന്ദര്‍ശനം ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇന്ത്യാ സന്ദര്‍ശനം പൂര്‍ത്തിയായി.ആണവോര്‍ജം, പ്രതിരോധസുരക്ഷാ രംഗങ്ങളില്‍ കൂടുതല്‍ സഹകരണത്തിനും ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി.

കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍പുരി അന്തരിച്ചു
വിഖ്യാത കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി ഫിബ്രവരി 16-ന് അന്തരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ്, സ്റ്റേറ്റ്‌സ്മാന്‍ എന്നീ ദേശീയ ദിനപ്പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റും ഔട്ട് ലുക്ക് വാരികയില്‍ സ്ഥിരം പംക്തികാരനുമായിരുന്നു.

പനായയെ ഏറ്റെടുത്ത് ഇന്‍ഫോസിസ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇന്‍ഫോസിസ്, ഓട്ടോമേഷന്‍ ടെക്‌നോളജി കമ്പനിയായ പനായയെ ഏറ്റെടുത്തു.
അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള കമ്പനിയെ 1,250 കോടി രൂപയ്ക്കാണ് ഇന്‍ഫോസിസ് സ്വന്തമാക്കിയത്.

ദേശീയ ഗെയിംസില്‍ സര്‍വീസസ് ചാമ്പ്യന്മാര്‍
91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡല്‍ നേടി സര്‍വീസസ് 35-ാം ദേശീയ ഗെയിംസില്‍ ജേതാക്കളായി. സര്‍വീസസിന്റെ തുടര്‍ച്ചയായ മൂന്നാം ദേശീയ ഗെയിംസ് കിരീടമാണിത്. 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമായി 162 മെഡല്‍ നേടി കേരളം റണ്ണറപ്പുകളായി. ഇതിനുമുന്‍പ് കേരളം റണ്ണറപ്പുകളായത് 1999-ലെ മണിപ്പുര്‍ ദേശീയ ഗെയിംസിലാണ്. കേരളത്തിന്റെ സാജന്‍ പ്രകാശ് മികച്ച പുരുഷതാരമായും മഹാരാഷ്ട്രയുടെ ആകാന്‍ഷാ വോറ മികച്ച വനിതാതാരമായും തിരഞ്ഞെടുക്കപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റിന് ആവേശത്തുടക്കം
11-ാം ലോകകപ്പ് ക്രിക്കറ്റിന് ഫിബ്രവരി 14-ന് തുടക്കമായി. ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും സംയുക്തമായാണ് ആതിഥ്യം വഹിക്കുന്നത്. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെയും ന്യൂസീലന്‍ഡ് ശ്രീലങ്കയെയും തോല്‍പ്പിച്ചു.

ഐ.പി.എല്‍. ലേലത്തില്‍ യുവരാജ് കോടിപതി
ഐ.പി.എല്‍. ലേലത്തില്‍ യുവരാജ് സിങ്ങിനെ പതിനാറ് കോടി രൂപയ്ക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി.

സുഖോയ്ക്ക് ഇനി ബ്രഹ്മോസിന്റെ കരുത്ത് 
ശബ്ദാതിവേഗ ക്രൂയിസ് മിസൈലായ 'ബ്രഹ്മോസ്' ഘടിപ്പിച്ച 'സുഖോയ് 30' യുദ്ധവിമാനം ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍.) വ്യോമസേനയ്ക്കു കൈമാറി. ബ്രഹ്മോസ് എയ്‌റോ സ്‌പേസ് െ്പ്രൈവറ്റ്  ലിമിറ്റഡുമായുള്ള കരാര്‍പ്രകാരം തദ്ദേശീയ സാങ്കേതികവിദ്യയുപയോഗിച്ചാണ് 'സുഖോയ് 30'-ല്‍ മിസൈല്‍ ഘടിപ്പിച്ചത്.

