കാമറകളും ഫോട്ടോകളും ജീവശ്വാസമായി മാറിയ ഒരു കുടുംബമുണ്ട് കോഴിക്കോട്. കോമാച്ചി ഹൗസ്. ഈ വീട്ടിലെ എല്ലാവരും പ്രഫഷണല്‍ ഫോട്ടോഗ്രഫര്‍മാരാണ്. കാമറകൊണ്ട് കാലത്തെ അടയാളപ്പെടുത്തിയ തലമുറയിലെ അവസാനത്തെ ആള്‍ക്ക് പ്രായം പതിനാല്. പേര് അകിയ കൊമാച്ചി. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ സ്റ്റുഡിയോ ഫോട്ടോഗ്രഫിയിലൂടെ കാമറയ്ക്ക് പിന്നിലെത്തുകയും വാര്‍ത്താ, ഫീച്ചര്‍ ഫോട്ടോഗ്രാഫി മേഖലയില്‍ സജീവ സാന്നിധ്യവുമായ അജീബ് കൊമാച്ചിയുടെ ഇളയമകള്‍. മൂത്ത മക്കളായ അഖിലും അഗിനും ഇതേ പാതയില്‍ തന്നെ. പഠനത്തിനൊപ്പവും കാമറയോടുള്ള പ്രണയം കൊണ്ടു നടക്കുന്നവര്‍.

വരുമാനമെന്നതിനപ്പുറം കാമറയും ഫോട്ടോഗ്രഫിയും പാഷനായി കാണുന്നവര്‍. ഫ്രെയിമുകള്‍ തേടിയുള്ള യാത്രകളെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്തുന്നവര്‍. ഓരോ ഫ്രെയിമും അടയാളപ്പെടുത്തുന്നത് ഓരോ ജീവിതമാണെന്ന ബോധ്യമാണ് ഫോട്ടോഗ്രാഫിയില്‍ ഇവരെ വ്യത്യസ്തരാക്കുന്നത്. ആ മുഖങ്ങള്‍ക്ക് രാജ്യങ്ങളുടെ അതിര്‍ വരമ്പുകളില്ല. ജാതിയും മതവുമില്ല. നിറയുന്ന വേദനകളും, ചെറുപുഞ്ചിരിയുമുള്‍കൊള്ളുന്ന ഭാവഭേദങ്ങളാണ്. ഓരോ ഋതുക്കളും പ്രകൃതിയുമാണ്.

കേരളത്തിനകത്തും പുറത്തുമായി നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും തേടിയെത്തിയ അജീബ് കൊമാച്ചിക്ക് വാര്‍ത്താ ചിത്രങ്ങളോടാണ് ഏറെ കമ്പം. മക്കള്‍ മൂവരും അച്ഛന്റെ പാത പിന്തുടരുന്നുവെങ്കിലും തന്റേതായ ഇടം കണ്ടെത്തിയവരാണ്. അതിന് തെളിവാണ് മൂവരും നടത്തിയ എണ്ണമറ്റ ചിത്ര പ്രദര്‍ശനങ്ങള്‍.