രാംഗംഗ നദിക്കരയിലൂടെ നടന്ന് പോവുന്ന ആനകൂട്ടങ്ങള്‍ക്ക് സീമയെ അറിയുമോ എന്നറിയില്ല. എങ്കിലും ജിം കോര്‍ബറ്റിലെ ഓരോ ഋതുക്കള്‍ക്കും സീമ സൂരേഷെന്ന വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ അറിയാം. മാറി വരുന്ന ഋതുക്കളില്‍ ജിം കോര്‍ബറ്റ് മനോഹരിയായി നില്‍ക്കുമ്പോള്‍ ഇങ്ങ് കേരളത്തില്‍ സീമ തന്റെ ക്യാമറയും എടുത്ത് തയ്യാറാവും. തനിക്ക് വേണ്ടി കാത്തിരിക്കുന്ന ആയിരം ഫ്രെയിമുകളെ മനസ്സില്‍ ധ്യാനിച്ച് കൊണ്ടൊരു യാത്ര. സ്ത്രീകള്‍ ഇറങ്ങാന്‍ മടിച്ച് നിന്ന് വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫി രംഗത്തേക്ക് ഒരു അപ്പൂപ്പന്‍താടി പറന്നിറങ്ങുന്ന ലാഘവത്തോടെയാണ് സീമ ചുവടുറപ്പിച്ചത്. പിന്നീട് കാത്തിരുന്നത് കല്ലും മുള്ളും നിറഞ്ഞ പാതായായിരുന്നുവെങ്കിലും കാടിനോടുള്ള പ്രണയം സീമയെ തളര്‍ത്തിയില്ല. നീണ്ട് 10 വര്‍ഷത്തെ അനുഭവങ്ങള്‍ പങ്കിടുമ്പോള്‍ സീമയുടെ ഫ്രെയിമില്‍ ഇടം പിടിക്കാനായി ചുട്ടികുരുവികള്‍ പതിനാറാം നിലയിലെ ഫ്‌ളാറ്റില്‍ കാത്തിരിക്കുന്നുണ്ട്.

അച്ഛന്‍ തന്ന ക്യാമറ

അച്ഛന്‍ സൗദിയില്‍ നിന്ന് കൊണ്ട് വന്ന ഫിലിം ക്യാമറ വെച്ചായിരുന്നു ഫോട്ടോഗ്രാഫിയില്‍ തുടക്കം. അക്കാലത്ത് ആളുകളുടെ ചിത്രങ്ങള്‍ മാത്രമായിരുന്നു എടുത്തിരുന്നത്. അന്നൊക്കെ ഫിലിം കഴുകാന്‍ തന്നെ വലിയ തുക ആവശ്യമായിരുന്നു. ഞങ്ങള്‍ സാമ്പത്തികമായി വലിയ നിലയിലായിരുന്നില്ല .കല്യാണം കഴിഞ്ഞ് ഭര്‍ത്താവ് സുരേഷിന് നല്ലൊരു ജോലി കിട്ടിയ ശേഷമാണ് ഒരു ക്യാമറ വാങ്ങുന്നത്. അതില്‍ നിന്നാണ് ഇപ്പോഴത്തെ നിലയിലേക്കുള്ള തുടക്കം. എന്റെ ഭര്‍ത്താവ് പഴയ ക്യാമറകളുടെ വലിയൊരു ആരാധകനാണ്. അദ്ദേഹമാണ് അച്ഛന്‍ തന്ന ക്യാമറ സൂക്ഷിക്കുന്നത്.

