കഴിഞ്ഞുപോകുന്നത് വിഭജനത്തിന്റെ വര്‍ഷമാണ്. 2015ല്‍ ഇന്ത്യ വീണ്ടും രണ്ടായി വിഭജിക്കപ്പെട്ടു. അസഹിഷ്ണുതയുടെ ഇന്ത്യയും അതിനോട് അസഹിഷ്ണുതയുള്ള മറ്റൊരു ഇന്ത്യയും. കേരളം അങ്ങനെയും പിന്നെ പലതരത്തിലും വിഭജിക്കപ്പെട്ടു. ഭൂരിപക്ഷക്കാര്‍; ന്യൂനപക്ഷക്കാര്‍; കെകൂപ്പുന്നവര്‍, കൂപ്പാത്തവര്‍; കോഴയില്‍ വീഴുന്നവര്‍, വീഴാത്തവര്‍; ബീഫ് തിന്നുന്നവര്‍, തിന്നാത്തവര്‍; പ്രേമം കണ്ടവര്‍, കാണാത്തവര്‍; അവാര്‍ഡ് തിരിച്ചുകൊടുത്തവര്‍, കൊടുക്കാത്തവര്‍; സി.ഡി. മോഹിപ്പവര്‍, മോഹിക്കാത്തവര്‍ അങ്ങനെയങ്ങനെ...ആണ്ടറുതി കണക്കെടുപ്പില്‍ ഈ വിഭജനകാലത്തെ വേട്ടക്കാരും ഇരകളുമായ ചില മുഖങ്ങളെ ഓര്‍ക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പിശുക്കേണ്ടിവന്നതിനാല്‍ ഈ ദോഷൈകദൃഷ്ടിയില്‍ പെട്ടിട്ടും അര്‍ഹമായ പരിഗണന കിട്ടാത്തവരുണ്ട്. അവര്‍ നിരാശരാകരുത്. ഡിസംബറിന്റെ അറ്റത്തിരുന്നുള്ള ഈ ഏങ്കോണനോട്ടത്തില്‍ ഇങ്ങനെയൊക്കെയേ കാണുന്നുള്ളൂ.

വെള്ളാപ്പള്ളിയും കൂപ്പുന്നു  
ശംഖുംമുഖം കടപ്പുറത്തെ മണല്‍ത്തരികളെ സാക്ഷിയാക്കി ഭാരത് ജന ധര്‍മസേന പ്രഖ്യാപിക്കുമ്പോള്‍ വെള്ളാപ്പള്ളി നടേശന് ആ വാക്കുകള്‍ പൂര്‍ണമായി വഴങ്ങിയിരുന്നില്ല. വായില്‍ത്തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ടില്‍ നടന്ന ആ യുവാവിന്റെ വായില്‍ സംസ്‌കൃതം തിരുകിയവര്‍ക്ക് vellapalliപക്ഷെ വലിയ അജണ്ടയണ്ടായിരുന്നു. ആരുടെയും മുന്നില്‍ തൊഴുതിട്ടില്ലാത്ത ആ പഴയ ഗുസ്തിക്കാരന്‍ അന്നാദ്യമായി കൈകൂപ്പിയപ്പോള്‍ വിരലുകള്‍ കോച്ചിയിട്ടുണ്ടാവണം. എന്തൊക്കെപ്പറഞ്ഞാലും 2015 വെള്ളാപ്പള്ളിയുടെ വര്‍ഷമായിരുന്നു.

മലയാളികളെ അദ്ദേഹം ചിരിച്ചു. ചിന്തിപ്പിച്ചു. ഞെട്ടിച്ചു. അപമാനഭാരത്താല്‍ തലകുനിപ്പിച്ചു. നഴ്‌സറിപിള്ളാരുടെ പ്രച്ഛന്നവേഷംപോലെ, മുഖ്യമന്ത്രിക്കുപ്പായമിട്ട് പലവിധരസങ്ങളുമായി അദ്ദേഹം ചാനലുകളിലും പത്രങ്ങളിലും നിറഞ്ഞാടി. അമിത്ഷാജിയുടെ കേരളവിഭവ പാചകപരീക്ഷണത്തില്‍ അദ്ദേഹമാണ് തവയും ചട്ടിയുമെല്ലാം. ഇതിലിട്ട് നായാടിമുതല്‍ നമ്പൂതിരിവരെയുള്ളവരെ വരട്ടിയെടുക്കാമെന്നത്രേ ആ അമിതന്റെ റെസിപ്പി. നടക്കട്ടെ. വാട്ടസാപ്പിലും ഫെയ്‌സബുക്കിലും മലയാളിയുടെ നവമാധ്യമമായ ഫഌക്‌സിലുമെല്ലാം ബൊമ്മസമാനമായ വെള്ളാപ്പള്ളിയുടെ മുഖം മിന്നിമറയട്ടെ.

വെള്ളാപ്പള്ളി തറവാട്ടില്‍ നിന്ന് കുറെക്കാലമായി ടപ്പ്..ടപ്പ്..ടിക് ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ തുടങ്ങിയിട്ട്. ശ്രീനാരായണഗുരുദേവന്റെ ദര്‍ശനങ്ങള്‍ വളച്ചൊടിക്കുന്നതിന്റെ ശബ്ദമായിരുന്നു അത്. ഇപ്പോള്‍ അവിടെനിന്ന് സംഘപരിവാറിനുവേണ്ടി ചരിത്രംവളച്ചൊടിക്കുന്നതിന്റെ കര്‍ണകഠോര ശബ്ദങ്ങളാണ് മുഴങ്ങുന്നത്. ഇദ്ദേഹമാണ് 2015ല്‍ സ്ഥാപിതമായ ആള്‍നൂഴി. ഇതുവഴി ഇഴഞ്ഞുകേറുന്ന എല്ലാരെയും മാദിയുടെ അച്ഛാദിന്‍ കാത്തിരിക്കുന്നു. 