ഷിനവത്രയ്‌ക്കെതിരെ കുറ്റപത്രം 
തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രി യിങ്‌ലുക്ക് ഷിനവത്രയ്‌ക്കെതിരെ അരി സബ്‌സിഡി പദ്ധതി അഴിമതിക്കേസില്‍ കുറ്റംചുമത്തി. ഷിനവത്രയെ പട്ടാളഭരണം നേരത്തെ അധികാരത്തില്‍നിന്ന് പുറത്താക്കിയിരുന്നു. ഇംപീച്ച് ചെയ്യപ്പെട്ടതിനാല്‍ ഇനി അഞ്ച് വര്‍ഷത്തേക്ക് ഷിനവത്രയ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാകില്ല.

പൃഥ്വി കക വിജയകരമായി പരീക്ഷിച്ചു
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഭൂതലഭൂതല മിസൈല്‍ പൃഥ്വി രണ്ട് വിജയകരമായി പരീക്ഷിച്ചു. ഒഡിഷയിലെ ചന്ദിപ്പുരില്‍നിന്ന് ഫിബ്രവരി 19-നായിരുന്നു പരീക്ഷണ വിക്ഷേപണം. 350 കി.മീ. ദൂരപരിധിയുള്ള പൃഥ്വി രണ്ടിന് 1000 കിലോവരെ ഭാരമുള്ള ആണവായുധം വഹിക്കാന്‍ ശേഷിയുണ്ട്.

കുംബ്ലെയ്ക്ക് ഐ.സി.സി. ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിം
മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെക്ക് ഐ.സി.സി.യുടെ ക്രിക്കറ്റ് ഹാള്‍ ഓഫ് ഫെയിം ബഹുമതി. കപില്‍ ദേവ്, ബിഷന്‍ ബേദി, ഗവാസ്‌കര്‍ എന്നിവരാണ് മുമ്പ് ഹാള്‍ ഓഫ് ഫെയിം ലഭിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍. അനില്‍ കുബ്ലെംക്കും അന്തരിച്ച ഓസ്‌ട്രേലിയന്‍ വനിതാ താരം ബെറ്റി വില്‍സനും ഹാള്‍ ഓഫ് ഫെയിം ലഭിച്ചു. 

ബിഹാറില്‍ മഞ്ചി രാജിവെച്ചു; നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി  

ബിഹാര്‍ നിയമസഭയില്‍ ഭൂരിപക്ഷ പരിശോധനയ്ക്ക് തയ്യാറാകാതെ അവസാന നിമിഷം മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചി രാജിവെച്ചു. 233 അംഗസഭയില്‍ ഭൂരിപക്ഷത്തിനു വേണ്ടി 117 പേരുടെ പിന്തുണ ഉറപ്പാക്കാന്‍ അവസാനനിമിഷംവരെ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിതീഷ് കുമാര്‍ ഫിബ്രവരി 22-ന് പുതിയ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

വായ്പാ തിരിച്ചടവ്: ഗ്രീസും യൂറോസോണും ധാരണയിലെത്തി
വായ്പാതിരിച്ചടവിന് ഗ്രീസിന് യൂറോപ്യന്‍ രാജ്യങ്ങള്‍ നാലുമാസത്തെ സാവകാശം അനുവദിക്കും. ഇത് സംബന്ധിച്ച് യൂറോസോണ്‍ രാജ്യങ്ങളും ഗ്രീസിലെ പുതിയ ഇടതുപക്ഷ സര്‍ക്കാറും തമ്മില്‍ പ്രാഥമിക ധാരണയിലെത്തി. ഗ്രീസിന്റെ നിര്‍ദേശങ്ങള്‍ക്ക് യൂറോസോണിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

