കോട്ടയം: കാടും പച്ചപ്പും വന്യജീവികളും കുട്ടിക്കാലത്ത് മനസ്സിൽ പതിപ്പിച്ച സുന്ദര ഫ്രെയിമുകളാണ് ഡോ. കെ.എം.മീരയെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുടെ കാഴ്ചകളിലേക്ക്‌ നടത്തിയത്‌.

കോട്ടയം മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഡോക്ടറായ മീരയുടെ ക്യാമറക്കണ്ണുകൾക്ക് മെഡിക്കൽ കോളേജ് ഹോസ്റ്റൽവളപ്പും നൽകുന്നുണ്ട് ചില പക്ഷികളുടെ സുന്ദര ഫ്രെയിമുകൾ.

ഫോട്ടോഗ്രാഫിയിൽ താനൊരു വിദ്യാർഥിയാണെന്ന്‌ മീര കരുതുന്നു. രംഗത്തെ പ്രശസ്‌തർപോലും സ്വപ്നംകാണുന്ന െഫ്രയിമുകളിൽ ഒന്ന് കിട്ടിയിട്ടുണ്ട് മീരയ്ക്ക്‌. ഈ വർഷം ആദ്യം കർണാടകയിലെ കബനി കാടുകളിൽനിന്നാണ് ക്യാമറയിലേക്ക്‌ ആ കരിമ്പുലി കടന്നുവന്നത്. അതൊരു അപൂർവനിമിഷംകൂടിയായിരുന്നു. വൈകീട്ട് സഫാരി കഴിഞ്ഞുമടങ്ങുമ്പോൾ നല്ല മഴക്കാറ്. നല്ല ഫ്രെയിം കിട്ടാത്ത സങ്കടത്തിനിടയിലാണ് കണ്ണുകളെ അതിശയിപ്പിക്കുന്ന ചിത്രം പതിഞ്ഞത്‌. മഴക്കാറും ഇരുട്ടും ഉണ്ടായിരുന്നെങ്കിലും അപൂർവം പേർക്കുമാത്രം പകർത്താൻ കഴിഞ്ഞ ചിത്രം മീരയ്ക്കും സ്വന്തമായി.

kottayam
മീര പകര്‍ത്തിയ ചിത്രം

വയനാട്ടിൽ ജില്ലാ ആശുപത്രിയിൽ ഡോക്ടറായ, ആപ്പാഞ്ചിറ കോനാക്കുപ്പാക്കാട്ടിൽ ഡോ. കെ.വി.സതീഷ്‌ കണ്ണനൊപ്പം പല തവണ കാടുകയറാൻ പോയി. അപ്പോഴൊക്കെ ഫോണിൽ എടുത്ത ചിത്രങ്ങൾ കണ്ടപ്പോൾ ഭർത്താവ് സമ്മാനം നൽകിയതാണ്‌ ഡിജിറ്റൽ ക്യാമറ. ആ ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ 'ബേർഡ് വാച്ചേഴ്‌സ് ഓഫ് കേരള' എന്ന ഗ്രൂപ്പിലെ അംഗങ്ങൾകണ്ട് അഭിനന്ദിച്ചു. തുടർന്ന്‌ നൂറുകണക്കിന് വന്യജീവികളുടെ ചിത്രങ്ങൾ പകർത്തി. മെഡിക്കൽ കോളേജ് കാമ്പസിൽനിന്ന് പകർത്തിയ ചിത്രങ്ങളും മീരയ്ക്ക്‌ പ്രിയപ്പെട്ടതാണ്. ഇവിടെനിന്നാണ് 'ചെമ്പുകൊട്ടി 'എന്ന പക്ഷിയെ ഫ്രെയിമിലാക്കിയത്.

ഇപ്പോൾ മെഡിക്കൽ കോളേജിലെ ജോലി കഴിഞ്ഞുള്ള സമയം ക്യാമറയ്ക്കൊപ്പമാണ്. ഹോസ്റ്റൽ കെട്ടിടം അനുഗ്രഹമായെന്നു മീര. ഹോസ്റ്റലിന്റെ മൂന്നാംനിലയിൽ നിന്നാൽ പക്ഷികളെ കണ്ണിനുനേരേ കാണാൻ കഴിയും. ആതുരസേവനത്തിനിടയിലും ക്യാമറ ഹൃദയംപോലെ ചേർത്തുവെയ്ക്കുകയാണ് മീര. നോർത്ത് പറവൂർ സ്വദേശിയായ മീരയുടെ അച്ഛൻ റിട്ട. കെ.എസ്.ആർ.ടി.സി. സോണൽ ഇൻസ്‌പെക്ടർ മുരളി കെ.മുകുന്ദൻ. അമ്മ റിട്ട.അധ്യാപിക പി.ആർ. ജയശ്രീ.