മാണിയൊരു വീണപൂവ് 
ഹാ, മാണിയേ അധികതുംഗപദത്തില്‍ 
എത്ര ശോഭിച്ചിരുന്നൊരു....കണക്കെ നീ
കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക്് കേരളം ഇത്രയും പുളകോദ്ഗമമായ മറ്റൊരു രാഷ്ട്രീയ 'പുനര്‍ജന്‍മം' കണ്ടിട്ടില്ല. കെ.എം.മാണി എന്ന വീരശൂര Image 2പരാക്രമി കരിം-കോഴ-യ്ക്കല്‍ മാണി മാണിയായി പുനര്‍ജനിച്ച വര്‍ഷം. കേരളചരിത്രത്തില്‍ ഒരുപാട് മന്ത്രിമാര്‍ കോഴയാരോപണത്തില്‍ കുടുങ്ങി രാജിവെച്ചിട്ടുണ്ടെങ്കിലും അതിന് ജനങ്ങളുടെ സ്വീകരണംകിട്ടിയ ആദ്യ മഹാനാണിദ്ദേഹം.

നിയമസഭാ അംഗത്വത്തിന്റെ പെരുപ്പിച്ച രജതജൂബിലി ആഘോഷിക്കാനിരിക്കെ നിയമസഭ  മുതല്‍ അങ്ങ് പാലാവരെ അദ്ദേഹം വിളമ്പിയ ലഡുവിന്റെ എണ്ണമെടുത്താല്‍ അതുതന്നെ ഒരു റെക്കോര്‍ഡാവും. 'അഡീഷണാലിറ്റി' തുടങ്ങിയ വാക്കുകള്‍ സംഭാവനചെയ്ത് ഇംഗ്ലീഷ് ഭാഷയെ പുളകമണിയിച്ച അദ്ദേഹം മലയാളത്തിന് അടുത്തിടെ പുതിയൊരു വാക്കുനല്‍കി-'ഇരട്ട നീതി.' എന്നുവെച്ചാല്‍ ഡബിള്‍ഡെക്കര്‍ നീതിയെന്നല്ല അര്‍ത്ഥം. പിന്നെയോ, നീതിയുടെ ഇരട്ടത്താപ്പ്. ഇതേ ആരോപണം കേട്ട ബാര്‍മന്ത്രി കെ.ബാബുവിനെ ബാപ്പുജിയെന്നും ബാറുജിയെന്നുമുള്ള ഓമനപ്പേരുകളില്‍ എല്ലാരും ലാളിക്കുമ്പോള്‍ ഇദ്ദേഹത്തെ കോഴമാണിയെന്ന് വിളിച്ച് ഇറക്കിവിടുന്നതില്‍ ഒരു ഇരട്ടത്താപ്പില്ലേ, അതുതന്നെ.

50 വര്‍ഷത്തിലേറെക്കാലം അജയ്യമായി ജനത്തെ നയിച്ചിട്ടും 13 ബജറ്റുകള്‍ പാസ്സാക്കി , ഒന്നിനെയും അവഗണിക്കാതെ എല്ലാറ്റിനും നികുതി ചുമത്തിയിട്ടും സ്വന്തം വീട്ടില്‍ നോട്ടെണ്ണല്‍ യന്ത്രം സ്ഥാപിച്ചുവെന്ന ചെറിയ ആരോപണത്തിന്റെ പേരില്‍ പാലയിയേക്ക് തിരിച്ചുകേറേണ്ടിവന്ന ഈ തൂവെള്ളരൂപമാണ് 2015 ല്‍ കേരളത്തിന്റെ ഒരേയൊരു രക്തസാക്ഷി. കഷ്ടകാലം ലളിതകുമാരിയുടെ രൂപത്തില്‍ വന്നെങ്കിലും ഇലയില്ലാതെ അലഞ്ഞുനടക്കുന്ന താമരയുള്ള ഇന്നാട്ടില്‍ രണ്ടില കൈയിലുള്ള ഇദ്ദേഹം അതിജീവിക്കാനുള്ള എല്ലാ സാധ്യതകളും 2016 ല്‍ തെളിഞ്ഞുവരുന്നുണ്ട്. കാത്തിരുന്ന് കാണാം. 

സെലോടേപ്പ് ഒരായുധമാണ്
കേരളം എങ്ങോട്ടുവളരണമെന്ന കാര്യത്തില്‍ തീര്‍പ്പുണ്ടായ വര്‍ഷമാണ് കടന്നുപോയത്. സംശയമെന്ത്, മോപ്പോട്ടുതന്നെ. കീഴോട്ടുവളരാന്‍ കേരളമൊരു പടവലങ്ങയല്ല. വശത്തേക്ക് വളരാന്‍ നമ്മുടെ നാട് ചക്കയുമല്ല. കേരളത്തിന് എത്രനിലവേണമെങ്കിലും ആകാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് ഇനി റിയല്‍ എസ്റ്റേറ്റ് മുതലാളിമാര്‍ മാത്രമാണ് നമ്മുടെ രക്ഷകര്‍.

jacobഅവരുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയക്ക് തീപിടിച്ചാലോ എന്ന് ആശങ്കപ്പെടുന്ന മണ്ടന്‍ ഐ.പി.എസുകാരെ എന്തുചെയ്യണം. സംശയംവേണ്ട. യൂണിഫോം കണികാണാന്‍പോലും അവസരം നല്‍കരുത്. അവര്‍ കുരങ്ങന്‍മാരെപ്പോലെ പോസ്റ്റില്‍ നിന്ന് പോസ്റ്റിലേക്ക് ചാടിനടക്കട്ടെ. ഈ ശീക്ഷകിട്ടിയിട്ടും മതിവരാതെ സര്‍ക്കാരിന് നേര്‍ക്ക് മുറുമുറുത്താലോ, സ്ഥലത്തെ പേരുകേട്ട വക്താവായ എം.എം.ഹസ്സന് ക്വട്ടേഷന്‍ കൊടുക്കുക. അദ്ദേഹം വിരട്ടിക്കോളും. ഇതൊക്കെ ചെയ്തിട്ടും ജേക്കബ് തോമസ് എന്ന ഐ.പി.എസുകാരന് ഒരു കുലുക്കവുമില്ല. അദ്ദേഹം സത്യമേവ ജയതേ എന്ന് ജപിച്ചിരിക്കുന്നു. ആ മന്ത്രത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിക്കെതിരെ കോടതികേറാന്‍ ഒരുങ്ങുന്നു.