ഓസ്‌കര്‍ നിറഞ്ഞ് 'ബേഡ് മാന്‍'
കറുത്ത ഹാസ്യം കൈകാര്യംചെയ്ത് ഒമ്പത് നാമനിര്‍ദേശവുമായെത്തിയ 'ബേഡ് മാന്‍' 2014-ലെ മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടി. 'ബേഡ് മാന്‍' ഒരുക്കിയ മെക്‌സിക്കന്‍ സംവിധായകന്‍ അലെഹാന്ദ്രോ ഗോണ്‍സാലെസ് ഇനാരിറ്റുവാണ് മികച്ച സംവിധായകന്‍. 'ദി തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തില്‍ സ്റ്റീഫന്‍ ഹോക്കിങ്ങിനെ അവതരിപ്പിച്ച ബ്രിട്ടീഷ് നടന്‍ എഡ്ഡി റെഡ്‌മെയ്ന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂലിയനൊ മൂറാണ് (സ്റ്റില്‍ ആലീസ്) മികച്ച നടി.'ഇഡ' മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ നേടി.

ക്രിസ് ഗെയിലിന് ലോകകപ്പ് റെക്കോഡ്
ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ (215) സ്വന്തമാക്കി. 1996-ല്‍ ദക്ഷിണാഫ്രിക്കയുടെ ഗാരി കേര്‍സ്റ്റന്‍ നേടിയ 188 റണ്‍സാണ് പഴങ്കഥയായത്. സച്ചിന്‍, സെവാഗ്, രോഹിത് ശര്‍മ (രണ്ടു തവണ) എന്നിവരാണ് ഇതിന് മുന്‍പ് ഏകദിനത്തില്‍ ഇരട്ടശതകം നേടിയത്.

ഹോക്കി ഇന്ത്യ ലീഗില്‍ റാഞ്ചി ചാമ്പ്യന്മാര്‍
ഹീറോ ഹോക്കി ഇന്ത്യ ലീഗില്‍ റാഞ്ചി റേയ്‌സ് ചാമ്പ്യന്‍മാരായി. ഫൈനലില്‍ ജേപീ പഞ്ചാബ് വാരിയേഴ്‌സിനെയാണ് റാഞ്ചി തകര്‍ത്തത്. 

എ. വിന്‍സന്റ് വിടവാങ്ങി
ഛായാഗ്രാഹകനും സംവിധായകനുമായ എ. വിന്‍സന്റ് ഫിബ്രവരി 25-ന് അന്തരിച്ചു. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തോളം സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന അദ്ദേഹം സിനിമാചിത്രീകരണത്തെ ഔട്ട്‌ഡോറിലേക്ക് നയിച്ചു. 1964-ല്‍ പുറത്തിറങ്ങിയ ഭാര്‍ഗവീനിലയം എന്ന സിനിമയിലൂടെയാണ് വിന്‍സന്റ് സംവിധായകനായത്. 1969-ല്‍ നദിയിലൂടെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം വിന്‍സന്റിന് ലഭിച്ചു. 1974-ല്‍ പ്രേംനഗര്‍ എന്ന ഹിന്ദി സിനിമയിലൂടെ ഫിലിംഫെയര്‍ അവാര്‍ഡും സമഗ്ര സംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ ജെ.സി. ഡാനിയല്‍ പുരസ്‌കാര

ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ നിരോധം
സുന്നി ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെയും ഇതുമായി ബന്ധമുള്ള സംഘടനകളെയും രാജ്യത്ത് നിരോധിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനനിരോധന നിയമ (യു.എ.പി.എ.) പ്രകാരമാണ് നിരോധനം. 

റഷ്യയില്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു
റഷ്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ ബോറിസ് നെമറ്റ്‌സോവ് വെടിയേറ്റു മരിച്ചു. 
പുടിനെതിരായ പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ പ്രധാന സംഘാടകനായിരുന്ന നെമറ്റ്‌സോവ് ബോറിസ് യെല്‍റ്റ്‌സിന്റെ ഭരണകാലത്ത് ഉപപ്രധാനമന്ത്രിയായിരുന്നു.

