നാധിപത്യത്തിനൊപ്പം സ്വതന്ത്ര ഇന്ത്യ സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയയെയും പുണരണമെന്ന് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു 1946 ഡിസംബര്‍ 13ന് ഭരണഘടനാ സഭയുടെ മുമ്പാകെ ലക്ഷ്യപ്രമേയം അവതരിപ്പിച്ചു. ദിവസങ്ങള്‍ നീണ്ടുനിന്നു അതിന്മേലുള്ള ചര്‍ച്ച.

ഡോ. അംബേദ്കര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: ' സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി യാഥാര്‍ഥ്യമാക്കാന്‍ ഉതകുംവിധം ഭരണഘടനയില്‍ കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു'.

മറുപടി പ്രസംഗത്തില്‍ നെഹ്രു: ' വിശക്കുന്നവനെ ഊട്ടാനും നാണം മറക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് വസ്ത്രം കൊടുക്കാനും ഓരോ ഇന്ത്യക്കാരനും അവരുടെ കഴിവിന്റെ പരമാവധി പ്രകാശിപ്പിക്കാന്‍ അവസരം നല്‍കാനും പ്രാപ്തമല്ലെങ്കില്‍ നമ്മള്‍ തയാറാക്കുന്ന ഭരണഘടന വെറും കടലാസുകെട്ടായിരിക്കും'.

സാമൂഹിക സമത്വത്തെക്കുറിച്ചും മൗലികാവശങ്ങളെക്കുറിച്ചും സമിതിയില്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന രേഖയായി പിന്നീട് മാറിയ ലക്ഷ്യപ്രമേയം 1947 ജനുവരി 22ന് സഭ അംഗീകരിച്ചു.

ലക്ഷ്യപ്രമേയത്തിന്റെ വെളിച്ചത്തില്‍ സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രായോഗിക വശങ്ങളെക്കുറിച്ച് ഭരണഘടനാ ഉപദേശകനായിരുന്ന ബി.എന്‍. റാവു ചില നിരീക്ഷണങ്ങള്‍ നടത്തി. കോടതിയുടെ സംരക്ഷണം വേണ്ട മൗലികാവകാശങ്ങളെയും സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളെയും വേര്‍തിരിച്ച് കാണണമെന്ന ആശയം മുന്നോട്ട് വച്ചത് അദ്ദേഹമാണ്. ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തും മുമ്പ് റാവു യൂറോപ്പ്യന്‍ രാജ്യങ്ങളുടെ ഭരണഘടനകളില്‍ വലിയ അളവില്‍ ഗവേഷണം നടത്തുകയുണ്ടായി. 1937-ലെ ഐറിഷ് കോണ്‍സ്റ്റിറ്റിയൂഷനില്‍ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും തമ്മിലുള്ള കൃത്യമായ വേര്‍തിരിവ് അദ്ദേഹം നിരീക്ഷിച്ചു. ഐറിഷ് പാര്‍ലമെന്റായ ഐറിഷ്ടസിന് നിയമനിര്‍ണാണത്തിനുള്ള നിര്‍ദേശം എന്നോണം ഭരണഘടനയില്‍ പൊതു നയരൂപീകരണ തത്വങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ മാതൃക ഇന്ത്യക്കും പിന്തുടരാവുന്നതാണെന്ന ആവശ്യം റാവു ഭരണഘടനാ സഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ പിന്നീട് യാഥാര്‍ഥ്യമായപ്പോള്‍ ഡോ. അംബേദ്കര്‍ അതിനെ വിശേഷിപ്പിച്ചത് 'ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത' എന്നാണ്. ചരിത്രകാരന്‍ ഗ്രീന്‍വിയ ഓസ്റ്റിന്റെ അഭിപ്രായത്തില്‍ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും ഇന്ത്യന്‍ ഭരണഘടനയുടെ മനസാക്ഷിയാകുന്നു.

മാര്‍ഗനിര്‍ദേശക തത്വങ്ങള്‍

ഭരണഘടനയുടെ നാലാം ഭാഗത്തില്‍ അനുച്ഛേദം 36 മുതല്‍ 51 വരെയാണ് മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. നയരൂപീകരണത്തിലും നിയമനിര്‍മാണത്തിലും സ്റ്റേറ്റ് വിലനല്‍കേണ്ട ആദര്‍ശങ്ങളുടെ സംഹിതയാണിത്. സ്റ്റേറ്റ് എന്ന് ഉദ്ദേശിക്കുന്നത് പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെയുള്ള മുഴുവന്‍ നിയമനിര്‍മാണ, എക്‌സിക്യുട്ടീവ് സ്ഥാപനങ്ങളെയുമാണ്.

