പലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അംഗത്വം
പലസ്തീന്‍ ഔദ്യോഗികമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി.) ചേര്‍ന്നു.  ക്രിമിനല്‍ കോടതിയിലെ 123-ാമത്തെ അംഗരാജ്യമാണ് പലസ്തീന്‍. 2002-ലാണ് ഹേഗ് ആസ്ഥാനമായി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ആരംഭിച്ചത്.

നൈജീരിയയില്‍ മുഹമ്മദ് ബുഹാരിക്ക് ജയം
നൈജീരിയന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിട്ട.മേജര്‍ ജനറല്‍ മുഹമദ് ബുഹാരി വിജയം നേടി.ആള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ബുഹാരി 54 ശതമാനത്തിലധികം വോട്ട് നേടിയാണ് നിലവിലെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാഥനെ  തോല്‍പ്പിച്ചത്.

ഐ.സി.സി. പ്രസിഡന്റ് രാജിവെച്ചു
ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ബംഗ്ലാദേശുകാരനായ പ്രസിഡന്റ് മുസ്തഫ കമാല്‍ രാജിവെച്ചു.  ലോകകപ്പ് ജേതാക്കള്‍ക്കുള്ള ട്രോഫി ചെയര്‍മാന്‍ എന്‍.ശ്രീനിവാസന്‍ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. 

അമരാവതി ആന്ധ്രയുടെ തലസ്ഥാനമാകും 

പുരാതനനഗരമായ അമരാവതി വിഭജിച്ച ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകും.  ഹൈദരാബാദില്‍നിന്ന് 500 കിലോമീറ്റര്‍ മാറി കൃഷ്ണാനദീതീരത്തുള്ള പുരാതനനഗരമാണ് അമരാവതി.

സൗരയൂഥത്തിലെ കുഞ്ഞന്‍ ഗ്രഹം ഇനി 'വിഷി ആനന്ദ്'
അഞ്ചുവട്ടം ലോക ചെസ്സ് ചാമ്പ്യനായ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്റെ പെരുമ ഇനി സൗരയൂഥത്തിലും. 1988-ല്‍ കണ്ടെത്തിയ കുഞ്ഞന്‍ ഗ്രഹത്തിന് (4538) വിഷി ആനന്ദ് എന്നു പേരുനല്‍കാന്‍ ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു.) തീരുമാനിച്ചു. ലോക ചെസ്സ് ചാമ്പ്യന്‍മാരായിരുന്ന റഷ്യയുടെ അലക്‌സാണ്ടര്‍ അഖിന്‍, അനത്തോളി കാര്‍പോവ്, ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍, അമേരിക്കയുടെ അത്‌ലറ്റ് ജെസ്സി ഓവന്‍സ്, ടെന്നീസ് താരങ്ങളായ റോജര്‍ ഫെഡറര്‍, റാഫേല്‍ നഡാല്‍ എന്നിവരുടെ പേരിലും ഛിന്നഗ്രഹങ്ങളുണ്ട്‌

കുരുതിക്കളമായി കെനിയ സര്‍വകലാശാല
അല്‍ ഖ്വെയ്ദയുമായി ബന്ധമുള്ള സോമാലിയയിലെ അല്‍ ശബാബ് ഭീകരര്‍ വടക്കുകിഴക്കന്‍ കെനിയയിലെ സര്‍വകലാശാലയിലേക്ക് ഇരച്ചുകയറി 70 വിദ്യാര്‍ഥികളെ വധിച്ചു. 1998ലെ യു.എസ്. എംബസി ബോംബാക്രമണത്തിനുശേഷം കെനിയയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.

ഇറാന്‍ ആണവക്കരാറില്‍ ധാരണ
ആണവനയം സംബന്ധിച്ച രൂപരേഖയിന്മേല്‍ ഇറാനും ആറ് ലോകരാജ്യങ്ങളും ധാരണയിലെത്തി.  ഇറാനും അമേരിക്ക, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും തമ്മില്‍ സ്വിറ്റ്‌സര്‍ലന്റിലെ ലോസണിലാണ് ചര്‍ച്ച നടന്നത്. ധാരണപ്രകാരം ഇറാന്‍ അവരുടെ ആണവപദ്ധതികള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കും. പകരം ഇറാന്റെമേലുള്ള നിരോധനങ്ങള്‍ ലോകരാജ്യങ്ങള്‍ നീക്കംചെയ്യും.