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി

ജേര്‍ണലിസം പഠനത്തിന് ശേഷം കലാകൗമുദിയിലായിരുന്നു ജോലി. മാതൃഭൂമി ആഴ്ച്ചപതിപ്പിലൊക്കെ കാടിനെ കുറിച്ച് വന്ന ലേഖനങ്ങളൊക്കെ വായിച്ചിരുന്നു ഇത്തരം വായന അനുഭവങ്ങള്‍ കാടിനോടുള്ള റൊമാന്റിക്ക് ഭാവം എന്നില്‍ ഉണര്‍ത്തി.അക്കാലയളവില്‍ തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി ഡാമിലേക്ക് ഒരു നേച്ചര്‍ ക്യാമ്പിന്റെ ഭാഗമായി യാത്ര നടത്തി. അബ്ദുള്‍ നൗഷാദ് സാറാണ് അത് സംഘടിപ്പിച്ചത്. അതായിരുന്നു ഈ മേഖലയിലേക്ക് എന്നെ ആകര്‍ഷിച്ച ആദ്യത്തെ ഘടകം. അന്നത്തെ ആ ക്യാമ്പില്‍ പോയി ചിത്രങ്ങള്‍ പകര്‍ത്തിയെങ്കിലും പലതും ക്യാമറയില്‍ പതിഞ്ഞില്ലെന്ന് വേണം പറയാന്‍. ആ യാത്രയ്ക്ക് ശേഷം ഫോട്ടോഗ്രാഫി പഠിക്കാന്‍ തീരുമാനിച്ചു. എന്റെ പാഷനെ കണ്ടെത്തി തന്നത് ആ വനയാത്രയായിരുന്നു. പിന്നീട് ഫോട്ടോഗ്രാഫി കോഴ്‌സിന് ചേര്‍ന്ന് പഠിച്ചു.

photo seema suresh

അമ്മയോടൊപ്പം:ജിം കോര്‍ബറ്റിലെ അസ്തമയ സമയത്ത് എടുത്ത ചിത്രമാണിത്. അമ്മയുടെ പിന്നാലെ കുഞ്ഞ് പോവുന്നത് കാണാം. മാതൃഭാവം എന്ന സീരിസിലെ ഫോട്ടോകളില്‍ ഒന്നാണിത്

ആദ്യ കാലത്ത് ഇത്തരം ക്യാമ്പുകളിലേക്ക് പോവുകയായിരുന്നു പതിവ്. പിന്നീട് ഇതിനെ കുറിച്ച് ഒരു ധാരണ വന്ന ശേഷം ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പികളിലുമൊക്കെയായി യാത്ര. ആദ്യമെല്ലാം ചിത്രമെടുക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ . എന്നാല്‍ പിന്നീട് ആ ചിത്രങ്ങളെ എങ്ങനെയൊരു ആര്‍ട്ടിസ്റ്റിക്ക് ലെവലിലേക്ക് എത്തിക്കാമെന്നായി ചിന്ത. സത്യത്തില്‍  എന്റെ 10 വര്‍ഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ നാലഞ്ച് കൊല്ലമായിട്ടാണ്  അങ്ങനെ ചിന്തിച്ച് തുടങ്ങിയത്. 

എനിക്ക് ലഭിച്ച ഗുരുക്കന്‍മാരാണ് എന്നെ ആ ഒരു രീതിയിലേക്ക് ഉയര്‍ത്തിയത്. ഉണ്ണികൃഷ്ണന്‍ പുളിക്കല്‍, പ്രവീണ്‍ പി മോഹന്‍ദാസ്  എന്നിവരാണ് ഈ രംഗത്തെ എന്റെ വഴികാട്ടികള്‍. ഇവരുടെ മെന്ററിങ്ങ് എന്നെ നല്ല രീതിയില്‍ പാകപ്പെടുത്തി. ആവശ്യമായ രീതിയില്‍ വിമര്‍ശിച്ചും പ്രചോദനം നല്‍കിയും ഇവര്‍ നല്‍കിയ പിന്തുണ വാക്കുകള്‍ക്ക് അതീതമാണ്.