ആധുനിക ജനാധിപത്യ രാഷ്ട്ര സങ്കല്പത്തിലേക്കുള്ള സമഗ്രമായ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ പദ്ധതിയാണ് മാര്‍ഗനിര്‍ദേശക തത്വങ്ങള്‍. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങളുടെ ആവിഷ്‌കാരം അതിന്റെ പൂര്‍ണാര്‍ഥത്തിലും അതുവഴി ക്ഷേമരാഷ്ട്രവും ലക്ഷ്യമിടുന്നു.

പ്രധാനപ്പെട്ട അനുച്ഛേദങ്ങള്‍

 • അനുച്ഛേദം 37: രാഷ്ട്ര നയരൂപീകരണത്തിനുള്ള നിര്‍ദേശക തത്വങ്ങളുടെ പ്രയോഗത്തെക്കുറിച്ചാണ് 37-ാം അനുച്ഛേദം പ്രതിപാദിക്കുന്നത്. രാജ്യഭരണത്തില്‍ നിര്‍ദേശകതത്വങ്ങള്‍ മൗലികമാണെന്ന് ആര്‍ട്ടിക്കില്‍ 37 വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഇത് നടപ്പാക്കണമെന്ന് കോടതികള്‍ക്ക് നിര്‍ദേശിക്കാനാവില്ല.
 • അനുച്ഛേദം 38: സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പുവരുത്തുകയും ജനങ്ങളുടെ ക്ഷേമം അഭിവൃത്തിപ്പെടുന്ന സാമൂഹിക വ്യവസ്ഥിതി സാധ്യമാക്കുകയും വേണം.
 • അനുച്ഛേദം 41: തൊഴിലില്ലായ്മ, വാര്‍ധക്യം, രോഗം, അംഗവൈകല്യം, മറ്റ് തരത്തിലുള്ള ദാരിദ്ര്യം എന്നിവ അനുഭവിക്കുന്നവര്‍ക്ക് രാഷ്ട്രം അതിന്റെ സാമ്പത്തിക ശേഷിയുടെ ഉള്ളില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസവും ഉപജീവനവും ഉറപ്പുവരുത്തണം.
 • അനുച്ഛേദം 42: തൊഴിലിടങ്ങളിലെ നീതി
 • അനുച്ഛേദം 43: തൊഴിലാളികള്‍ക്ക് ഉപജീവനക്ഷമമായ വേതനം.
 • അനുച്ഛേദം 44: ഇന്ത്യന്‍ ഭൂപ്രദേശത്തിനുള്ളില്‍ പൗരന്മാര്‍ക്ക് ഏകീകൃത സിവില്‍ നിയമസംഹിത നടപ്പാക്കാന്‍ ശ്രമിക്കേണ്ടതാണ്.
 • അനുച്ഛേദം 46: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെയും മറ്റ് ദുര്‍ബല ജനവിഭാഗങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തണം.
 • അനുച്ഛേദം 48 A: പരിസ്ഥിതി സംരക്ഷണം.

ഭേദഗതികള്‍

1976ലെ 42-ാം ഭേദഗതിയിലൂടെ നാല് മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 • അനുച്ഛേദം 39: ആരോഗ്യകരമായ ശിശുവികസനം
 • അനുച്ഛേദം 39 A: പാവപ്പെട്ടവര്‍ക്ക് സൗജന്യ നിയമ സഹായം
 • അനുച്ഛേദം 43 A: വ്യവസായങ്ങളില്‍ തൊഴിലാളികളെയും പങ്കാളികളാക്കുക.
 • അനുച്ഛേദം 48 A:  വനം വന്യജീവി സംരക്ഷണം.

1978ലെ 44-ാം ഭേദഗതിയിലൂടെ വരുമാനം, ജീവിതനിലവാരം, അവസരങ്ങള്‍ എന്നിവയലെ അന്തരം കുറയ്ക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍ 38 കൂട്ടിച്ചേര്‍ത്തു.

