'നിങ്ങാപ്പ അപര്‍ണ ഡോട്ടറ്... അല്ല നിങ്ങോ ജനാര്‍ദ്ദന്‍ ഡോക്ടറാ'... സന്തോഷക്കണ്ണീരാല്‍ കവിള്‍ത്തടം കുതിര്‍ന്ന് ചിരിച്ച് കൊണ്ട് അവര്‍ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കൂടി നിന്ന മുഖം മൂടിയിട്ട ആരോഗ്യ പ്രവര്‍ത്തകരോട് ചോദിച്ചു. 'അല്ല അവര്‍ നിരീക്ഷണത്തിലാണ്. എന്ന മറുപടി കേട്ട് 108 ആംബുലന്‍സിലേക്ക് കയറുമ്പോള്‍ അവരില്‍ പലരും മനസില്‍ തിരൂമാനിച്ചിരിക്കണം. അടുത്ത തവണ വരുമ്പോ അവരെയൊക്കെ ഒന്നു കാണണം. നന്ദി പറഞ്ഞാല്‍ തീരില്ലെങ്കിലും ഒന്ന് പറയണം. കുറേ നേരം മിണ്ടണം. പറ്റുമെങ്കില്‍ ഒന്ന് കെട്ടിപ്പിടിക്കണം...

കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കോവിഡ് പ്രത്യേക വാര്‍ഡില്‍ നിന്ന് രോഗം ഭേദമായി മടങ്ങുന്നവര്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയ യാത്രയപ്പ് രംഗത്തിലാണ് ഞാന്‍ ആ ചോദ്യം കേട്ടത്. നാല് ചുവരുകള്‍ക്കിടയില്‍ ഇനി ജീവിതമുണ്ടോ ഇല്ലയോ എന്നറിയാതെ പകച്ചു പോയ ദിവസങ്ങളില്‍ ഉറ്റവരെയും ഉടയവരെയും കാണാതെ നിന്ന 2020 ഏപ്രില്‍ മെയ് കാലഘട്ടത്തിലേതാണ്... ഈ ചിത്രങ്ങള്‍.  കണ്ണും മൂക്കും കാലും വരെ മൂടി വെളുത്ത സുരക്ഷാ വസ്ത്രത്തിലൂടെ വന്ന് ഇവര്‍ക്ക് പ്രതീക്ഷയും ധൈര്യവും നല്‍കിയവരെ ഒരിക്കലെങ്കിലും കാണാനുള്ള കൊതിയോടെയുള്ള ചോദ്യമാണത്. 

covid

ജനറല്‍ ആസ്പത്രിയിലെ സൈക്യാട്രിസ്റ്റാണ് ഡോ.അപര്‍ണ. ഫിസിഷ്യനാണ് ഡോ. ജനാര്‍ദ്ദന്‍ നായിക്. ഏകാന്തതയില്‍ ആരുമില്ലാതെ ഒറ്റപ്പെട്ടു പോയ സമയത്ത് കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകരോട് അവര്‍ക്ക് ആരാധന തോന്നിയാല്‍ എന്ത് പറയാനാവും.

covid kasargode
കോവിഡ് ഭേദമായി ആശുപത്രിയില്‍ നിന്നും പോകുന്നവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തുന്നു

സാമ്പത്തികമായി നല്ല നിലയില്‍ കഴിയുന്ന  വിദേശത്ത് ജോലി ചെയ്യുന്ന ആ ചെറുപ്പക്കാരനെ  ഞാനറിയുമായിരുന്നു.  പിന്നീട് ഇവരുടെ നമ്പര്‍ ചോദിച്ച് എന്നെ അവന്‍ വിളിച്ചു. എന്തിനാണ് നമ്പര്‍ എന്ന ചോദ്യത്തിന് കിട്ടിയ  മറുപടി മടങ്ങി പോകും മുമ്പ് 'ആ ശബ്ദങ്ങളുടെ ഉടമകളെ നേരിട്ട് കാണണം '.

കോവിഡ് 19 പ്രതിസന്ധി തീര്‍ത്ത സമാനതകളില്ലാത്ത ദുരിതകാലത്ത് കോവിഡ് ബാധിതര്‍ക്ക് ശാരികമായി ഉണ്ടാക്കിയ അവശതയെക്കാള്‍ തകര്‍ത്തത് ഏകാന്തവാസം നല്‍കിയ മാനസിക മുറിവുകളാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ലിയു.എസിലെ മുറിയില്‍ നിന്ന്  കോവിഡ് നെഗറ്റീവായി പുറത്ത് വന്നവരെ ആരോഗ്യപ്രവര്‍ത്തകര്‍ വീട്ടിലേക്കയച്ചത് വലിയ സ്വീകരണം നല്‍കിയായിരുന്നു. എല്ലാ ദിവസവും നെഗറ്റീവായി പോകുന്നവര്‍ക്ക് നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പൂച്ചെണ്ടുകളും പാല്‍പായസവും  കൈയ്യടിച്ചുള്ള യാത്രയപ്പും ചിത്രങ്ങളാക്കാന്‍ പോയ മാധ്യമ ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു. 

covid-19 kasargode
കോവിഡ് ഭേദമായി പോകുന്നവരെ കയ്യടിച്ച് യാത്രയാക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍

കോവിഡ് ബാധിതരെ കുറ്റക്കാരെന്ന പോലെ ലോകം കണ്ട ആദ്യഘട്ടത്തില്‍ മനസ്സു തകര്‍ന്ന് ആസ്പത്രിയിലെത്തിയ പലരും സന്തോഷത്തോടെ തിരിച്ചു പോകുന്ന ചിത്രം പകര്‍ത്തി ഓഫിസിലേക്ക് അയച്ചു കൊടുത്തപ്പോള്‍ എന്റെ ബ്യൂറോ ചീഫായ  വിനോയ് മാത്യു പറയൂന്ന ഒരു വാചകമുണ്ട് ഈ ചിത്രങ്ങളാണ് നാളത്തെ ചരിത്രം. ഇതൊരിക്കലും ആവര്‍ത്തിക്കില്ല..