ഒരുപാട് മാറ്റങ്ങള്‍ വരുത്തി

വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫി എന്നില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തി. ജീവിതത്തിനും ചിന്തകള്‍ക്കും ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വൈകാരികമായി കാര്യങ്ങള്‍ എടുക്കുന്നതിനേക്കാള്‍ ബുദ്ധിപരമായി കാര്യങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഈ പാഷന്‍ എന്നെ പഠിപ്പിച്ചു. കാട് നമ്മളെ ഒരുപാട് ജീവിത പാഠങ്ങള്‍ പഠിപ്പിക്കും. ക്ഷമയോടെ നിന്നാല്‍ മാത്രമേ മികച്ചൊരു ഷോട്ട് നമ്മളെ തേടിയെത്തുകയുള്ളു. കാടിന്റെ നിയമങ്ങള്‍ കൂടി മനസിലാക്കേണ്ടതുണ്ട്.പ്രകൃതിയെ അതിന്റെ തനത് രൂപത്തില്‍ അവതരിപ്പിക്കണം. വെറുമൊരു റെക്കോഡ് ഷോട്ടിനേക്കാള്‍ ഉപരിയായുള്ള ചിത്രത്തെയാണ് തേടണ്ടത്.

കടുവയെ തേടി തടോബയിലേക്ക്

ഓരോ യാത്രയിലും നമ്മള്‍ വിചാരിച്ച ചിത്രങ്ങള്‍ ലഭിച്ചെന്ന് വരില്ല. മഹാരാഷ്ട്രയിലെ തടോബ ടൈഗര്‍ റിസര്‍വിലേക്കൊരു യാത്ര പോയിരുന്നു. ഏഴ് സഫാരിക്ക് പോയിട്ടും ഒരു കടുവയെ പോലും കാണാനായി പറ്റിയില്ല. പിന്നെ പോയപ്പോള്‍ കടുവയുടെ വാല്‍ മാത്രം കണ്ട് തിരിച്ച് പോരേണ്ട അവസ്ഥ വന്നിട്ടുണ്ട്. പക്ഷേ അതില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല, ക്ഷമയാണ് പ്രാധാനം. ഓരോ യാത്രകളും ഒരോ അനുഭവങ്ങളാണ്. കാടിന് അതിന്റേതായ രഹസ്യങ്ങളുണ്ട്. ലഭിക്കുന്ന ഒരോ ഫ്രെയിമും ഭാഗ്യമായിട്ടാണ് കാണുന്നത്. 80 ശതമാനം ഭാഗ്യം തന്നെയാണെന്ന് പറയണം. ആ ജീവിക്ക് മുന്നിലേക്ക് വരാന്‍ തോന്നണമല്ലോ. ബാക്കി നമ്മള്‍ നേടിയ സാങ്കേതിക അറിവാണ്. 

മൃഗങ്ങളെ ഉപദ്രവിക്കാതെ ക്ഷമയോടെ ഫോട്ടോയെടുക്കാന്‍ പഠിക്കണം.ഒരിക്കലും ഭയം എന്നെ അലട്ടിയിരുന്നില്ല. കാട്ടില്‍ കയറുമ്പോള്‍ എന്തൊക്കെ ശീലിക്കണം എന്തൊക്കെ ചെയ്യരുതെന്ന വ്യക്തമായ ബോധമുണ്ട്. അത് കൃത്യമായി തന്നെ പിന്തുടരുന്നുണ്ട്. പിന്നെ കാട് അറിഞ്ഞ് ശ്രദ്ധിച്ച് ഫോട്ടെയെടുക്കുക. അവരുടെ ലോകമാണ് കാട് ആ മര്യാദ പാലിച്ച് വേണം കാട്ടിലേക്ക് കടക്കാന്‍.

Photo Seema Suresh

സാകുതം:ബന്ദിപ്പൂരില്‍ നിന്നെടുത്ത ചിത്രമാണിത്. കടുവയെ നോക്കിയിരിക്കുമ്പോള്‍ മുന്നിലേക്ക്   കയറി വന്നതാണ്‌ ഈ കീരി

നടന്ന് പോയി ചിത്രങ്ങള്‍ പകര്‍ത്തുന്നതാണ് വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫിയെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ വളരെ കുറച്ച് കാടുകളില്‍ മാത്രമേ നടന്ന് പോവാനുള്ള അനുവാദമുള്ളു. ബാക്കിയെല്ലാം സഫാരി വാഹനത്തില്‍ യാത്ര ചെയ്യണം. ഒരോ കാടിനും അനുസരിച്ചാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിയമങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. അത് പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ചിലപ്പോള്‍ സഫാരി ജീപ്പില്‍ പോവുമ്പോള്‍ ചിത്രങ്ങള്‍ കിട്ടണമെന്നില്ല. അതേ പോലെ നടന്ന് പോയാലും കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല.

