ആയുഷ് വകുപ്പ് നിലവില്‍ വന്നു
ആയുര്‍വേദ, യോഗ, നാച്വറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നീ ചികിത്സാവിഭാഗങ്ങളെ സംയോജിപ്പിച്ച് കേന്ദ്രസര്‍ക്കാറിന്റെ മാതൃകയില്‍ കേരളത്തിലും ആയുഷ് വകുപ്പ് നിലവില്‍വന്നു. രോഗപ്രതിരോധ ചികില്‍സാമേഖല ശക്തമാക്കുക, ആയുഷ് രംഗത്തെ വിദ്യാഭ്യാസനിലവാരം ഉയര്‍ത്തുക, ഔഷധങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുക, ഔഷധസസ്യങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ആയുഷ് വകുപ്പിന്റെ ലക്ഷ്യങ്ങള്‍.
 

മധ്യപ്രദേശ് തീവണ്ടിയപകടത്തില്‍ 31 മരണം
മധ്യപ്രദേശിലെ ഹര്‍ദ ജില്ലയില്‍ രണ്ടു തീവണ്ടികള്‍ പാളംതെറ്റി നദിയിലേക്കു മറിഞ്ഞുïായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 31 ആയി. കിര്‍ക്കിയയ്ക്കും ഹര്‍ദയ്ക്കുമിടയിലുള്ള കാളി മച്ചാക്ക് നദിയിലേക്ക് മുംബൈയില്‍നിന്ന് വാരാണസിയിലേക്ക് പോവുകയായിരുന്ന കാമയാനി എക്‌സ്പ്രസ്സും മുംബൈയിലേക്ക് പോവുകയായിരുന്ന ജനതാ എക്‌സ്പ്രസ്സും മറിയുകയായിരുന്നു.

വധശിക്ഷയ്‌ക്കെതിരെ ത്രിപുര നിയമസഭാ പ്രമേയം
രാജ്യത്ത് വധശിക്ഷ ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം ത്രിപുര നിയമസഭ പാസാക്കി. കോണ്‍ഗ്രസ് എം.എല്‍.എ. ജിതേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെകൂടി പിന്തുണയോടെയാണ് പാസായത്.  
 

എഞ്ചിനിയറിങ്-മാനേജ്‌മെന്റ് പ്രവേശനത്തിന് ഒറ്റപ്പരീക്ഷ
എ.ഐ.സി.ടി.ഇക്കു കീഴിലുള്ള എഞ്ചിനിയറിങ് പ്രവേശനത്തിനായി അഖിലേന്ത്യാടിസ്ഥാനത്തില്‍ ഒറ്റ പ്രവേശനപ്പരീക്ഷ നടത്തിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിദഗ്ധസമിതി ശുപാര്‍ശചെയ്തു. പ്രവേശനപ്പരീക്ഷ നടത്താനായി സ്വതന്ത്രമായ 'ദേശീയ പരീക്ഷാ ഏജന്‍സി (നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി)' രൂപവത്കരിക്കാനും നിര്‍ദേശമുണ്ട്. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജുക്കേഷന്റെ (എ.ഐ.സി.ടി.ഇ.) പരിഷ്‌കരണത്തിനായി കേന്ദ്ര മാനവശേഷിമന്ത്രാലയം മുന്‍ സെക്രട്ടറി എം.കെ. കാവ് അധ്യക്ഷനായി നിയമിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് ശുപാര്‍ശ. 

മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈ അന്തരിച്ചു
കന്നട മഹാകവി കയ്യാര്‍ കിഞ്ഞണ്ണറൈ ആഗസ്ത് 9-ന്  അന്തരിച്ചു. കന്നടയില്‍ 12-ഉം തുളുവില്‍ രണ്ടും ഉള്‍പ്പെടെ 14 കാവ്യസമാഹാരങ്ങളെഴുതിയിട്ടുണ്ട്.
ഉള്ളൂരിന്റെ മലയാള സാഹിത്യ ചരിത്രം, ആശാന്റെ ചണ്ഡാലഭിക്ഷുകി, കരുണ, ചിന്താവിഷ്ടയായ സീത തുടങ്ങിയ കൃതികള്‍ കയ്യാര്‍ കിഞ്ഞണ്ണറൈ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ വീണ്ടും കേരളം 
ദേശീയ ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം. എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി 189 പോയന്റുകളോടെയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്.