കോര്‍പ്പറേറ്റ് സംഭാവനകള്‍ക്ക്  ഇനി ദേശീയ ഇലക്ട്രല്‍ ട്രസ്റ്റ്
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുള്ള വന്‍കിട കമ്പനികളുടെയും മറ്റും സംഭാവന കേന്ദ്രീകൃതമാക്കുന്നതിന് ദേശീയ ഇലക്ടറല്‍ ട്രസ്റ്റ് രൂപവത്കരിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. കമ്പനികള്‍ ഈ ട്രസ്റ്റിലേക്ക് സംഭാവന ചെയ്യുകയും പാര്‍ട്ടികള്‍ക്ക് അവരുടെ പിന്തുണയ്ക്ക് ആനുപാതികമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതില്‍നിന്ന് പണം വീതിച്ചു നല്‍കുകയും ചെയ്യുക എന്നതാണ് ദേശീയ ട്രസ്റ്റു കൊണ്ട് ഉദ്ദേശിക്കുന്നത്.

മയാമി വനിതാ ഡബിള്‍സ് സാനിയ-ഹിംഗിസ് സഖ്യത്തിന്
മുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം തുടര്‍ച്ചയായ രïാം ടൂര്‍ണമെന്റിലും സാനിയ ഡബിള്‍സ് കിരീടം സ്വന്തമാക്കി. റഷ്യയുടെ എലേന വെസ്‌നിന-എക്കാതറീന മക്കറോവ ജോഡിയെയാണ് ഇവര്‍ തോല്‍പ്പിച്ചത്. മയാമി ഓപ്പണ്‍ പുരുഷവിഭാഗം കിരീടം നൊവാക് ദ്യോക്കോവിച്ചിനും വനിതാവിഭാഗം കിരീടം സെറീന വില്യംസിനുമാണ്.

ആശാന്‍ വിശ്വപുരസ്‌കാരംസിറിയന്‍ കവി അഡോണിസിന്
2015-ലെ ആശാന്‍ വിശ്വപുരസ്‌കാരത്തിന് സിറിയന്‍ കവി അഡോണിസ് (അലി അഹമ്മദ് സെയ്ദ് എസ്ബര്‍) അര്‍ഹനായി. മൂന്നുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന പുരസ്‌കാരം കവിതയ്ക്കായി മാത്രമുള്ളതാണ്.

തൊഴിലുറപ്പ് കൂലി കൂട്ടി
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനമായി. കേരളത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ 229 രൂപയാണ് ദിവസവേതനം. കഴിഞ്ഞവര്‍ഷം 212 രൂപയായിരുന്നു. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ - 251 രൂപ.

അത്യാധുനിക മുങ്ങിക്കപ്പല്‍ സ്‌കോര്‍പീന്‍ നീറ്റിലിറക്കി
ഇന്ത്യന്‍ നാവികസേനയുടെ അത്യാധുനിക മുങ്ങിക്കപ്പലായ സ്‌കോര്‍പീന്‍ മഡ്ഗാവ് ഡോക്കില്‍ നീറ്റിലിറക്കി. 66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പീന്‍ 300 മീറ്റര്‍ ആഴത്തില്‍വരെ സഞ്ചരിക്കാന്‍ കഴിവുള്ളവയാണ്.

എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഹരിവരാസനം അവാര്‍ഡ്
ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ഹരിവരാസനം അവാര്‍ഡ്. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. ഒരുലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
 
സാമ്പത്തികവളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ലോകബാങ്ക് 
സാമ്പത്തികവളര്‍ച്ചയില്‍ 2017-ഓടെ ഇന്ത്യ ചൈനയെ പിന്തള്ളുമെന്ന് ലോകബാങ്കും ഐ.എം.എഫും.ആഭ്യന്തരോത്പാദനരംഗത്ത് 2017-ഓടെ ഇന്ത്യ എട്ടുശതമാനം വളര്‍ച്ച നേടുമെന്നാണ് ലോകബാങ്കിന്റെയും ഐ.എം.എഫിന്റെയും വിലയിരുത്തല്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ പുറത്തിറക്കുന്ന ലോകബാങ്കിന്റെ ദക്ഷിണേഷ്യാ സാമ്പത്തിക റിപ്പോര്‍ട്ടിലും ഐ.എം.എഫ്. റിപ്പോര്‍ട്ടിലുമാണ് ഇന്ത്യയുടെ വളര്‍ച്ച എടുത്തുപറയുന്നത്.