മസായിമാര ഒരു സ്വപ്ന ഭൂമിക

മസായിമാരയിലേക്ക് പോവാന്‍ സത്യത്തില്‍ ഞാന്‍ സ്വപ്‌നം കണ്ടിരുന്നില്ല. ഭര്‍ത്താവാണ് പോവാനായി പ്രചോദനം നല്‍കിയത്. ഇപ്പോള്‍ പോയാല്‍ പറ്റും ചിലപ്പോള്‍ ഇനി എന്താവും അവസ്ഥയെന്ന് പറയാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അങ്ങോട്ടേക്ക് യാത്ര തിരിച്ചത്.

എവിടെ തിരഞ്ഞാലും ഫ്രെയിമാണ് മാസായിമാര. ഒരു കുട്ടി അത്ഭുത ലോകത്തേക്ക് കടന്ന് ചെന്നാല്‍ എങ്ങനെയാണ് അതായിരുന്നു അന്നത്തെ എന്റെ അവസ്ഥ.  പരന്നു കിടക്കുന്ന പുല്‍മേടുകളാണ് ചുറ്റിലും. ചിത്രങ്ങള്‍ വളരെ എളുപ്പത്തില്‍ എടുക്കാം. ഫൈവ് ബ്രദേര്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ചീറ്റകളുടെ ചിത്രങ്ങള്‍ പകര്‍ത്താനായി സാധിച്ചു. ഇന്ത്യയില്‍ ചീറ്റ ഇല്ലാത്തതിനാല്‍ ഇത് വളരെയേറെ കൗതുകം നിറഞ്ഞതായിരുന്നു. സത്യത്തില്‍ ആദ്യമായി ചീറ്റയെ കണ്ടപ്പോള്‍ ഒരു കോരിത്തരിപ്പായിരുന്നു. അവിടെത്തെ കാട്ടുപൂച്ചകളെ ഓടിക്കുന്ന നാല് ചീറ്റകളെ കാണാനായി സാധിച്ചു. സന്ധ്യ നേരത്തായിരുന്നു കണ്ടത്.  അവരുടെ ജീവിതത്തിലെ നിരവധി നിമിഷങ്ങള്‍ പകര്‍ത്താനായി സാധിച്ചു.

ഒരു ലെപ്പേര്‍ഡ് താഴെ നിന്ന് മുകളിലേക്ക് എടുത്ത് ചാടുന്ന ഒരു ചിത്രമുണ്ട് അതാണ് എനിക്ക് വളരെ പ്രിയപ്പെട്ട ചിത്രം. ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ മനോഹര നിമിഷമായിരുന്നു അത്.

Photo Seema Suresh

ഉയരങ്ങളിലേക്ക്: മസായിമാരായില്‍ നിന്നെടുത്ത പുള്ളിപുലിയുടെ ചിത്രമാണിത്. ഇതിനെ നിരീക്ഷിച്ച് ജീപ്പില്‍ വരുന്ന സമയത്ത് അപ്രതീക്ഷിതമായി ചാടുകയായിരുന്നു. ചാട്ടത്തില്‍ ഞങ്ങളും ക്യാമറയും ഞെട്ടിത്തരിച്ച് പോയി

സിംഹകൂട്ടങ്ങളെ കണ്ടതായിരുന്നു മറ്റൊരു മനോഹര നിമിഷം. പ്രൈഡ് എന്നാണ് അതിനെ അവര്‍ പറയുക. ഒരു സിംഹകുടുംബം അവരുടെ കുട്ടികള്‍. അവരുടെ നിമിഷങ്ങള്‍. ഇത്തരം കാഴ്ച്ചകള്‍ നിറഞ്ഞ മനോഹര നിമഷമായിരുന്നു മാസായി മാര. പ്രകൃതിയെ ഇഷ്ടപ്പെടുന്നവര്‍ ഒരു വട്ടമെങ്കിലും അവിടെ ചെല്ലണം. 