ആരെങ്കിലും അഴിമതിക്കെതിരെ പോരാടുന്നത് ഇഷ്ടമാണെങ്കിലും അതിത്രയും കടുപ്പിക്കണോ എന്ന കാര്യത്തില്‍ മലയാളിക്ക് ആശങ്കയുണ്ട്. സത്യസന്ധതയുടെ എണ്ണ ശരീരത്തിലുണ്ടെങ്കില്‍ പിടിക്കുന്നവര്‍ക്കെല്ലാം വഴുക്കും. അതിനെയാണ് ധാര്‍മികത എന്നൊക്കെ പറയുന്നത്. അതില്ലാത്തതുകൊണ്ടാണ് ജേക്കബ്‌തോമസ് സെലോടേപ്പ് ഉയര്‍ത്തികാട്ടിയപ്പോള്‍ തന്നെ ഒട്ടിപ്പോ എന്ന നിലവിളിയോടെ മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ വായടഞ്ഞുപോയത്.

മഞ്ഞളാംകുഴി അലിക്ക് ഇദ്ദേഹത്തെ വിമര്‍ശിക്കാന്‍ നിയമസഭയുടെ കമ്പിളിപ്പുതപ്പിന് അകത്ത് കയറേണ്ടിവന്നത്. ജേക്കബ്‌തോമസ് കെജരിവാള്‍ ആയിക്കളയുമോയെന്ന് ചിലര്‍ക്ക് പേടി. ആകുന്നെങ്കില്‍ ആകട്ടെ. അഴിമതികൊണ്ട് സഹികെട്ട മലയാളിയുടെ മനസ്സില്‍ മങ്കിക്യാപ്പും മഫഌറും കാത്തിരിക്കുന്നുണ്ട്, ഒരു കേരള കെജരിവാളിനുവേണ്ടി. കെജരിവാളിന്റെ നിഴലായാലും മതി. 

അപമാനിതമായ ആത്മത്യാഗം 
വെള്ളാപ്പള്ളിയും ശോഭാസുരേന്ദ്രനുമൊക്കെയുള്ള ഈ നാട്ടില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയം ഉണ്ടായിപ്പോയതാണ് നൗഷാദിന്റെ പരാജയം. മാന്‍ഹോളില്‍ വീണ അപരിചിതരായ രണ്ടുമനുഷ്യരെ രക്ഷിക്കാന്‍ കുടിച്ച ചായ ബാക്കിവെച്ച്  അതിലേക്ക് എടുത്തുചാടി മരിച്ചുപോയ  ഈ Image 3ഓട്ടോഡ്രവറുടെ ആത്മത്യാഗം സമത്വമുന്നേറ്റയാത്രയക്ക് എരിവുപകരാന്‍ ഉപയോഗിച്ചവരെ വിദ്വേഷ പ്രസംഗത്തിന്റെ പേരിലല്ല, മനുഷ്യത്വത്തെ കൊലചെയ്തതിനാണ് കേസ്സെടുക്കേണ്ടത്. അതിനൊരു വകുപ്പ് ഐ.പി.സിയില്‍ ഉടന്‍വേണം.

ആശ്രയമറ്റ നൗഷാദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചത് ഒരു ന്യൂനപക്ഷ പ്രീണനമായി കാണാനും അത് ഉളുപ്പില്ലാതെ പറയാനും വെള്ളാപ്പള്ളി വികലമനസ്‌കനായപ്പോള്‍ ഒരു കാര്യം അദ്ദേഹം തെളിയിച്ചു. തൊഗാഡിയയുടെയും അമിത് ഷാജിയുടെയും തിരഞ്ഞെടുപ്പ് പാഴായില്ല.  സംഘപരിവാറിന് ഇതിലും ദുഷിച്ച നാക്ക് കോരളത്തില്‍ കിട്ടാനമുമില്ല. എന്നാല്‍, നൗഷാദിന്റെ ആത്മത്യാഗത്തിന് ഒപ്പം നിന്ന് കേരളം ഇവരെ തോല്‍പ്പിച്ചു. അങ്ങനെ നൗഷാദ് 2015 ന്റെ നൊമ്പരപ്പെടത്തുന്ന ഓര്‍മയും അധികാര രാഷ്ട്രീയത്തിന്റെ ദുരമൂത്ത മാന്‍ഹോളുകളില്‍പെട്ടുപോകുന്ന യഥാര്‍ത്ഥ മനുഷ്യജീവന്റെ പ്രതിനിധിയുമായി.

അപകടങ്ങളില്‍ ശാസ്ത്രീയമായ രക്ഷാദൗത്യങ്ങള്‍ നടത്തുന്നതിന് പകരം വൈകാരികമായി സമീപിച്ച് കൂടുതല്‍ ദുരന്തങ്ങള്‍ വരുത്തിവെക്കുന്നതിനെ സിദ്ധാന്തപരമായി പ്രോത്സാഹിപ്പിക്കാനാവില്ല. എന്നാലും മനുഷ്യന്‍ അങ്ങനെയാണ്. മനസ്സ് പറയുന്നതേ ചെയ്യൂ. ഇനി ആരെങ്കിലും ഇതിനൊക്കെ ഇറങ്ങിപുറപ്പെടുംമുമ്പ് മൂന്ന് മുഖങ്ങള്‍ മനസ്സില്‍വേണം. വെള്ളാപ്പള്ളി, ശോഭാസുരേന്ദ്ര ശശികലടീച്ചറാദി മുഖങ്ങള്‍. അതോടെ നിങ്ങള്‍ ചായക്കടയിലേക്ക് തിരിച്ചുകയറും. ചായ മുഴുവന്‍ കുടിക്കും. ശേഷം ഒരു നിലവിളിക്കും ചെവികൊടുക്കാതെ  നിങ്ങള്‍ സുരക്ഷിതരായി നിങ്ങളുടെ പാട്ടിന് പോകും.