ജമ്മു കശ്മീരില്‍ ബി.ജെ.പി.-പി.ഡി.പി. സര്‍ക്കാര്‍ 
ജമ്മു കശ്മീരില്‍ 49 ദിവസം നീണ്ട ഗവര്‍ണര്‍ ഭരണത്തിനു വിരാമമിട്ട് പി.ഡി.പി.ബി.ജെ.പി. സഖ്യസര്‍ക്കാര്‍ മാര്‍ച്ച് ഒന്നിന് അധികാരമേറ്റു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്യിദിന്റെ നേതൃത്വത്തില്‍ 24 അംഗ മന്ത്രിസഭയാണ് അധികാരമേറ്റെടുത്തത്. രാജ്യത്ത് മുസ്‌ലിം ഭൂരിപക്ഷമുള്ള ഏക സംസ്ഥാനമായ ജമ്മു കശ്മീരില്‍ ബി.ജെ.പി. ആദ്യമായാണ് സര്‍ക്കാറില്‍ പങ്കാളിയാകുന്നത്.

അരുണ്‍ സിങ് യു.എസ്സിലെ ഇന്ത്യന്‍ സ്ഥാനപതി
ഫ്രാന്‍സിലെ സ്ഥാനപതി അരുണ്‍ സിങ് അമേരിക്കയിലെ ഇന്ത്യയുടെ അംബാസഡറാകും. 1979 ബാച്ചില്‍പ്പെട്ട വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനാണ് അരുണ്‍ സിങ്. ഇപ്പോള്‍ വിദേശകാര്യ സെക്രട്ടറിയായ എസ്. ജയ്ശങ്കറിന്റെ പിന്‍ഗാമിയായാണ് അമേരിക്കയില്‍ നിയമിക്കപ്പെടുന്നത്.

പ്രകാശത്തിന്റെ ദ്വന്ദ്വസ്വഭാവം ഫോട്ടോയില്‍ 
പ്രകാശത്തിന്റെ ദ്വന്ദ്വസ്വഭാവം വ്യക്തമാക്കുന്ന ഫോട്ടോയെടുക്കുന്നതില്‍ ഗവേഷകര്‍ വിജയിച്ചു സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലാസാനിലുള്ള സ്വിസ് ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (ഋജഎഘ) ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍. പ്രകാശം കണത്തിന്റെയും തരംഗത്തിന്റെയും സ്വഭാവം കാട്ടുന്നു എന്നതാണ് ദ്വന്ദ്വസ്വഭാവം കൊണ്ട് ഉദ്ദേശിക്കുന്നത്. 

ബല്‍ദേവ് ശര്‍മ എന്‍.ബി.ടി. ചെയര്‍മാന്‍
മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബല്‍ദേവ് ഭായ് ശര്‍മയെ നാഷനല്‍ ബുക് ട്രസ്റ്റ് ചെയര്‍മാനായി നിയമിച്ചു. സാഹിത്യകാരന്‍ സേതുവിനെ നാഷണല്‍ ബുക് ട്രസ്റ്റ് (എന്‍.ബി.ടി.) സ്ഥാനത്തുനിന്നു നീക്കിയാണ് ശര്‍മയുടെ നിയമനം.

ഡാല്‍മിയ ബി.സി.സി.ഐ. പ്രസിഡന്റ്
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പ്രസിഡന്റായി ജഗ്‌മോഹന്‍ ഡാല്‍മിയയെയും സെക്രട്ടറിയായി അനുരാഗ് താക്കൂറിനെയും തിരഞ്ഞെടുത്തു. മലയാളിയായ ടി.സി മാത്യുവിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചു
മഹാരാഷ്ട്രയില്‍ ഗോമാംസം നിരോധിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഗോമാംസം വില്‍ക്കുന്നതും കൈവശം വെക്കുന്നതും കയറ്റുമതി ചെയ്യുന്നതും അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