അവിടെയുള്ള റിസോർട്ടുകളിലെ മസായികളായ ഗൈഡുകൾ  നമ്മളെ പൊന്നുപോലെയാണ് കൊണ്ടുനടക്കുക. വൈൽഡ്‌ലൈഫ് ടുറിസമാണ്  മസായി മാരയിലെ  പ്രധാന വരുമാന മാര്‍ഗം. ആതിഥേയ മര്യാദ കൊണ്ട് അവര്‍ നമ്മളെ വിസ്മയിപ്പിക്കും. 

ജീം കോര്‍ബറ്റ് യാത്രകള്‍

ഓരോ യാത്രകളും എനിക്ക് പ്രിയപ്പെട്ടതാണ്. എങ്കിലും ജിം കോര്‍ബറ്റ് യാത്രകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. ആന ചിത്രങ്ങളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്. എത്രവട്ടമായി പോയി ഇനിയും എന്തിനാണ് പോവുന്നതെന്ന് എല്ലാവരും  ചോദിക്കും. 5 വട്ടം അങ്ങോട്ട് പോയിട്ടുണ്ട് എന്നാലും മടുപ്പ് തോന്നിയിട്ടില്ല. ഒരോ ഋതുക്കളിലും കോര്‍ബറ്റിന് മനം മയക്കുന്ന ഭംഗിയാണ്. ജനുവരിയില്‍ മഞ്ഞില്‍ കുളിച്ച് പ്രണയിനിയായി നില്‍ക്കുന്നതാണെങ്കില്‍ വേനലില്‍ മറ്റൊരു ഊര്‍ജമാണ് കോര്‍ബറ്റില്‍.രാംഗംഗ നദിയിലൂടെ കടന്നു പോവുന്ന ആനകളെ കാണുന്നത് തന്നെ മനോഹരമാണ്. എല്ലാ വര്‍ഷവും കോര്‍ബറ്റ് എന്നെ മാടി വിളിക്കും. മനം മയക്കുന്ന നിരവധി നിമിഷങ്ങള്‍ കോര്‍ബറ്റ് എനിക്ക് സമ്മാനിച്ചിട്ടുണ്ട്.

Photo seema suresh

നിലാവൊഴുകും നേരം:ജീം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ സന്ധ്യ കഴിഞ്ഞ സമയത്ത് ലഭിച്ച് ചിത്രമാണിത്. കാട്ടിലേക്ക് കയറി പോവുന്ന സമയത്ത് വെള്ളം കുടിക്കാനായി എത്തിയ ആനകളാണ് ചിത്രത്തില്‍

ആനകളുടെ ചിത്രമെടുക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ആനകളുടെ മാതൃചിത്രങ്ങളാണ് അതില്‍ ഏറ്റവും പ്രിയപ്പെട്ടത്. എപ്പോഴും ഇവയുടെ ഇന്ററാക്ഷന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. അത്തരം ചിത്രങ്ങളെടുക്കാനാണ് ശ്രമിക്കുന്നത്

നല്ല ചിത്രങ്ങള്‍ ഇനിയുമെടുക്കണം . കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. വലിയ വിഷാദത്തിന്റെ നാളുകളാണ് എല്ലാവര്‍ക്കും കൊറോണ സമ്മാനിച്ചത്. പതിനാറാം നിലയിലെ എന്റെ ബാല്‍ക്കണി കാഴ്ച്ചകളാണ് ഞാന്‍ ഇക്കാലയളവില്‍ പകര്‍ത്തിയത്. എന്റെ ബാല്‍ക്കണിയില്‍ ചുട്ടിയാറ്റകള്‍ കൂട് വെച്ചു അവ പറന്നു പോയി. ഇതെല്ലാം ഞാന്‍ പകര്‍ത്തി. മൂന്നാര്‍ പോലെ എറണാകുളത്ത് ഒരു ദിവസം കോടമഞ്ഞ് ഇറങ്ങി. അതും പകര്‍ത്തി. ഈ ചെറിയ ജീവിതത്തില്‍ പരമാവധി സന്തോഷമായി മുന്നോട്ട് പോവുക അതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുക.