ജവഹര്‍ തായങ്കരിക്ക് നെഹ്രു ട്രോഫി
കുമരകം വേമ്പനാടിന്റെ തുഴക്കരുത്തില്‍ ജവഹര്‍ തായങ്കരി 2015-ലെ നെഹ്രു ട്രോഫിയില്‍ മുത്തമിട്ടു. മഹാദേവികാട് കാട്ടില്‍ തെക്കതില്‍ ചുണ്ടന്‍ രണ്ടാമതും ശ്രീഗണേശന്‍ മൂന്നാമതുമെത്തി. 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2014
ജയരാജ് സംവിധാനംചെയ്ത 'ഒറ്റാല്‍' 2014-ലെ മികച്ച ചിത്രമായി.  സനല്‍കുമാര്‍ ശശിധരനാണ് ('ഒരാള്‍പ്പൊക്കം') മികച്ച സംവിധായകന്‍. നിവിന്‍ പോളിയും (ബാംഗ്ലൂര്‍ ഡെയ്‌സ്, 1983) സുദേവ് നായരും (മൈ ലൈഫ് പാര്‍ട്ണര്‍) മികച്ച നടനുള്ള പുരസ്‌കാരം പങ്കുവെച്ചപ്പോള്‍ നസ്രിയ നസീം (ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്) മികച്ച നടിയായി. സ്വഭാവനടന്‍: അനൂപ് മേനോന്‍  സ്വഭാവ നടി: സേതുലക്ഷ്മി മികച്ച തിരക്കഥാകൃത്ത്: അഞ്ജലി മേനോന്‍ മികച്ച കഥാകൃത്ത്: സിദ്ധാര്‍ത്ഥ് ശിവ ജനപ്രിയ ചിത്രം: ഓംശാന്തി ഓശാന നവാഗത സംവിധായകന്‍: എബ്രിഡ് ഷൈന്‍ (1983) മികച്ച ഗായകന്‍: കെ.ജെ. യേശുദാസ് മികച്ച ഗായിക: ശ്രേയാ ഘോഷാല്‍ സംഗീതസംവിധായകന്‍: രമേഷ് നാരായണന്‍ ഛായാഗ്രഹണം: അമല്‍ നീരദ്   ബാലതാരങ്ങള്‍: മാസ്റ്റര്‍ അദ്വൈത്, അന്ന ഫാത്തിമ
 

ലോകം കീഴടക്കാന്‍ ഐ.എസ്. പദ്ധതി
ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടെ ലോകത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം പിടിച്ചെടുക്കാന്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ പദ്ധതി രൂപരേഖ തയ്യാറാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍, വടക്കേ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യുറോപ്പിന്റെ വിവിധ ഭാഗങ്ങള്‍, സ്‌പെയിന്‍ മുതല്‍ ചൈന വരെയും കൈപ്പിടിയിലൊതുക്കി ഐ.എസ്. സാമ്രാജ്യം സ്ഥാപിക്കാനാണ് സംഘടന ഒരുങ്ങുന്നത്. 
 

അശ്ലീല സൈറ്റുകള്‍ക്ക് പൂര്‍ണ നിരോധനമില്ല 
അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണമായും നിരോധിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. എന്നാല്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ നിരോധിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ കാലത്ത് സമ്പൂര്‍ണ നിരോധനം പ്രായോഗികമാവില്ലെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി പറഞ്ഞു. 
 

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ല
സര്‍ക്കാറിന്റെ വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍നമ്പര്‍ നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതി. പൊതുവിതരണം, പാചകവാതക, മണ്ണെണ്ണ വിതരണം എന്നിവയ്ക്കല്ലാതെ മറ്റൊന്നിനും ആധാര്‍ നമ്പര്‍ ഉപയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് ചെലമേശ്വര്‍, എസ്.എ. ബോബ്‌ഡെ, സി. നാഗപ്പന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് നടപടി.

വിഭജിച്ച ഗൂഗിളിന്റെ തലപ്പത്ത് ഇന്ത്യക്കാരന്‍ 
ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈ  സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ പുതിയ സി.ഇ.ഒ. ആയി. ഗൂഗിളിനെ പല കമ്പനികളായി വിഭജിച്ചിട്ടുണ്ട്. ആല്‍ഫബെറ്റ് എന്നു പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായിരിക്കും ഇനി ഗൂഗിള്‍.സുന്ദര്‍ പിച്ചൈ 2004-ലാണ് ഗൂഗിളില്‍ ചേരുന്നത്. 

യുവേഫ സൂപ്പര്‍ കപ്പ് ബാഴ്‌സയ്ക്ക്
യുവേഫ സൂപ്പര്‍ കപ്പ് ഫുട്‌ബോള്‍ കിരീടം സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണ നേടി.നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സെവിയ്യയെയാണ് ബാഴ്‌സ തോല്‍പ്പിച്ചത്.