പ്രതിമാ മെമ്പര്‍
രാജ്യംഭരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി അവരുടെ ന്യൂജെന്‍ ഉത്പ്പന്നമായ മിസ്ഡ് കോള്‍ മെമ്പര്‍ഷിപ്പ് കേരളത്തില്‍ പരീക്ഷിച്ചത് പോയവര്‍ഷമാണ്. 22 ലക്ഷം പേരാണ് മിസ്ഡ് കോള്‍ അടിച്ചുകളിച്ച് രാഷ്ട്രപുനര്‍മനിര്‍മാണത്തില്‍ പങ്കാളികളായത്. ഇതിന്റെ sankarവിജയത്തെത്തുടര്‍ന്ന് വല്ലഭ്ഭായ് പട്ടേലിന്റെ കാര്യത്തില്‍ പരീക്ഷിച്ച പ്രതിമാ മെമ്പര്‍ഷിപ്പും ഈ വര്‍ഷം തന്നെ അവര്‍ കേരളത്തില്‍ അവതരിപ്പിക്കുകയുണ്ടായി. കേരളമുഖ്യമന്ത്രിയും ദീര്‍ഘകാലം എസ്.എന്‍.ഡി.പി. യോഗത്തെ നയിക്കുകയും ചെയ്ത ആര്‍. ശങ്കറായിരുന്നു ഇര. ഏതോ ദുര്‍ബലനിമിഷത്തില്‍ മന്നത്തുപദ്മനാഭനുമായി ചേര്‍ന്ന് ശ്യാമപ്രസാദ് മുഖര്‍ജിയെ ക്ഷണിച്ചതിന് മരണാനന്തരം കിട്ടിയ ആദരവാണിത്. ഗുരുദേവന്റെ പ്രതിമ പ്രതിഷ്ഠിച്ച ശങ്കറിന്റെ പ്രതിമ വെള്ളാപ്പള്ളി പ്രതിഷ്ഠിച്ചു. സാക്ഷാല്‍ മോദിജി തന്നെ ഉദ്ഘാടനം ചെയ്യാനെത്തി. എന്തുനടന്നാലും ലാഭം കൊയ്യുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് കോളടിച്ചു. പ്രതിമാ അനാച്ഛാദനച്ചടങ്ങില്‍ നിന്ന് ഇനിയും പേരുവെളിപ്പെടുത്തിയിട്ടില്ലാത്ത ഏതോ കക്ഷികള്‍  ഒഴിവാക്കപ്പെട്ടതോടെ സംഘവിരുദ്ധ വീരനായകനായി അദ്ദേഹം മുദ്രകുത്തപ്പെട്ടു. ശങ്കറിനേക്കാള്‍ മുന്നേ ബി.ജെ.പിയില്‍ എത്തിപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ മകന്‍ ശങ്കറിന്റെ പ്രവര്‍ത്തനങ്ങളെ വളച്ചൊടിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം മുട്ടുശ്ശാന്തി പ്രാര്‍ഥന നടത്തി. മതേതരരായി ജീവിക്കുന്നവരെല്ലാം കരുതിയിരിക്കുവിന്‍. നിങ്ങള്‍ വില്‍പ്പത്രമെഴുതാതെ നാടുനീങ്ങിയാല്‍ നിങ്ങളുടെ ഒസ്യത്തെല്ലാം സ്വമേധയാ സംഘപരിവാറിലെത്തിച്ചേരുന്ന നിയമഭേദഗതിയെപ്പറ്റി മോദിജി ചിന്താ കര്‍ രഹാ ഹെ. 

 

ദാദ്രിയിലെ മലയാളി
dadriദാദ്രി അങ്ങ് ഉത്തര്‍ പ്രദേശിലെ ഒരുഗ്രാമമാണ്. പക്ഷേ, പോയവര്‍ഷം മലയാളി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സ്ഥലപ്പേര് ഇതാണ്. കാരണം, ഗോമാംസം സൂക്ഷിച്ചെന്ന് പൂജാരി വിളിച്ചുപറഞ്ഞതു കേട്ട് ആളുകള്‍ ഓടിക്കൂടി ആ ഗ്രാമത്തിലെ മുഹമ്മദ് അഖ്‌ലഖ് എന്ന മനുഷ്യനെ തല്ലിക്കൊന്നു. പട്ടിണിയ്ക്ക് പേരുകേട്ട നാട്ടില്‍ ആഹാരം സൂക്ഷിച്ചതിന് തല്ലിക്കൊല്ലുന്ന ലോകചരിത്രത്തിലെ ആദ്യസംഭവം. അഖ്‌ലഖിന്റെ ദുരന്തം കൊണ്ടോട്ടിയിലെ അഹമ്മദിന്റെയോ മലപ്പുറത്തെ മുഹമ്മദിന്റെയോ ദുരന്തം പോലെ മലയാളി ഏറ്റെടുത്തു. ശംഖുമുഖത്തും കേരളവര്‍മ കോളേജിലും വരെ ബീഫ് ഫെസ്റ്റിവെല്‍ നടത്തി മലയാളി ദാദ്രിയിലെ കൊലപാതകത്തോട് പകരം വീട്ടി. അതോടെ ബീഫ് കഴിക്കുന്നത് മാവോവാദികള്‍ കാടുകയറുന്നതുപോലെ ഒരു രാഷ്ട്രീയപ്രവര്‍ത്തനമായി മാറി. പോത്തുരാഷ്ട്രീയം ബി.ജെ.പിയ്ക്ക്് കനത്ത തിരിച്ചടിയായി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കാന്‍ അവര്‍ക്ക് താക്കോലില്‍ എണ്ണയിടേണ്ടിവന്നു. സംഘപരിവാറിന്റെ വക്താക്കളില്‍ പലര്‍ക്കും തങ്ങള്‍ കഴിക്കുന്നത് ഉള്ളിയാണോ ബീഫാണോ എന്ന് തെളിയിക്കേണ്ടിവന്നു. 2015 വിടപറയുമ്പോള്‍ നന്‍മനിറഞ്ഞ മനുഷ്യരോടൊപ്പം ഏതെങ്കിലും ജന്തുവിനെ ഓര്‍മവരുന്നുണ്ടെങ്കില്‍ പോത്തേ, അതുനിന്നെ മാത്രമാണ്. നിനക്ക് എന്നെന്നും സ്തുതിയായിരിക്കട്ടെ.