"ചുട്ടിയാറ്റ യുടെ കൂടൊരുക്കം " ലോക്ക് ഡൌൺ നാളിലെ ഫോട്ടോഗ്രാഫി ഇതായിരുന്നു .പതിനാറാം നിലയിലെ ബാൽക്കണിയിലേക്കു എത്തിയ മുനിയകൾ ..

"ചുട്ടിയാറ്റ യുടെ കൂടൊരുക്കം " ലോക്ക് ഡൌൺ നാളിലെ ഫോട്ടോഗ്രാഫി ഇതായിരുന്നു .പതിനാറാം നിലയിലെ ബാൽക്കണിയിലേക്കു എത്തിയ മുനിയകൾ ..

പ്രതിസന്ധികള്‍ നിരവധി

ആ കാലഘട്ടത്തില്‍ ഈ മേഖലയിലേക്ക് ഇറങ്ങിയപ്പോള്‍ നിരവധി ഗോസിപ്പുകള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പെണ്ണ് എന്തിന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു, ആണുങ്ങളോട് ഇടപഴകുന്നു എന്ന് തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഞാന്‍ നേരിട്ടിരുന്നു. എന്റെ പല ബന്ധുകളും ഈ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അന്ന് ഞാന്‍ കരഞ്ഞ് പിന്‍വാങ്ങിയിരുന്നെങ്കില്‍ ഇന്നെനിക്ക് എന്റെ സ്വപ്‌നത്തെ മുറുകെ പിടിക്കാന്‍ സാധിക്കില്ലായിരുന്നു. ജെന്‍ഡര്‍ പ്രശ്‌നങ്ങള്‍ യാത്രസമയങ്ങളില്‍ നേരിട്ടിരുന്നില്ല

അതൊന്നും മൈന്‍ഡ് ചെയ്യാതെ മുന്നോട്ട് പോവുക മാത്രമായിരുന്നു എന്റെ ശ്രദ്ധ. ഭര്‍ത്താവ് സുരേഷ് പൂര്‍ണ്ണ പിന്തുണയോടെ എന്റെ ഒപ്പം എന്നും നിന്നിട്ടുണ്ട്. ഒറ്റയ്ക്ക് സധൈര്യം യാത്ര ചെയ്യാന്‍ എന്റെ ജേണലിസ്റ്റ് ജീവതമാണ് ധൈര്യം നല്‍കിയത്. ആദ്യകാലത്ത് ട്രക്കിങ്ങ് ധാരാളമായി ചെയ്യുമായിരുന്നു. സ്വാഭാവികമായി ഫോട്ടോഗ്രാഫിയില്‍ ചെറുതായി ശ്രദ്ധ കുറയും. എന്നാല്‍ ഇപ്പോള്‍ ട്രെക്കിങ്ങ് കുറച്ച് ഫോട്ടോഗ്രാഫിക്കാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്.

വരുമാനമായി ഈ മേഖലയെ കാണാന്‍ ബുദ്ധിമുട്ടാണ്

വൈല്‍ഡ് ലൈഫ് ഫോട്ടാഗ്രാഫി പാഷന്‍ എന്ന രീതിയില്‍ കാണാം. ഇതൊരു വരുമാനമായി കൊണ്ടുനടന്ന് ജീവിക്കുന്നവര്‍ വളരെ കുറവാണ്.  എന്നോട് ഇതിനെ പറ്റി ചോദിക്കുന്നവരോട് ഒരു നല്ല ജോലി നേടി  ഈ പാഷനെ കൊണ്ടുപോവാനാണ് ഉപദേശിക്കുക. ഇത് മുന്നോട്ട് കൊണ്ട് പോവാന്‍ ഒരുപാട് ചിലവുണ്ട്.ഫോട്ടോഗ്രാഫി വളരെ ജനകീയമായിരിക്കുകയാണ് ആര്‍ക്കും ക്യാമറ വാങ്ങാം. ചിത്രങ്ങള്‍ വലിയ വില നല്‍കി വാങ്ങി സൂക്ഷിക്കുക എന്നൊരു കള്‍ച്ചര്‍ ഇവിടെയില്ല. 

Content Highlights: Seema Suresh Interview World Photography day