പ്രഹരശേഷിയുമായി'ഐ.എന്‍.എസ്. വിശാഖപട്ടണം' 
ഇന്ത്യന്‍ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പല്‍ 'ഐ.എന്‍.എസ്. വിശാഖപട്ടണം' നീറ്റിലിറക്കി. എട്ട് ബ്രഹ്മോസ് മിസൈലുകള്‍ വാഹകശേഷിയുള്ള കപ്പലിന് 163 മീറ്റര്‍ നീളവും 3000 ടണ്‍ ഭാരവുമുണ്ട്.. എതിരാളികളുടെ ചാരപ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും തകര്‍ക്കാനും ലക്ഷ്യമിട്ട് അത്യാധുനിക പടക്കോപ്പുകള്‍ സജ്ജീകരിച്ചിട്ടുള്ള കപ്പലില്‍നിന്ന് ഭൂതലഭൂതല മിസൈല്‍ തൊടുക്കാവുന്ന സംവിധാനങ്ങളുണ്ട്. 

ക്രിക്കറ്റ് ഗ്രൗണ്ടില്‍ വീണ്ടുമൊരു ദാരുണാന്ത്യം
കളിക്കിടെ സഹകളിക്കാരനുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം നായകന്‍ അങ്കിത് കേസരി അന്തരിച്ചു. കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂണിവേഴ്‌സിറ്റി കാമ്പസ് ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാളും ഭവാനിപുര്‍ ക്ലബ്ബും തമ്മില്‍ നടന്ന മത്സരത്തിനിടെയാണ് അപകടം.

യെച്ചൂരി സി.പി.എം. ജനറല്‍ സെക്രട്ടറി
സി.പി.എമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ തിരഞ്ഞെടുത്തു, വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിനൊടുവിലായിരുന്നു തിരഞ്ഞെടുപ്പ്. പാര്‍ട്ടിയുടെ അഞ്ചാം ജനറല്‍ സെക്രട്ടറിയാണ് ആന്ധ്രയില്‍നിന്നുള്ള സീതാറാം യെച്ചൂരി. 

മണിക്കൂറില്‍ 603 കിലോമീറ്റര്‍ ഓടി 'മഗ്‌ലെവ് ട്രെയിന്‍'
ജപ്പാനില്‍ ഒരു മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്‍ മണിക്കൂറില്‍ 603 കിലോമീറ്റര്‍ വേഗത്തിലോടി റെക്കോഡിട്ടു.  മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ സങ്കേതമുപയോഗിക്കുന്ന ട്രെയിനുകളാണ് 'മഗ്‌ലെവ് ട്രെയിനുകള്‍' എന്നറിയപ്പെടുന്നത്. സെന്‍ട്രല്‍ ജപ്പാന്‍ റെയില്‍വേ ആണ് മാഗ്‌നെറ്റിക് ലെവിറ്റേഷന്‍ ട്രെയിന്റെ പരീക്ഷണ ഓട്ടം നടത്തുന്നത്.

ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭാ അംഗീകാരം
കുറ്റവാളികളെ കുട്ടിയായി പരിഗണിക്കുന്നതിനുള്ള പ്രായം 18-ല്‍നിന്ന് 16 ആക്കുന്നതിന് ശുപാര്‍ശചെയ്യുന്ന ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 16നും 18നും ഇടയിലുള്ളവരാണ് നിഷ്ഠുരമായ കുറ്റംചെയ്യുന്നതെങ്കില്‍ 'ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്' അക്കാര്യം പരിശോധിച്ച് കുട്ടിയാണോ മുതിര്‍ന്നയാളാണോ അത് ചെയ്തതെന്ന് വിലയിരുത്തും.

അഴിമതിക്കെതിരെ 'വിജിലന്റ് കേരള'
അഴിമതി പ്രതിരോധിക്കാന്‍ 'വിജിലന്റ് കേരള' പദ്ധതിക്ക് സംസ്ഥാന ആഭ്യന്തരവകുപ്പ് രൂപം നല്‍കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അവയുടെ പരിധിയില്‍ വരുന്ന വിവിധ സര്‍ക്കാര്‍സ്ഥാപനങ്ങളിലുമുള്ള അഴിമതിക്കെതിരെ ജനങ്ങള്‍ക്ക് പരാതിനല്‍കാം. ജനങ്ങളും ജനപ്രതിനിധികളും വിജിലന്‍സ് ഉദ്യോഗസ്ഥരും ചേരുന്ന എഴ് തലങ്ങളിലൂടെ ഈ പരാതികള്‍ പരിഹരിക്കും.