പ്രൊഫ. നൈനാന്‍ കോശി അന്തരിച്ചു
പ്രശസ്ത നയതന്ത്ര വിദഗ്ധനും രാഷ്ട്രീയചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. നൈനാന്‍ കോശി മാര്‍ച്ച് 4-ന് അന്തരിച്ചു. അന്താരാഷ്ട്ര കൂട്ടായ്മയായ ഡബ്യു.സി.സിസ് കമ്മീഷന്‍ ഓഫ് ചര്‍ച്ചസ് ഓണ്‍ ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ മുന്‍ ഡയറക്ടറായിരുന്നു. വാര്‍ ഓണ്‍ ടെറര്‍, റീ ഓര്‍ഡറിങ് ദ വേള്‍ഡ്, സഭയും രാഷ്ട്രവും ഇറാക്കിനുമേല്‍, ആണവഭാരതം: വിനാശത്തിന്റെ വഴിയില്‍, ആഗോളവത്കരണത്തിന്റെ യുഗത്തില്‍, പള്ളിയും പാര്‍ട്ടിയും കേരളത്തില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്.

മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്
വളര്‍ച്ചയ്ക്കും നിക്ഷേപപ്രോത്സാഹനത്തിനും ഊന്നല്‍ നല്‍കിയ നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫിബ്രവരി 28-ന് അവതരിപ്പിച്ചു. 17,77,437 കോടിരൂപ മൊത്തവരുമാനവും 55,55,649 കോടിരൂപ ധനകമ്മിയും പ്രതീക്ഷിക്കുന്നതാണ് 2015-16 വര്‍ഷത്തേക്കുള്ള ബജറ്റ്.ആദായനികുതി ഒഴിവ് പരിധി നിലവിലെ 2.5 ലക്ഷം രൂപയില്‍ നിലനിര്‍ത്തി. സേവനനികുതി രണ്ട്  ശതമാനം കൂട്ടിയപ്പോള്‍ സ്വത്തുനികുതിക്കുള്ള നിര്‍ദേശമില്ല. ഒരുകോടി രൂപയ്ക്ക് മേല്‍ വരുമാനമുള്ള അതിസമ്പന്നര്‍ക്ക് രണ്ട് ശതമാനം അധികനികുതി, ചരക്കുസേവന നികുതി 2016 മുതല്‍ നടപ്പാക്കും, 2022 ഓടെ എല്ലാവര്‍ക്കും വീടും വൈദ്യുതിയും, വീട്ടില്‍ ഒരാള്‍ക്കെങ്കിലും ജോലി, സ്വര്‍ണം നേരിട്ട് വാങ്ങുന്നതിന് പകരം ബോണ്ടുകളില്‍ നിക്ഷേപസൗകര്യം, കള്ളപ്പണത്തിനെതിരെ കടുത്ത നടപടികള്‍, ഉപരിപഠനത്തിനായി 'പ്രധാനമന്ത്രി വിദ്യാലക്ഷ്മി കാര്യക്രം', ന്യൂനപക്ഷങ്ങളുടെ ഉപജീവന-വിദ്യാഭ്യാസത്തിനായി 'നയീ മന്‍സില്‍' എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. പ്രതിരോധമേഖലയ്ക്ക് 2,46,727 കോടി വകയിരുത്തിയ ബജറ്റില്‍ സംരഭകത്വം പ്രോത്സാഹിപ്പിക്കാനായി സേതു പദ്ധതിക്ക് രൂപം നല്‍കി. തിരുവനന്തപുരത്തെ നിഷ് കേന്ദ്ര സര്‍വകലാശാലയാക്കുക, നികുതി വിഹിതം 13121.77 കോടിയാക്കുക എന്നിവയാണ് ബജറ്റില്‍ കേരളത്തിന് ലഭിച്ചത്. 