കാഞ്ചനപ്രണയംkanchana

കാ ത്വം ബാലേ?
കാഞ്ചനമാല
കസ്യാഃ പ്രണയീ?
മുക്കം മൊയ്തീന്‍
കിം വാ ഹസ്‌തേ?
ഉന്‍കാ കത്ത്
കാ വാ രേഖാ?
എന്നു നിന്റെ മൊയ്തീന്‍

ഒരുഭാഷയും നേരെചൊവ്വേ അറിയാത്ത ഈയുള്ളവനോട് വായനക്കാര്‍ പൊറുക്കുക. കാളിദാസന്‍ ഇന്നാണ് ജീവിച്ചിരുന്നെങ്കില്‍ കാഞ്ചനമാലയെപ്പറ്റിയുള്ള ആ സമസ്യ ഏതാണ്ടിതേ അര്‍ത്ഥത്തില്‍ പൂരിപ്പിച്ചേനേ.ശാസ്ത്രം പ്രവര്‍ത്തനമാണെന്ന് സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. പ്രണയവും അതുപോലൊരു പ്രവര്‍ത്തനമാണെന്ന് മലയാളിക്ക് മനസ്സിലായത് കാഞ്ചനമാലയുടെ കഥ സിനിമയായപ്പോഴാണ്. കാഞ്ചനമാല ഒരു ഹിന്ദുപ്പെണ്ണ്. മൊയ്തീന്‍ ഒരു മുസ്‌ലിം ചെക്കന്‍. ഇവരുതമ്മില്‍ കൊടിയ പ്രേമം. പ്രണയകഥയിലെ പതിവിനമായ വിഘ്‌നം പേമാരിയായിവന്നു.  ഇരുവഴിഞ്ഞിപ്പുഴ മൊയ്തീനെക്കൊണ്ടുപോയി. കാഞ്ചനമാല ഒറ്റയ്ക്കായി. കാലം മാറി. എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ ജാതിക്കോളം നോക്കി പ്രണയിക്കുന്ന ഇക്കാലത്ത് ഒരു മഹാത്ഭുതം പോലെ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ഈ പ്രണയകഥ അഭ്രപാളിയില്‍ ജനം കണ്ടിരുന്നു. പിന്നാലെ വിവാദങ്ങളും ടിക്കറ്റെടുത്തു. കാഞ്ചനമാലയ്ക്ക് ജലം കൊണ്ടുമാത്രമല്ല, സിനിമ കൊണ്ടും മുറിവേല്‍ക്കുകയോ ഏല്‍ക്കാതിരിക്കുകയോ ചെയ്തു. പ്രണയപരാജിതനായ ദിലീപിന്റെ സഹായത്തില്‍ മൊയ്തീനൊരു നിത്യസ്മാരകം എന്ന കാഞ്ചനമാലയുടെ സ്വപ്‌നം പൂവണിഞ്ഞു. മലയാളി പാവം ഋഷ്യശൃംഗനെപ്പോലെയാണ്. നിഷ്‌കളങ്കന്‍. ഒന്നും അറിഞ്ഞുകൂട. ഒരു കട കുത്തിത്തുറക്കാന്‍, ഒന്നുപ്രേമിക്കാന്‍...എല്ലാം സിനിമ പഠിപ്പിച്ചുകൊടുക്കണം. 'പ്രേമമാണഖിലം സാറേ മൂഴിയില്‍' എന്നൊക്കെ കവി പാടിയിട്ടൊന്നും ഇവരുടെയൊന്നും  മണ്ടയില്‍ കയറിയിട്ടില്ല. 

പ്രേം ഗുരു

yearഅല്‍ഫോന്‍സ് പുത്രന്‍ എന്ന പുത്രന്റെ മകന്‍ ആദ്യ സിനിമ കൊണ്ടുതന്നെ ഒരുപാടുപേരുടെ നല്ലനേരം തെളിയിച്ചു. അങ്ങനെ 'പ്രേമ' ത്തിലൂടെ മലയാളത്തിന് വിഗ്ഗില്ലാത്ത, ജൈവകൃഷിയില്ലാത്ത സൂപ്പര്‍സ്റ്റാറിനെ കിട്ടി. നിവിന്‍പോളി. ഉമ്മന്‍ചാണ്ടിയെന്ന പേര് മറ്റാര്‍ക്കുമില്ലാത്തതുപോലെ പ്രേമമെന്ന പേരില്‍ മറ്റൊരു സിനിമയില്ലത്രെ. പ്രേമം കാച്ചിയതും വറുത്തതും നിര്‍ത്തിപ്പൊരിച്ചതും ഉലത്തിയതും പൊള്ളിച്ചതും ഒക്കെയായിരുന്നു ഇതുവരെ മലയാളസിനിമയിലെ കഥകള്‍. എന്നിട്ടും സിനിമയ്ക്ക് പ്രേമമെന്ന് പേരിട്ട് അതിനെയൊന്ന് അംഗീകരിക്കാന്‍ ഈ ടീമിനേ പറ്റിയുള്ളൂ. സ്‌കൂളില്‍ പ്ലസ് ടുക്കാരിയെ അവളുടെ മുടികണ്ട് പ്രേമിക്കുന്ന ചികുരപ്രേമം. ടീച്ചറെ പ്രേമിക്കുന്ന മലര്‍ പ്രേമം. കേക്ക് വാങ്ങാന്‍ വന്ന പെങ്കൊച്ചിനെ പ്രേമിക്കുന്ന മധുരപ്രേമം. ഇതെല്ലാം ജോര്‍ജിനേ പറ്റൂ. ആ ജോര്‍ജാവാന്‍ നിവിനേ പറ്റൂ എന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിച്ചതാണ് ഈ ചങ്ങാതിയുടെ വിജയം. അങ്ങനെ ഈ ആലുവാക്കാരന്‍ 2015ന്റെ താരമായി.ജോര്‍ജിന്റെ കറുപ്പ് ചൈനീസ് കോളര്‍ ഷര്‍ട്ടും ലുങ്കി വേഷംമാറിയ മുണ്ടും പൊട്ട കൂളിങ് ഗ്ലാസും കേരളത്തിലെ തലതെറിച്ച പെണ്‍പിള്ളേരും ആണ്‍പിള്ളേരും അനുകരിച്ചു. തലതെറിച്ചതെന്ന്  അസൂയകൊണ്ട് പറഞ്ഞുപോയതാണ്. ഞങ്ങളുടെയൊക്കെ കാലത്ത് പിള്ളേര്‍ക്ക് ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അനുകരിക്കാനുള്ള അവസരമേ ഉണ്ടായിരുന്നുള്ളൂ. 'പ്രേമം' തലയയ്ക്ക് പിടിച്ച്് കോളേജ് കാമ്പസില്‍ വണ്ടിയിടിച്ചുകൊല്ലുന്നത് നമ്മുടെ പിള്ളേര്‍ക്ക് മാത്രം പറ്റുന്ന കലാപരിപാടിയാണ്. ങാ, അതൊക്കെ പോട്ടെ, നിവിന്‍ പോളി ആക്ഷന്‍ ഹീറോ ബിജുവായിട്ട് അവതരിക്കാനിരിക്കുന്നു പോലും.ദൈവമേ, ഇതോടെ അടുത്തകൊല്ലം പിള്ളേരെല്ലാം ബിജുക്കളാവും. നാട്ടിലെന്തൊക്കെ നടക്കുമോ എന്തോ? 