ഏകദിന ക്രിക്കറ്റിലേക്ക് ട്രിപ്പിള്‍ സെഞ്ച്വറിയും 
ഇംഗ്ലീഷ് കൗണ്ടിയില്‍ ലങ്കാഷെയറിന്റെ ഓള്‍റൗïര്‍ ലിയാം ലിവിങ്സ്റ്റണ്‍ പരിമിത ഓവര്‍ ക്രിക്കറ്റിലെ ആദ്യ അംഗീകൃത ട്രിപ്പിള്‍ സെഞ്ച്വറി നേടി. കാള്‍ഡി ടീമിനെതിരെ 137 പന്തില്‍നിന്ന് 350 റണ്‍സാണ് ലിവിങ്സ്റ്റണ്‍ നേടിയത്. കേരള രഞ്ജി താരമായ നിഖിലേഷ് സുരേന്ദ്രന്‍, 2008-ല്‍ സ്‌കൂള്‍തലത്തില്‍ നടന്ന ഏകദിനമത്സരത്തില്‍ നേടിയ 334 റണ്‍സാണ് പഴങ്കഥയായത്.

മുഹമ്മദ് മുര്‍സിക്ക് 20 വര്‍ഷം തടവ്
മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് ഈജിപ്തിലെ കോടതി 20 വര്‍ഷം തടവ് വിധിച്ചു. പ്രസിഡന്റായിരിക്കെ 2012-ല്‍ പ്രക്ഷോഭകരെ അടിച്ചമര്‍ത്താനും അറസ്റ്റ്‌ചെയ്യാനും ഉത്തരവിട്ട കേസിലാണ് വിധി. 2011-ല്‍ ഹുസ്‌നി മുബാറക്കിനെ പുറത്താക്കി അധികാരമേറിയ മുര്‍സിക്ക് 2013-ലെ പട്ടാള അട്ടിമറിയില്‍ സ്ഥാനം നഷ്ടമാവുകയായിരുന്നു. 

എസ്.എസ്.എല്‍.സി.ക്ക് 98.57 ശതമാനം വിജയം 
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 98.57 ശതമാനം വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് 12,287 പേര്‍ നേടി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ റവന്യൂ ജില്ല മലപ്പുറവും വിജയശതമാനം ഏറ്റവും കൂടുതല്‍ നേടിയ റവന്യൂ ജില്ല കണ്ണൂരുമാണ്.  

സുഡാനില്‍ വീണ്ടും ഉമറുല്‍ ബഷീര്‍ 
പ്രതിപക്ഷം ബഹിഷ്‌കരിച്ച സുഡാന്‍ തിരഞ്ഞെടുപ്പില്‍ 94.5 ശതമാനം വോട്ട്‌നേടി പ്രസിഡന്റ് ഉമറുല്‍ ബഷീര്‍ വീണ്ടും അധികാരത്തിലെത്തി. 1989-ല്‍ പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ശേഷം കാല്‍ നൂറ്റാണ്ടായി സുഡാന്‍ ഭരിക്കുന്നത് 71-കാരനായ ബഷീറാണ്. 

കസാഖ്‌സ്താനില്‍ നാസര്‍ബയേവ് തുടരും 
കസാഖ്‌സ്താന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് നൂര്‍സുല്‍ത്താന്‍ നാസര്‍ബയേവ് വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചു. 1989 മുതല്‍ കസാഖ്‌സ്താനില്‍ അധികാരത്തിലുള്ള അദ്ദേഹം, 1991-ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് വേര്‍പെട്ടശേഷവും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡ് ലോകത്തെ സന്തുഷ്ടരാജ്യം
ലോകത്തെ സന്തുഷ്ടരാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതെത്തി. ഐക്യരാഷ്ട്രസംഘടനയുടെ 2015-ലെ വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടില്‍ ഇന്ത്യ 117ാം സ്ഥാനത്താണ്. എച്ച്.ഐ.വി. അണുബാധ സ്വയം കണ്ടെത്താന്‍ മരുന്ന്  എയ്ഡ്‌സ് രോഗത്തിന് കാരണമായ എച്ച്.ഐ.വി. അണുബാധ സ്വയം കïെത്താന്‍ സഹായിക്കുന്ന പരിശോധനാ കിറ്റ് ബ്രിട്ടനില്‍ വിപണിയിലെത്തി. 'ബയോഷുവര്‍ എച്ച.്‌ഐ.വി. സ്വയം പരിശോധനാ കിറ്റ്' എന്ന പേരുള്ള കിറ്റാണ് വിപണിയിലെത്തിയത്.