2002ലെ 86-ാം ഭേദഗതിയില്‍ 45-ാം അനുച്ഛേദത്തിന്റെ പ്രതിപാദ്യവിഷയത്തില്‍ മാറ്റം വരുത്തി. ആര്‍ട്ടിക്കിള്‍ 21 A വഴി ആറ് മുതല്‍ 14 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നിര്‍ബന്ധമാക്കിയത് ഇതേ ഭേദഗതിയിലൂടെയാണ്. ഇതേത്തുടര്‍ന്ന് അനുച്ഛേദം 45ന്റെ വിഷയം ആറ് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും സൗജന്യ വിദ്യാഭ്യാസം വ്യവസ്ഥ ചെയ്യുന്ന തരത്തിലേക്ക് മാറ്റി.

2011ലെ 97-ാം ഭേദഗതിയലൂടെ സഹകരണമേഖലയുമായി ബന്ധപ്പെട്ട അനുച്ഛേദം 43B മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ ഉള്‍പ്പെടുത്തി.

ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ സമന്വയം

ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങളില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പലതും അന്തര്‍ലീനമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അധികാര വികേന്ദ്രീകരണം. ആര്‍ട്ടിക്കിള്‍ 40 പറയുന്നു, ഗ്രാമ പഞ്ചായത്തുകള്‍ രൂപീകരിക്കുകയും അവയെ സ്വയം ഭരണത്തിന് പ്രാപ്തമാക്കുകയും വേണമെന്ന്. സഹകരണാടിസ്ഥാനത്തില്‍ നാട്ടിന്‍പുറങ്ങളില്‍ കുടില്‍വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ആര്‍ട്ടിക്കിള്‍ 43ല്‍ പറയുന്നു. സഹകരണ സംഘളുടെ സ്വാഭാവിക രൂപീകരണത്തിനും  പ്രവര്‍ത്തനത്തിനും ജനാധിപത്യപരമായ നിയന്ത്രണത്തിനും സാഹചര്യമൊരുക്കണമെന്ന് അനുച്ഛേദം 43Bയില്‍ പറയുന്നു. സാമൂഹികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവരുടെ ഉന്നമനം (അനുച്ഛേദം 46), ലഹരി വിമുക്തി (ആര്‍ട്ടിക്കിള്‍ 47), പശുക്കളുടെ അറവ് നിര്‍ത്തലാക്കല്‍ (അനുച്ഛേദം 48) എന്നിവയിലേക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുടെയും വേരുകള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലാണ്.  

മാര്‍ഗനിര്‍ദേശങ്ങള്‍ കോടതിയില്‍

മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ നിര്‍ബന്ധബുദ്ധിയോടെ നടപ്പാക്കാനാകില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഭരണഘടനാ നിര്‍മാതാക്കള്‍ അവയെ ഭരണഘടനില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചത്. ബ്രിട്ടീഷ് വാഴ്ചയ്ക്ക് ശേഷം തകര്‍ന്നുകിടന്ന സമ്പദ് വ്യവസ്ഥയ്ക്ക് സ്വാശ്രയത്വം കൈവരിക്കേണ്ടതുണ്ടായിരുന്നു. മൗലികാവകാശങ്ങള്‍ക്കപ്പുറം ക്ഷേമരാഷ്ട്ര സങ്കല്പം യാഥാര്‍ഥ്യമാക്കുക എന്നത് തകര്‍ന്നുകിടക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്ക് സാധ്യമല്ല. മാത്രമല്ല, ഇത്രയേറെ വൈവിധ്യമുള്‍ക്കൊള്ളുന്ന ഒരു രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് പോലുള്ള ആശയങ്ങള്‍ നടപ്പാക്കണമെങ്കില്‍ ജനം രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായി പ്രബുദ്ധത ആര്‍ജിക്കുകയും പക്വത കൈവരിക്കുകയും വേണമെന്ന് ഭരണഘടനാ സഭ മനസിലാക്കി. ശൈശവത്തില്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് അധിക ബാധ്യതനല്‍കരുതെന്ന ഉദ്ദേശവും മാര്‍ഗനിര്‍ദേശകതത്വങ്ങള്‍ എന്ന പേരില്‍ ചില ആശയങ്ങള്‍ നീട്ടിവയ്ക്കുമ്പോള്‍ ഭരണഘടനാ നിര്‍മാതാക്കള്‍ക്കുണ്ടായിരുന്നിരിക്കണം.