 

ഖാന്‍ത്രയ ചിന്തകള്‍

year

year

2015ന്റെ വാക്ക് ഏതാണെന്ന് ചോദിച്ചാല്‍ അസഹിഷ്ണുത അല്ലാതെ മറ്റൊന്നുമല്ല. വലതുപക്ഷ ശക്തികളുടെ  അസഹിഷ്ണുതയില്‍ ജനത ഇതുപോലെ പൊറുതിമുട്ടിയ കാലമില്ല. അസഹിഷ്ണുതയുടെ അര്‍ത്ഥം പലര്‍ക്കും പലതാണ്. രാജ്യം ഭരിക്കുന്ന സംഘപരിവാര പ്രേരിത ശക്തികള്‍ സ്വതന്ത്രാഭിപ്രായങ്ങളെ വെടിവെച്ചുവീഴ്ത്തുന്നതും എന്ത് ചിന്തിക്കണമെന്നും എന്ത് തിന്നണമെന്നും കല്പിക്കുന്നതുമാണ് ചിലര്‍ക്ക് അസഹിഷ്ണുത. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കാകട്ടെ സംഗതി സിംപിളാണ്. ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നത് മാത്രമാണ് അദ്ദേഹത്തിന് അസഹിഷ്ണുത. അസഹിഷ്ണുതയുടെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുമ്പോള്‍ തിരിച്ചു വെടിവെച്ചത് ബോളിവുഡിലെ താരരാജാക്കന്‍മാരായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും. സാക്ഷികളും സാധ്വികളും ഇവരോട് പാകിസ്താനിലേക്ക് പോകാന്‍ കാറിക്കൂകി വിളിച്ചു. പാകിസ്ഥാന്‍ ഇന്ത്യയുടെ സെല്ലുലാര്‍ ജയിലെന്നാണ് ഇവരുടെയൊക്കെ വിചാരം. തന്റെ അച്ഛന്‍കൂടി നേടിത്തന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന് തിരിച്ചടിച്ച് ഷാരൂഖ് ഖാന്‍ തലയുയര്‍ത്തിനിന്നു. ഇങ്ങനെപോയാല്‍ ഇന്നാട്ടില്‍ ജീവിക്കാന്‍ പറ്റുമോയെന്ന് തന്റെ ഭാര്യ ആശങ്കപ്പെട്ടതുമാത്രമേ ആമിര്‍ ഖാന്‍ പങ്കുവെച്ചുള്ളൂ. അതിന് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി കുത്തുവാക്ക് പറഞ്ഞപ്പോള്‍ നാണംകെട്ടത് ഇന്ത്യയാണ്. എന്തായാലും രണ്ടു ഖാന്‍മാരും പാകിസ്താനില്‍ പോയില്ല.

year ആമിര്‍ ഖാനും ഷാരൂഖ് ഖാനും അസഹിഷ്ണുതയുടെ ഇരകളായെങ്കില്‍ മറ്റൊരു ഖാന്‍ നിയമത്തിന്റെ എല്ലാ സഹിഷ്ണുതയും അനുഭവിച്ച് കുറ്റവിമുക്തനായി. 13 വര്‍ഷം മുമ്പ് സല്‍മാന്‍ ഖാന്‍ മദ്യപിച്ചതിനും  വണ്ടിയോടിച്ചതിനും തെളിവില്ല, തെരുവില്‍ക്കിടന്ന ഒരു പാവം മരിച്ചതിനേ തെളിവുള്ളൂ. ഈ ഖാന്‍ കുറ്റവിമുക്തനായതോടെ കാക്കത്തൊള്ളായിരം കോടിയുടെ ബോളിവുഡ് ഇന്‍ഡസ്ട്രിയാണ്രേത രക്ഷപ്പെട്ടത്. സിനിമ കാണാന്‍ വേണ്ടി മാത്രം ജീവിക്കുന്നവരുള്ള നാട്ടില്‍ ആ ഇന്‍സ്ട്രി രക്ഷപ്പെടാന്‍ എത്രപേരുടെമേല്‍ വണ്ടികയറിയാല്‍ ആര്‍ക്കെന്താ ചേതം?

