രണഘടനയുടെ ആമുഖം ആരംഭിക്കുന്നത് 'നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍'' എന്ന വാക്കുകളോടെയാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൗഡമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. 

മതേതരം (secular) എന്ന വാക്ക് നാല്‍പ്പത്തി രണ്ടാം ഭരണഘടനാഭേദഗതിനിയമപ്രകാരം 1976-ല്‍ ആണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ഭരണഘടനയുടെ ആമുഖം അതിന്റെ ശില്പികളുടെ മനസ്സിന്റെ താക്കോലാണെന്ന് പറയപ്പെടുന്നു. അതിന്റെ വ്യവസ്ഥകളുടെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാനും ഭരണഘടനയുടെ അടിസ്ഥാനശിലകളായ തത്ത്വങ്ങള്‍ മനസ്സിലാക്കുവാനും ആമുഖത്തിനുള്ള സ്ഥാനം ചെറുതല്ല. ജവഹര്‍ലാല്‍ നെഹ്രുവാണ് ആമുഖം എഴുതിയത് 

ഭരണഘടനയുടെ ആമുഖം

''നമ്മള്‍, ഭാരതത്തിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന  സാഹോദര്യം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്  നമ്മുടെ ഭരണഘടനാസഭയില്‍ വെച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ  അംഗീകരിക്കുകയും നിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

Content Highlights:Indian Constitution preamble