യാത്രാക്കൂലി കൂട്ടാതെ റെയില്‍ബജറ്റ്
തീവണ്ടിയാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാത്ത, പുതിയ ട്രെയിനുകള്‍ പ്രഖ്യാപിക്കാത്ത, കടത്തുകൂലി കൂട്ടിയ റെയില്‍ബജറ്റ് ഫിബ്രവരി 26-ന് സുരേഷ് പ്രഭു ലോക്‌സഭയില്‍ അവതരിപ്പിച്ചു.8,56,020 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 200 സ്റ്റേഷനുകള്‍ ആദര്‍ശ് സ്റ്റേഷനുകളാക്കുക, പ്രധാന നഗരങ്ങളില്‍ 10 സാറ്റലൈറ്റ് റെയില്‍വേ ടെര്‍മിനലുകള്‍ നിര്‍മിക്കുക, ഗാന്ധിജിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഗാന്ധി സര്‍ക്യൂട്ട്, കൃഷിക്കാര്‍ക്ക് പ്രത്യേക യാത്രാപദ്ധതി 'കിസാന്‍ യാത്ര' തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന നിര്‍ദേശങ്ങള്‍. പാത ഇരട്ടിപ്പിക്കലിന് 403 കോടി, കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് 10 ലക്ഷം, പാത നവീകരണത്തിന് 51.7 കോടി , കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം ടെര്‍മിനലിന് അനുമതി; 7.85 കോടി രൂപയുടെ പദ്ധതി, നൂറോളം മേല്‍പ്പാലങ്ങള്‍ക്കും അടിപ്പാതകള്‍ക്കും പണം എന്നിവയാണ് കേരളത്തിനായി ബജറ്റില്‍ വകയിരുത്തിയത്.

തപന്‍ മിശ്ര
ഐ.എസ്.ആര്‍.ഒ.യ്ക്ക് കീഴില്‍ ഗുജറാത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ (എസ്.എ.സി.) മേധാവിയായി മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ തപന്‍ മിശ്രയെ നിയമിച്ചു. 

ഡോ. അമര്‍ത്യ സെന്‍
നളന്ദ സര്‍വകലാശാലയുടെ ചാന്‍സലര്‍ പദവിയില്‍ നിന്ന് സാമ്പത്തികവിദഗ്ധനും നൊബേല്‍ജേതാവുമായ ഡോ. അമര്‍ത്യ സെന്‍ ഒഴിഞ്ഞു.
    
രാജേന്ദ്ര കെ. പച്ചൗരി
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠിക്കുന്ന ഐക്യരാഷ്ട്രസഭാ സമിതിയായ ഐ.പി.സി.സി.യുടെ (ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) അധ്യക്ഷസ്ഥാനം ലൈംഗീകാരോപണത്തെ തുടര്‍ന്ന് രാജേന്ദ്ര കെ. പച്ചൗരി രാജിവെച്ചു.
 

ബുദ്ധായന്‍ മുഖര്‍ജി
ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ മികച്ച നവാഗത സംവിധായകനുള്ള അരവിന്ദന്‍ പുരസ്‌കാരം ബുദ്ധായന്‍ മുഖര്‍ജിക്ക്. 

മുഹമ്മദ് നഷീദ്
മാലിദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ ഭീകരവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ മാലിയില്‍ അറസ്റ്റുചെയ്തു. 

കോടിയേരി ബാലകൃഷ്ണന്‍
സി.പി.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.

ഗുലാം നബി ആസാദ്
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജ്യസഭയിലെ പ്രതിപക്ഷനേതാവായി നിയമിതനായി.

ഗോവിന്ദ് പന്‍സാരെ
കോലാപ്പുരില്‍ അജ്ഞാതരുടെ വെടിയേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന സി.പി.ഐ. മഹാരാഷ്ട്ര മുന്‍ സെക്രട്ടറി ഗോവിന്ദ് പന്‍സാരെ ഫിബ്രവരി 20-ന് അന്തരിച്ചു.

പൂര്‍ണേന്ദു ദാസ് ഗുപ്ത
അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ ജെ. കാല്‍വിന്‍ ഗിഡ്ഡിങ്‌സ് പുരസ്‌കാരം ടെക്‌സാസ് സര്‍വകലാശാലയിലെ പ്രൊഫസര്‍ പൂര്‍ണേന്ദു ദാസ് ഗുപ്തയ്ക്ക് ലഭിച്ചു.