 

മഹാസഖ്യകുമാര്‍

yearഭഗവാന്‍ മത്സ്യമായും കൂര്‍മമായും വരാഹമായും വരുമെന്നുപറഞ്ഞപോലെ ഇന്ത്യയില്‍ ഇടയ്ക്കിടയ്ക്ക് സോഷ്യലിസം അവതാരോദ്ദേശ്യം നിറവേറ്റും. ഇത്തവണ ബിഹാറിലെ മഹാസഖ്യമാണ് സോഷ്യലിസ്റ്റ് മതേതര ശക്തികളുടെ ശ്വാസം ഇനിയും നിലച്ചിട്ടില്ലെന്ന് തെളിയിച്ചത്. അതിന് നേതൃത്വം കൊടുത്ത നിതീഷ് കുമാര്‍ അഞ്ചാമതും ബിഹാറിന്റെ മുഖ്യമന്ത്രിയായപ്പോള്‍ ബി.ജെ.പിയുടെ തേരോട്ടത്തിന് ബ്രേക്ക് വീണു. മോദിയുടെ ഉദയത്തിന് മുമ്പുവരെ എന്‍.ഡി.എ. സഖ്യത്തിനൊപ്പമുണ്ടായിരുന്ന നിതീഷിന്റെ ജെ.ഡിയു, ലാലുവിന്റെ ആര്‍.ജെ.ഡി., രാഹുലിന്റെ കോണ്‍ഗ്രസ്; ചേരേണ്ടതെല്ലാം ചേര്‍ന്നുവന്നപ്പോള്‍ സഖ്യത്തിന് കിട്ടിയത് 243ല്‍ 178 സീറ്റ്. ഒരുകാലത്ത് കാലിത്തീറ്റക്കള്ളനെന്ന് ലോകം ആക്ഷേപിച്ച ലാലു സോഷ്യലിസത്തിന്റെ രക്ഷകനായി. സ്വന്തം കക്ഷിക്ക് സീറ്റുകൂടുതല്‍ കിട്ടിയിട്ടും നിതീഷിനെത്തന്നെ മുഖ്യമന്ത്രിയാക്കി. മഹാത്യാഗസഖ്യം! നിതീഷിനെ സഹായിക്കാന്‍ 26 വയസ്സുള്ള മകനെ ഉപമുഖ്യമന്ത്രിയായും മറ്റൊരു മകനെ ആരോഗ്യമന്ത്രിയായും വിട്ടുകൊടുക്കാനുള്ള സൗമനസ്യവും ലാലു കാട്ടി.  ഏച്ചുകെട്ടിയാല്‍ സോഷ്യലിസവും മുഴച്ചിരിക്കും. എന്നാലും ഫാസിസം തലപൊക്കുമ്പോള്‍ അടിക്കാന്‍ പത്തലെങ്കില്‍ അത്. 

കുമ്മനം കുങ്കുമം 

yearവി. മുരളീധരന്റെ ദിഗ്‌വിജയത്തിന് ശേഷം ബി.ജെ.പിയെ ആരു നയിക്കും എന്നത് കേരളം തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. ഇനിയൊരു തീപ്പൊരി മഹിള നയിക്കട്ടെ എന്ന് ഒരു കൂട്ടര്‍. അതല്ല, തിങ്ക്ടാങ്ക് ബാലശങ്കര്‍ വരട്ടെയെന്ന് മറ്റൊരു കൂട്ടര്‍. കുമ്മനം മതിയെന്ന് വേറൊരു കൂട്ടര്‍. അവസാനം മുറ്റത്തെ മുല്ലയ്ക്ക് നറുക്കുവീണു. കുമ്മനം രാജശേഖരന്‍ ബി.ജെ.പി. പ്രസിഡന്റായി. പത്രപ്രവര്‍ത്തനത്തില്‍ തുടങ്ങി നിലയ്ക്കലും മാറാടും വഴി മാരാര്‍ജി ഭവനിലെത്തിയ കുമ്മനത്തിന് ഹിന്ദുവിനെ എങ്ങനെ നയിക്കണമെന്നതില്‍ സംശയമൊന്നുമില്ല. നരച്ച താടി അതിരിടുന്ന ആ മുഖത്തെ കുങ്കുമപ്പൊട്ട് ഒരിക്കലും മങ്ങാറില്ല. എല്ലാ രണ്ടാംസ്ഥാനത്തിനും രാജേട്ടന്‍ അവകാശവാദമുന്നയിക്കുന്നതിന് മുമ്പുതന്നെ ഹിന്ദുമുന്നണി ഉണ്ടാക്കി നിയസമസഭാതിരഞ്ഞെടുപ്പില്‍ റണ്ണറപ്പായ ചരിത്രം കുമ്മനത്തനിനുണ്ട്. ഹൈന്ദവ ആരാധനാലയ പരിസരത്തെ ഇതരജാതിക്കാരായ കച്ചവടക്കാര്‍ക്ക് നേരെ വിരല്‍ ചൂണ്ടിയാണ് കുമ്മനം തന്റെ അധ്യക്ഷ നിയോഗം തുടങ്ങിയത്. പലവിധം മൃദുവായ ഹിന്ദുത്വത്തെ സഹിക്കുന്ന ഉമ്മന്‍ചാണ്ടിക്കുപോലും ഇത് ഇഷ്ടപ്പെട്ടില്ല. ഇതാവരുത് കുമ്മനത്തിന്റെ ലൈനെന്ന്് ഉമ്മന്‍ചാണ്ടിക്കൊപ്പം നമുക്കും പ്രാര്‍ത്ഥിക്കുകയേ നിവൃത്തിയുള്ളൂ. ഭാരിച്ച ഉത്തരവാദിത്വമാണ് അദ്ദേഹത്തിന്റെ തലയില്‍. ബി.ജെ.പിയിലെ കുശുമ്പും കുന്നായ്മയും പിച്ചിപ്പറിക്കലും എല്ലാം അവസാനിപ്പിക്കണം. ഇത്തവണയെങ്കിലും താമരയെ മഞ്ഞക്കോടിയില്‍ പൊതിഞ്ഞായാലും നിയമസഭയില്‍ കടത്തണം. ഇതൊക്കെ സമ്മതിക്കാം. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയാക്കാനുള്ള ദൗത്യം മാത്രം ഏറ്റെടുക്കാതിരുന്നാല്‍ മതി. കുങ്കുമം എത്ര കടുപ്പിച്ചാലും അടുത്തകാലത്തൊന്നും അതിനു കഴിയുമെന്നു തോന്നുന്നില്ല. എന്തായാലും ഒരുകാര്യം ഉറപ്പായി. ആറന്‍മുളയില്‍നിന്ന് ഉടനൊന്നും വിമാനം പറക്കില്ല. 