ഭിന്നലിംഗക്കാരുടെ അവകാശ സംരക്ഷണത്തിന് ബില്‍ 
ഭിന്നലിംഗക്കാരുടെ അവകാശസംരക്ഷണത്തിനായുള്ള സ്വകാര്യബില്‍ രാജ്യസഭ ഏപ്രില്‍ 24-ന്  പാസാക്കി. ഡി.എം.കെ. നേതാവ് തിരുച്ചി ശിവയാണ് ബില്‍ അവതരിപ്പിച്ചത്.  ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍, വിദ്യാഭ്യാസം, വൈദഗ്ധ്യ പരിശീലനം, സാമൂഹിക സുരക്ഷിതത്വം, ആരോഗ്യപരിരക്ഷ, ന്യായമായ താമസസൗകര്യം, നിയമസഹായം, അക്രമവും ചൂഷണവും തടയല്‍, പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്.

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് 'നോട്ട'യില്ല
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാതിരിക്കല്‍ എന്ന അവകാശമില്ലാത്തതിനാല്‍ യന്ത്രത്തില്‍ 'നോട്ട' ഉണ്ടായില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള വോട്ടുകള്‍ ഒരു യന്ത്രത്തില്‍തന്നെ ചെയ്യാമെന്നതും പ്രത്യേകതയാണ്.  ഇതാദ്യമായാണ് ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് പൂര്‍ണമായും ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നത്.

ആദ്യ ജൈവ നെല്ലിനം 'ജൈവ' പുറത്തിറക്കി 
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനമായ 'ജൈവ' പുറത്തിറക്കി. ജൈവകൃഷിക്ക് അനുയോജ്യമായ നെല്‍വിത്ത് വികസിപ്പിച്ചെടുക്കുന്നത് ലോകത്ത് ആദ്യമായാണ്. പാകംചെയ്യുമ്പോള്‍ കൂടുതല്‍ അളവ് ചോറ് ലഭിക്കുന്ന 'ജൈവ'യുടെ അരിയില്‍ ജ്യോതി, ഉമ, ആതിര ഇനങ്ങളെക്കാള്‍ ഇരുമ്പ്, പ്രോട്ടീന്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്

പുലികളുടെ രക്ഷയ്ക്ക് 'ആനിമല്‍ സഫാരി' 
രാജ്യത്ത് പുള്ളിപ്പുലികളുടെ സംരക്ഷണത്തിനായി 'ആനിമല്‍ സഫാരി' എന്ന പേരില്‍ പുതിയ പദ്ധതി  കേന്ദ്ര വന്യമൃഗ സംരക്ഷണ വകുപ്പ് തയ്യാറാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാടുകളില്‍നിന്ന് പുറത്തെത്തുന്ന വന്യമൃഗങ്ങളെ വേലികെട്ടിത്തിരിച്ച് സ്വാഭാവിക വാസസ്ഥലത്തേക്ക് വിടുന്നതാണ് പദ്ധതി. രാജ്യത്തെ ആദ്യ ആനിമല്‍ സഫാരി പാര്‍ക്ക് മഹാരാഷ്ട്രയിലെ രായ്ഗഢ് ജില്ലയിലെ റോഹയിലാണ് പ്രവര്‍ത്തിക്കുന്നത്. 

യൂറോപ്യന്‍ ഡിവിഷന്‍ ലീഗില്‍ ബൂട്ടുകെട്ടി ഗുര്‍പ്രീത്
ഇന്ത്യക്കാരനായ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു യൂറോപ്യന്‍ ഒന്നാം ഡിവിഷന്‍ ക്ലബ്ബില്‍ കളിക്കുന്ന ആദ്യതാരമെന്ന ബഹുമതി സ്വന്തമാക്കി. സ്റ്റാബക് എഫ്.സി.യുടെ ഗോള്‍കീപ്പറായിട്ടാണ് ഗുര്‍പ്രീത് കളിച്ചത്. 23 കാരനായ ഗുര്‍പ്രീത് സിങ് ഈസ്റ്റ് ബംഗാളിനും പൈലന്‍ ആരോസിനും കളിച്ചിട്ടുണ്ട്.

