കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ അവസാന കാലം എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന നാളുകളിലൂടെ നാട് കടന്നു പോകുകയാണ്. ലോകം മുഴുവന്‍ വീടുകളിലേക്കു ചുരുങ്ങുമ്പോള്‍ ഒന്നര കൊല്ലത്തോളമായി തെരുവുകളിലും ആശുപത്രികകളിലും അദൃശ്യ സാന്നിധ്യമായ വൈറസിനൊപ്പം ജീവിക്കുന്ന കുറെ മനുഷ്യര്‍. 

മഹാമാരിയുടെ കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ശുചീകരണ തൊഴിലാളികള്‍ ,ഇവരാണ് ഒരു  ഫോട്ടോജേണലിസ്റ്റിന്റെ ക്യാമറ കണ്ണുകളില്‍ ഏറ്റവും കൂടുതല്‍ പതിഞ്ഞിട്ടുള്ളത്. ഒന്നാം കോവിഡ് കാലം ആളൊഴിഞ്ഞ പൊതുഇടങ്ങള്‍ ആയിരുന്നു ക്യാമറയില്‍ പകര്‍ത്തിയിരുന്നത്. രണ്ടാം തരംഗം എത്തിയപ്പോള്‍ പൊതുഇടങ്ങളില്‍ വീണ്ടും ആളുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ അപ്പോളും മുകളില്‍ പറഞ്ഞ മൂന്നുവിഭാഗങ്ങളും  തെരുവിലും,രോഗികള്‍ക്കൊപ്പവും,കുപ്പത്തൊട്ടികള്‍ക്കരികിലും അദൃശ്യ സാന്നിധ്യമായ വൈറസ്സിനോട് പടപൊരുതികൊണ്ടേ ഇരുന്നു. 

കാണാത്ത കാത്തുനില്‍പ്പുകള്‍....

ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ നഗരം മുഴുവന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ജോലി ഭാരം ഇരട്ടിക്കുന്നവരാണ് ശുചകരണ തൊഴിലാളികള്‍ .എന്നാല്‍ മഹാമാരിക്കെതിരായ പോരാട്ടത്തിലെ  ഒരു മുന്‍ഗണന പട്ടികയിലും ഇവരില്ല.പള്ളുരുത്തിയില്‍  വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യം ലോറിയിലേക്കു കയറ്റുവാന്‍ കാത്തുനില്‍ക്കുന്നവരാണ് ചിത്രത്തില്‍.

ഫോട്ടോ എടുക്കുന്ന കണ്ടു എന്റെ അരികിലേക്ക്  അഴുക്കുപുരണ്ട  വേഷവും കീറിയ കൈയുറകളും ധരിച്ച ഒരു ശുചകരണ തൊഴിലാളി എത്തി നിസ്സംഗതയോടെ ചോദിച്ചു 'ഞങ്ങളുടെ ഈ കഷ്ടപ്പാടുകള്‍ ആരുകാണുന്നു ? മാലിന്യത്തിന്റെ നടുവില്‍ പകലന്തിയോളം പണിയെടുക്കുന്ന ഞങ്ങള്‍ക്ക് ഒരു വാക്സിന്‍ പോലും  കിട്ടുന്നില്ല .'തൊട്ടരില്‍ ആരോ വലിച്ചെറിഞ്ഞ മാലിന്യ സഞ്ചി എടുത്ത് അയാള്‍ മടങ്ങി .....

covid

കഷ്ടപ്പാടിന്റെ കാലം

മഹാമാരിയുടെ കാലം സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ കടന്നു പോകുന്നത് . ആശുപത്രിയില്‍ നിന്ന് പുറത്തേക്കോടിയ കോവിഡ് പോസിറ്റീവ് ആയ രോഗിയെ സ്വന്തം സുരക്ഷ മറന്ന് തിരിച്ചു ആശുപത്രിയിലേക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍.

covid kerala

ഒരു ലോക്ക് ഡൗണ്‍ ഞായറാഴ്ച നട്ടുച്ചക്ക് ആളൊഴിഞ്ഞ കൊച്ചി നഗരത്തിലൂടെ ചിത്രങ്ങള്‍ തേടി നടക്കുമ്പോള്‍ ആണ് ആശുപത്രിക്കു മുന്‍പിലെ റോഡില്‍ പി പി ഇ കിറ്റ് ധരിച്ച കുറെ പേര്‍ ഒരാളിന്റെ പുറകെ ഓടുന്നത് കണ്ടത് .കുതറിമാറാന്‍ ശ്രമിക്കുന്ന അയാളെ വരുതിയിലാക്കാന്‍ അവര്‍ കുറെ പണിപ്പെട്ടു. ചിത്രം എടുത്ത ശേഷം വിവരങ്ങള്‍ ചോദിച്ച എന്നോട്  ഒട്ടും താല്പര്യം ഇല്ലാതെ ഒരു നഴ്സ് പറഞ്ഞു 'നിങ്ങള്‍ക്ക് നല്ല ഒരു വാര്‍ത്തയും ഫോട്ടോയും കിട്ടി പക്ഷെ ഞങ്ങളുടെ അവസ്ഥയെ പറ്റി എപ്പോളെങ്കിലും ഓര്‍ത്തിട്ടുണ്ടോ ?'

kerala police

കാവലിന്റെ കഷ്ടതകള്‍ ...

എറണാകുളം ഗസ്റ്റ് ഹൗസില്‍ ഗവര്‍ണറും  വൈസ്ചാന്‍സിലര്‍മാരുമായി ചര്‍ച്ച നടക്കുന്നതിനിടെ അപ്രതീക്ഷിതമായി തള്ളിക്കയറാന്‍ ശ്രമിച്ച കെ എസ് യൂ പ്രവര്‍ത്തകരെ തടയുന്ന പോലീസ്. കോവിഡ് കാലത്തും സമരങ്ങള്‍ക്ക്  പഞ്ഞം ഒട്ടുമില്ല .മഹാമാരിയുടെ തുടക്കം മുതല്‍ തെരുവില്‍ നില്‍ക്കുന്ന പോലീസിന്റെ കഷ്ട്ടപ്പാടിന്റെ ഒരു നേര്‍ക്കാഴ്ചയാണിത്. കുതിച്ചെത്തുന്ന പ്രതിഷേധക്കാരെ തടയുവാന്‍ ഇരുകൈകളും നീട്ടി ഷമീര്‍ എന്ന പോലീസ് നില്‍ക്കുമ്പോള്‍ സാമൂഹിക അകലവും,മറ്റ് കോവിഡ്  മാനദണ്ഡങ്ങള്‍ക്കും എന്ത് അര്‍ത്ഥമാണുള്ളത് ?