 

സി.ഡി ചന്ദ്രു

year
ഡിസംബര്‍ 10. പിന്നിട്ടവര്‍ഷത്തെ ഏറ്റവും ആകാംക്ഷ ഭരിതമായ ദിവസമായിരുന്നു അത്. കേരളം മുഴുവന്‍ സെല്‍വപുരത്തേക്ക് ഉറ്റുനോക്കി. ചന്ദ്രന്റെ കയ്യിലെ സഞ്ചിയിലുള്ളത് സരിതയുടെ സി.ഡിയോ പെന്‍ഡ്രൈവോ?  അത്താഴം മാറ്റിവെച്ച് ജനം ടി.വിക്കുമുന്നില്‍ ക്രിക്കറ്റ് കാണുന്ന ഉദ്വേഗത്തോടെ കുത്തിയിരുന്നു. സി.ഡി. കിട്ടുമോ? കിട്ടിയാലതില്‍ സ്‌ക്രാച്ച് വല്ലതും വീണിട്ടുണ്ടാവുമോ? ഉമ്മന്‍ ചാണ്ടിയുടെ വിക്കറ്റ് വീഴുമോ? മന്ത്രിസഭയിലെ മൂന്നിലൊന്നു മന്ത്രിമാര്‍ എല്‍.ബി.ഡബ്ല്യു. ആകുമോ? ബിജു രാധാകൃഷ്ണന്‍ സിക്‌സറടിക്കുമോ? സരിത ക്യാച്ചെടുക്കുമോ? പാതിരാത്രി സസ്‌പെന്‍സ് പൊളിഞ്ഞു. ചന്ദ്രുവിന്റെ സഞ്ചിയില്‍ പെന്‍ഡ്രൈവോ സി.ഡി.യോ അതിന്റെ പൂട പോലുമുണ്ടായിരുന്നില്ല. 2016 പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്. ഏതോ രാജ്യത്ത് കേരളത്തെ പ്രലോഭിപ്പിച്ചുകൊണ്ട് ഒളിഞ്ഞിരിക്കുന്ന സി.ഡി. തേടി ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷന്‍ പറപ്പിക്കുമായിരിക്കും. കൊലപാതക കേസ്സില്‍ പ്രതിയാണെങ്കിലും സി.ഡി സംവിധായകന്‍ ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുമായി  അടച്ചിട്ടമുറിയില്‍ ഒരുമണിക്കൂര്‍ സംസാരിച്ചയാളല്ലേ എന്നാണ് പ്രതിപക്ഷത്തിന്റെ  നിരന്തരചോദ്യം. അല്ല പ്രതിപക്ഷമേ, ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുന്നതാണോ മഹത്വത്തിന്റെ ലക്ഷണം? എന്തുകൊണ്ടോ, സി.ഡിയുടെ കാര്യത്തില്‍ പറ്റിയ ചരിത്രപരമായ മണ്ടത്തരം പ്ലീനത്തിലൊന്നും ചര്‍ച്ചചെയ്യാന്‍ കാത്തിരിക്കാതെ സി.പി.എം ഇക്കുറി നേരത്തേ തിരുത്തിയതുകൊണ്ട്  നാണക്കേടില്‍ നിന്ന് ഒഴിവായി. 

 

കല്‍ബുര്‍ഗി 

yearബോധത്തില്‍ യുക്തിയും ജീവിതത്തില്‍ ബുദ്ധിയും ഉള്ളവര്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങളൊക്കെ കെട്ടി തിരിച്ചേല്‍പ്പിക്കേണ്ടിവന്ന വര്‍ഷമായിരുന്നു 2015. ഇന്ത്യാചരിത്രത്തില്‍ ആദ്യത്തെ പുരസ്‌കാര തിരസ്‌കാര വര്‍ഷം. യുക്തിവാദിയായ നരേന്ദ്ര ധബോല്‍ക്കര്‍ മഹാരാഷ്ട്രയില്‍ 2013ല്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം ഫിബ്രവരിയില്‍ ഗോവിന്ദ് പന്‍സാരെയും. ആഗസ്തില്‍ സ്വതന്ത്രചിന്തയ്ക്ക് വെടിയേറ്റത് കര്‍ണാടകത്തിലാണ്. തന്റെ സമുദായമായ ലിംഗായത്തിന്റെ പാരമ്പര്യത്തെ പുനര്‍വായിച്ച മല്ലേശപ്പ മഡിവലപ്പ കല്‍ബുര്‍ഗി (എം.എം.കല്‍ബുര്‍ഗി) അഞ്ജാതരുടെ വെടിയേറ്റുമരിച്ചു. ധീരമായ നിലപാടുകളുടെ പേരില്‍ വധഭീഷണി നേരിട്ട കല്‍ബുര്‍ഗിയുടെ കൊലപാതകികളെ ഇനിയും കണ്ടെത്തിയിട്ടില്ല. അന്വേഷണത്തിന് പുരോഗതിയില്ലെന്ന് പറഞ്ഞുകൂടാ. പന്‍സാരെയെയും ധബോല്‍ക്കറെയും കല്‍ബുര്‍ഗിയെയും ഒരേ സംഘം ഒരേ രീതിയില്‍ ഒരേ ആയുധംകൊണ്ട് കൊലപ്പെടുത്തി എന്നാണ് അന്വേഷകരുടെ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍. അതേക്കുറിച്ച് പറയാന്‍ നമ്മള്‍ ആളല്ല. ഒരു കാര്യം ഉറപ്പിച്ചു പറയാം. ഒരേ ചിന്തകൊണ്ടാണ് മൂന്നുപേരും കൊല്ലപ്പെട്ടത്. കൊല്ലിച്ചവര്‍ക്കും ഒരേ ചിന്തയായിരുന്നു. എഴുത്തുകാര്‍ എങ്ങനെ ചിന്തിക്കണം എന്ന തി
ട്ടൂരത്തിനെതിരെ കിട്ടിയ അവാര്‍ഡുകളെല്ലാം തിരിച്ചുകൊടുത്ത് അവരില്‍ ചിലര്‍ പ്രതിഷേധിച്ചു. ചിലര്‍ തിരിച്ചുകൊടുത്തില്ല. പക്ഷേ, പ്രതിഷേധിച്ചു. ചിലര്‍ പ്രതിഷേധിച്ചതുമില്ല, തിരിച്ചുകൊടുത്തതുമില്ല. വരുംകാലം അവര്‍ക്കുള്ളതാകുന്നു. ആമേന്‍.