മിതാലി രാജ് വിസ്ഡണ്‍ ഇന്ത്യ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് വിസ്ഡണ്‍ ഇന്ത്യ ക്രിക്കറ്റേഴ്‌സ് ഓഫ് ദ ഇയര്‍ അവാര്‍ഡ്. ആദ്യമായാണ് വിസ്ഡണ്‍ ഇന്ത്യ അവാര്‍ഡ് ഒരു വനിതാ താരത്തിന് ലഭിക്കുന്നത്. മിതാലിയെക്കൂടാതെ അജിങ്ക്യ രഹാനെ, റിഷി ധവാന്‍, ആഞ്ചലോ മാത്യൂസ്, ഉമര്‍ അക്മല്‍, മോമിനുള്‍ ഹഖ് എന്നിവരാണ് ഇത്തവണ അവാര്‍ഡിന് അര്‍ഹരായിരിക്കുന്നത്.

ഭൂമി കുലുങ്ങി; നാലായിരത്തിലധികം മരണം
നേപ്പാളിലും ഇന്ത്യന്‍ അതിര്‍ത്തിയിലും ഏപ്രില്‍ 25-നുണ്ടായ വന്‍ഭൂകമ്പത്തില്‍ മരണസംഖ്യ നാലായിരം കവിഞ്ഞു. മലയാളി ഡോക്ടര്‍മാരായ കാസര്‍കോട് സ്വദേശി എ.എസ്. ഇര്‍ഷാദ്, കണ്ണൂര്‍ കേളകം സ്വദേശി ദീപക് തോമസ് എന്നിവരും ഭൂകമ്പത്തിനിരയായി. ഭൂകമ്പമാപിനിയില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളില്‍ കാഠ്മണ്ഡുവിന് സമീപം പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ കിഴക്കായിരുന്നു. ഡല്‍ഹിയിലും റാഞ്ചിയിലും ഗുവാഹാത്തിയിലും ആഗ്രയിലും കൊല്‍ക്കത്തയിലും ജയ്പ്പൂരിലും മുംബൈയിലും കൊച്ചിയിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും തിബറ്റിലുമെല്ലാം ചലനങ്ങളുണ്ടായി.

രാജീവ് ശുക്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍.) ഭരണസമിതിയുടെ ചെയര്‍മാനായി രാജീവ് ശുക്ലയെ നിയമിച്ചു.

പി.സി.ജോര്‍ജ്
കേരളകോണ്‍ഗ്രസ് (എം) നേതാവും എം.എല്‍.എ.യുമായ പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കി.

മല്ലി മസ്താന്‍ ബാബു
2015 മാര്‍ച്ചില്‍ അര്‍ജന്റീനയ്ക്കും ചിലിക്കുമിടയിലുള്ള ആന്‍ഡീസ് പര്‍വതനിര കയറുന്നതിനിടെ കാണാതായ പ്രശസ്ത ഇന്ത്യന്‍ പര്‍വതാരോഹകന്‍ മല്ലി മസ്താന്‍ ബാബുവിന്റെ മൃതദേഹം കണ്ടെത്തി.

ഗൊന്‍ഷെ ഗവാമി
പുരുഷന്‍മാരുടെ വോളിബോള്‍ മല്‍സരം കാണാനനുവദിക്കാത്തതില്‍ പ്രതിഷേധിച്ചതിന് ഇറാന്‍ അധികൃതര്‍ തടവിലിട്ട ഗൊന്‍ഷെ ഗവാമിക്ക് മാപ്പു നല്‍കി.

ഡോ. മന്‍മോഹന്‍ സിങ്
കല്‍ക്കരിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പ്രതിചേര്‍ത്ത് സമന്‍സയച്ച വിചാരണക്കോടതി നടപടി സുപ്രീം കോടതി സ്‌റ്റേചെയ്തു.

മിസാവോ ഒകാവ
ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തിയായി അംഗീകരിക്കപ്പെട്ട മുത്തശ്ശി മിസാവോ ഒകാവ (117) ജപ്പാനില്‍ അന്തരിച്ചു.

ജാബര്‍ അല്‍ നഫീസ്
ദുബായ് സ്മാര്‍ട്ട് സിറ്റിയുടെ സി.ഇ.ഒ. ആയി ജാബര്‍ അല്‍ നഫീസിനെ തിരഞ്ഞെടുത്തു.

ബ്രന്‍ഡന്‍ മക്കല്ലം
2014-15 വര്‍ഷത്തെ സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി പുരസ്‌കാരത്തിന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബ്രന്‍ഡന്‍ മക്കല്ലത്തെ തിരഞ്ഞെടുത്തു.