മാര്‍ഗ നിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാവില്ല. എന്നാല്‍ ഏതെങ്കിലും നിയമനിര്‍മാണം ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കോടതി മാര്‍ഗനിര്‍ദേശക തത്വങ്ങളെ ആധാരമാക്കാറുണ്ട്. ഏതെങ്കിലും നിയമം അനുച്ഛേദം 14 (നിയമത്തിന് മുന്നില്‍ തുല്യത)ന്റെയോ അനുച്ഛേദം 19(സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങള്‍)ന്റെയോ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രസ്തുത നിയമം മാര്‍ഗനിര്‍ദേശകതത്വങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്ന് കോടതി പരിശോധിക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ അത്തരം നിയമങ്ങള്‍ക്ക് കോടതി ഭരണഘടനാപരമായ സാധുത നല്‍കാറുണ്ട്. മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പലവട്ടം കോടതിക്ക് മുന്നില്‍ തര്‍ക്കവിഷയമാകാറുണ്ട്.

ചമ്പകം ദൊരൈ രാജന്‍ കേസ്: മെഡിക്കല്‍ കോളേജുകളില്‍ അബ്രാഹ്മണര്‍ക്ക് സീറ്റ് സംവരണം ചെയ്തത് അനുച്ഛേദം 29 (2) ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന പരാതി കോടതിയ്ക്ക് മുമ്പിലെത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തില്‍ പ്രവേശനം നിഷേധിക്കരുതെന്നാണ് അനുച്ഛേദം 29 (2) വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 46-ല്‍ പിന്നാക്കവിഭാഗക്കാരുടെ വിദ്യാഭ്യാസപരമായ ഉന്നമനം പ്രോത്സാഹിപ്പിക്കണമെന്ന് മാര്‍ഗനിര്‍ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംവരണ നിയമത്തിന് കോടതി സാധുത നല്‍കുകയാണുണ്ടായത്.

1967ലെ ഗൊലഖ്‌നാഥ് കേസില്‍ വ്യത്യസ്തമായൊരു നിലപാടാണ് കോടതി സ്വീകരിച്ചത്. മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ നടപ്പാക്കുന്നതിനായി മൗലികാവകാശങ്ങളെ ഭേദഗതി ചെയ്യരുതെന്ന് ഈ കേസില്‍ കോടതി നിലപാടെടുത്തു. ഈ പ്രശ്‌നം മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു 1971ലെ  24-ാമത്തെയും 25-ാമത്തെയും ഭരണഘടനാ ഭേദഗതികള്‍. 24-ാം ഭേദഗതിയിലൂടെ മൗലികാവകാശങ്ങളില്‍ മാറ്റം വരുത്താനുള്ള അവകാശം പാര്‍ലമെന്റിന് ലഭിച്ചു.

1980ലെ മിനര്‍വ മില്‍സ് കേസില്‍ സുപ്രിം കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടു: ' മൗലികാവകശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും തമ്മിലുള്ള പൊരുത്തമാണ് ഇന്ത്യന്‍ ഭരണഘടനയുടെ ശക്തി. ഇവ രണ്ടും രാജ്യത്തിന് സാമൂഹിക വിപ്ലവത്തോടുള്ള ആത്മാര്‍ഥത വ്യക്തമാക്കുന്നു. ഒരു തേരിന്റെ രണ്ട് ചക്രങ്ങള്‍ പോലെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്വങ്ങളും പരസ്പര പൂരകങ്ങളാണ്. മാര്‍ഗനിര്‍ദേശക തത്വങ്ങളുടെ ലക്ഷ്യപ്രാപ്തി മൗലികാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാകണം'.

വിമര്‍ശനങ്ങള്‍

മാര്‍ഗനിര്‍ദേശക തത്വങ്ങളോടുള്ള പ്രധാന വിമര്‍ശനം അതിന് നിയമപരരമായ പരിഹാരം ഇല്ലെന്നതുതന്നെയാണ്. ബാങ്കിന് ഇഷ്ടമുള്ളപ്പോള്‍ മാത്രം മാറാന്‍ അനുവദിക്കുന്ന ചെക്കുപോലെയാണ് മാര്‍ഗനിര്‍ദേശക തത്വങ്ങളെന്ന് കെ.ടി.ഷാ വിമര്‍ശിക്കുന്നു. യുക്തിസഹമായ ക്രമീകരണമില്ലെന്നതാണ് മറ്റൊരു എതിര്‍പ്പ്. 19-ാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിന്റെ രാഷ്ട്രീയ തത്വങ്ങളുടെ പകര്‍പ്പുമാത്രമാണ് മാര്‍ഗനിര്‍ദേശക തത്വങ്ങളെന്ന് സര്‍ ഐവര്‍ ജെന്നിങ്‌സ് അഭിപ്രായപ്പെടുന്നു.

Content Highlights: Steps towards a welfare state; know the directive principles of state policy in the Constitution of India